Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

150 കോടി രൂപയുടെ നഷ്ടം !

Share this post

malayalam cinema 2014

 

എണ്‍പതോളം മലയാള സിനിമകളാണ് 2014ല്‍ ഇതുവരെ പുറത്തിറങ്ങിയത്. അതില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മുതല്‍ ന്യൂ ജനറേഷന്‍ താരങ്ങളുടെ വരെ പടങ്ങള്‍ പെടും. എന്നാല്‍ രക്ഷപ്പെട്ടവ വിരലില്‍ എണ്ണാവുന്നവ മാത്രം. മലയാള സിനിമയില്‍ ആശയ ദാരിദ്ര്യവും പ്രതിഭകളുടെ അഭാവവും രൂക്ഷമാണെന്ന് ഈ നഷ്ടക്കണക്കുകള്‍ സൂചിപ്പിക്കുന്നു. 150ല്‍ പരം കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. വ്യക്തമായ കഥയില്ലാതെ പുറത്തിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളും നിലംപൊത്തി.

മമ്മൂട്ടിയും മോഹന്‍ലാലുമല്ല, സാക്ഷാല്‍ രജനികാന്ത് അഭിനയിച്ചാലും മികച്ച തിരക്കഥയും സംവിധാനവും ഇല്ലെങ്കില്‍ ജനം കൈവിടുമെന്ന് പലകുറി തെളിഞ്ഞതാണ്. പുതുമയുള്ള അവതരണവും കഥാ പശ്ചാത്തലവുമുള്ള അന്യഭാഷാ സിനിമകള്‍ നാട്ടിന്‍പുറത്തെ തിയറ്ററുകളില്‍ പോലും തകര്‍ത്തോടുന്നത് വെറുതെയല്ല. മലയാളത്തിലും അത്തരം ശ്രമങ്ങള്‍ വിജയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളായ മുംബൈ പോലീസ്, മെമ്മറിസ് ഈ വര്‍ഷം വിജയിച്ച 1983, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവ അതിനു ഉദാഹരണങ്ങളാണ്. എന്നാല്‍ പറഞ്ഞു പഴകിയ കഥ വീണ്ടും പറയാന്‍ ശ്രമിച്ച മിസ്റ്റര്‍ ഫ്രോഡ്, ഗ്യാങ്സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ സിനിമകളെ പ്രേക്ഷകര്‍ നിഷ്കരുണം കൈവിട്ടു.

തിളങ്ങിയ യുവനിര

ആറുമാസത്തെ വിജയ കണക്കില്‍ പഴയ താരങ്ങളെ യുവ തലമുറ തീര്‍ത്തും നിഷ്പ്രഭരാക്കി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ജയറാം തുടങ്ങിയവരുടെ ഒരു സിനിമ പോലും ഇക്കാലയളവില്‍ ലാഭമുണ്ടാക്കിയില്ല. ബാല്യകാലസഖി, പ്രെയ്സ് ദി ലോര്‍ഡ്, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളുമായി മമ്മൂട്ടിയാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഏറെ പ്രതീക്ഷകളുമായെത്തിയ പ്രമോദ് പയ്യന്നൂരിന്‍റെ ബാലകാലസഖിയും, ആഷിക് അബുവിന്‍റെ ഗ്യാംഗ്സ്റ്ററും പലയിടത്തും ആദ്യ ആഴ്ചയില്‍ തന്നെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ വേണു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പ് അടുത്ത ആഴ്ച പ്രദര്‍ശനത്തിനെത്തും. രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന വര്‍ഷമാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രതീക്ഷ.

ദൃശ്യത്തിന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളായ മിസ്റ്റര്‍ ഫ്രോഡ്, കൂതറ എന്നിവ പ്രേക്ഷകര്‍ വേണ്ട പോലെ ഏറ്റെടുത്തില്ല. ഫ്രോഡ് തുടക്കത്തില്‍ പ്രതീക്ഷയുണ്ടാക്കിയെങ്കിലും ക്രമേണ കളക്ഷന്‍ കുറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ജയറാമും ഒന്നിച്ച സലാം കാശ്മീര്‍ നിര്‍മ്മാതാവിന് കനത്ത നഷ്ടമുണ്ടാക്കി. ഒരാഴ്ച പോലും ഓടാത്ത സിനിമ രണ്ടു മാസത്തിനുള്ളില്‍ മഴവില്‍ മനോരമയിലൂടെ ടിവി പ്രേക്ഷകരില്‍ എത്തുകയും ചെയ്തു. ജയറാമിന്‍റെ ഒന്നും മിണ്ടാതെ, ഉല്‍സാഹക്കമ്മിറ്റി എന്നിവ പുറത്തിറങ്ങിയത് ആരും അറിഞ്ഞത് കൂടിയില്ല. ഷാജി എന്‍ കരുണിന്‍റെ സ്വപാനം ജയറാമിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഥയിലെ പാളിച്ചകള്‍ വിനയായി.

റാഫി സംവിധാനം ചെയ്ത റിങ്മാസ്റ്ററാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഏക ദിലീപ് ചിത്രം. സിനിമ സാമ്പത്തികമായി മികച്ച വിജയം നേടി. പൃഥ്വിരാജിന്‍റെ ലണ്ടന്‍ ബ്രിഡ്ജ് പരാജയപ്പെട്ടെങ്കിലും പുതുമുഖ സംവിധായകന്‍ ശ്യാംധര്‍ ഒരുക്കിയ സെവന്ത് ഡേ ആശ്വാസ വിജയം നേടി.

ഫഹദ് ഫാസില്‍ അഭിനയിച്ച വണ്‍ ബൈ ടു പുതുമയുള്ള പ്രമേയമായിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഗോഡ്സ് ഓണ്‍ കണ്‍ട്രി ശരാശരി വിജയം നേടി.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സ്, കുഞ്ചാക്കോ ബോബന്‍ നായകനായ കൊന്തയും പൂണൂലും, ലോ പോയിന്‍റ്, പോളി ടെക്നിക്, ജയസൂര്യയുടെ ഹാപ്പി ജേര്‍ണി, ഇന്ദ്രജിത്തിന്‍റെ നാകു പെന്‍റ നീകു ടാക എന്നിവ പരാജയപ്പെട്ടു.

malayalam cinema 2014

അഭിനയിച്ച മൂന്നു സിനിമകളും വിജയിച്ചതോടെ നിവിന്‍ പോളി ഈ വര്‍ഷത്തെ ഹാട്രിക് നായകനായി. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയാണ് നിവിന്‍റെ ഹിറ്റ് ചിത്രങ്ങള്‍. ഇതില്‍ അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ബാംഗ്ലൂര്‍ ഡേയ്സ് യുവതലമുറയുടെ കൂട്ടായ്മയുടെ ചിത്രം കൂടിയാണ്. നിവിന്‍ പോളിയെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം, ഇഷ ഷെര്‍വാണി, പാര്‍വതി എന്നിവരും അഭിനയിച്ച സിനിമ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 200 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. 8.5 കോടി രൂപ മുടക്കിയ സിനിമ ആദ്യ ആഴ്ചയില്‍ തന്നെ 10 കോടി കളക്ട് ചെയ്തിരുന്നു.

മഞ്ജു വാര്യരുടെ തിരിച്ചു വരവ് ചിത്രമായ ഹൌ ഓള്‍ഡ് ആര്‍ യു വന്‍ വിജയം നേടി. സ്ത്രീ ശാക്തീകരണത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായത്. ബോബിസഞ്ജയുടെ രചനയില്‍ റോഷന്‍ ആണ്ട്രൂസാണ് സിനിമ സംവിധാനം ചെയ്തത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ വിജയചിത്രങ്ങളുമായി നസ്രിയയാണ് നായികമാരില്‍ മുന്നില്‍ നില്‍ക്കുന്നത്.

മലയാളത്തിലെ പഴയ കാല സംവിധായകര്‍ 2014 ന്‍റെ ആദ്യ പകുതിയില്‍ നിശബ്ദത പാലിച്ചു.  സത്യന്‍ അന്തിക്കാട്, കമല്‍, പ്രിയദര്‍ശന്‍, സിദ്ദിക്, സിബി മലയില്‍, ഷാജി കൈലാസ്, രഞ്ജിത് തുടങ്ങിയവര്‍ ഒരു സിനിമയും എടുത്തില്ല. ലാല്‍ ജോസിന്‍റെ വിക്രമാദിത്യന്‍, രഞ്ജിത്തിന്‍റെ ഞാന്‍, ജോഷിയുടെ അവതാരം, സലാം ബാപ്പുവിന്‍റെ മംഗ്ലീഷ്, പെരുച്ചാഴി എന്നിവയാണ് ഈ വര്‍ഷത്തെ മറ്റ് പ്രധാന പ്രതീക്ഷകള്‍.

തമിഴ് സിനിമകളായ ജില്ല, കൊച്ചടയാന്‍, വീരം എന്നിവയും കേരളത്തില്‍ നിറഞ്ഞ സദസ്സില്‍ ഓടി. കമല്‍ ഹാസന്‍റെ വിശ്വരൂപം, ഉത്തമ വില്ലന്‍, വിജയുടെ കത്തി, സൂര്യയുടെ അഞ്ചാന്‍, അജിത്തിന്‍റെ ഗൌതം ചിത്രം, വിക്രമിന്‍റെ ഐ എന്നിവ കൂടി പ്രദര്‍ശനത്തിനെത്തുന്നതോടെ 2014 ന്‍റെ രണ്ടാം പകുതി സംഭവ ബഹുലമാകും.

The End

[ My article published in British Pathram, early July]


Share this post