Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

രാഹുലും മോഡിയും പിന്നെ പ്രധാനമന്ത്രി പദവും

Share this post

രാഹുലും മോഡിയും പിന്നെ പ്രധാനമന്ത്രി പദവും 1

 

രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും തമ്മിലുള്ള മല്‍സരമായാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയലോകം വിലയിരുത്തുന്നത്. ജയിക്കുന്നവന്‍ പ്രധാനമന്ത്രിയും അപരന്‍ പ്രതിപക്ഷ നേതാവുമാകും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. തിരഞ്ഞെടുപ്പിന് ശേഷം മന്‍മോഹന്‍ സിങ്ങ് കോണ്‍ഗ്രസ് നേതൃസ്ഥാനത്തുണ്ടാകില്ല എന്ന്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാര്‍ട്ടി ഉപാധ്യക്ഷനെ സംഘടനയുടെയും അതുവഴി രാജ്യത്തിന്‍റെയും ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങള്‍ രാജ്യതലസ്ഥാനത്ത് ഇപ്പോള്‍ സജീവമാണ്. അഴിമതിക്കേസുകളിലും വിലക്കയറ്റത്തിലും പെട്ട് തിളക്കം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് രാഹുലിന്‍റെ യുവത്വവും സോണിയയുടെ ജനപ്രീതിയുമാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ നല്‍കുന്നത്.

രാഹുലിന്‍റെ സ്ഥാനാരോഹണം പാര്‍ട്ടിയും മാധ്യമങ്ങളും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സംഘടനാചുമതലയല്ലാതെ ഭരണപരമായ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ വിമുഖനായിരുന്നു. മന്‍മോഹന്‍ സിങ്ങ് പലകുറി തന്‍റെ മന്ത്രിസഭയിലേക്ക് രാഹുലിനെക്ഷണിച്ചെങ്കിലും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

പുറത്തുനില്‍ക്കുമ്പോഴും അധികാരം എപ്പോഴും അദ്ദേഹത്തിന്‍റെ കൈവെള്ളയിലായിരുന്നു. എന്നിട്ടും സര്‍ക്കാരിന് കൃത്യമായ ദിശാബോധം നല്‍കാനോ പ്രതിസന്ധികളില്‍ രക്ഷകനാകാനോ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന് കഴിഞ്ഞില്ല. തെലുങ്കാന പ്രശ്നത്തിലും ശ്രീലങ്കന്‍ പ്രശ്നത്തിലുമെല്ലാം പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ്സിന് പഴയ പടക്കുതിരകളെ തന്നെ ആശ്രയിക്കേണ്ടി വന്നു. പ്രണാബ് മുഖര്‍ജിയും എ.കെ ആന്‍റണിയും ചിദംബരവും ദിഗ്വിജയ് സിങ്ങും ഉള്‍പ്പടെയുള്ള മുന്‍നിര നേതാക്കള്‍ അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാരിന്‍റെ രക്ഷകരായെത്തിയെങ്കിലും വിഷയത്തില്‍ മൌനം പാലിച്ച ഭാവി പ്രധാനമന്ത്രിയുടെ നേതൃ പാടവമാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. ഉത്തരാഖണ്ഡ് ദുരന്ത മേഖലയില്‍ രാഹുല്‍ എത്തിയത് തന്നെ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷമാണ്. അതേ സമയം നരേന്ദ്ര മോഡി സമയോചിതമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന വാര്‍ത്തകള്‍ യുപിഎ സര്‍ക്കാരിനെ ശരിക്കും പ്രതിരോധത്തിലാക്കി.

രാഹുലും മോഡിയും പിന്നെ പ്രധാനമന്ത്രി പദവും 2

കഴിഞ്ഞ ഒരു പതിറ്റാണ്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിച്ചത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രാഹുലിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്ന അദ്ദേഹത്തിന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഭരണനേതൃത്വം ഇവിടെ ഉണ്ടായിട്ടും സര്‍ക്കാരിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ഭാവിയുടെ നേതാവ് എന്ന പ്രതീതി ജനങ്ങളില്‍ ഉളവാക്കുന്നതിലും അദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടു. ഇടക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയതല്ലാതെ മോഡിയെ പോലെ ഒരു ബ്രാന്‍റ് ഇമേജ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. അഭിപ്രായ സര്‍വ്വേകള്‍ ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ജനപ്രീതിയുടെ അളവുകോലല്ലെങ്കിലും മോഡിയെ ഒരു ഘട്ടത്തിലും മറികടക്കാന്‍ അദ്ദേഹത്തിന് കഴിയാത്തത് നിസാര കാര്യമല്ല. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ മറ്റൊരു പാര്‍ട്ടിയുടെ ദേശീയ നേതാവിനെക്കാള്‍ മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ജനം കാണുന്നത് രാജ്യത്തു തന്നെ അപൂര്‍വമാണ്.

നരേന്ദ്ര മോഡിയെ ബിജെപിയിലെ ഒന്നാമനായി വാഴ്ത്തുന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്തും പുറത്തും കടുത്ത എതിര്‍പ്പുകളാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ ആരോപണവിധേയനായ വ്യക്തിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്ന് പാര്‍ട്ടിയുടെ തലതൊട്ടപ്പത്തുള്ള അദ്വാനിയെ പോലുള്ളവര്‍ വാദിച്ചു നോക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാല്‍ രാഹുലിന്‍റെ കാര്യം നേരെ തിരിച്ചാണ്. അദ്ദേഹം നേതാവാകുന്നതില്‍ മന്‍മോഹന്‍ സിങ്ങിനോ യുപിഎയിലെ മറ്റ് ഘടകകക്ഷികള്‍ക്കോ എതിര്‍പ്പില്ല. എന്നാല്‍ സോണിയയുടെ നിഴലായി നില്‍ക്കുന്നതല്ലാതെ നേതൃത്വ പരമായ കടമകള്‍ നിര്‍വഹിക്കാന്‍ രാഹുല്‍ മുന്നിട്ടിറങ്ങാത്തതാണ് കോണ്‍ഗ്രസ്സിനെ വിഷമിപ്പിക്കുന്നത്.

മോഡിയെ കുറിച്ച് ആശങ്കപ്പെടുന്ന സിപിഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് പക്ഷേ രാഹുലിന്‍റെ കാര്യത്തില്‍ കാര്യമായ എതിര്‍പ്പില്ല. തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സ്ഥിതി വിശേഷമുണ്ടായാല്‍ അവര്‍ യുപിഎയെ തുണക്കാനും സാധ്യതയുണ്ട്. ആന്‍റണിയെ പോലെ കൂട്ടുകക്ഷി സര്‍ക്കാരിനെ നയിച്ചു പരിചയമുള്ള ഒട്ടനവധി നേതാക്കള്‍ കൂടെയുണ്ടെങ്കിലും രാഹുലിന്‍റെ നേതൃപാടവമാണ് അവിടെ ശരിക്കും വിലയിരുത്തപ്പെടുക. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍ തന്നെ സോണിയ ഗാന്ധിയോട് അടുപ്പം പുലര്‍ത്തുന്ന കോണ്‍ഗ്രസ് ഇതര നേതാക്കള്‍ ഒറ്റനവധിയാണ്. അങ്ങനെയൊരു അടുപ്പവും വിശ്വാസവും ആര്‍ജിക്കാന്‍ രാഹുല്‍ ഗാന്ധിക്കും കഴിയണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാവിയെ തന്നെ അത് ബാധിക്കും.


Share this post