ചില തുണ്ട് കഥകള്‍ – ഭാഗം അഞ്ച്

Malayalam short stories

ദുരന്തം

ആകെ ക്ഷീണിച്ച എല്ലുന്തിയ രൂപം. ഒറ്റനോട്ടത്തില്‍ അയാള്‍ക്ക് അമ്പതിന് മേല്‍ പ്രായം തോന്നിക്കും. ജോസഫ് എന്നാണ് പേരെന്ന് ഇടയ്ക്കാരോ അയാളെ പേര് ചൊല്ലി വിളിച്ചപ്പോള്‍ മനസിലായി.

അത്യാഹിത വിഭാഗത്തിന് മുന്നിലെ ഹാളില്‍ ഇരിക്കുമ്പോഴും ജോസഫിന്‍റെ കണ്ണുകള്‍ നീണ്ടു പരന്നു കിടക്കുന്ന ഇടനാഴിയില്‍ ആരെയോ തേടിക്കൊണ്ടിരുന്നു. മനസിലെ ആകാംക്ഷ അയാളുടെ ഓരോ ചലനത്തില്‍ നിന്നും വായിച്ചെടുക്കാം.

പ്രതീക്ഷിച്ച ആളെ അങ്ങകലെ കണ്ടപ്പോള്‍ അയാളുടെ മുഖം ഒന്നു തെളിഞ്ഞു. ഇരിപ്പിടം വിട്ട് ജോസഫ് മുന്നോട്ടു നടന്നു.

വൃത്തിയായി വേഷവിധാനം ചെയ്ത, കഴുത്തില്‍ സ്റ്റെതസ്ക്കോപ്പ് ചുറ്റിയ യുവാവ് അയാളുടെ അടുത്തേക്ക് വന്നു. പക്ഷേ ചെറുപ്പക്കാരന്‍റെ മുഖത്തെ മങ്ങല്‍ ജോസഫ് ശ്രദ്ധിച്ചു.

അയാളുടെ ആകാംക്ഷ കണ്ട് ഡോക്ടര്‍ ആ ചുളിവ് വീണു തുടങ്ങിയ കൈകള്‍ ചേര്‍ത്തു പിടിച്ചു.

ഒടുവില്‍ അത് സംഭവിച്ചു……………. ആര്‍ക്കും ഒന്നും ചെയ്യാനായില്ല, അച്ഛാ………… : ഡോക്ടര്‍ എഡിസണ്‍ എന്ന സീമന്ത പുത്രന്‍ പറഞ്ഞപ്പോള്‍ ഞെട്ടലോടെ അയാള്‍ തുറിച്ചു നോക്കി. അപ്പോഴേക്കും മകന്‍റെ അടുത്ത വാക്കുകള്‍ ചാട്ടുളി പോലെ അയാളുടെ നെഞ്ചിലേക്ക് തുളച്ചു കയറി.

ഒന്നിനെതിരെ ഏഴു ഗോളുകള്‍……………. ആദ്യ അര മണിക്കൂറില്‍ തന്നെ എല്ലാം തീരുമാനമായി. ആ മുള്ളറും ക്ലോസെയും ക്രൂസും ചേര്‍ന്നാണ് അത് ചെയ്തത്. ഒന്നുറക്കെ കരയാന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല…………….. : പറഞ്ഞു തീരും മുമ്പേ ജോസഫിന്‍റെ കണ്ണുകള്‍ നിറയുകയും മകന്‍റെ കയ്യിലെ പിടിവിട്ട് അയാള്‍ കുഴഞ്ഞുവീഴുകയും ചെയ്തു.

അച്ഛാ………. : പരിഭ്രാന്തനായ എഡിസണ്‍ അച്ഛനെ താങ്ങിയെഴുന്നേല്‍പ്പിച്ചു. അപ്പോഴേക്കും നഴ്സുമാരും ഓടിയെത്തി. അവര്‍ അദ്ദേഹത്തെ സ്ട്രക്ച്ചറില്‍ കിടത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും വേണ്ടെന്ന്‍ ജോസഫ് കൈ കാണിച്ചു.

സമചിത്തത വീണ്ടെടുത്തെങ്കിലും അദ്ദേഹം തന്‍റെ ആരാധനാപാത്രമായ എഡിസണ്‍ അരാന്‍റസ് ഡോ നസിമെന്‍റോ അഥവാ പെലെയുടെ നാമധേയക്കാരനായ മകനെ അവിശ്വസനീയതയോടെ നോക്കി. കോണ്‍ഫറന്‍സ് ഹാളിലെ ടിവിയില്‍ മകന്‍ കണ്ട കാഴ്ച സത്യമാകരുതേയെന്ന്‍ ജോസഫ് ഒരുവേള പ്രാര്‍ഥിച്ചു. അതിനിടയില്‍ കുളിമുറിയില്‍ കാലു തെന്നി വീണ് തലേന്ന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഭാര്യയെ അയാള്‍ മറന്നു.

അയാളുടെ മനസില്‍ അപ്പോള്‍ ബ്രസീല്‍ മാത്രമായിരുന്നു. മാറക്കാനയിലെ മഞ്ഞക്കടലിന്‍റെ ഇരമ്പം ജോസഫിന്‍റെ കാതുകളില്‍ പ്രകമ്പനം കൊണ്ടു.

The End


ജന്‍സാധാരണ്‍ ട്രെയിന്‍

റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞാപ്പു ടിവിയില്‍ ആ വാര്‍ത്ത കണ്ടത്.

പുതിയ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ജൈനന്‍മാര്‍ക്കുമെല്ലാം പ്രത്യേകം പ്രത്യേകം ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്.

ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമല്ലാതെ മനുഷ്യന്‍മാര്‍ക്ക് പോകാന്‍ പറ്റിയ പുതിയ ട്രെയിന്‍ ഏതെങ്കിലും ഉണ്ടോ ? : ഇന്‍ഫര്‍മേഷന്‍ സെന്‍ററിലെ താക്കോല്‍ പഴുതിലേക്ക് തല താഴ്ത്തിക്കൊണ്ട് കുഞ്ഞാപ്പു ചോദിച്ചു. കൌണ്ടറില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ മറുപടിയായി അയാളെ ഒന്നു രൂക്ഷമായി നോക്കി. എന്നിട്ട് കമ്പ്യൂട്ടര്‍ മോണിറ്ററിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് പറഞ്ഞു.

ഉണ്ടല്ലോ, പക്ഷേ 14% ചാര്‍ജ് കൂട്ടിയിട്ടുണ്ട്. അതടച്ചാല്‍ നിങ്ങള്‍ക്ക് ഏത് കാട്ടുമുക്കിലും പോകാം………..

കുഞ്ഞാപ്പു പിന്‍വലിഞ്ഞു.

വേണ്ട. അതിലും ഭേദം നടക്കുന്നതാണ്.

അയാള്‍ കാല്‍ നീട്ടിവച്ച് നടപ്പ് തുടങ്ങി.

ജാതിക്കും മതത്തിനുമാണ് ഇവിടെ മാര്‍ക്കറ്റ്. അതിനിടയില്‍ മനുഷ്യര്‍ക്ക് ഡീസലിന്‍റെ വില പോലുമില്ല. കുഞ്ഞാപ്പു ഓര്‍ത്തു.

The End

Leave a Comment

Your email address will not be published. Required fields are marked *