ലോകകപ്പ് ക്രിക്കറ്റിലെ അപൂർവങ്ങളായ 12 റെക്കോർഡുകൾ

7bsq0wf

ലോകകപ്പ് സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുകയാണ്. മാന്യന്‍മാരുടെ കളിയിലെ രാജാക്കന്മാരെ കണ്ടെത്താനായി 1975ലാണ് ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ടൂര്‍ണമെന്‍റ് 11-)o എഡിഷനിലേക്ക് കടക്കുമ്പോള്‍ കൌതുകകരമായ ഒരു കാര്യമുണ്ട്ക്രിക്കറ്റിന്‍റെ ജന്മസ്ഥലമായ ഇംഗ്ലണ്ട് ഇതുവരെ ലോകജേതാക്കളായിട്ടില്ല ! വെസ്റ്റ് ഇന്‍റീസ്, ഇന്ത്യ, ആസ്ത്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ പലപ്പോഴായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ കണ്ടു നില്‍ക്കാന്‍ മാത്രമായിരുന്നു ഇംഗ്ലീഷ് പടയുടെ വിധി. ലോക ക്രിക്കറ്റ് യുദ്ധത്തെ സംബന്ധിച്ച ചില പ്രധാന റെക്കോര്‍ഡുകള്‍ പരിശോധിക്കാം.

1) ഏറ്റവും കൂടുതല്‍ റണ്‍സ്

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ്. 45 മല്‍സരങ്ങളില്‍ നിന്നായി 2278 റണ്‍സാണ് അദ്ദേഹം നേടിയത്. ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമായ താരങ്ങളില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് അദ്ദേഹത്തിന് പിന്നിലുള്ളത്. 36 മല്‍സരങ്ങളില്‍ നിന്ന്‍ നേടിയ 1487 റണ്‍സാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍റെ സമ്പാദ്യം. 21 മല്‍സരങ്ങളില്‍ നിന്ന്‍ 1142 നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സാണ് മൂന്നാം സ്ഥാനത്ത്. സച്ചിന്‍റെ റെക്കോര്‍ഡ് അടുത്ത കാലത്തൊന്നും ഭേദിക്കപ്പെടില്ലെന്ന് നമുക്ക് നിസ്സംശയം പറയാം.

2) ഉയര്‍ന്ന ടീം ടോട്ടല്‍

ലോകകപ്പ് ചരിത്രത്തില്‍ ആകെ നാലു തവണയേ ടീം സ്കോര്‍ നാന്നൂറു കടന്നിട്ടുള്ളൂ. രണ്ടു പ്രാവശ്യം നാന്നൂറു തികച്ച ദക്ഷിണാഫ്രിക്കയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. അഫ്ഗാനിസ്ഥാനെതിരെ ആസ്ത്രേലിയ എടുത്ത 417 ആണ് ലോകകപ്പിലെ ഉയര്‍ന്ന ടീം ടോട്ടല്‍. 2007 ലോകകപ്പില്‍ ബര്‍മുഡയ്ക്കെതിരെ ഇന്ത്യ നേടിയ 413 തൊട്ടു പിന്നിലുണ്ട്. ഇന്ത്യ ഒഴികെയുള്ള ടീമുകള്‍ 400 കടന്നത് ഈ ലോകകപ്പിലാണ് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

3) ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍

2003 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ കാനഡ നേടിയ 36 റണ്‍സാണ് ഏറ്റവും കുറഞ്ഞ ടീം സ്കോര്‍. 1979ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 45 റണ്‍സാണ് അവര്‍ തന്നെ മെച്ചപ്പെടുത്തിയത്‘. ലോകകപ്പ് ചരിത്രത്തില്‍ പതിനേഴ് പ്രാവശ്യമാണ് ടീം സ്കോര്‍ മൂന്നക്കം തികയ്ക്കാതെ പോയത്.

4) ഏറ്റവും വലിയ വിജയങ്ങള്‍

ഇന്ത്യ ഉള്‍പ്പടെയുള്ള ടീമുകള്‍ പതിനാറു പ്രാവശ്യം എതിരാളികളെ ഇരുന്നൂറോ അതിലധികമോ റണ്‍സുകള്‍ക്ക് കീഴടക്കിയിട്ടുണ്ട്. ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസീസ് നേടിയ 275 റണ്‍സ് വിജയമാണ് ഒന്നാം സ്ഥാനത്ത്. 257 റണ്‍സ് ജയം നേടിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ടാം സ്ഥാനം പങ്കിടുന്നു.

5) ഏറ്റവും ചെറിയ വിജയങ്ങള്‍

1987, 1992 ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ ഓസീസ് നേടിയ 1 റണ്‍ ജയമാണ് ചെറിയ വിജയങ്ങളുടെ പട്ടികയില്‍ ഒന്നാമത്.

6) ഉയര്‍ന്ന വ്യക്തിഗത സ്കോര്‍

2015 ലോകകപ്പില്‍ സിംബാബ് വെക്കെതിരെ വെസ്റ്റ് ഇന്‍റീസിന്‍റെ ക്രിസ് ഗെയില്‍ നേടിയ 215 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ലോകകപ്പിലെ ഏക ഇരട്ട സെഞ്ചുറിയും ഇതാണ്. ഗാരി കിര്‍സ്റ്റന്‍ (188), സൌരവ് ഗാംഗുലി (183) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

7) ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളും നേടിയിട്ടുള്ളത്. 6 സെഞ്ചുറികളും 15 അര്‍ദ്ധ സെഞ്ചുറികളുമാണ് അദ്ദേഹം നേടിയത്. രണ്ടിനങ്ങളിലും സംഗക്കാരയാണ് സച്ചിന് പിന്നിലുള്ളത്. 5 സെഞ്ചുറികള്‍ നേടിയ ശ്രീലങ്കന്‍ താരം 7 അര്‍ദ്ധ സെഞ്ചുറികളും നേടി. ലോകകപ്പില്‍ തുടര്‍ച്ചയായി 4 സെഞ്ചുറികള്‍ നേടി സംഗ നേരത്തെ റെക്കോര്‍ഡ് ഇട്ടിരുന്നു. 

8) ഏറ്റവും കൂടുതല്‍ ജയങ്ങള്‍/തോല്‍വികള്‍

ആസ്ത്രേലിയയാണ് ഏറ്റവും കൂടുതല്‍ ലോകകപ്പ് മല്‍സരങ്ങള്‍ ജയിച്ചത്– 59 എണ്ണം. 46 മല്‍സരങ്ങള്‍ ജയിച്ച ന്യൂസിലന്‍റ് രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഏറ്റവും കൂടുതല്‍ കളികള്‍ തോറ്റത് സിംബാബ് വേയാണ്– 42 എണ്ണം.

9) ഒരു ടൂര്‍ണമെന്‍റില്‍ 100/100 വിജയം

ഒരു ടൂര്‍ണമെന്‍റിലെ എല്ലാ മല്‍സരങ്ങളും ജയിച്ച മൂന്നു ടീമുകളെയുള്ളൂആസ്ത്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍റീസ്. ഓസീസ് 2003ലും 2007ലും എല്ലാ മല്‍സരങ്ങളും ജയിച്ചപ്പോള്‍ വിന്‍റീസ് 1975,1979 ലോകകപ്പുകളിലാണ് 100 ശതമാനം വിജയം നേടിയത്. 1996ല്‍ എതിരാളികള്‍ പിന്മാറിയ രണ്ടു മല്‍സരങ്ങള്‍ ഉള്‍പ്പടെ 8 കളികളാണ് ലങ്ക നേടിയത്.

10) പ്രായം കൂടിയ കളിക്കാര്‍

1996ല്‍ നെതര്‍ലന്‍റ്സിന് വേണ്ടി കളിച്ച നോലന്‍ ക്ലര്‍ക്കാണ് ലോകകപ്പ് കളിച്ച പ്രായം കൂടിയ കളിക്കാരന്‍– 47 വയസായിരുന്നു അന്ന്‍ അദ്ദേഹത്തിന്‍റെ പ്രായം. 1992ല്‍ സിംബാബ് വേയ്ക്ക് വേണ്ടി കളിച്ച ജോണ്‍ ട്രെയ്കോസ് രണ്ടാം സ്ഥാനത്തുണ്ട്– 44 വയസ്സ്.

11) മികച്ച ബൌളിങ് പ്രകടനം

2003ല്‍ നമീബിയക്കെതിരെ ഓസീസിന്‍റെ ഗ്ലെന്‍ മഗ്രാത്ത് നടത്തിയതാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൌളിങ് പ്രകടനം– 7/15. അതേ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആണ്ട്രൂ ബിക്കലും സമാനമായ പ്രകടനം നടത്തിയിട്ടുണ്ട്– 7/20.

12) ഏറ്റവും കൂടുതല്‍ എക്സ്ട്രാസ്

1999ല്‍ സ്കോട്ട്ലന്‍റിനെതിരായ മല്‍സരത്തില്‍ പാക്കിസ്ഥാന്‍ 59 റണ്‍സാണ് അധികമായിനല്‍കിയത്. അതേ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ സിംബാബ് വേ നല്‍കിയ 51 റണ്‍സാണ് തൊട്ടു പിന്നിലുള്ളത്.

[My article published in British Pathram]

 

Leave a Comment

Your email address will not be published. Required fields are marked *