Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

നാസ്തികരായ ആത്മീയവ്യാപാരികള്‍

Share this post

നാസ്തികരായ ആത്മീയവ്യാപാരികള്‍ 1

      പ്രപഞ്ച സൃഷ്ടാവിനെ തേടിയുള്ള മനുഷ്യന്‍റെ പരക്കംപാച്ചില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് പല നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ന്‍ തിരുപ്പതിയും വത്തിക്കാനും മക്കയും കടന്ന്‍ ഹരിദ്വാറിലെയും കാശിയിലെയും അസന്‍മാര്‍ഗ്ഗിക കേന്ദ്രങ്ങളിലും വള്ളിക്കാവിലെ കെട്ടിപ്പിടുത്തത്തിലും വരെ എത്തിനില്‍ക്കുന്നു ഈശ്വരനെ തേടിയുള്ള നമ്മുടെ അന്വേഷണം. എന്നിട്ടും തൃപ്തി വരാതെ അങ്കോര്‍വാറ്റിലും കൈലാസത്തിലും വരെ ആ ദിവ്യശക്തിയെ തേടി നമ്മള്‍ പരക്കം പായുന്നു.

ബിഹാറില്‍ ജീവിത സൌകര്യങ്ങള്‍ പരിമിതമാണെങ്കിലും അവിടെയും വരുന്നുണ്ട് താമസിയാതെ ആയിരം കോടി രൂപയുടെ ഒരു ക്ഷേത്രം. രാഷ്ട്രീയക്കാരോട് സഹായം അഭ്യര്‍ഥിച്ചു മടുത്തവര്‍ക്ക് ദൈവത്തോട് നേരിട്ട് അപേക്ഷിക്കാനാണോ അത് എന്നു വ്യക്തമല്ല. തിരുകേശമെന്ന പേരില്‍ വിശ്വാസികളുടെ വികാരങ്ങളെ ചൂഷണം ചെയ്യാനുള്ള തട്ടിപ്പ് പരിപാടികള്‍ കേരളത്തിലും സജീവമാണ്. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍ തങ്ങളുടെ കൂട്ടത്തില്‍ യഥേഷ്ടം ഉണ്ടെങ്കിലെന്ത്, ആത്മീയത പ്രചരിപ്പിക്കാം എന്നതാണ് പലരുടേയും ഭാവം.

പരസ്പരം സ്നേഹിക്കാനും കഷ്ടപ്പെടുന്നവരെ സഹായിക്കാനുമാണ് ഓരോ മതവും മനുഷ്യനെ പഠിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത് ഒരു വിദൂര സ്വപ്നം മാത്രമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ നടന്ന വിവിധ വര്‍ഗ്ഗീയ കലാപങ്ങളില്‍ പതിനായിരങ്ങളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. കറാച്ചി കലാപത്തിലും ഗുജറാത്ത് കലാപത്തിലും തുടങ്ങി മാറാടും ബേപ്പൂരും പോലുള്ള കൊച്ചു പ്രദേശങ്ങളില്‍ വരെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ കൂട്ടക്കൊലകള്‍ നടന്നു. മുടങ്ങാതെ രാമനെയും കൃഷ്ണനെയും വിളിക്കുന്നവര്‍ അല്ലെങ്കില്‍ മൂന്നു നേരം നിസ്കരിക്കുന്നവരാണ് എല്ലാം ചെയ്തത്. ഒറീസയില്‍ ക്രിസ്ത്യന്‍ മിഷിനറിയെയും പിഞ്ചു കുഞ്ഞുങ്ങളെയും ചുട്ടുകൊന്നവര്‍ എന്നും അതേ ചൊല്ലി അഭിമാനിച്ചിട്ടേയുള്ളൂ. പുരാണങ്ങളിലെ അസുരന്മാരെ കവച്ചുവയ്ക്കുന്ന ക്രൂരകൃത്യം ചെയ്തിട്ടും മര്യാദ പുരുഷോത്തമന്‍ രാമന്‍റെ ആളാണെന്ന് അഭിമാനിക്കുന്നത് എത്രമാത്രം അപഹാസ്യമാണെന്ന്‍ ഓര്‍ക്കണം.

http://www.youtube.com/watch?v=3AAjwz-NTMc&feature=player_detailpage

അയോദ്ധ്യയില്‍ ആദ്യം ക്ഷേത്രം തകര്‍ത്തവരും പിന്നീട് പള്ളി പൊളിച്ചവരും പാക്കിസ്ഥാനിലും ഇറാനിലും അനുദിനം എതിരാളികളുടെ പള്ളികളില്‍ ബോംബ് പൊട്ടിച്ചു കളിക്കുന്ന വിഭാഗങ്ങളുമെല്ലാം ഫലത്തില്‍ വിശ്വാസികളാണ്. വ്യത്യസ്ഥ പേരുകളിലാണ് വിളിക്കുന്നതെങ്കിലും പരമ കാരുണികനായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നു. ലോകമെങ്ങുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വഴി ആയിരങ്ങളെ കൊലക്കു കൊടുത്ത ബിന്‍ ലാദനും വിശ്വാസി. എന്നാല്‍ എല്ലാത്തിനും സാക്ഷിയായി ഒരാള്‍ മുകളിലുണ്ടെന്ന ചിന്തയില്ലാതെ ഇത്തരം അധാര്‍മിക പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ് യാഥാര്‍ഥ നാസ്തികര്‍ എന്ന്‍ ആരെങ്കിലും ധരിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ പറ്റില്ല.

ലോകത്ത് എവിടെയെങ്കിലും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇത്തരം കപട വിശ്വാസികളാണെന്ന് ചരിത്രം പറയുന്നു. നിരീശ്വരവാദികള്‍ വിശ്വാസ-അന്ധവിശ്വാസ പ്രമാണങ്ങളോട് ആശയപരമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിയ്ക്കലും കായികപരമായ ആക്രമണം നടത്തിയിട്ടില്ല. നിരീശ്വരവാദം പാപമായി കരുതുന്ന പാക്കിസ്ഥാനിലും അഫ്ഗാനിലും അക്രമങ്ങള്‍ പെരുകുമ്പോഴും ഭൌതിക ജീവിത സൌകര്യങ്ങള്‍ തുലോം പരിമിതമായ ക്യൂബ പോലുള്ള രാജ്യങ്ങള്‍ താരതമ്യേന ശാന്തമാണ്. വിശ്വാസത്തിന്‍റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്കും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കും ഇല്ലാതെ പോകുന്നത് മനുഷ്യനെ മനുഷ്യനായി കാണാനുള്ള വിവേകമാണ്. മാനവികതയേക്കാള്‍ ഉപരിയായി ഒരാളെ ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമുമായി കാണുന്നതാണ് യാഥാര്‍ഥ നാസ്തികത്വം.

നാസ്തികരായ ആത്മീയവ്യാപാരികള്‍ 2

 സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കോടിക്കണക്കിനു പട്ടിണിപ്പാവങ്ങളാണ് ഭാരതത്തിലുള്ളത്. അവരില്‍ എല്ലാ മതക്കാരുമുണ്ട്. അവരെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ചെറു പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതിനെ കുറിച്ചും പള്ളിയുടെ അവകാശം ഏതു വിഭാഗക്കാര്‍ക്ക് ലഭിക്കും എന്നതിനെ കുറിച്ചുമൊക്കെയാണ് നമ്മുടെ മത പണ്ഡിതരും ബിഷപ്പുമാരും വ്യാകുലപ്പെടുന്നത്. അത്തരം അവകാശങ്ങള്‍ക്ക് എന്തെങ്കിലും ഭംഗം വന്നാല്‍ കോടതികളെ വെല്ലുവിളിക്കാനും സര്‍ക്കാരിനെ മറിച്ചിടാനും അവര്‍ തയ്യാര്‍.

തിരുകേശത്തിന്‍റെ പേരിലും ആത്മീയ കച്ചവടത്തിന്‍റെ പേരിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നവര്‍ക്ക് ഉല്‍സവ പറമ്പുകളില്‍ കാണുന്ന മൂന്നാം കിട തട്ടിപ്പുകാരുമായി ഹൈ ക്ലാസ്, ലോ ക്ലാസ് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ചെയ്യുന്ന പ്രവൃത്തി ഒന്നു തന്നെയാണ്. ആരാധന കൊണ്ട് ഒരാളുടെയും പട്ടിണി മാറ്റാന്‍ സാധിക്കില്ലെന്നും അതിന് ചുരുങ്ങിയപക്ഷം തങ്ങളുടെ സമുദായത്തിലേയെങ്കിലും താഴെക്കിടയിലുള്ളവരുടെ ജീവിതാവസ്ഥയാണ് മാറേണ്ടതെന്നും ഇവരെല്ലാം ഇടക്കെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.


Share this post