ലോകത്തെ നടുക്കിയ രണ്ട് ഹോട്ടല്‍ മരണങ്ങള്‍

ലോകത്തെ നടുക്കിയ രണ്ട് ഹോട്ടല്‍ മരണങ്ങള്‍ 1

      കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ നടന്ന ദുരൂഹമായ രണ്ടു മരണങ്ങള്‍. നക്ഷത്ര ഹോട്ടല്‍ മുറികളില്‍ നടന്ന ആ രണ്ടു ദുരന്തങ്ങള്‍ക്കും സാമ്യതകള്‍ ഏറെയാണ്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുനന്ദ പുഷ്ക്കറുടെ മരണമാണ് പട്ടികയില്‍ രണ്ടാമത്തേതെങ്കില്‍ ആദ്യത്തേത് പാക്കിസ്താന്‍ കോച്ച് ബോബ് വൂമറുടെ മരണമാണ്. 2007 മാര്‍ച്ച് 18നു ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടക്ക് വെസ്റ്റ് ഇന്‍റിസില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ആദ്യം കൊലപാതകമായും പിന്നീട് ആത്മഹത്യയായും വിശേഷിപ്പിച്ച ആ വിയോഗം ഒടുവില്‍ സ്വാഭാവിക മരണമായി വിശേഷിപ്പിച്ച് ജമൈക്കന്‍ പോലീസ് കേസ് ഡയറി എന്നന്നേക്കുമായി അടച്ചു.

ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ പാക്കിസ്ഥാന്‍ പുറത്തായ ദിവസം രാത്രിയാണ് ബോബ് വൂമര്‍ മരണപ്പെട്ടത്. ഹോട്ടല്‍ പെഗാസസില്‍ പന്ത്രണ്ടാം നിലയിലെ 374-)o നമ്പര്‍ മുറിയിലെ ബാത്ത് റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഏറെക്കുറെ നഗ്നനായിരുന്ന അദേഹത്തിന്‍റെ വായില്‍ നിന്ന്‍ നിന്ന്‍ പുറത്തെക്കൊഴുകിയ ചോര തറയില്‍ തളം കെട്ടി കിടന്നിരുന്നു. എന്തോ ഛര്‍ദിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ ഭിത്തിയിലും കാണപ്പെട്ടു. ആദ്യം ഹൃദയ സ്തംഭനമാണെന്നാണ് കരുതിയതെങ്കിലും തൊട്ടടുത്ത ദിവസം കൊലപാതകത്തിനുള്ള അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ജമൈക്കന്‍ പോലീസ് എല്ലാവരെയും ഞെട്ടിച്ചു.

പക്ഷേ ദിവസങ്ങള്‍ക്കകം എല്ലാം വീണ്ടും കീഴ്മേല്‍ മറിഞ്ഞു. കൊലപാതകത്തിനുള്ള സാധ്യതകള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പറഞ്ഞ പോലീസ് വൂമറുടേത് സ്വാഭാവിക മരണമാണെന്ന് സ്ഥാപിച്ചു. കേസന്വേഷണത്തിനായി ലണ്ടനില്‍ നിന്നെത്തിയ സ്കോറ്റ്ലന്‍റ് യാഡും ആ വാദഗതികള്‍ അംഗീകരിച്ചതോടെ വെസ്റ്റ് ഇന്‍റിസ് പോലീസ് വൂമറുടെ കേസ് ഡയറി എന്നന്നേക്കുമായി അടച്ചു. എന്നാല്‍ അത് കൊലപാതകമായിരുന്നു എന്ന്‍ വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയാണ്. അതിനുള്ള പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് പാക്കിസ്ഥാനും വാതുവെയ്പ്പ് മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ആതിഥേയരോട് തോറ്റ പാക്കിസ്ഥാന്‍ തൊട്ടടുത്ത മല്‍സരത്തില്‍ ക്രിക്കറ്റ് ലോകത്തെ കുഞ്ഞന്‍മാരായ അയര്‍ലന്‍റിനോടും തകര്‍ന്നടിഞ്ഞു.

ലോകത്തെ നടുക്കിയ രണ്ട് ഹോട്ടല്‍ മരണങ്ങള്‍ 2

  രണ്ടു മല്‍സരങ്ങളിലായി വീണ 20 പാക് വിക്കറ്റുകളില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം ക്യാച്ച് ഔട്ട് ആയത് എങ്ങനെയാണ് എന്നത് ഇന്നും ദുരൂഹമാണ്. വെസ്റ്റ് ഇന്‍റിസിനെതിരെ പാക്കിസ്ഥാന്‍റെ ഒമ്പത് പേരും അയര്‍ലന്‍റിനെതിരെ എല്ലാവരും പുറത്തായത് ക്യാച്ചില്‍ കൂടിയാണ്. അതിന്‍റെ പിന്നാമ്പുറക്കഥകള്‍ വൂമര്‍ക്ക് അറിയാമായിരുന്നുവെന്നും ഉടന്‍ പുറത്തിറങ്ങുന്ന ആത്മകഥയിലൂടെ അദ്ദേഹം അതെല്ലാം വെളിപ്പെടുത്താനിരിക്കുകയുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അതു തടയാന്‍ കുറ്റകൃത്യങ്ങളില്‍ യാതൊരു തെളിവും അവശേഷിപ്പിക്കാത്ത ജമൈക്കന്‍ മാഫിയയുടെ സഹായത്തോടെ പാക്ക് അധോലോകം അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വൂമറുടെ കുടുംബവും സുഹൃത്തുക്കളും വിശ്വസിക്കുന്നത്. മല്‍സരശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് വൂമറും ടീമംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും അതിനിടയില്‍ അദ്ദേഹം മരണപ്പെട്ടുവെന്നും ഇടക്ക് വാര്‍ത്ത പ്രചരിച്ചെങ്കിലും പിന്നെ ആ വഴിക്കൊന്നും കേട്ടില്ല. ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായിരുന്ന മുഷ്താക്ക് അഹമ്മദിന്‍റെ മുഖത്ത് പിടിവലിക്കിടയില്‍ ഉണ്ടായതെന്ന് സംശയിക്കപ്പെടുന്ന മുറിവ് കാണപ്പെട്ടുവെങ്കിലും അതേക്കുറിച്ചും വിശ്വസനീയമായ വിശദീകരണം ഒന്നും വന്നില്ല.

പുലര്‍ച്ചെ 3.12നു ടീമിന്‍റെ പ്രകടനത്തില്‍ തനിക്കുള്ള നിരാശ സൂചിപ്പിച്ചുകൊണ്ട് ഭാര്യ ഗില്ലിന് ഇമെയില്‍ അയച്ച വൂമര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ലോകത്തോട് വിട പറഞ്ഞു. ലോകകപ്പിന്‍റെ പ്രൌഡിക്ക് കോട്ടം വരാതിരിക്കാനാണ് ഇക്കാര്യത്തിലെ സത്യം മൂടി വച്ചതെന്ന് ഒരു വലിയ വിഭാഗം ക്രിക്കറ്റ് പ്രേമികളും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്ലൈവ് റൈസിനെ പോലുള്ള അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ഇന്നും വിശ്വസിക്കുന്നു.

ലോകത്തെ നടുക്കിയ രണ്ട് ഹോട്ടല്‍ മരണങ്ങള്‍ 3

  രാജ്യത്തെമ്പാടുമുള്ള മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ കുറച്ചു ദിവസങ്ങളായി ഡല്‍ഹി ലീല പാലസ് ഹോട്ടലിന്‍റെ 345-)o നമ്പര്‍ മുറിയിലേക്കാണ്. ഒരു നിമിഷത്തെ ചാപല്യത്തിന്‍റെ ബാക്കിപത്രമാകാമെങ്കിലും ശശി തരൂര്‍ സ്വാഭാവികമായും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുന്നു.ചാരക്കഥകളും ഐപിഎല്‍ വാതുവെയ്പ്പിന്‍റെ പിന്നാമ്പുറ രഹസ്യങ്ങളും കൂടി ചേരുമ്പോള്‍ പൊടിപ്പും തൊങ്ങലും വച്ച് അനവധി കഥകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ലോകകപ്പിനിടക്കാണ് വൂമര്‍ മരണപ്പെട്ടതെങ്കില്‍ എഐസിസി സമ്മേളനത്തിന് കൊടിയിറങ്ങി കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് മന്ത്രിയുടെ കുടുംബത്തിലേക്ക് ദുരന്തം വിരുന്നെത്തിയത്. അതിന്‍റെ ഫലമെന്തായാലും ഭാവിയുടെ വാഗ്ദാനമാകേണ്ട ഒരു നേതാവിന്‍റെ രാഷ്ട്രീയ ഭാവിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ഒരു ഡെമോക്ലിസിന്‍റെ വാള്‍ പോലെ തൂങ്ങുകയാണ് സുനന്ദ പുഷ്ക്കറുടെ ദുരൂഹമായ മരണം.

Leave a Comment

Your email address will not be published. Required fields are marked *