Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

പെണ്ണിന്‍റെ ‘power’

Share this post

പെണ്ണിന്‍റെ 'power' 1

കേരള രാഷ്ട്രീയം സൌരോര്‍ജത്തില്‍ തിളക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ഇനിയും അതിന്‍റെ ചൂട് അടങ്ങിയിട്ടില്ല. സരിതയും കൂട്ടരും ഓരോ ദിവസവും പുതിയ പുതിയ വാര്‍ത്തകളുമായി നമ്മുടെ അധികാര രാഷ്ട്രീയത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുകയാണ്. ശാലുവും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചെഴുതി മാധ്യമങ്ങളും വിഷയത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. സോളാര്‍ മുതല്‍ സരിതയുടെ പട്ടുസാരിയും ശാലുവിന്‍റെ ആഡംബര കാര്‍ യാത്രയുമെല്ലാം യു.ഡി.എഫ് സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വി.എസിനും പിണറായിക്കും സാധിക്കാത്തത് ഏതാനും ദിവസങ്ങള്‍ കൊണ്ട് സരിതയും ബിജുവും ശാലുവും ഉള്‍പ്പെട്ട മൂവര്‍ സംഘം ചേര്‍ന്ന് സാധിച്ചെടുത്തു. അതിന്‍റെ ഫലമായി ഐക്യരാഷ്ട്ര സഭയോളം ഉയര്‍ന്നു നിന്നിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ന്നു തരിപ്പണമായി ചെളിക്കുണ്ടില്‍ വീണു.

ഒരു പെണ്ണിന്‍റെ ‘പവര്‍’ എന്താണെന്ന് കഴിഞ്ഞ ഒരു മാസം കൊണ്ട് ജനം ശരിക്കറിഞ്ഞു. ആഭ്യന്തര വകുപ്പ് ‘വഴി’, മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സരിതയുടെ മിസ്സ്ഡ് കാള്‍ കണ്ട് തിരിച്ചു വിളിക്കാത്തവരായി കേരള രാഷ്ട്രീയത്തില്‍ ആരും തന്നെയില്ല. അക്കൂട്ടത്തില്‍ കണ്ണൂരിന്‍റെ പഴയ പുലിക്കുട്ടി എ. പി അബ്ദുള്ളക്കുട്ടി മുതല്‍ സാക്ഷാല്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരെ പെടും. കോണ്‍ഗ്രസിനകത്തും പുറത്തുമുള്ള ഒരു ഡസന്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട നേതാക്കള്‍ ഇതിന് പുറമേയാണ്. എന്നാല്‍ താന്‍ വിളിച്ചാല്‍ പല മന്ത്രിമാരും ഫോണ്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യാറില്ല എന്ന്‍ മുന്‍ മന്ത്രി കെ. മുരളീധരന്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തു വായിക്കണം. അപ്പോള്‍ പാവം പൊതുജനത്തിന്‍റെ കാര്യം പറയണ്ടല്ലോ.

ഒരു സാദാ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍റെ വളര്‍ച്ച അമ്പരിപ്പിക്കുന്നതാണ്. ഒന്നര കോടി രൂപയുടെ ആഡംബര വീട്, മൂന്ന് കാറുകള്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒമ്പതിടത്ത് നൃത്ത വിദ്യാലയങ്ങള്‍…………പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭനക്ക് പോലും നൃത്ത രംഗത്ത് ഇങ്ങനെയൊരു ഉയര്‍ച്ച ഉണ്ടായിട്ടില്ല എന്നറിയുമ്പോഴാണ് ശാലുവിന്‍റെ ‘പവര്‍’ വ്യക്തമാകുന്നത്. അവരുടെ വീടിന്‍റെ പാലുകാച്ചലിന് പോലും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള വന്‍നിര തന്നെയാണ് വന്നത്. എന്നാല്‍ ഈ ആത്മാര്‍ഥത ഇവരില്‍ എത്ര പേര്‍ നിയമസഭാ കാര്യങ്ങളിലും പാര്‍ലമെന്‍റിലുമൊക്കെ കാണിക്കുന്നുണ്ട് എന്നത് വേറെ കാര്യം. ആരും ക്ഷണിച്ചിട്ടല്ല മറിച്ച് ശാലുവിന്‍റെ വീടിന് മുന്നില്‍ നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകാട്ടി വിളിച്ചത് കൊണ്ടാണ് താന്‍ പോയത് എന്നു പ്രസ്താവിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കൂട്ടത്തില്‍ അപഹാസ്യനായി.

സരിതയുടെയും ശാലുവിന്‍റെയും സ്ഥിതി ഇതാണെങ്കില്‍ കൂട്ട് പ്രതിയായ ബിജു രാധാകൃഷ്ണന്‍റെ അവസ്ഥ പരമ ദയനീയമാണ്. സരിതയ്ക്ക് ജയിലില്‍ കിടക്കുമ്പോഴും ഓരോ ദിവസവും പുതിയ ഓരോ പട്ടുസാരി, ശാലുവിന്‍റെ ആഡംബര കാറിന് പോലീസ് അകമ്പടി എന്നൊക്കെ വാര്‍ത്തകള്‍ വരുമ്പോഴും ബിജു ഇനിയും പേരിടാത്ത ഏതോ സീരിയലിലെ കഥാപാത്രത്തെ പോലെ ജയിലറക്കുള്ളില്‍ കണ്ണീര്‍ പൊഴിക്കുകയാണ്. മാറ്റിയുടുക്കാന്‍ വസ്ത്രമൊന്നുമില്ല എന്നതാണ് അയാളുടെ ദു;ഖത്തിന് കാരണം. ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന്‍ പിടിയിലാവുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രമാണ് ബിജു ഇപ്പൊഴും ഉപയോഗിക്കുന്നത്. സരിതയ്ക്ക് പട്ടുസാരി വാങ്ങിച്ചു കൊടുക്കുന്ന തിരക്കില്‍ ഏമാന്‍മാര്‍ പാവം ബിജുവിനെ മറന്നു എന്നു ചുരുക്കം.

സോളാര്‍ തട്ടിപ്പിന് സരിത എന്ന സ്ത്രീയുടെ സാധ്യതകളെ എല്ലാ വിധത്തിലും ഉപയോഗിച്ചിരുന്ന ബിജു രാധാകൃഷ്ണന്‍ പെണ്ണിന്‍റെ ‘പവര്‍’ എന്താണെന്ന് ശരിക്ക് തിരിച്ചറിയുന്നത് ഇപ്പോഴാവും. എല്ലാവരും സരിതയുടെയും ശാലുവിന്‍റെയും പിന്നാലെയാണ്. മന്ത്രിമാരും മറ്റു നേതാക്കളും മാധ്യമങ്ങളും പൊതു ജനവുമെല്ലാം. അതിനിടയില്‍ ഒരു ബിജുവിന്‍റെ ദു:ഖങ്ങള്‍ക്കെന്തു വില ? അയാള്‍ ആഹാരം കഴിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ എന്നുപോലും ആരും തിരക്കുന്നില്ല. എന്നാല്‍ ശാലു ജയിലില്‍ ശരിക്കുറങ്ങിയോ, അവര്‍ കഴിച്ച കപ്പപുഴുക്ക് ശരിക്ക് വെന്തതാണോ എന്നൊക്കെ നോക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ വരെ ആളുകളെ നിര്‍ത്തിയിട്ടുണ്ട്. ഇതൊക്കെ കാണുമ്പോള്‍ അടുത്ത ജന്മത്തിലെങ്കിലും ഒരു പെണ്ണായി പിറക്കണേ എന്നു ബിജു തീര്‍ച്ചയായും ആഗ്രഹിക്കും. കാരണം അധികാര വര്‍ഗ്ഗത്തെ മുഴുവന്‍ ഇങ്ങനെ ചൂണ്ടു വിരലില്‍ നിര്‍ത്താന്‍ ഒരു പെണ്ണിനെ കഴിയൂ. അതാണ് പെണ്ണിന്‍റെ ‘പവര്‍’ !


Share this post