Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന 15 അന്യ ഭാഷ സിനിമകള്‍

Share this post

പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന 15 അന്യ ഭാഷ സിനിമകള്‍ 1

 

ഇന്ന്‍ കേരളം അന്യഭാഷാസിനിമകളുടെ മികച്ച വിപണിയാണ്. തമിഴായാലും ഹിന്ദിയായാലും പുറത്തിറങ്ങുന്ന അതേ ദിവസം തന്നെ അവ കേരളത്തിലെ കുഗ്രാമങ്ങളില്‍ പോലും എത്തുന്നുണ്ട്. കോടികളുടെ കിലുക്കവുമായെത്തുന്ന വമ്പന്‍ പടങ്ങളുടെ റിലീസിങ് വേളയില്‍ മലയാള സിനിമകള്‍ക്ക് തിയറ്ററുകള്‍ കിട്ടുന്നില്ല എന്നതാണു ഇപ്പോഴത്തെ സ്ഥിതി. അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ലിങ്ക, ഷങ്കര്‍ ചിത്രം ഐ, അജിത്ത് ചിത്രം എന്നൈ അറിന്താല്‍ എന്നിവയുടെ സാന്നിധ്യം മൂലം തദവസരത്തില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ക്ക് താരതമ്യേന ചെറിയ തിയറ്ററുകളില്‍ ഒതുങ്ങേണ്ടി വന്നിരുന്നു. റിലീസ് ചെയ്തവ പ്രേക്ഷകരുടെ മോശം പ്രതികരണം മൂലം അതിവേഗം കളമൊഴിയുകയും ചെയ്തു.

തമിഴ്, ഹിന്ദി, തെലുഗു ഭാഷകളില്‍ നിന്ന്‍ ഒരു ഡസനിലേറെ വമ്പന്‍ സിനിമകളാണ് റിലീസിങ്ങിന് തയ്യാറെടുക്കുന്നത്. രജനികാന്ത് ഒഴിച്ച് ഏതാണ്ടെല്ലാ സൂപ്പര്‍താരങ്ങളുടെ സിനിമകളും ഇക്കൂട്ടത്തിലുണ്ടെന്ന് പറയാം.

1) ഉത്തമവില്ലന്‍

ഉത്തമന്‍, മനോരഞ്ജന്‍ എന്നിങ്ങനെ ഇരട്ട വേഷങ്ങളില്‍ കമല്‍ഹാസന്‍ പ്രത്യക്ഷപ്പെടുന്ന സിനിമ ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കമല്‍ തന്നെ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ഉത്തമവില്ലന്‍ പുനര്‍ജന്‍മത്തിന്‍റെയും പ്രതികാരത്തിന്‍റെയും കഥയാണ് പറയുന്നത്. രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം, ആണ്ട്രിയ, പൂജ, ഉര്‍വശി, പാര്‍വതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിര്‍മ്മാണംകമല്‍ ഹാസന്‍, എന്‍ ലിങ്കുസ്വാമി.

2) ഓകെ കണ്മണി

അലൈപായുതേ ശൈലിയില്‍ മറ്റൊരു റൊമാന്‍റിക് ഹിറ്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മണിരത്നം. ദുല്‍ഖര്‍ സല്‍മാന്‍, നിത്യ മേനോന്‍ എന്നിവര്‍ പ്രണയ ജോഡികളാകുന്ന സിനിമയുടെ ട്രെയിലറും ഗാനങ്ങളും ഇതിനകം ഓണ്‍ലൈനില്‍ റെക്കോര്‍ഡ് കാഴ്ചകളാണ് നേടിയത്. സംഗീതം എ ആര്‍ റഹ്മാന്‍.

3) ഫാന്‍

കിങ് ഖാന്‍ ഇരട്ട വേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് മനിഷ് ശര്‍മയാണ്. സൂപ്പര്‍താരമായും അദ്ദേഹത്തിന്‍റെ ആരാധകനായും ഷാരൂഖ് ഇരട്ട വേഷത്തിലെത്തുന്ന ഫാന്‍ നിര്‍മിക്കുന്നത് യഷ് രാജ് ഫിലിംസാണ്.

4) കൊമ്പന്‍

പരുത്തിവീരന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം കാര്‍ത്തി ഗ്രാമീണ വേഷത്തിലെത്തുന്ന സിനിമ ഈ ആഴ്ച റിലീസ് ചെയ്യും. എം മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ലക്ഷ്മി മേനോന്‍, രാജ്കിരണ്‍, ഐഎം വിജയന്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

5) പാപനാശം

മലയാളത്തില്‍ റെക്കോര്‍ഡ് വിജയം നേടിയ ദൃശ്യത്തിന്‍റെ തമിഴ് റീമേക്ക്. കമല്‍ ഹാസന്‍ നായകനായ സ്വയംഭൂലിങ്കത്തെ അവതരിപ്പിക്കുമ്പോള്‍ ജീവിത സഖിയായ ഗൌതമിയാണ് അദ്ദേഹത്തിന്‍റെ ഭാര്യാവേഷത്തിലെത്തുന്നത്. കലാഭവന്‍ മണി, നിവേദ തോമസ്, ആശാ ശരത്, ആനന്ദ് മഹാദേവന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫാണ്.

6) ബാഹുബലി

175 കോടി രൂപ മുതല്‍മുടക്കില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് ബാഹുബലി എത്തുന്നത്. മഗധീര, ഈച്ച എന്നീ ബ്രഹ്മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച രാജമൌലിയാണ് സംവിധാനം. ചരിത്ര പശ്ചാത്തലത്തിലെത്തുന്ന സിനിമയില്‍ പ്രഭാസ്, റാണ, അനുഷ്ക, തമന്ന, സുദീപ്, സത്യരാജ് എന്നിങ്ങനെ വമ്പന്‍ താരങ്ങളും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ആദ്യ ഭാഗം മേയില്‍ പ്രദര്‍ശനത്തിനെത്തും.

7) വിശ്വരൂപം 2

വിശ്വരൂപം ആദ്യ ഭാഗത്തെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. അത് അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള തീവ്രവാദത്തിന്‍റെ കഥയാണ് പറഞ്ഞതെങ്കില്‍ രണ്ടാം ഭാഗം ദേശീയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കമല്‍ ഹാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ വിശ്വരൂപത്തിലെ ഏതാണ്ടെല്ലാ താരങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. ജയ ടിവിയ്ക്ക് സംപ്രേക്ഷണാവകാശം നല്‍കാതിരുന്നത് കൊണ്ടാണ് കഴിഞ്ഞ സിനിമ വിവാദങ്ങളില്‍ അകപ്പെട്ടതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പ്രശ്നങ്ങള്‍ ഒഴിവാക്കാനാണോ എന്നറിയില്ല, വിശ്വരൂപം 2 വിന്‍റെ സാറ്റലൈറ്റ് റൈറ്റ് നല്‍കിയിരിക്കുന്നത് ജയ ടിവിക്കാണ്.

ഷാരൂഖ് ഖാനും കാജലും പ്രധാന വേഷങ്ങളിലെത്തുന്ന ദില്‍വാലെ, സല്‍മാന്‍ ഖാനും കരീനയും അഭിനയിക്കുന്ന ഭജ്റംകി ഭായിജാന്‍, സൂര്യ നായകനാകുന്ന മാസ്, ഹൌ ഓള്‍ഡ് ആര്‍ യുവിന്‍റെ റീമേക്ക് 36 വയതിനിലെ, അനുഷ്ക ഷെട്ടി നായികയാകുന്ന ചരിത്ര സിനിമ രുദ്രമ്മ ദേവി, വിക്രം നായകനാകുന്ന 10 എണ്ട്രതുക്കുള്ള, ധനുഷ് നായകനാകുന്ന മാരി, കാഞ്ചന 2 എന്നിവയും ഈ വര്‍ഷം പ്രതീക്ഷയുണര്‍ത്തുന്ന സിനിമകളാണ്.

[My article published in British Pathram]

 


Share this post