മണിയാശാന്‍റെ മാന്ത്രിക വടി: മൂന്നാറിലെ പുലിയെ എലിയാക്കുന്ന സൂത്ര വിദ്യ

Share this post

Munnar encroachment

അങ്ങനെ മൂന്നാറില്‍ പുലി വീണ്ടും പൂച്ചയായി. ഇടുക്കിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി പുലി വേഷം കെട്ടി നടന്ന ശ്രീരാമന്‍ എന്ന ചെറുപ്പക്കാരനെയാണ് സ്ഥലത്തെ പ്രധാന ദിവ്യനായ മണിയാശാന്‍ മന്ത്രം ചൊല്ലി പൂച്ചയാക്കി മാറ്റിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രി അടക്കമുള്ള വമ്പന്മാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വച്ചാണ് അത്ഭുത പ്രവൃത്തി അരങ്ങേറിയത്.

ഞാന്‍ ഒരു സംഗതി കാണിക്കാം, എന്ന് പറഞ്ഞ് ആശാന്‍ 1  2 3 എണ്ണിത്തുടങ്ങിയപ്പോള്‍ ഡിജിപി ഉള്‍പ്പടെയുള്ളവര്‍ പരിഭ്രാന്തരായെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അവരെ ശാന്തരാക്കി. തുടര്‍ന്ന് അവ്യക്തമായി എന്തോ മന്ത്രം ചൊല്ലിയ ആശാന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ശ്രീരാമന് നേരെ വിചിത്രമായ രീതിയില്‍ കൈ ചലിപ്പിച്ചതോടെ പൊടുന്നനെ അദ്ദേഹം പൂച്ചയായി മാറുകയായിരുന്നു. ആ കാഴ്ച കണ്ട് ഇരട്ട ചങ്കന്‍ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി പോലും ഞെട്ടിത്തരിച്ചുപ്പോയി. ആശാന്‍ ഒരു വലിയ സംഭവമാണെന്ന് മനസിലാക്കിയ മുഖ്യന്‍ ഇനി മൂന്നാറില്‍ ഒരു ഇല കൂടി അനങ്ങുന്നത് മണിയാശാനോട് ചോദിച്ചിട്ട് മതി എന്ന് കല്‍പ്പിക്കുക കൂടി ചെയ്തതോടെ നാടകം പൂര്‍ണ്ണമായി. പുലിയെ പിടിച്ച് വിജയശ്രീലാളിതനായി തിരോന്തരത്തെത്തിയ മുരുകന്‍ എന്ന ശ്രീരാമന്‍ അതോടെ നാണം കെട്ട് എലി മുരുകനായി മാളത്തിലൊളിച്ചു. 

മണിയാശാന്‍ ഇതാദ്യമായല്ല അത്ഭുതം പ്രവര്‍ത്തിക്കുന്നത്. പണ്ട് വിഎസ് സര്‍വ്വ സന്നാഹങ്ങളുമായി മൂന്നാര്‍ ചുരം കയറ്റി വിട്ട മൂന്നു പുള്ളിപ്പുലികളെയും അദ്ദേഹം സമാനമായ രീതിയിലാണ് നേരിട്ടത്. അന്ന് പാര്‍ട്ടിയുടെ ഇടുക്കി ജില്ല സെക്രട്ടറിയായിരുന്ന ആശാന്‍റെ നാവു കൊണ്ടുള്ള ആക്രമണം സഹിക്കാനാവാതെ ത്രിമൂര്‍ത്തികള്‍ ആയുധം താഴെവച്ച് ജീവനും കൊണ്ടോടുകയായിരുന്നു. അന്ന് അവര്‍ ഓടിയ വഴിയില്‍ ഇതുവരെ പുല്ലു പോലും കിളുര്‍ത്തിട്ടില്ലെന്ന് പ്രദേശ വാസികള്‍ പറയും. അതില്‍ ഒരുവന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, എക്സൈസ് കമ്മിഷണര്‍ എന്നൊക്കെ പറഞ്ഞ് ഇടുക്കിയിലും പരിസരത്തും ഇടയ്ക്കിടെ വന്ന് തല കാണിച്ച് മടങ്ങിയെങ്കിലും അപരന്മാരെ കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. 

വിജയന്‍ സഖാവിന് വന്ന മാറ്റമാണ് പക്ഷേ എല്ലാവരെയും ഞെട്ടിച്ചത്. നികൃഷ്ട ജീവിയെന്നും ബോഡി വേസ്റ്റെന്നുമൊക്കെ പറഞ്ഞു നടന്നിരുന്ന അദ്ദേഹം കുരിശ് കണ്ട് പേടിക്കാന്‍ തുടങ്ങിയത് എന്ന് മുതലാണെന്ന് സാക്ഷാല്‍ അച്ചുമ്മാവന്‍ പോലും ചോദിക്കുന്നുണ്ട്. മൂന്നാര്‍ എന്ന് കേട്ടാല്‍ മുന്‍ മുഖ്യന് ഹാലിളകുമെന്നത് നാട്ടില്‍ പാട്ടാണ്. ഇക്കുറിയും കയ്യേറ്റമെന്ന് കേട്ടപ്പോള്‍ അദ്ദേഹം പതിവ് പോലെ ചാടിപ്പുറപ്പെട്ടെങ്കിലും പഴയ ശിഷ്യന്‍റെ കോപം കണ്ടപ്പോള്‍ ഒന്നടങ്ങി. ഗുരുക്കന്മാര്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണെന്നാണ് പൊതുവേ ജ്യോതിഷ പക്ഷം. ഒരു കാലത്ത് പ്രധാനമന്ത്രിയാകാന്‍ ഇറങ്ങിത്തിരിച്ച അദ്വാനിജിയുടെ ഇന്നത്തെ അവസ്ഥ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ആശിച്ച പ്രധാനമന്ത്രി പദം കൈവിട്ടു, എങ്കില്‍ രാഷ്ടപതിയെങ്കിലും ആകാം എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് ഒരശനിപാതം പോലെ ബാബ്രി മസ്ജിദ് കേസിലെ വിധി വന്നത്. അക്കാര്യങ്ങളെല്ലാം ഓര്‍ത്തപ്പോള്‍ അച്ചുമ്മാവന്‍ കുറച്ച് പിന്നോക്കം വലിഞ്ഞു. 

Also Read  കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നവുമായി മോദിജി; കൈത്താങ്ങായി രാഹുല്‍ജിയും സംഘവും 

കുരിശല്ല, അതിന് ശേഷം മുരുകന്‍ എന്താണ് ചെയ്യുക എന്ന ചിന്തയാണ് വിജയന്‍ സഖാവിന്‍റെ പെട്ടെന്നുള്ള രോഷപ്രകടനത്തിന് പിന്നിലെന്ന് പറയുന്നവരുണ്ട്. പാര്‍ട്ടിയില്‍ കയ്യേറ്റക്കാരുണ്ടെന്നു അകത്തുള്ളവര്‍ തന്നെ പറയുന്നുണ്ട്. കുരിശ് നീക്കം ചെയ്തിട്ട് ശ്രീരാമന്‍ നേരെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിനെ പോലെ സ്ഥലം എംഎല്‍എയുടെ വീട്ടില്‍ കയറിച്ചെന്നാല്‍ എന്തു ചെയ്യും ? ദി കിംഗ്‌ സിനിമയിലെ നായകന്‍ തന്നേ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്ന് സബ് കളക്ടര്‍ പണ്ടേ പറഞ്ഞിട്ടുമുണ്ട്. ആ സാഹചര്യം മുഖ്യന്‍ ഇടപെട്ട് ഒഴിവാക്കുകയായിരുന്നുവെന്നാണ് ശത്രുക്കളുടെ അഭിപ്രായം. ഏതായാലും പഴയതെല്ലാം മറന്ന് സഖാവ് കുരിശിന്‍റെ വഴിയേ വന്നതുകണ്ട് വിശ്വാസികളെല്ലാം സന്തോഷത്തിലാണ്. അത് തങ്ങളുടെ കുരിശിന്‍റെ ശക്തി കൊണ്ടാണെന്ന് പറഞ്ഞ് സ്പിരിറ്റ്‌ ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങിയെന്നും കേള്‍ക്കുന്നു. 

കാര്യങ്ങള്‍ ഇത്രത്തോളമായെങ്കിലും മണിയാശാന്‍ വിടുന്ന മട്ടില്ല. ശ്രീരാമനെ പതിനാലു വര്‍ഷം വനവാസത്തിനോ അല്ലെങ്കില്‍ ഊളമ്പാറയിലേക്കോ വിടണമെന്നാണ് അദ്ദേഹം പറയുന്നത്. സബ് കളക്ടര്‍ ആര്‍എസ്എസുകാരനാണെന്നും ബിജെപിക്കാര്‍ ബാബ്രി മസ്ജിദ് തകര്‍ത്തതിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം പാപ്പാത്തിമലയില്‍ അരങ്ങേറിയതെന്നും ആശാന്‍ പറഞ്ഞു കഴിഞ്ഞു. ശത്രുവാണെങ്കിലും രാമന് വേണ്ടി അദ്ദേഹം ഊളമ്പാറയില്‍ മുറിയും ബുക്ക് ചെയ്തിട്ടുണ്ടത്രേ. അല്ലായിരുന്നെങ്കില്‍ അവിടെ ആരെങ്കിലും ഇടിച്ചു കയറുമായിരുന്നോ എന്നൊന്നും ചോദിക്കരുത്. പക്ഷേ എല്‍ ഡി എഫ് സര്‍ക്കാര്‍ മലബാറിനോട് തുടര്‍ച്ചയായി അവഗണന കാണിക്കുകയാണെന്നും അതിന്‍റെ തെളിവാണ് മണിയാശാന്‍റെ പുതിയ പ്രസ്താവനയെന്നും പറഞ്ഞ് ലീഗ് രംഗത്ത്‌ വന്നു വന്നതോടെ വിവാദത്തിന് പുതിയ മാനം വന്നു. തങ്ങളുടെ കുതിരവട്ടത്തെ അവഗണിച്ച് ആശാന്‍ ഊളമ്പാറയെ മാത്രം പരാമര്‍ശിച്ചതിലാണ് അവര്‍ക്ക് പ്രതിഷേധം. അദ്ദേഹം തെറ്റ് തിരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കുതിരവട്ടം ആശുപത്രിക്ക് അടുത്തുള്ള ഫാക്സ് ബൂത്തില്‍ നിന്ന് പത്രമോഫിസുകളിലേക്ക് അയച്ച പ്രസ്താവനയില്‍ ലീഗിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉസ്മാന്‍, മൊയ്ദിന്‍, ഹനീഫ എന്നി നേതാക്കള്‍ പറഞ്ഞു. 

The End

 


Share this post