Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

നരസിംഹം

Share this post

നരസിംഹം 1

ഞാന്‍ ചെല്ലുമ്പോള്‍ അവിടെ സൂചി കുത്താന്‍ കൂടി ഇടമില്ല. അത്രയ്ക്ക് തിരക്ക്. മോഹന്‍ലാലിന്‍റെ നരസിംഹം സിനിമയുടെ റിലീസാണ്. ചേര്‍ത്തല ചിത്രാഞ്ജലി തിയറ്ററാണ് വേദി. പത്തരയ്ക്ക് തുടങ്ങുന്ന ആദ്യ ഷോയ്ക്ക് വേണ്ടി വെളുപ്പിനെ മുതലേ ആളുകള്‍ ഇടം പിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ എന്‍റെ സുഹൃത്ത് രമേഷ് ബാബുവും.

രമേഷിനെ കുറിച്ച് പറഞ്ഞില്ലല്ലോ. കോളേജിലെ എന്‍റെ അടുത്ത സുഹൃത്ത്. വൈക്കത്തിനടുത്തുള്ള വെച്ചൂരാണ് സ്വദേശം. ചേര്‍ത്തലയില്‍ പുതിയ പടം എവിടെയെങ്കിലും റിലീസായാല്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നത് ഞാനും അവനും ഒരുമിച്ചാണ്. ചിലപ്പോള്‍ പള്ളിപ്പുറത്തു നിന്നുള്ള ഫൈസലുമുണ്ടാകും കൂടെ. ടിക്കറ്റ് എടുക്കുക അവര്‍ ആരെങ്കിലുമാകും. ഒരു വിധം നല്ല ആരോഗ്യമുള്ളതുകൊണ്ട് അക്കാര്യത്തില്‍ രമേഷ് ബാബുവിനാണ് കൂടുതലും നറുക്കു വീഴുക. ഞാന്‍ എല്ലാം കണ്ട് മാറി നില്‍ക്കും.

അന്നൊക്കെ ചേര്‍ത്തലയില്‍ സിനിമയുടെ റിലീസ് എന്നു പറയുന്നത് വലിയ സംഭവമാണ്. രമേശാണെങ്കില്‍ എന്നത്തേയും പോലെ അന്നും ചന്ദനക്കുറിയും അതിന് മുകളില്‍ കുങ്കുമപ്പൊട്ടുമൊക്കെയായി, ഷര്‍ട്ടൊക്കെ ഇന്‍ ചെയ്ത് എന്നെയും ഫൈസലിനെയും പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. ഇടയ്ക്ക് എന്‍റെ കയ്യില്‍ നിന്ന്‍ ചീപ്പ് വാങ്ങി ഒന്നു രണ്ടു വട്ടം മുടി നന്നായി ചീകിയൊതുക്കുകയും ചെയ്തു. ആകപ്പാടെ ഒരു ഗ്ലാമര്‍ ലുക്ക്.

“രാവിലെ പ്രിന്‍സിപ്പാളിന്‍റെ ക്ലാസാണ്. ഇത് കഴിഞ്ഞ് ചെല്ലുമ്പോള്‍ അദ്ദേഹം കയ്യോടെ പിടിക്കും.” വന്നപ്പോഴേ ഫൈസല്‍ പറഞ്ഞു.

“ അത് നമുക്ക് അപ്പോള്‍ നോക്കാം. ടിക്കറ്റ് കിട്ടുമോ എന്നറിയട്ടെ ആദ്യം ” ഞാന്‍ പറഞ്ഞു.

അപ്പോഴേക്കും ഗെയ്റ്റ് തുറന്നു. ആള്‍ക്കൂട്ടം ഒരു മഹാ സമുദ്രം കണക്കേ ടിക്കറ്റ് കൌണ്ടറിന് നേരെ കുതിക്കുന്നതും അതില്‍ പെട്ട രമേഷ് ബാബു ഒന്നു രണ്ടു വട്ടം താഴെ വീഴുന്നതും വീണ്ടും എഴുന്നേറ്റ് ഓടുന്നതും ഞാന്‍ കണ്ടു. അവസാനം ഒരു വിധം അവന്‍ ക്യൂവില്‍ ഇടം പിടിച്ചു. ഇടയ്ക്ക് ചിലര്‍ക്ക് പോലീസിന്‍റെ ലാത്തിയടിയും കിട്ടി.

Also Read  സൂപ്പര്‍സ്റ്റാര്‍ 

തിയറ്ററിനകത്തേക്ക് കേറാന്‍ വഴിയില്ലാത്തത് കാരണം ഞാനും ഫൈസലും മറ്റു ചിലരും ബാത്ത്റൂമിനടുത്തുള്ള ഗ്ലാസ് വിന്‍ഡോ മാറ്റി അതിലൂടെ അകത്തു കയറി. പക്ഷേ പിന്നീട് ടിക്കറ്റ് കൌണ്ടറിലെ ക്യൂവില്‍ കണ്ട ദാരുണമായ കാഴ്ച ഞങ്ങളെ വേദനിപ്പിച്ചു. പിന്നില്‍ നിന്ന ആജാനബാഹുക്കളായ പലരും ഞങ്ങളുടെ സുഹൃത്തിന്‍റെ തോളില്‍ ചവിട്ടിക്കയറി ടിക്കറ്റ് എടുക്കുകയാണ്. അവരെ ഒന്നു പ്രതിരോധിക്കാന്‍ പോലും രമേഷിന് കഴിയുന്നുമില്ല. കൂട്ടുകാരന്‍റെ വേദനയേക്കാളുപരി ഇനി ടിക്കറ്റ് കിട്ടാനിടയില്ല എന്ന തോന്നലാണ് എന്നെയും ഫൈസലിനെയും വേദനിപ്പിച്ചത്. ആ വിഷമത്തോടെ ഞങ്ങള്‍ ഒരു വശത്ത് മാറി നിന്നു. ടിക്കറ്റ് കിട്ടിയ ഭാഗ്യവാന്മാര്‍ ഞങ്ങളെ കടന്ന്‍ അകത്തേക്ക് പൊയ്ക്കൊണ്ടിരുന്നു. തിരിച്ചുപോകാന്‍ മാനസികമായി ഞങ്ങള്‍ തയ്യാറെടുത്തു. പെട്ടെന്ന് പുറകില്‍ നിന്ന്‍ ഒരാള്‍ എന്നെ തട്ടി വിളിച്ചു. ഞാന്‍ ഒന്നു പാളി നോക്കിയപ്പോള്‍ അപരിചിതമായ ഏതോ ഒരു മുഖം. അവജ്ഞയോടെ ഞാന്‍ മുഖം തിരിച്ചു.

എടാ, ഇത് ഞാനാ……… രമേഷ് : അയാള്‍ പറഞ്ഞപ്പോള്‍ ഞാനൊന്ന്‍ ഞെട്ടി.

നേരത്തെ കണ്ട ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ ഇല്ല. അലങ്കോലമായ മുടി, അഴിഞ്ഞുലഞ്ഞ, അങ്ങിങ്ങായി കീറിയ ഷര്‍ട്ട്. ആകപ്പാടെ കരുവാളിച്ച മുഖം. ഫെയര്‍ ആന്‍ഡ് ലൌലിയുടെ പരസ്യത്തിലെ കറുത്ത പെണ്‍കുട്ടിയെയാണ് ഞാന്‍ അപ്പോള്‍ ഓര്‍ത്തത്.

എടാ, ഭയങ്കരാ……….. അപ്പോള്‍ ഇതായിരുന്നു നിന്‍റെ ഗ്ലാമറിന്‍റെ രഹസ്യം അല്ലേ ? : ഞാന്‍ അറിയാതെ മനസില്‍ ചോദിച്ചു.

എന്‍റെ ആശ്ചര്യം തിരിച്ചറിഞ്ഞ രമേഷ് വിളറിയ ചിരിയോടെ കയ്യിലിരുന്ന ടിക്കറ്റ് എന്‍റെ നേരെ നീട്ടി. കുറെ ഇടി കൊണ്ടെങ്കിലും അവന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്.

അപ്പോഴേക്കും തിയറ്ററിന്‍റെ അകത്തു നിന്ന്‍ ആരവം കേട്ടു തുടങ്ങി. സിനിമ തുടങ്ങുകയാണ്. ആള്‍ക്കൂട്ടത്തില്‍ ചിലരായി ഞാനും സുഹൃത്തുക്കളും ആ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു.


Share this post