ലോകത്തിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍

tiger temple

കൃഷ്ണനെയും ശിവനെയും മുതല്‍ രാക്ഷസന്‍മാരെ വരെ ആരാധിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. അതെല്ലാം ഓരോരുത്തരുടെയും വിശ്വാസത്തിന്‍റെ ഭാഗമാണ്. തമിഴ്നാട്ടില്‍ ഈറോഡിനടുത്ത് ഗാന്ധിജിയുടെ ഒരു ക്ഷേത്രമുണ്ട്. ഗാന്ധിചിന്തകള്‍ മറന്നുപോകുന്ന ആധുനിക തലമുറയെ അത് പഠിപ്പിക്കാനായി ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് അത് തുടങ്ങിയത്. അവിടെ മറ്റ് ക്ഷേത്രങ്ങളിലെ പോലെ തന്നെ ആരാധനയും വഴിപാടുകളും നടത്താം.

സിനിമാപ്രേമം തലയ്ക്ക് പിടിച്ച തമിഴകത്ത് നേരത്തെ തന്നെ രജനീകാന്തിന്‍റെയും ഖുശ്ബുവിന്‍റെയും പേരില്‍ ക്ഷേത്രങ്ങളുണ്ട്. തെലങ്കാന അനുവദിച്ച സോണിയാഗാന്ധിയുടെ പേരില്‍ കുറച്ചു കാലം മുമ്പ്  ഹൈദരാബാദിന് സമീപം ഒരു കോണ്‍ഗ്രസ് നേതാവ് ക്ഷേത്രം തുടങ്ങിയിരുന്നു. തെലങ്കാന ദേവി എന്നാണ് പ്രതിഷ്ഠയ്ക്കു പേരിട്ടതെങ്കിലും സോണിയയുടെ രൂപമാണ് ദേവിക്ക് കൊടുത്തിരിക്കുന്നത്.

ദിവ്യശക്തികളെയും മനുഷ്യരെയും മനുഷ്യദൈവങ്ങളെയും മാത്രമല്ല, മൃഗങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവജാലങ്ങളെ ആരാധിക്കുന്നവരും ലോകമെമ്പാടുമുണ്ട്. കേള്‍ക്കുമ്പോള്‍ കൌതുകം തോന്നാമെങ്കിലും വിദ്യാസമ്പന്നരും വികസിത രാജ്യങ്ങളും വരെ അത്തരം കാട്ടിക്കൂട്ടലുകളുടെ ഭാഗമാകുന്നു. നടത്തിപ്പുകാരില്‍ ചിലര്‍ മൃഗസ്നേഹികളാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ടൂറിസം വഴിയും അല്ലാതെയുമുള്ള വരുമാനമാണ് ലക്ഷ്യം. കാര്യലാഭത്തിന് വേണ്ടി ചരിത്രത്തെ കൂട്ടുപിടിക്കുന്നവരും കുറവല്ല. വ്യത്യസ്ഥമായ കാഴ്ചകള്‍ തേടിപ്പോകുന്ന പാവം സഞ്ചാരികള്‍ കാര്യമൊന്നുമറിയാതെ പലപ്പോഴും അതിന്‍റെ ഭാഗമാകുന്നു.

strange temples around the world

strange temples around the world

പടിഞ്ഞാറന്‍ തായ്ലന്‍റില്‍ കാഞ്ചനബുരി എന്ന സ്ഥലത്താണ് ലോക പ്രശസ്തമായ കടുവാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 80 കിലോഗ്രാം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ശ്രീബുദ്ധന്‍റെ ഭീമാകാരമായ ചിത്രമുണ്ടെങ്കിലും പല പ്രായത്തിലുള്ള വിവിധയിനം കടുവകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സഞ്ചാരികള്‍ക്ക് അവയോടൊപ്പം സഞ്ചരിക്കാം, ആഹാരം കൊടുക്കാം, ഫോട്ടോയ്ക്ക് പോസ് ചെയ്യാം. വളരെ അപൂര്‍വമായേ അവ മനുഷ്യരെ ഉപദ്രവിച്ച ചരിത്രമുള്ളു.

ബുദ്ധ സന്ന്യാസിമാര്‍ നടത്തുന്ന ക്ഷേത്രത്തില്‍ അവരില്‍ ആരെങ്കിലും എപ്പോഴും കടുവകളുടെ കൂടെയുണ്ടാകും. നേരത്തെ സ്വതന്ത്രമായി വിഹരിച്ചിരുന്ന അവയെ ഇപ്പോള്‍ ചങ്ങലയാല്‍ ബന്ധിച്ചിട്ടുണ്ട്. ഏറെ സമയവും കൂട്ടിലായിരിക്കുന്ന അവയെ ഉച്ചയ്ക്ക് ശേഷമാണ് കൂടുതലും പുറത്തിറക്കുന്നത്. ഇന്തോചൈനീസ് വിഭാഗത്തില്‍ പെട്ട കടുവകളാണ് ഇവിടെ വ്യാപകമായി ഉള്ളതെങ്കിലും ബംഗാള്‍ കടുവകളും അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം മലയ കടുവകളും കൂട്ടത്തിലുണ്ട്.

ബാങ്കോക്ക് നഗരത്തില്‍ നിന്ന്‍ രണ്ട് മണിക്കൂര്‍ യാത്രയുണ്ട് കടുവ ക്ഷേത്രത്തിലേക്ക്. വിവിധ ഓപ്പറേറ്റര്‍മാര്‍ അവതരിപ്പിക്കുന്ന യാത്ര പാക്കേജുകളും ലഭ്യമാണ്. ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന പ്രഭാത പൂജ സമയത്ത് പരമാവധി 12 സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ. 167 ഡോളറാണ് അവര്‍ കൊടുക്കേണ്ടത്.

മദ്ധ്യാഹ്ന പൂജയ്ക്ക് എത്ര ആളുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. നിരക്കും കുറവ്. ക്ഷേത്രത്തിലേക്ക് വരുന്നവര്‍ കടും നിറത്തിലുള്ളതോ സഭ്യേതരമോ ആയ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ആശ്രമം പ്രത്യേകം നിഷ്കര്‍ഷിക്കുന്നു. ഒരു പഴയ ബുദ്ധിസ്റ്റ് വിദ്യാലയവും ഈ വനക്ഷേത്രത്തിന് സമീപമുണ്ട്. 1994ല്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ ഇപ്പോള്‍ നൂറോളം കടുവകളാണ് ഉള്ളത്.

strange temples around the world

ലോകശ്രദ്ധയില്‍ വന്നതോടെ ആശ്രമത്തെ ചുറ്റിപ്പറ്റി വിവാദങ്ങളും തലപൊക്കി. ലൈസന്‍സ് ഇല്ലാതെ കാഴ്ചബംഗ്ലാവ് നടത്തുന്നുവെന്നും വംശനാശം നേരിടുന്ന കടുവകളെ അവയവ കച്ചവടത്തിന് വേണ്ടി കൈമാറ്റം ചെയ്യുന്നു എന്നുമൊക്കെയാണ് പ്രധാനമായി ഉയര്‍ന്നു വന്ന ആരോപണങ്ങള്‍. കടുവയുടെ ശരീര ഭാഗങ്ങള്‍ ചില ചൈനീസ് മരുന്നുകളിലെ അവിഭാജ്യ ഘടകമാണ്. അതേക്കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചു.

കടുവകളില്‍ മയക്കുമരുന്ന് കുത്തിവച്ച് നിഷ്ക്രിയരാക്കുന്നുവെന്ന് ചില മൃഗ സംരക്ഷണ സംഘടനകള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും 2004ല്‍ പ്രദേശത്ത് മൂന്നു ദിവസത്തോളം തങ്ങിയ ആനിമല്‍ പ്ലാനറ്റ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. കാട്ടില്‍ സ്വതന്ത്രമായി നടക്കേണ്ട മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നും കൂട്ടിലിടുന്നുവെന്നുമൊക്കെ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ വംശനാശം നേരിടുന്ന വര്‍ഗ്ഗത്തെ പ്രജനനം നടത്തി കാട്ടിലേക്ക് തന്നെ തിരികെ വിടുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് അധികാരികളുടെ ഭാഷ്യം. ഏതായാലും രാജ്യത്തു വരുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണ് ഈ കടുവ സങ്കേതം. പ്രതിദിനം അറുന്നൂറോളം സഞ്ചാരികള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നുവെന്ന് കണക്കാക്കുന്നു.

കടുവകള്‍ക്ക് മാത്രമല്ല എലികള്‍ക്കും പഴുതാരക്കും പാമ്പുകള്‍ക്കും വരെ ക്ഷേത്രങ്ങളുണ്ട്. ഇന്ത്യയിലെ രാജസ്ഥാനിലാണ് കര്‍നി മാതാവിന്‍റെ പേരിലുള്ള എലികളുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിക്കാനീറിന് അടുത്തുള്ള ഈ ആരാധനാലയം ഇരുപത്തിനായിരത്തില്‍ പരം എലികളുടെ വാസസ്ഥാനം കൂടിയാണ്. 15th നൂറ്റാണ്ടിലാണ് ക്ഷേത്രം പണികഴിപ്പിച്ചത് എന്നു കരുതുന്നു. കബ്ബാസ് എന്നറിയപ്പെടുന്ന വിശുദ്ധ എലികളെ കാണാനും ആരാധിക്കാനുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ ആളുകള്‍ എത്താറുണ്ട്.

strange temples around the world

strange temples around the world

കര്‍നി മാതാവിന്‍റെ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് അവരുടെ ലക്ഷ്മണ്‍ എന്ന ദത്തു പുത്രന്‍റെ മരണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. റിദു ഭായ് എന്നുകൂടി അറിയപ്പെട്ടിരുന്ന കര്‍നി മാത 1300നും 1500നും ഇടക്കുള്ള കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് എന്നു പറയപ്പെടുന്നു.

ലക്ഷ്മണിന്‍റെ ആകസ്മികമായ മരണം മൂലം ആകെ തകര്‍ന്ന അവര്‍ അവന്‍റെ ജീവരക്ഷയ്ക്കായി യമനെ സമീപിച്ചു. അദ്ദേഹം ആദ്യം വിസമ്മതിച്ചെങ്കിലും കര്‍നി മാതാവിന്‍റെ മറ്റ് ആണ്‍മക്കളെയെല്ലാം എലികളാക്കും എന്ന നിബന്ധനയില്‍ ലക്ഷ്മണനെ ജീവിപ്പിച്ചു. ഇന്ന്‍ ക്ഷേത്രത്തില്‍ ഏറെയും കറുത്ത എലികളാണ് ഉള്ളതെങ്കിലും അപൂര്‍വമായി വെളുത്ത ഇനങ്ങളെയും കാണാറുണ്ട്. അവ മാതയുടെ മക്കളാണ് എന്നാണ് ഭക്തരുടെ വിശ്വാസം. വെളുത്ത എലികളെ കാണുന്നത് പുണ്യമായി കരുതുന്ന വിശ്വാസികള്‍ അതിനായി ഇവിടെ ഏറെ പരിശ്രമങ്ങള്‍ നടത്താറുണ്ട്.

ഏതെങ്കിലും എലി ചത്താല്‍ അതിനു പകരമായി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത എലിയെ സമര്‍പ്പിക്കുന്ന ചടങ്ങും ക്ഷേത്രത്തിലുണ്ട്. എലികള്‍ സ്പര്‍ശിച്ച ഭക്ഷണം കഴിക്കുന്നത് പരിപാവനമായും ചിലര്‍ കരുതുന്നു.

മലേഷ്യയിലെ സെ കൂന്‍ ക്ഷേത്രത്തിന്‍റെ കഥ ഇതിലും വിചിത്രമാണ്. പഴുതാരകളുടെ ക്ഷേത്രം എന്നാണ് മലമുകളിലുള്ള ഈ ചൈനീസ് ആരാധനാലയം അറിയപ്പെടുന്നത്. ക്ഷേത്ര പരിസരത്ത് നൂറുകണക്കിനു പഴുതാരകളാണ് സ്വതന്ത്രമായി വിഹരിക്കുന്നത്. അവയെ കാണുന്നത് ഭാഗ്യമായും കരുതുന്നു. തീര്‍ന്നില്ല, അവ കടിച്ചാല്‍ പോലും ഭാഗ്യം വരുമത്രേ. അത് സാധൂകരിക്കുന്ന അനവധി കഥകളും വിശ്വാസികളുടെ ഭാഗത്തുനിന്ന്‍ പ്രചരിക്കുന്നുണ്ട്.

1998ല്‍ പ്രദേശത്തെത്തിയ ഒരു ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ ഒരു പുതിയ തരം പഴുതാരയെ കാണുകയും അതിന്‍റെ ചിത്രമെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പ്രശസ്തമായ ഒരു ഫോട്ടോഗ്രഫി മല്‍സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയെന്ന വാര്‍ത്തയാണ് അയാള്‍ കേട്ടത്. സമാനമായ കഥകള്‍ ഇനിയുമുണ്ട്. പഴുതാര കടിയേറ്റതിന് ശേഷം ചിലര്‍ക്ക് ലോട്ടറി അടിച്ചെന്നും ബിസിനസ് പച്ചപിടിച്ചെന്നും തുടങ്ങിയ സംഭവങ്ങള്‍ പുരോഹിതന്മാര്‍ തന്നെ ഭക്തര്‍ക്ക് മുന്നില്‍ നിരത്തുന്നുണ്ട്.

176 പടികള്‍ ചവിട്ടിവേണം പഴുതാരകളുടെ ഈ ക്ഷേത്രത്തിലെത്താന്‍. സെറെമ്പന്‍ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സോന്‍ സാന്‍ കൂന്‍ എന്ന തായ് സന്ന്യാസി 19-)0 നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് എന്നു കരുതപ്പെടുന്നു.

മലേഷ്യയിലെ തന്നെ പെനാങ് എയര്‍പോര്‍ട്ടില്‍ നിന്ന്‍ മൂന്നു കിലോമീറ്റര്‍ അകലെയായാണ് പാമ്പുകളുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അണലി ഇനത്തില്‍ പെട്ട വിവിധ പാമ്പുകളാണ് ഇവിടെയുള്ളത്. ക്ഷേത്രം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രത്യേകതരം പുക കാരണം അവയില്‍ അക്രമ സ്വഭാവം തീരെയില്ല എന്നാണ് അധികാരികള്‍ പറയുന്നതെങ്കിലും പാമ്പുകളെ കയ്യിലെടുത്ത് ഫോട്ടോ എടുക്കുന്നത് ഇവിടെ പ്രോത്സാഹിപ്പിക്കുന്നില്ല.

19th നൂറ്റാണ്ടില്‍ ഒരു ബുദ്ധ സന്ന്യാസിയുടെ ഓര്‍മക്കായി പണികഴിപ്പിച്ച ക്ഷേത്രത്തില്‍ അദ്ദേഹത്തിന്‍റെ മരണശേഷം പാമ്പുകള്‍ സ്വയം എത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഒരു നല്ല ചികില്‍സകന്‍ കൂടിയായിരുന്ന അദ്ദേഹം പലപ്പോഴും സമീപ വനമേഖലകളില്‍ നിന്ന്‍ വരുന്ന പാമ്പുകള്‍ക്ക് തന്‍റെ ആശ്രമത്തില്‍ അഭയം നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായാണ് ഈ ഉരഗങ്ങളെ ഭക്തര്‍ കാണുന്നത്. ക്ഷേത്രത്തോടനുബന്ധിച്ച് വിവിധയിനം പാമ്പുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഒരു തുക നല്‍കി മൂര്‍ഖന്‍, പെരുമ്പാമ്പ് തുടങ്ങിയ വിവിധജാതികള്‍ക്കൊപ്പം ആവശ്യക്കാര്‍ക്ക് പടമെടുക്കാം.

The End

Leave a Comment

Your email address will not be published. Required fields are marked *