Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മോഹന്‍ലാലിന്‍റെ 10 മോശം സിനിമകള്‍

Share this post

മോഹന്‍ലാലിന്‍റെ 10 മോശം സിനിമകള്‍ 1

 

  മോഹന്‍ലാല്‍. ലളിതസുന്ദരമായ അഭിനയഭംഗിയുടെ അവസാന വാക്ക്. നവരസങ്ങളെല്ലാം അനായാസം അഭിനയിക്കുന്ന, ഏത് വേഷവും ഇത്ര തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയില്ല. സാധാരണക്കാര്‍ മുതല്‍ വിഖ്യാതവ്യക്തികള്‍ വരെ ആ അഭിനയപ്രതിഭയുടെ സിനിമകള്‍ കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്. ശിവാജി ഗണേശനും രാജ് കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനീകാന്തുമെല്ലാം അവരില്‍ ചിലര്‍ മാത്രം. ഇത്ര ലളിതമായി അഭിനയിക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ലെന്ന് അമിതാഭും രജനിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. വാനപ്രസ്ഥവും താഴ്വാരവും കിരീടവും തന്‍മാത്രയും കിലുക്കവും ആ അഭിനയ ചാതുര്യത്തിന്‍റെ വിവിധ മുഖങ്ങള്‍ നമുക്ക് കാട്ടിത്തന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലായിരുന്നു എന്ന്‍ നമ്മള്‍ പറയാതെ പറഞ്ഞ ചില സിനിമകളുണ്ട്. ആ സിനിമകള്‍ ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണതിനൊപ്പം അദേഹത്തിന്‍റെ കരിയറിലും കരിനിഴല്‍ വീഴ്ത്തി. അത്തരം സിനിമകള്‍ ഒരു താരത്തിന്‍റെ അഭിനയജീവിതത്തില്‍ സാധാരണമാണ്. നമ്മുടെ എല്ലാ താരങ്ങളും സംവിധായകരും അങ്ങനെയുള്ള ആണും പെണ്ണും കെട്ട ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും മോഹന്‍ ലാലും അതില്‍ പെടും. പക്ഷേ സദയത്തിലെ സത്യനാഥനെയും നാടോടിക്കാറ്റിലെ ദാസനെയും ഇരുപതാം നൂറ്റാണ്ടിലെ സാഗറിനെയും അത്ഭുതത്തോടെ കണ്ട മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് യുക്തിക്ക് നിരക്കാത്ത കോടികള്‍ മാത്രം മോഹിച്ചെടുത്ത ഇത്തരം സിനിമകള്‍ സമ്മാനിച്ചത്. അങ്ങനെയുള്ള ചില സിനിമകളേതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

മോഹന്‍ലാലിന്‍റെ 10 മോശം സിനിമകള്‍ 2

 

1) സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടര്‍ച്ച എന്ന പേരിലെടുത്ത സിനിമ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ പോന്നതായിരുന്നു. അമല്‍ നീരദും എസ്.എന്‍ സ്വാമിയും ചേര്‍ന്നൊരുക്കിയ പ്രഹസനത്തിന് ഏഴു കോടിയോളമാണ് ചെലവായത്. ആശീര്‍വാദ് സിനിമാസിന് കോടികളുടെ നഷ്ടമുണ്ടാക്കിയ സിനിമയില്‍ മോഹന്‍ലാലിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കെ.മധു ഒരുക്കിയ ആദ്യഭാഗം പലവട്ടം കണ്ട പ്രേക്ഷകര്‍ പക്ഷേ ഈ സിനിമ ഒരു പ്രാവശ്യംപോലും കണ്ടു തീര്‍ക്കാന്‍ വിഷമിച്ചു.

2) കാസനോവ

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട കാസനോവ 2012ലെ ഏറ്റവുമധികം നിരാശപ്പെടുത്തിയ മലയാള സിനിമകളുടെ ലിസ്റ്റിലും ഇടം പിടിച്ചു. ഇവിടം സ്വര്‍ഗ്ഗമാണ്, ഉദയനാണ് താരം, നോട്ട്ബുക്ക് തുടങ്ങിയ മികച്ച ചിത്രങ്ങളെടുത്ത റോഷന്‍ ആന്‍ഡ്രൂസും എന്‍റെ വീടും അപ്പൂന്‍റെയും, ട്രാഫിക്ക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ബോബി-സഞ്ജയും മോഹന്‍ലാലുമായി കൈകോര്‍ത്തപ്പോള്‍ മോളിവുഡിലെ ആ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്.

3) പ്രജ

ജോഷി-മോഹന്‍ലാല്‍-രഞ്ജി പണിക്കര്‍ ടീമിന്‍റെ ബിഗ്ബഡ്ജറ്റ് ചിത്രം. വന്‍ താരനിരയും കോടികളുടെ മുടക്കുമുതലും ഉണ്ടായിട്ടും സിനിമ തിയറ്ററില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല. അധോലോകവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടിന്‍റെ പതിവ് കഥ വീണ്ടും പറഞ്ഞ സിനിമയിലെ ഗാനങ്ങളും നിലവാരം പുലര്‍ത്തിയില്ല.

4) താണ്ഡവം

മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് എന്നു വിലയിരുത്തപ്പെടുന്ന ചിത്രം. യുക്തിക്ക് നിരക്കാത്ത കഥാ സന്ദര്‍ഭങ്ങളും മലയാളത്തിന് താങ്ങാനാവാത്ത മുടക്കുമുതലും സിനിമയെ നഷ്ടക്കച്ചവടമാക്കി. ഷാജികൈലാസ് സംവിധാനം ചെയ്ത സിനിമയുടെ രചന നിര്‍വഹിച്ചത് എസ്.സുരേഷ്ബാബുവാണ്.

5) കാണ്ഡഹാര്‍

മോഹന്‍ലാലിന്‍റെ 10 മോശം സിനിമകള്‍ 3

 

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം. 2010ല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച സിനിമയായിരുന്നെങ്കിലും വികലമായ തിരക്കഥയും നിലവാരമില്ലാത്ത ക്ലൈമാക്സും സിനിമയെ തകര്‍ത്തു. പ്രണവം മൂവീസ് നീണ്ട ഇടവേളയ്ക്ക് ശേഷം നിര്‍മിച്ച ചിത്രം കൂടിയായിരുന്നു കാണ്ഡഹാര്‍.. .

6) ഒന്നാമന്‍

മറ്റൊരു രാജാവിന്‍റെ മകന്‍ സൃഷ്ടിക്കാമെന്ന പ്രതീക്ഷയില്‍ മോഹന്‍ലാലും തമ്പി കണ്ണന്താനവും ഒന്നിച്ച ചിത്രം. പറഞ്ഞു പഴകിയ അധോലോകവും പാവങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ കഥ ഒരിക്കല്‍ കൂടി പറഞ്ഞ ചിത്രം കടുത്ത ലാല്‍ ഫാന്‍സിനെ പോലും നിരാശപ്പെടുത്തി. വ്യക്തമായ കഥയില്ലാതെ മോഹന്‍ലാല്‍ മീശ പിരിച്ചത് കൊണ്ടുമാത്രം പടം ഹിറ്റാകില്ലെന്ന് സിനിമ വീണ്ടും തെളിയിച്ചു.

7) ലോക്പാല്‍

മോഹന്‍ലാലിന്‍റെ 10 മോശം സിനിമകള്‍ 4

 

ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരീക്ഷിച്ച ചിത്രം. നാടുവാഴികള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-എസ്.എന്‍ സ്വാമിയും മോഹന്‍ലാലുമായി കൈ കോര്‍ത്ത ചിത്രം ബോക്സ് ഓഫീസില്‍ നിലംപൊത്തി. മോഹന്‍ലാലിന്‍റെ വേഷ പ്രച്ഛന്ന മല്‍സരമായാണ് സിനിമയെ പലരും വിലയിരുത്തിയത്.

8) വാമനപുരം ബസ് റൂട്ട്

മോഹന്‍ലാലിന്‍റെ ഏറ്റവും മോശം ചിത്രങ്ങളിലൊന്ന്. നിലവാരമില്ലാത്ത കോമഡിയും തിരക്കഥയും സംവിധാനവും മലയാളത്തിലെ മൂന്നാം കിട സിനിമകളിലൊന്നാക്കി ചിത്രത്തെ മാറ്റി. ഇങ്ങനെയൊരു പ്രഹസനത്തില്‍ അഭിനയിച്ചതിന്‍റെ പേരില്‍ ലാലിന് തന്നെ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടാവും.

9) ഏഞ്ചല്‍ ജോണ്‍

മോഹന്‍ലാല്‍ മാലാഖയായി അഭിനയിച്ച സിനിമ. സ്പീഡ്ട്രാക്ക് എന്ന ആദ്യ ചിത്രത്തിലൂടെ പ്രതീക്ഷയുണര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എല്‍ പുരം ജയസൂര്യ ഈ ചിത്രത്തില്‍ നിലവാരം കുറഞ്ഞ പ്രകടനമാണ് കാഴ്ച വെച്ചത്. ആ വര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ചിത്രങ്ങളിലൊന്ന്.

10) ശ്രദ്ധ

ദേവാസുരം, വര്‍ണ്ണപ്പകിട്ട് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം മോഹന്‍ ലാലും ഐ.വി ശശിയും ഒന്നിച്ച ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് മടങ്ങിയെത്തിയ ശോഭന ചിത്രത്തില്‍ ഒരു കരച്ചില്‍ കഥാപാത്രമായി ഒതുങ്ങി. സിനിമയുടെ ആദ്യ പകുതിയില്‍ നായകനെ നിഷ്പ്രഭമാക്കിക്കൊണ്ട് സീമ നിറഞ്ഞുനിന്നപ്പോള്‍ (?) രണ്ടാം പകുതിയില്‍ മൂന്നാം കിട തീവ്രവാദ രംഗങ്ങള്‍ക്ക് മുന്നില്‍ ഒന്നും ചെയ്യാനില്ലാതെ ലാല്‍ നിസ്സഹായനായി നില്‍ക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.

മേല്‍പറഞ്ഞവ കൂടാതെ കോളേജ് കുമാരന്‍, അലിഭായ്, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ദി പ്രിന്‍സ്, ചതുരംഗം, റോക്ക് ആന്‍റ് റോള്‍, ഉടയോന്‍, ജനത ഗാരേജ്, ജില്ല തുടങ്ങിയ നിരവധി ചിത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന വിസ്മയത്തെ അപഹാസ്യമാക്കികൊണ്ട് പുറത്തുവന്നിട്ടുണ്ട്. നടന്‍ ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞു ” ഞാന്‍ ചെയ്യാതെ പോയ അഞ്ഞൂറ് സിനിമകളാണ് മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന”. മോശം സിനിമകള്‍ ചെയ്യേണ്ടിവരുന്നത് ഒരു നടന്‍റെ തെറ്റല്ല. അതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. പക്ഷേ ഇതുപോലുള്ള സിനിമകള്‍ ചെയ്യാതിരുന്നാല്‍ ഒരുപാട് പേരുടെ പണവും സമയവും ലാഭിക്കാം. അതും മലയാള സിനിമയ്ക്ക് നല്‍കുന്ന സംഭാവനകളില്‍ പെടും.


Share this post