Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മുരുദേശ്വര ദര്‍ശനം

Share this post


Murudeshwar temple

  മുരുദേശ്വര്‍ എന്നത് മംഗലാപുരത്ത് നിന്ന് 160 കി. മി വടക്കായി അറബിക്കടലിന്‍റെ തീരത്തുള്ള ഒരു ക്ഷേത്ര നഗരമാണ്. വടക്കന്‍ കാനറ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരം എന്നു പറഞ്ഞാല്‍ ശിവ ക്ഷേത്രവും ചുറ്റുമുള്ള ഏതാനും ഹോട്ടലുകളും മാത്രമാണു ഇവിടെയുള്ളത്.

ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം 123 അടി പൊക്കമുള്ള പരമശിവന്‍റെ പ്രതിമയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമയാണ്.അടുത്ത കാലത്തായി പണി കഴിപ്പിച്ച രാജ ഗോപുരത്തിന് 249 അടി പൊക്കമുണ്ട്.ഇത് ഉത്ഘാടനം ചെയ്തത് 2008 മേയിലാണ്. ശിവന്‍റെ പ്രതിമയും ഗോപുരവും വളരെ ദൂരെ നിന്നു തന്നെ കാണാന്‍ സാധിയ്ക്കും.

Murudeshwar temple
 
 ഞാന്‍ യാത്ര തുടങ്ങിയത് മംഗലാപുരത്ത് നിന്നാണ്. കൂടെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ഉണ്ട്. രാവിലെ 6.20നുള്ള മഡ്ഗാവ് മെയിലിലാണ് ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നത്. 10 മണിക്ക് മുരുദേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. വെളുപ്പിനെയായത് കൊണ്ട് സ്റ്റേഷനില്‍ നിന്ന് ഫുഡ് പാഴ്സല്‍ വാങ്ങിച്ചു കൊണ്ടാണ് പുറപ്പെട്ടത്. പോകുന്ന വഴിക്കാണ് കുന്ദാപുര സ്റ്റേഷന്‍. ഇവിടെ അല്ലെങ്കില്‍ ബൈണ്ടൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകാം. അവിടെ എത്തിയപ്പോള്‍ കുറെ പേര്‍ ഇറങ്ങി.
 
മുരുദേശ്വര്‍ പോകാനായി നിറയെ യാത്രികര്‍ ട്രെയിനില്‍ ഉണ്ട്. പത്തു മണി കഴിഞ്ഞപ്പോഴേക്കും മുരുദേശ്വര്‍ സ്റ്റേഷനില്‍ എത്തി. അത്യാവശ്യം സൌകര്യങ്ങള്‍ മാത്രമുള്ള ചെറിയ സ്റ്റേഷന്‍ ആണത്. അവിടെ നിന്നു ക്ഷേത്രത്തില്‍ പോകാനായി ബസ് സര്‍വീസ് ഒന്നുമില്ല. അത് കൊണ്ട് ഓട്ടോ വിളിച്ച് അങ്ങോട്ടേക്ക് തിരിച്ചു. മൂന്നോ നാലോ കിലോമീറ്റര്‍ ദൂരം. 20 രൂപയാണ് ചാര്‍ജ്.
 
 ഒരു മുക്കുവ ഗ്രാമത്തില്‍ എത്തിയ പ്രതീതിയാണ് ക്ഷേത്രത്തിന് മുന്നില്‍ എത്തിയപ്പോള്‍ തോന്നിയത്.

ഒരു വശം കടല്‍…………… മനോഹരമായ കാഴ്ച……….. ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നു…………..

 
മുരുദേശ്വര ദര്‍ശനം 1
 
പണ്ട്, ലങ്കാധിപനായ രാവണന്‍ അജയ്യനും അമരനും ആകാനായി ഭഗവാന്‍ മഹാദേവന്‍റെ ആത്മലിംഗം സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. രാവണന്‍റെ ഘോര തപസ്സില്‍ സന്തുഷ്ടനായ ശിവന്‍ ആത്മലിംഗം അദേഹത്തിന് നല്കി, ലങ്കയില്‍ എത്തുന്നത് വരെ എവിടേയും നിലത്തു വെയ്ക്കരുതെന്ന വ്യവസ്ഥയോടെ………
 
മുരുദേശ്വര ദര്‍ശനം 2
മുരുദേശ്വര ദര്‍ശനം 3
 
രാവണന് ലഭിക്കാന്‍ പോകുന്ന അമാനുഷിക ശക്തിയില്‍ ആശങ്ക പൂണ്ട ദേവന്‍മ്മാര്‍ എങ്ങനെയും ശിവലിംഗം ലങ്കയില്‍ എത്തുന്നത് തടയണം എന്നു നിശ്ചയിച്ചു. രാവണന്‍ ലങ്കയിലേക്കുള്ള മാര്‍ഗ്ഗ മദ്ധ്യേ ഗോകര്‍ണത്തില്‍ എത്തിയപ്പോള്‍ ഭഗവാന്‍ വിഷ്ണു തന്‍റെ സുദര്‍ശനചക്രം കൊണ്ട് സൂര്യനെ മറച്ചു. നേരം സന്ധ്യയായി എന്നു ധരിച്ച രാവണന്‍ സന്ധ്യാ നാമജപത്തിനായി തയ്യാറെടുത്തു. ആ സമയം ബ്രാഹ്മണ ബാലന്‍റെ വേഷത്തില്‍ അവിടെയെത്തിയ വിഘ്നേശ്വരന്‍റെ കയ്യില്‍, താന്‍ തിരികെ വരുന്നത് വരെ താഴെ എങ്ങും വെയ്ക്കരുതെന്ന നിര്‍ദേശത്തോടെ, ആത്മലിംഗം നല്കി.
 
താന്‍ ലങ്കാധിപനെ മൂന്നു പ്രാവശ്യം വിളിക്കുമെന്നും, എന്നിട്ടും വന്നില്ലെങ്കില്‍ മാത്രമേ ശിവലിംഗം താഴെ വെയ്ക്കൂ എന്നു ബാലന്‍ പറഞ്ഞു. രാവണനും അത് സമ്മതമായിരുന്നു.
 
മുരുദേശ്വര ദര്‍ശനം 4
മുരുദേശ്വര ദര്‍ശനം 5
 
 രാവണന്‍ പോയതും മൂന്നു പ്രാവശ്യം അദേഹത്തിന്‍റെ പേര് വിളിച്ച് ബാലന്‍ ശിവലിംഗം താഴെ വെച്ചു. നിലത്തു വെച്ചതും അത് അവിടെ ഉറച്ചുപോയി. തിരികെയെത്തിയ രാവണന്‍ ആത്മലിംഗം ഇളക്കിയെടുക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശക്തിയോടെ വലിച്ചപ്പോള്‍ അത് പല കഷണങ്ങളായി വിവിധ സ്ഥലങ്ങളില്‍ വീണു. ശിവലിംഗത്തെ മൂടിയിരുന്ന പട്ടു ചെന്നു വീണത് 32 മൈല്‍ അകലെയുള്ള കണ്ടുക മലകളിലാണ്. ആ സ്ഥലമാണ് മുരുദേശ്വര്‍ എന്നാണ് വിശ്വാസം.
  
മുരുദേശ്വര ദര്‍ശനം 6
 
ശത്രുദോഷം തീര്‍ക്കാന്‍ ഉത്തമമാണ് മുരുദേശ്വര ക്ഷേത്ര ദര്ശനം എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ ദിവസ്സവും സൌജന്യ മഹാഅന്നദാനവും ഉണ്ട്. ദര്‍ശനം കഴിഞ്ഞ്, അന്നദാനത്തിനുള്ള ടിക്കറ്റും എടുത്തു. ഒരു ചെറിയ തുക സംഭാവനയും നല്കി. പക്ഷേ ഇനിയും സമയം ധാരാളമുണ്ട്. അതിനാല്‍ ചുറ്റുമുള്ള സ്ഥലങ്ങള്‍ കാണാമെന്ന് നിശ്ചയിച്ചു.
 
ഗോപുരത്തിന്‍റെയും ശിവന്‍റെ പ്രതിമയുടെയും പശ്ചാത്തലത്തില്‍ നിരവധിപേര്‍ ഫോട്ടോ എടുക്കുന്നത് കണ്ടു. അതിനുള്ള ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍മ്മാര്‍ ഒരുപാട് ഉണ്ട് അവിടെ. ഒരു ഫോട്ടോയ്ക്ക് 80 രൂപയാണ് ചാര്‍ജ്.
 
പ്രധാന ക്ഷേത്രത്തിന്‍റെ പുറകിലായി വേറെ രണ്ടു ചെറിയ ക്ഷേത്രങ്ങളും ഉണ്ട്. അവിടെ നമുക്ക് തന്നെ ഭഗവാന് അഭിഷേകം നടത്തുവാനുള്ള സൌകര്യമുണ്ട്. മറ്റൊരു കാണേണ്ട കാഴ്ച പുരാണത്തിലെ പ്രധാന സംഭവങ്ങളുടെ സൌണ്ട് ആന്ഡ് ലൈറ്റ് ഷോ ആണ്. അത് നല്ല ഒരു അനുഭവമായിരുന്നു………….
 
മുരുദേശ്വര ദര്‍ശനം 7മുരുദേശ്വര ദര്‍ശനം 8

രാജ ഗോപുരത്തിന് 22 നിലകളുണ്ട്. ലിഫ്റ്റ് സൌകര്യവും ലഭ്യമാണ്. ടിക്കറ്റ് എടുത്താല്‍ അതില്‍ കയറി നമുക്ക് ഏറ്റവും മുകളിലത്തെ നിലയില്‍ പോകാം. അവിടെ നിന്നുള്ള കടലിന്‍റെയും ക്ഷേത്ര നഗരത്തിന്‍റെയും ആകാശ കാഴ്ചകള്‍ മനോഹരമാണ്. അന്നദാനത്തിലും പങ്കെടുത്തതിന് ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങി.

തീര്‍ഥാടന കേന്ദ്രം എന്നതിലുപരി ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് മുരുദേശ്വര്‍. എന്നിരുന്നാലും പരിസരത്ത് നല്ല ഹോട്ടലോ മറ്റ് ബസ് സൌകര്യങ്ങളോ ഇല്ലാത്തത് ഒരു ന്യൂനതയായി തോന്നി. അപ്പോഴേക്കും ഞങ്ങളുടെ മടക്ക യാത്രയ്ക്കുള്ള ട്രെയിനിന്‍റെ സമയമായി……………… അത് കൊണ്ട് ഞങ്ങള്‍ ആ നഗരത്തോട് യാത്ര പറഞ്ഞിറങ്ങി. പക്ഷേ അപ്പോഴും  മഹാദേവന്‍റെ കണ്ണുകളും  രൂപവും   ഞങ്ങളെ അനുഗമിച്ചുകൊണ്ടേയിരുന്നു………………


Share this post