Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്ത്

Share this post

മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്ത് 1

 

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്,

ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങ് വളരെ തിരക്കിലാണെന്നറിയാം. ബുദ്ധിമുട്ടിച്ചതിന് ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഒരുപാട് പേരുടെ ദു:ഖങ്ങളും പ്രശ്നങ്ങളും പരിഹരിച്ചിട്ടുള്ള അങ്ങ് ഈ കത്ത് വായിച്ച് വേണ്ടത് ചെയ്യും എന്നാണ് എന്‍റെ പ്രതീക്ഷ.

അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങളാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്‍റെ പേര് ഇവിടെ പ്രസക്തമല്ലാത്തത് കൊണ്ട് തല്‍ക്കാലം അത് വെളിപ്പെടുത്തുന്നില്ല. ഞാന്‍ ഒരു നാട്ടിന്‍പുറത്തുകാരനാണ്. വേണ്ടത്ര വിദ്യാഭ്യാസവുമില്ല. അങ്ങനെയുള്ള എന്‍റെ ചില തോന്നലുകളാണ് ഈ കത്തില്‍ കുറിയ്ക്കുന്നത്. അതില്‍ തെറ്റുകുറ്റങ്ങളുണ്ടാകാം. അതെല്ലാം സദയം ക്ഷമിയ്ക്കുക.

താങ്കള്‍ അധികാരത്തിലെത്തിയപ്പോള്‍ എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളറിയുന്ന അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു മുഖ്യമന്ത്രി. കാലങ്ങളായുള്ള പലരുടേയും വേദനകള്‍ ജനസമ്പര്‍ക്ക പരിപാടികള്‍ വഴിയും അല്ലാതെയും താങ്കള്‍ പരിഹരിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ കാലങ്ങളായി കാത്തിരുന്ന അവരെ അറിയുന്ന ഒരു ഭരണാധികാരി എന്നാണ് താങ്കളെക്കുറിച്ച് അപ്പോള്‍ എനിക്ക് തോന്നിയത്. പക്ഷേ എല്ലാം വെറുതെയാകുകയാണോ എന്ന്‍ ഞാന്‍ ഇപ്പോള്‍ ഭയപ്പെടുന്നു.

സോളാര്‍ വിവാദം കാരണം സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ന്നിരിക്കുകയാണെന്ന് താങ്കള്‍ക്ക് തന്നെ നന്നായി അറിയാം. തട്ടിപ്പുകാരിയായ ഒരു സ്ത്രീ താങ്കളുടെ ഓഫീസില്‍ നിരന്തരം കയറിയിറങ്ങിയിരുന്നുവെന്നും താങ്കളുടെ കീഴുദ്യോഗസ്ഥരുമായി വളരെ അടുത്ത ബന്ധമാണ് അവര്‍ക്കുണ്ടായിരുന്നതെന്നും അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന്‍ ഞാന്‍ അത്ഭുതപ്പെട്ടു. കൂടെയുള്ളവര്‍ തെറ്റ് ചെയ്താല്‍ താങ്കള്‍ ഒരിക്കലും കുറ്റക്കാരനാകില്ല. ശരിയാണ്. പക്ഷേ കേസിലെ തുടര്‍നടപടികളില്‍ സര്‍ക്കാര്‍ എടുത്ത പല നടപടികളും എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്.

താങ്കള്‍ രാജിവെയ്ക്കണം എന്നു പറയാനുള്ള അര്‍ഹത എനിക്കില്ല. എന്നാല്‍ നീതിയ്ക്ക് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്ന കെ. കരുണാകരനെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. നിയമത്തിനും മനസാക്ഷിയ്ക്കും വിരുദ്ധമായ ചില കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ അന്ന്‍ അദ്ദേഹത്തിന് ഭരണത്തില്‍ തുടരാമായിരുന്നു. പക്ഷേ ആ മനുഷ്യന്‍ അത് ചെയ്തില്ല. എന്നിട്ടും അധികാരമോഹി എന്ന വിളിപ്പേരാണ് അദ്ദേഹത്തിന് പാര്‍ട്ടി തന്നെ ചാര്‍ത്തിക്കൊടുത്തത്. കഷ്ടം.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയും പാര്‍ട്ടിയും തമ്മിലുള്ള വടംവലി കണ്ടുമടുത്തപ്പോഴാണ് എന്നെ പോലുള്ളവര്‍ താങ്കളുടെ മുന്നണിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. പക്ഷേ അതിലും മോശമായ വിഴുപ്പലക്കലാണ് ഞങ്ങള്‍ ഇപ്പോള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. കൂടെ നില്‍ക്കുന്നവര്‍ പോലും താങ്കളുടെ രാജി ആവശ്യപ്പെടുന്നു, പ്രതിപക്ഷ സമരങ്ങളെ സഹായിക്കുന്നു. ചാനലുകളിലെ ന്യൂസ് അവര്‍ ചര്‍ച്ചകളില്‍ മാത്രം ജീവിക്കുന്ന ഒരു പറ്റം നേതാക്കള്‍ പണ്ടുമുതലേ കോണ്‍ഗ്രസിലുണ്ട്. ഇന്ദിരാ ഭവന്‍ എവിടെയെന്ന് പോലും പിടിയില്ലാത്ത ഗ്രൂപ്പ് കളിച്ചു മാത്രം ഓരോരോ സ്ഥാനങ്ങളിലെത്തുന്ന അത്തരം ചില നേതാക്കളാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം.

സോളാര്‍ കത്തിപടരുമ്പോഴും അതിനു പരിഹാരം കാണാതെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ചും സ്ഥാനമാനങ്ങള്‍ പങ്കുവെയ്ക്കുന്നതിനെ കുറിച്ചും ചിന്തിച്ച പാര്‍ട്ടി നീക്കം എന്നെ തീര്‍ത്തും അത്ഭുതപ്പെടുത്തി. ഒരു ആയുസ്സ് മുഴുവന്‍ കോണ്‍ഗ്രസ്സുകാരനായി നിസ്വാര്‍ഥമായി നാടിനെ സേവിച്ച, ഒരു അധികാര സ്ഥാനത്തിനും പുറകെ പോകാതെ സാധാരണക്കാരനായി തന്നെ മരിച്ച എന്‍റെ അച്ഛന്‍ കണ്ടന്‍ കോരന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ ഒരുവേള ഞാന്‍ ഓര്‍ത്തുപോയി. ചികില്‍സയ്ക്ക് മുടക്കാന്‍ പണമില്ലാതെയാണ് അദ്ദേഹം പോയത്.

ആഭ്യന്തര മന്ത്രിപദം വിട്ടുകൊടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പലരും പറഞ്ഞ് ഞാനറിഞ്ഞു. സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന് ആഭ്യന്തരം കൊടുക്കില്ല എന്നു തീര്‍ത്തു പറയാന്‍ താങ്കളെ പ്രേരിപ്പിച്ച വികാരം എന്താണെന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല. മറ്റുള്ളവര്‍ അറിയാന്‍ പാടില്ലാത്ത എന്തൊക്കെയോ ആ വകുപ്പില്‍ നടക്കുന്നുണ്ട് എന്ന്‍ മറ്റെല്ലാവരെയും പോലെ ഞാനും ഇപ്പോള്‍ സംശയിക്കുന്നു. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരം കൊടുക്കണം എന്നു പറഞ്ഞാല്‍ ഒരുപക്ഷേ ഇത്രയും എതിര്‍പ്പുണ്ടാകില്ലായിരുന്നു എന്ന്‍ കഴിഞ്ഞ ദിവസം കുടിയന്‍ ഭാസി പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. വെള്ളമടിച്ചാല്‍ അവന്‍ ഇങ്ങനെ ചില തത്ത്വങ്ങള്‍ പറയാറുണ്ട്. ചിലപ്പോള്‍ സത്യമായിരിക്കും.

ഒരുപാട് പൂജ്യങ്ങളുള്ള കോടികളുടെ ഡല്‍ഹി അഴിമതിക്കഥകളും ഇതിനിടയില്‍ കേട്ടെങ്കിലും ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. കേന്ദ്രത്തില്‍ നിന്ന്‍ ഗ്യാസിനും പെട്രോളിനുമൊക്കെ മുറയ്ക്ക് വില കൂട്ടുന്നുണ്ടെങ്കിലും അഴിമതിക്ക് മാത്രം അവിടെ ഒരു കുറവുമില്ലെന്ന് എനിക്ക് നല്ലത്പോലെ അറിയാം. ഒരു ലക്ഷം കോടിയില്‍ കുറഞ്ഞ ഒരു അഴിമതിയും ഇനി മുതല്‍ അഴിമതിയായി കണക്കാക്കില്ലെന്നും മറ്റുള്ളവ വെറും തട്ടിപ്പ് മാത്രമാണെന്നും ഇടയ്ക്ക് ഏതോ ഒരു ഹിന്ദിക്കാരന്‍ നേതാവ് പറഞ്ഞ് ഞാന്‍ കേട്ടു. അതൊക്കെ പോട്ടെ, ലോക്സഭാ തിരഞ്ഞെടുപ്പ് ഇങ്ങ് അടുത്തല്ലോ. അതുമാത്രമാണ് ഒരാശ്വാസം. അതോടെ എല്ലാത്തിനും പരിഹാരമാകും.

ഇത്രയും നേരം ക്ഷമയോടെ ഈ കത്ത് വായിച്ചതിന് അങ്ങേയ്ക്ക് നന്ദി. ഞാന്‍ എന്തെങ്കിലും അവിവേകം പറഞ്ഞിട്ടുണ്ടെങ്കില്‍ പൊറുക്കണം.

വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നേരില്‍ കാണാമെന്ന ചിന്തയോടെ, അതുവരെ താങ്കള്‍ അധികാരത്തിലുണ്ടാവുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

                                                               എന്ന്‍,

                                                             ഒരു പൌരന്‍

 

NB: ഇമെയില്‍ പോലെ തപാലില്‍ അയയ്ക്കുന്ന കത്ത് സൈബര്‍ പോലീസിന് ട്രെയ്സ് ചെയ്യാന്‍ സാധിക്കില്ല എന്നറിയാം. എന്നാലും ഒരു റിസ്ക്ക് ഒഴിവാക്കാനായി എന്‍റെ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ നിന്നാണ് ഈ ലെറ്റര്‍ പോസ്റ്റ് ചെയ്യുന്നത്.


 

 

 

 

 


Share this post