ആധുനിക ഇന്ത്യ: മറയ്ക്കേണ്ടതും മായ്ക്കപ്പെടേണ്ടതും

Share this post

Indian politics

നവംബര്‍ 8. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഡി-മൊണേട്ടൈസേഷന്‍ ദിനം കരി ദിനമായി ആചരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ പിന്‍വലിക്കല്‍ തിരുമാനം വഴി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ച സര്‍ക്കാര്‍ അതിന്‍റെ വളര്‍ച്ചാ നിരക്കിനെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ നേരെ തിരിച്ചാണ് ധനമന്ത്രി അരുണ്‍ ജെറ്റ്ലിയുടെയും ബിജെപിയുടെയും വാദം. നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തിന് ഏറെ ഗുണം ചെയ്തെന്നും കള്ളപ്പണത്തിന്‍റെ വരവ് നിലച്ചതോടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെന്നും വികസന പ്രവൃത്തികളുടെ വേഗം കൂടിയെന്നും അവര്‍ പറയുന്നു.

ഉപയോഗത്തിലിരുന്ന നോട്ടുകള്‍ പൊടുന്നനെ ഇല്ലാതായത് ആദ്യ ദിവസങ്ങളില്‍ സാധാരണക്കാരെ ഏറെ വലച്ചിരുന്നു. കയ്യിലുണ്ടായിരുന്ന ആയിരങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കടലാസിന്‍റെ വില പോലും ഇല്ലാതായി.എങ്കിലും നോട്ട് പിന്‍വലിക്കല്‍ വഴി കള്ളപ്പണവും കള്ള നോട്ടുമൊക്കെ ഇല്ലാതാകുമെന്ന ഭരണാധികാരികളുടെ വാഗ്ദാനം വിശ്വസിച്ച ജനം സര്‍ക്കാര്‍ തിരുമാനത്തെ കണ്ണുമടച്ച് പിന്താങ്ങി. വ്യാജ നോട്ടുകളുടെ ഒഴുക്ക് നിലയ്ക്കുന്നതോടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമെന്നും നാട് വികസിക്കുമെന്നും അവര്‍ കണക്കു കൂട്ടി. പക്ഷെ ആയിരത്തിന് പകരം രണ്ടായിരത്തിന്‍റെ നോട്ട് പുറത്തിറക്കാനുള്ള മോദി സര്‍ക്കാരിന്‍റെ ആദ്യ തിരുമാനം തന്നെ ആ പ്രതിക്ഷകള്‍ തകര്‍ത്തു. നോട്ട് ചില്ലറയാക്കാന്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടിയപ്പോള്‍ കള്ളപ്പണക്കാര്‍ക്ക് ചാകരയായെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഘട്ടം ഘട്ടമായി ഡി-മൊണേട്ടൈസേഷന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ എടുത്ത ആദ്യത്തെ തെറ്റായ തിരുമാനമായിരുന്നു അത്. ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും രണ്ടായിരം മാത്രമേ ലഭിക്കൂ എന്നായതോടെ കറന്‍സിയുടെ ക്രയ വിക്രയം കൂടി.

ക്രമേണ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും പാക്കിസ്ഥാനില്‍ മാത്രം അച്ചടിച്ചിരുന്ന കള്ള നോട്ട് നിര്‍മാണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു എന്നത് മാത്രമാണ് പുതിയ നോട്ടുകള്‍ സമ്മാനിച്ച നേട്ടം. വിപ്ലവകരം എന്ന് പറഞ്ഞ് ഭരണപക്ഷവും മാധ്യമങ്ങളും തുടക്കത്തില്‍ വാഴ്ത്തിയ നവംബര്‍ എട്ടിലെ തിരുമാനം ധൃതി പിടിച്ചാണ് എടുത്തതെന്ന് പിന്നീട് തെളിഞ്ഞു. അതില്‍ നിന്ന് രാജ്യം മെല്ലെ കര കേറാന്‍ തുടങ്ങുമ്പോഴാണ് ജിഎസ്ടി വരുന്നത്. യുപിഎ സര്‍ക്കാരാണ് പുതിയ നികുതി ഘടനയ്ക്ക് രൂപം കൊടുത്തത്. പക്ഷെ എല്ലാ തലത്തിലും വേണ്ടത്ര കൂടിയാലോചന നടത്താതെ നടപ്പാക്കിയ ജിഎസ്ടി ഉദ്ദേശിച്ചത്ര ഫലം ചെയ്തില്ല. ജിഎസ്ടി നടപ്പാകുന്നതോടെ വില കുറയുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും അതുണ്ടാകാത്തത് സാധാരണക്കാരെയും വ്യക്തമായ നികുതി നിര്‍ദേശങ്ങള്‍ കിട്ടാത്തത് വ്യാപാരികളെയും അതൃപ്തരാക്കി.

രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ഭാഗത്ത്‌ നിന്നുണ്ടായ ചില നീക്കങ്ങള്‍ ജനങ്ങളെ ബാങ്കിംഗ് മേഖലയെയും സംശയത്തോടെ കാണാന്‍ പ്രേരിപ്പിച്ചു. മിനിമം ബാലന്‍സ്, പലിശ നിരക്ക്, അനുബന്ധ ബാങ്കുകളുടെ ലയനം, ജീവനക്കാരുടെ പുനര്‍വിന്യാസം എന്നി വിഷയങ്ങളില്‍ മാനെജ്മെന്റ് തിരുമാനം അടിച്ചേല്‍പ്പിച്ചത് ഇടപാടുകാരെയും പൊതു സമൂഹത്തെയും സ്റ്റേറ്റ് ബാങ്കുകളില്‍ നിന്നകറ്റി. 

ദളിതര്‍ക്ക് നേരെയുണ്ടാകുന്ന വിവേചനം, ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ എന്നിവയിലൊന്നും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അധികാരമേറ്റു മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നരേന്ദ്ര മോദിക്ക് സാധിച്ചിട്ടില്ല. മേല്‍പ്പറഞ്ഞ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ കേവലം വാചക കസര്‍ത്തില്‍ ഒതുങ്ങുന്നുവെന്ന തോന്നല്‍ പരക്കെയുണ്ട്. ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്ന് പറയാമെങ്കിലും ഗോ രക്ഷയുടെ പേരില്‍ ഏറ്റവുമധികം ആക്രമണം നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് കാണാം. അതിനെതിരെ യുക്തി സഹമായ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ അതാത് സര്‍ക്കാരുകള്‍ക്ക് കഴിയാത്തത് നേതൃത്വത്തിന്‍റെ നിസ്സംഗത വെളിപ്പെടുത്തുന്നു.

നേരത്തെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും വിഘടിച്ചു നിന്നിരുന്ന സമൂഹം മേല്ജാതിക്കാരെന്നും കീഴാളന്മാരെന്നും ഭിന്നിച്ച്, അന്ന്യോന്ന്യം ശത്രുക്കളെ പോലെ നോക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നത്. അന്യം നിന്നുവെന്ന് കരുതിയ തൊട്ടുകൂടായ്മയും തീണ്ടലും തിരികെ വരുന്നു. അതിന്‍റെ പേരിലുള്ള മര്‍ദ്ദനങ്ങളും കൊലപാതകങ്ങളും അനുദിനം പത്രങ്ങളില്‍ കാണാം. വിമര്‍ശിക്കുന്നവരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും പതിവ് സംഭവമാണ്. ഒരു സിനിമയുടെ പേരില്‍ നടന്‍ വിജയ്‌യെ ക്രിസ്ത്യാനിയെന്ന് മുദ്ര കുത്താന്‍ ഒരു വിഭാഗം നേതാക്കളും അനുയായികളും ഇപ്പോള്‍ മത്സരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് കോയമ്പത്തൂരിലെത്തിയ നരേന്ദ്ര മോദിയെ കാണാന്‍ ഹോട്ടലിന് മുന്നില്‍ ഇതേ വിജയ്‌ തന്നെ കാത്തു കെട്ടി കിടന്നത് മറക്കാറായിട്ടില്ല. ഇന്നത്തെ വിമര്‍ശകര്‍ക്ക് അന്നദ്ദേഹം വെറും വിജയ്‌ ആയിരുന്നു. ആ സമയത്ത് ആരും അദ്ദേഹത്തെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും കണ്ടില്ല. പക്ഷെ മെര്‍സല്‍ എന്ന സിനിമയില്‍ ജിഎസ്ടിയെ കുറിച്ച് എന്തോ പറഞ്ഞതോടെ അതേ ആളുകള്‍ക്ക് അദ്ദേഹം ജോസഫ് വിജയ്‌ ആയി, ക്രിസ്തുവിന്‍റെ അനുയായിയായി.

ക്രിസ്തുവിന്റെയും നബിയുടെയും അനുയായികളാകുന്നത് പാതകമല്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ അങ്ങനെ കരുതുകയാണ് ഒരു വിഭാഗം. അതിനിടയില്‍ യഥാര്‍ത്ഥ തിന്മയും രാജ്യത്തിനുണ്ടാകുന്ന ഭീഷണിയും നമ്മള്‍ തിരിച്ചറിയാതെ പോകുന്നു. എന്നാണോ നാം ഇതെല്ലാം തിരിച്ചറിയുന്നത്, അന്നേ എല്ലാ അര്‍ത്ഥത്തിലും വികസിതമായ ഒരു സമൂഹം നിലവില്‍ വരൂ എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. 


Image Credit

The Indian Express 


Share this post