Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഇരട്ടകള്‍

Share this post

twins

രണ്ടു കുട്ടികളാണ് അയാള്‍ക്ക് ഉണ്ടായിരുന്നത്. അതും ഇരട്ടകള്‍. പക്ഷേ അതില്‍ ഒന്നിനെ ജനിച്ചയുടനെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാരില്‍ ഒരാള്‍ മറിച്ചു കൊടുത്ത് പണമുണ്ടാക്കി. അതുകൊണ്ട് തനിക്ക് ഇരട്ടകളാണ് ഉണ്ടായതെന്ന കാര്യം അയാളറിഞ്ഞില്ല. അറിഞ്ഞവര്‍ അതൊട്ട് പറഞ്ഞതുമില്ല.

കാലം കടന്നു പോയപ്പോള്‍ മാണിക്യന്‍ എന്ന അയാള്‍ ലക്ഷപ്രഭുവായി. മകന്‍റെ വരവാണ് ഈ ഉയര്‍ച്ചയുടെ കാരണമെന്ന് വിശ്വസിച്ച മാണിക്യന്‍ മകന്‍റെ പേര് കൂടി ചേര്‍ത്ത് തന്‍റെ മണിമാളികയ്ക്ക് അജിത്ത് നിവാസ് എന്നു പേരിടുകയും ഒരു അല്ലലും അറിയിക്കാതെ അവനെ വളര്‍ത്തുകയും ചെയ്തു. മകന്‍റെ ഏതാഗ്രഹവും സാധിപ്പിച്ചു കൊടുക്കണമെന്ന് അവന്‍റെ അമ്മയെയും ചട്ടം കെട്ടി.

ഒരു രാത്രി.

ഒരു പ്ലേറ്റിലെടുത്ത് ഡൈനിങ് ടേബിളില്‍ തന്‍റെ മുന്നില്‍ വച്ച ആ ഭക്ഷണ സാധനത്തിലേക്ക് അവന്‍ തുറിച്ചു നോക്കി.

എന്താ ഇത് ? : പത്തു വയസുകാരന്‍റെ നോട്ടത്തിലും ചോദ്യത്തിലും ആയ ഒന്നു പകച്ചു.

ദോശ. കൂടെ മാങ്ങാ ചമ്മന്തിയുമുണ്ട്. : അവര്‍ ചമ്മന്തിയെടുക്കാനായി അകത്തേക്ക് തിരിഞ്ഞു.

ഇന്ന്‍ കെഎഫ്സിയില്‍ നിന്നു കൊണ്ടുവരാമെന്ന് പറഞ്ഞ ബര്‍ഗ്ഗറും ചിക്കനും എവിടെ ? വെയര്‍ ഈസ് മൈ ഡാഡ് ? : കണ്ണുകളില്‍ തീ നിറച്ചുകൊണ്ട് കൊച്ചു മുതലാളി ചോദിച്ചപ്പോള്‍ സ്ത്രീ പിന്തിരിഞ്ഞു നിന്നു.

അത് മോന്‍റെ അച്ഛന്‍ ഇതുവരെ വന്നിട്ടില്ല. ക്ലബ്ബില്‍ പോയ മമ്മയെയും കൂട്ടിക്കൊണ്ട് വരുമ്പോള്‍ വൈകുമെന്ന് വിളിച്ചു പറഞ്ഞിരുന്നു.: അവര്‍ വളരെ ഭവ്യതയോടെ പറഞ്ഞു.

ബ്ലഡി…. ഇതാര്‍ക്ക് വേണം ? എനിക്കൊന്നും വേണ്ട : അത്രയും പറഞ്ഞ് അജിത്ത് മുന്നിലിരുന്ന പ്ലേറ്റ് തട്ടിത്തെറിപ്പിച്ചു. വില കൂടിയ ഇറ്റാലിയന്‍ സെറാമിക്സില്‍ തീര്‍ത്ത പ്ലേറ്റും അതിലെ ഭക്ഷണവും താഴെ വീണു ചിതറി. നിലത്തു പാകിയ മാര്‍ബിളുകളെ ഞെരിച്ചുകൊണ്ട് കുട്ടി അകത്തേക്ക് പോയി.

കൊച്ചിനു വേണ്ടെങ്കില്‍ പിന്നെ എനിക്കാണോ ചേതം ? എന്നാലും ഇങ്ങനെയൊണ്ടോ പിള്ളേര് ? വളര്‍ത്തുദോഷം അല്ലാതെന്താ ? ഒന്നേ ഉള്ളേങ്കിലും തല്ലി വളര്‍ത്തണം.അല്ലെങ്കില്‍ ഇങ്ങനെയിരിക്കും : പെറുക്കിയെടുത്ത സാധനങ്ങളെല്ലാം വീടിന് പുറകിലെ ചവറ്റു വീപ്പയില്‍ കമിഴ്ത്തുമ്പോള്‍ ആയ ആരും കാണാതെ പിറുപിറുത്തു.

ലൈറ്റ് ഓഫ് ചെയ്ത് ജോലിക്കാരി അകത്തേക്ക് മറഞ്ഞ തക്കത്തിന് ചന്ദ്രനെ സാക്ഷി നിര്‍ത്തി ഒരു നിഴല്‍ ഇരുട്ടിലനങ്ങി. അത് ചവറ്റു വീപ്പയെ സമീപിക്കുകയും ഞൊടിയിടയില്‍ അതിനകത്ത് എന്തൊക്കെയോ തിരയുകയും ചെയ്തു. നേരത്തെ അജിത്ത് ഉപേക്ഷിച്ച ദോശക്കഷണങ്ങള്‍ ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങിയ ആ പത്തു വയസുകാരന്‍റെ പ്രകൃതം അവന്‍ ഭക്ഷണം കണ്ടിട്ട് ഏറെ നാളായെന്ന് തോന്നിപ്പിച്ചു.

പെട്ടെന്ന് ഗേറ്റ് കടന്നുവന്ന ഏതോ വാഹനത്തിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചം മുഖത്തടിച്ചപ്പോള്‍ പയ്യന്‍ കണ്ണുകളടച്ചു. അന്നേരം ആ മുഖം കണ്ട പ്രകൃതിയും ചന്ദ്രനും സര്‍വ്വ ചരാചരങ്ങളും ഒരുപോലെ നടുങ്ങി.

അവന് അകത്തു കണ്ട പണക്കാരന്‍ കുട്ടിയുടെ അതേ മുഖമായിരുന്നു. ജീവിത യാതനകളുടെ ലയവ്യതിയാനങ്ങള്‍ സൃഷ്ടിച്ച കൊടിയ അതിര്‍വരമ്പുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇരുവരും ഒരേ ചോര തന്നെയായിരുന്നു.

ഇരട്ടകള്‍.

അഥവാ സാഹചര്യങ്ങള്‍ മൂലം സമൂഹത്തിന്‍റെ രണ്ടു ധ്രുവങ്ങളില്‍ വളരേണ്ടി വന്ന സഹോദരങ്ങളിലെ രണ്ടാമന്‍. കണ്ണ് തുറക്കും മുമ്പേ ചേരിയിലെ ഇല്ലായ്മയിലേക്ക് വലിച്ചെറിയപ്പെട്ട അവന് ഒരു നേരത്തെ ഭക്ഷണം പോലും പലപ്പോഴും അപ്രാപ്യമായിരുന്നു. പണക്കൊഴുപ്പില്‍ വളര്‍ന്ന ഒന്നാമന്‍ ധൂര്‍ത്തപുത്രനായി വിരാജിക്കുമ്പോള്‍ അവന്‍റെ കൂടപിറപ്പിന് ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നമായിരുന്നു. എടുത്തു വളര്‍ത്തിയ ആള്‍ നേരത്തെ മരിച്ചു. ഇളം പ്രായത്തിലേ ദാരിദ്ര്യത്തോട് പട വെട്ടി കുടുംബത്തെ പോറ്റേണ്ടി വന്ന പാവപ്പെട്ടവന് പണത്തിന്‍റെയും ഭക്ഷണത്തിന്‍റെയും മൂല്യം നല്ലത് പോലെ അറിയാം.  ജീവിതം അവനെ എല്ലാം പഠിപ്പിച്ചു. പക്ഷെ ആ പരീക്ഷയില്‍ അജിത്ത് തോറ്റു പോയി എന്നതാണ് ഈ കഥയുടെ ബാക്കിപത്രം. 

The End

Also Read  അച്ഛനും മകളും


Share this post