Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

2013ല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയ 10 സിനിമകള്‍

Share this post

ധൂം 3 (ഹിന്ദി)

2013ല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയ 10 സിനിമകള്‍ 1

 പോയ വര്‍ഷം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചിത്രം. ആമിര്‍ ഖാന്‍ വില്ലന്‍ വേഷത്തിലെത്തിയ ധൂം പരമ്പരയിലെ മൂന്നാമത് ചിത്രത്തെക്കുറിച്ച് തുടക്കം മുതലേ ആരാധകര്‍ക്ക് വമ്പന്‍ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ തിരക്കഥയിലെ പാകപ്പിഴകളും വലിച്ചു നീട്ടലുകളും പ്രേക്ഷകരെ നിരാശപ്പെടുത്തി. ധൂം രണ്ടും മൂന്നും നിര്‍മ്മാതാക്കള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുത്തെങ്കിലും ആദ്യ ഭാഗത്തിന്‍റെ നിഴല്‍ പോലുമാവാന്‍ അവയ്ക്കു കഴിഞ്ഞില്ല. നിര്‍മ്മാതാക്കളുടെ സ്വന്തം നടന്‍ ഉദയ് ചോപ്രയെ മറ്റ് താരങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കാന്‍ നടത്തിയ വികലമായ ശ്രമവും അവയ്ക്കു വിനയായി. അഭിഷേക്, കത്രീന കൈഫ്, ജാക്കി ഷ്രോഫ് എന്നിവരാണ് ആമിറിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചത്.

ഗീതാഞ്ജലി (മലയാളം)

 

മണിച്ചിത്രത്താഴിലെ സണ്ണിയെ തിരിച്ചു കൊണ്ടുവരാനുള്ള പ്രിയദര്‍ശന്‍റെ ശ്രമം അമ്പേ പരാജയപ്പെട്ടു. ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ കാണികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ സുരേഷ് ഗോപിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ നാദിയ കൊല്ലപ്പെട്ട രാത്രിയും അടുത്തിടെയിറങ്ങിയ ചാരുലതയും ഒന്നിച്ചു കണ്ട പ്രതീതിയാണുണ്ടായത്. മോഹന്‍ലാലിന്‍റെയും ഇന്നസെന്‍റിന്‍റെയും അഭിനയ മികവ് ചൂഷണം ചെയ്യാന്‍ പറ്റുന്ന യാതൊന്നും തിരക്കഥയില്‍ ഇല്ലാതെ പോയി.

സിങ്കം 2 (തമിഴ്)

തമിഴിലും ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച സിങ്കം എന്ന സിനിമയുടെ രണ്ടാം ഭാഗം. കലക്ഷനില്‍ ചിത്രം 200 കോടി കടന്നെങ്കിലും കടുത്ത സൂര്യ ആരാധകരെ പോലും തൃപ്തിപ്പെടുത്തുന്നതില്‍ ചിത്രം പരാജയമായി. മൂന്നു വില്ലന്‍മാര്‍ ഉണ്ടായിട്ടും അവര്‍ക്കൊന്നും ആദ്യ ഭാഗത്തില്‍ മയില്‍വാഹനം എന്ന ഗുണ്ടാ നേതാവിനെ അവതരിപ്പിച്ച പ്രകാശ് രാജിന്‍റെ നിഴല്‍ പോലുമാവാന്‍ സാധിച്ചില്ല. കഥയിലെ ചില ഏച്ചുകെട്ടലുകളും യുക്തിക്ക് നിരക്കാത്ത സംഭവങ്ങളും പലര്‍ക്കും അവിശ്വസനീയമായി തോന്നി.

കടല്‍ കടന്ന്‍ ഒരു മാത്തുക്കുട്ടി (മലയാളം)

 

മമ്മൂട്ടി നായക വേഷത്തിലെത്തുന്ന, മോഹന്‍ലാലും ദിലീപും അതിഥി വേഷങ്ങളിലെത്തുന്ന, പൃഥ്വിരാജ് നിര്‍മ്മിച്ച് രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തെകുറിച്ച് സ്വാഭാവികമായും പ്രതീക്ഷകള്‍ വാനോളമായിരിക്കും. മാത്തുക്കുട്ടിയുടെ കാര്യത്തിലും പ്രേക്ഷകരുടെ സ്ഥിതി അതുതന്നെയായിരുന്നു. പക്ഷേ ആ പ്രതീക്ഷകള്‍ക്ക് ചിത്രത്തിന്‍റെ റിലീസിങ് ദിവസം വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പ്രതീക്ഷകള്‍ കടല്‍ കടക്കാതെ പോയ ചിത്രം തിയറ്ററുകള്‍ വിട്ടത് വളരെ പെട്ടെന്നാണ്. തിരക്കഥയിലെ വലിച്ചുനീട്ടലും ആവര്‍ത്തന വിരസതയുമാണ് ചിത്രത്തിന് പ്രധാനമായും വിനയായത്.

കമ്മത്ത് ആന്‍റ് കമ്മത്ത്(മലയാളം)

 

മമ്മൂട്ടിയും ദിലീപും മുഖ്യവേഷത്തിലെത്തിയ കോമഡി എന്ന പേരിലെടുത്ത ചിത്രം. അവിസ്മരണീയങ്ങളായ അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി ഈ പ്രഹസനത്തിന് എന്തിന് കൂട്ടു നിന്നു എന്ന്‍ കടുത്ത മമ്മൂട്ടി ആരാധകര്‍ പോലും ചോദിച്ചിട്ടുണ്ടാവും. സിനിമ വിജയമായെങ്കിലും നിര്‍മ്മാതാക്കള്‍ക്കൊഴിച്ച് വേറെയാര്‍ക്കും കമ്മത്ത് ആന്‍റ് കമ്മത്ത് സംതൃപ്തി നല്‍കിയിട്ടുണ്ടാവില്ല എന്നു നിശ്ചയം. പഴത്തൊലി തമാശകളും അവിശ്വസനീയങ്ങളായ കഥാ സന്ദര്‍ഭങ്ങളുമാണ് ചിത്രത്തിന്‍റെ മൈനസ് പോയിന്‍റ്.

ലോക്പാല്‍ (മലയാളം)

 

മോഹന്‍ലാല്‍ വേഷ പ്രച്ഛന്ന മല്‍സരം നടത്തിയ ചിത്രം. പത്തോ ഇരുപതോ വര്‍ഷം മുമ്പ് എടുക്കേണ്ടിയിരുന്ന ചിത്രമാണ് ജോഷിയും എസ്.എന്‍ സ്വാമിയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം എടുത്തത്. പോരാത്തതിന് ദുര്‍ബലമായ തിരക്കഥയും കൂടിയായപ്പോള്‍ നിര്‍മ്മാതാവിന് കോടികള്‍ നഷ്ടമായി. കാവ്യ മാധവന്‍, മനോജ് കെ ജയന്‍, മീര നന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

ഇരണ്ടാം ഉലകം (തമിഴ്)

2013ല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയ 10 സിനിമകള്‍ 2

നൂറു കോടി ബഡ്ജറ്റില്‍ സംവിധായകന്‍ ശെല്‍വരാഘവന്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം. ആര്യ, അനുഷ്ക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വമ്പന്‍ കളക്ഷനാണ് തുടക്കത്തില്‍ നേടിയതെങ്കിലും അതിവേഗമാണ് ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്. തമിഴര്‍ വസിക്കുന്ന രണ്ടു വ്യത്യസ്ഥ ലോകങ്ങളിലൂടെ സഞ്ചരിച്ച ചിത്രം പ്രണയവും തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് അവതരിപ്പിച്ചത്. 2006ല്‍ കാര്‍ത്തിയെ നായകനാക്കി തുടക്കമിട്ട പ്രൊജക്റ്റ് പിന്നീട് ധനുഷിലും ഒടുവില്‍ ആര്യയിലുമാണ് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

കടല്‍ (തമിഴ്)

അലൈപായുതേ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഹിറ്റ്മേക്കര്‍ മണിരത്നം ഒരുക്കിയ പ്രണയ ചിത്രം. സിനിമ കണ്ടവര്‍ക്ക് അത് മണിരത്നം ചിത്രം തന്നെയാണോ എന്നുറപ്പിക്കാന്‍ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പലവട്ടം നോക്കേണ്ടി വന്നു. കാരണം അദ്ദേഹത്തിന്‍റെ പതിവ് സിനിമകളുടെ സാങ്കേതിക മികവോ രചനാവൈഭവമോ ഒന്നും കടലില്‍ ദൃശ്യമായിരുന്നില്ല. നൂറു കോടി മുടക്കിയെടുത്ത ചിത്രം ബോക്സ് ഓഫീസില്‍ മൂക്കും കുത്തിയാണ് വീണത്.

ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍(മലയാളം)

വിയറ്റ്നാം കോളനിക്കു ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ധിക്കും ഒന്നിച്ച ചിത്രം. റിലീസിന് മുമ്പ് വമ്പന്‍ സാറ്റലൈറ്റ് റൈറ്റ് നേടിയ ചിത്രത്തിന് പക്ഷേ ആ നേട്ടം തിയറ്ററുകളില്‍ ആവര്‍ത്തിക്കാനായില്ല.മോഹന്‍ലാലിന്‍റെ നായക വേഷവും ഇടക്കിടെ വന്നുപോകുന്ന നായികാ കഥാപാത്രങ്ങളും അവരെയെല്ലാം ബന്ധിപ്പിക്കാനായി ഒരു കഥയും എന്ന വിശേഷണമാണ് ചിത്രത്തിന് ഏറ്റവും ഇണങ്ങുക.

വിശ്വരൂപം (തമിഴ്)

ഇന്ത്യന്‍ സിനിമയിലെ അത്ഭുത പ്രതിഭയാണ് കമല്‍ ഹാസന്‍. ആ നടന്‍ കെട്ടിയാടാത്ത വേഷങ്ങള്‍ തന്നെ ചുരുക്കമാണെന്ന് പറയാം. കഥാപാത്രങ്ങളിലെ വ്യത്യസ്തതയും അഭിനയത്തിലെ പരിപൂര്‍ണതയുമാണ് അദ്ദേഹത്തെ മറ്റ് നടന്മാരില്‍ നിന്ന്‍ വേറിട്ട് നിര്‍ത്തുന്നത്. അങ്ങനെയുള്ള ആള്‍ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷകള്‍ വാനോളമായിരിക്കും. എന്നാല്‍ വിശ്വരൂപം ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. വിവാദങ്ങള്‍ കാരണം സിനിമ തമിഴകത്തെ വമ്പന്‍ ഹിറ്റായി മാറിയെങ്കിലും അതില്‍ കമല്‍ എന്ന നടന്‍റെ സാന്നിധ്യം അനിവാര്യതയായി ആര്‍ക്കും തോന്നിയില്ല. സത്യ,നായകന്‍,തേവര്‍മകന്‍, പതിനാറു വയതിനിലെ, മൂന്നാംപിറൈ, ഇന്ത്യന്‍ തുടങ്ങിയ സിനിമകളിലെ നായകന്മാരുടെ പരിപൂര്‍ണത വിശ്വനാഥന് ഇല്ലാതെ പോയെങ്കിലും സംവിധായകനെന്ന നിലയില്‍ കമല്‍ വിജയിച്ചു. ആ അര്‍ഥത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും സാങ്കേതിക തികവുള്ള ചിത്രങ്ങളിലൊന്നായി വിശ്വരൂപത്തെ വിലയിരുത്താം.

മേല്‍ പറഞ്ഞവ കൂടാതെ പ്രേക്ഷകര്‍ തീര്‍ത്തും കയ്യൊഴിയുകയോ അല്ലെങ്കില്‍ നിരാശപ്പെടുത്തുകയോ ചെയ്ത ചിത്രങ്ങള്‍ ഇനിയുമുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ്, തമിഴിലും ഹിന്ദിയിലും ഇറങ്ങിയ വിക്രം നായകനായ ഡേവിഡ്, ജയം രവി മുഖ്യ വേഷത്തിലെത്തിയ ആദി ഭഗവാന്‍, രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ സത്യ 2 എന്നിവ അവയില്‍ ചിലത് മാത്രം


Share this post