വേലൈക്കാരന്‍- സിനിമ റിവ്യു

Share this post

velaikkaran film review

പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിച്ചു. ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം വേലൈക്കാരന്‍ ഇന്ന് തിയറ്ററുകളില്‍ എത്തി. റെമോക്ക് ശേഷം ശിവ കാര്‍ത്തികേയന്‍ അഭിനയിക്കുന്ന സിനിമ,  ശിവ കാര്‍ത്തികേയനും മോഹന്‍ രാജയും ആദ്യമായി ഒന്നിക്കുന്ന സിനിമ, തനി ഒരുവന് ശേഷം മോഹന്‍ രാജ ഒരുക്കുന്ന സിനിമ, മലയാളത്തിന്‍റെ പ്രിയ നടന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളാണ് വേലൈക്കാരനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 

40 കോടി രൂപ ചെലവില്‍ ഒരുക്കിയ സിനിമ സമൂഹത്തെ ബാധിക്കുന്ന അത്യന്തം ഗൌരവമേറിയ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത് – ജങ്ക് ഫുഡുകള്‍ മൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍. ലാഭക്കൊതി മൂലം കോര്‍പ്പറേറ്റ് കമ്പനികള്‍ അവയില്‍ മായം ചേര്‍ക്കുന്നതും തൊഴിലാളികളെ കൂട്ടു പിടിച്ച് അറിവ് എന്ന ശിവ കാര്‍ത്തികേയന്റെ നായക കഥാപാത്രം മുതലാളിമാരെ നേര്‍വഴിക്ക് കൊണ്ടു വരുന്നതുമാണ് വേലൈക്കാരന്റെ ഇതിവൃത്തം. 

ശിവ കാര്‍ത്തികേയന്‍ പതിവ് പോലെ ഇക്കുറിയും നിരാശപ്പെടുത്തിയില്ല. ഒരു ചേരി നിവാസിയായ അറിവ് സമൂഹത്തിന് നല്ലത് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ചെറിയ രീതിയില്‍ ഒരു കമ്മ്യുണിറ്റി റേഡിയോ ആരംഭിക്കുന്നത്. അയല്‍ക്കാരെ നന്നാക്കാനുള്ള അയാളുടെ ശ്രമം സഫ്രോണ്‍ എന്ന വന്‍കിട കമ്പനിയിലെ മാര്‍ക്കറ്റിംഗ് ജീവനക്കാരനാകുന്നതോടെ മറ്റൊരു തലത്തിലെത്തുകയാണ്. കാശി എന്ന അയാളുടെ നിതാന്ത ശത്രു ഒന്നുമല്ലെന്നും അതിനേക്കാള്‍ പല മടങ്ങ്‌ വമ്പന്മാര്‍ വേറെയുണ്ടെന്നും അയാള്‍ തിരിച്ചറിയുന്നു.

തമിഴിലെ അരങ്ങേറ്റ ചിത്രം ഫഹദ് ഫാസില്‍ ഉജ്ജ്വലമാക്കി. നായക തുല്യമായ വേഷത്തിലെത്തുന്ന ഫഹദിന്റെ മാസ്മരിക പ്രകടനമാണ് വേലൈക്കാരന്റെ ഏറ്റവും വലിയ സവിശേഷത. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മറുഭാഷയില്‍ ഇത്ര നല്ല വേഷത്തിലൂടെ തുടക്കം കുറിക്കാന്‍ സാധിച്ച മറ്റൊരു മലയാള നടനുണ്ടാകില്ല. സിനിമയുടെ അവസാന രംഗങ്ങളില്‍ ശിവകാര്‍ത്തികേയനും ഫഹദും കാഴ്ച വയ്ക്കുന്ന മത്സരാഭിനയം പ്രേക്ഷകരെ ആവേശം കൊള്ളിക്കും. പക്ഷെ തനി ഒരുവനില്‍ നിന്ന് വ്യത്യസ്ഥമായി നയന്‍ താരയ്ക്ക് സിനിമയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. കാശിയായി പ്രകാശ് രാജും ശ്രദ്ധേയമായ വേഷമാണ് ചെയ്തത്. 

മോഹന്‍ രാജയുടെ രചനയും സംവിധാനവും നല്ല നിലവാരം പുലര്‍ത്തി. ആധുനിക ഭക്ഷണ സംസ്ക്കാരം നമ്മുടെ ആരോഗ്യത്തെയും ജീവിതത്തെയും എങ്ങനെ ബാധിക്കും എന്ന് പറയാന്‍ അദ്ദേഹത്തിന് സാധിച്ചു. പതിവ് തമിഴ് മസാല ചേരുവകള്‍ ഒഴിവാക്കി കാലികമായ പ്രമേയം കൈകാര്യം ചെയ്യാന്‍ സംവിധായകന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. കോര്‍പ്പറേറ്റ് ലോബിയുടെ ബിസിനസ് ചതിക്കുഴികളിലൂടെയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും സഞ്ചരിക്കുന്ന വേലൈക്കാരന്‍ തമിഴകത്തെ മറ്റൊരു ഹിറ്റാകും എന്നതില്‍ സംശയമില്ല. 

റേറ്റിംഗ്: 4.3/5


Image Credit

StudioFlicks


Share this post