Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സ്വച്ഛ ഭാരതും കോണ്‍ഗ്രസ്സിന്‍റെ ക്ലീന്‍ തരൂര്‍ ചലഞ്ചും

Share this post

സ്വച്ഛ ഭാരതും കോണ്‍ഗ്രസ്സിന്‍റെ ക്ലീന്‍ തരൂര്‍ ചലഞ്ചും 1

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു കേട്ടിട്ടേയുള്ളൂ. അതേ അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ കാത്തു കാത്തു വച്ചിരുന്ന അധികാരം നരേന്ദ്ര മോദി കൊത്തിക്കൊണ്ടുപോയി, ശക്തി കേന്ദ്രമായിരുന്ന ആന്ധ്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും തൂത്തെറിയപ്പെട്ടു. ചൂണ്ടിക്കാട്ടാന്‍ കൊള്ളാവുന്ന ഒരു നേതാവില്ലെന്നതോ പോട്ടെ, പ്രതിപക്ഷ നേതൃ സ്ഥാനത്തിന് വേണ്ടി തമിഴ്നാട്ടിലെ അമ്മയോടും ബംഗാളിലെ ദീദിയോടും മല്‍സരിക്കേണ്ടി വരുകയും ചെയ്തു. ഒരിക്കല്‍ വിസ നിഷേധിച്ച് അമേരിക്ക പടിയടച്ച് പിണ്ഡം വച്ച മോദിയെ അവര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നത് കാണേണ്ടി വരുകയും ചെയ്തു. അങ്ങനെ എല്ലാ അര്‍ഥത്തിലും തോറ്റമ്പി നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ്സിന് ഇരയായി ഒരു സ്വച്ഛ ഭാരത് അഭിയാനെയും ശശി തരൂരിനെയും കിട്ടിയത്.

ശശി തരൂര്‍ വലിയ സംഭവമൊക്കെയായിരിക്കും. അദ്ദേഹം പണ്ഡിതനാണെന്നോ പണ്ട് യുഎന്നില്‍ ഭയങ്കര പുള്ളിയായിരുന്നെന്നോ മാലോകര്‍ പറഞ്ഞു കേട്ട അറിവേ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കുള്ളൂ. ചുമ്മാതല്ല അന്ന്‍ അങ്ങേരെ ഡല്‍ഹിയില്‍ നിന്ന്‍ കെട്ടിയേല്‍പ്പിച്ചപ്പോള്‍ എഐ വ്യത്യാസമില്ലാതെ പാര്‍ട്ടിക്കാര്‍ എതിര്‍ത്തത്. ഒരു സിനിമയിലെ ഡയലോഗ് കടമെടുത്താല്‍ ആവുന്നത്ര കാലുപിടിച്ച് പറഞ്ഞതാണ് ഇതുപോലുള്ള സാധനങ്ങളെ ഇങ്ങോട്ട് കെട്ടിയേല്‍പ്പിക്കല്ലേ എന്ന്‍. പക്ഷേ കേട്ടില്ല. “ സോണിയാജിയും രാഹുല്‍ജിയും പിടിച്ച പിടിയാലേ തരൂര്‍ജിയെ കൊണ്ടു വന്ന്‍ തിരുവനന്തപുരത്ത് നിര്‍ത്തി. അതോടെ എംപി കുപ്പായം തയ്പ്പിച്ച് തന്‍റെ പഴയ ഹിന്ദി പരിജ്ഞാനം പുതുക്കിക്കൊണ്ടിരുന്ന ശിവകുമാര്‍ നിയമസഭയിലുമായി. പാവം നായര്‍. കോണ്‍ഗ്രസ്സിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ അവസാന വാക്കായ തന്‍റെ കല്‍പ്പന ഹൈക്കമാന്‍റ് ലംഘിച്ചത് പെരുന്നയിലെ പെരിയ നായരെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. പക്ഷേ എന്തു ചെയ്യാന്‍ ?

കൃഷ്ണനെയും യേശുവിനെയും ഇഷ്ടപ്പെടാത്തവര്‍ അതാത് മതങ്ങളില്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസ് അങ്ങനെയല്ല. അവര്‍ക്ക് എന്നും ഒരൊറ്റ ദൈവമേയുള്ളൂ. അത് നെഹ്രു കുടുംബത്തിലെ പുതു തലമുറക്കാരാണ്. പണ്ട് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ പില്‍ക്കാലത്ത് പുണ്യാളന്മാരായ ചില ജ്ഞാനികള്‍ കേരളക്കരയില്‍ വന്നിരുന്നു എന്നു പറയുന്നതു പോലെയാണ് നാട്ടിലെ കോണ്‍ഗ്രസ്സുകാര്‍ സോണിയാജിയുടെ വരവിനെ കാണുന്നത്. അവരുടെ ജന്‍മോദ്ദേശ്യം തന്നെ കോണ്‍ഗ്രസ്സിനെ പരിപോഷിപ്പിക്കുക എന്നതാണത്രേ. അല്ലെങ്കില്‍ പിന്നെ ഇറ്റലിയില്‍ പിറന്ന അവര്‍ കേംബ്രിഡ്ജില്‍ പഠിക്കാനും അവിടെ വച്ച് രാജീവിനെ കാണാനും ഒടുവില്‍ ഇവിടെ വരാനും വേറെന്താണ് കാരണം എന്നാണ് അവര്‍ ചോദിക്കുന്നത്. ന്യായമായ സംശയം. ഏതായാലും പരിപോഷിപ്പിച്ച് പരിപോഷിപ്പിച്ച് കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമായി പാര്‍ട്ടി ചുരുങ്ങി എന്നേ ഇപ്പോള്‍ പറയാനുള്ളൂ. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സുധീരനും ചേര്‍ന്ന് ഇവിടെ ആവുംവിധം ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് താമസിയാതെ അക്കാര്യത്തിലും തീരുമാനമാകും.

കുറച്ചു നാളുകളായി ആളുകള്‍ രാഷ്ട്രപിതാവിനെ ഓര്‍ക്കുന്നത് ഗാന്ധി ജയന്തി ദിനത്തിലും റിസര്‍വ് ബാങ്ക് മുദ്രയുള്ള നോട്ടുകള്‍ കാണുമ്പോഴും മാത്രമാണ്. പിന്നെ നാടിന്‍റെ മുക്കിലും മൂലയിലുമുള്ള ഒരു വയോവൃദ്ധന്‍റെ പ്രതിമ കാണുമ്പോഴും എവിടെയോ കണ്ടു മറന്ന ഭാവം തോന്നാറുണ്ട്. അങ്ങനെ എല്ലാവരും മറന്നു തുടങ്ങിയ ആ മനുഷ്യനെയും അദ്ദേഹത്തിന്‍റെ ആശയത്തെയുമാണ് കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ നരേന്ദ്ര മോദി പൊടി തട്ടിയെടുത്തത്. അല്ലെങ്കിലും വഴിവക്കിലും അയല്‍ക്കാരന്‍റെ മുറ്റത്തും ചവര്‍ ഉപേക്ഷിക്കുക എന്നത് ഒരു ശരാശരി ഇന്ത്യക്കാരന്‍റെ അവകാശമാണ്. ആ അവകാശത്തില്‍ കൈ വയ്ക്കാന്‍ ഇന്നോളം വന്ന ഗവണ്‍മെന്‍റുകളൊന്നും ധൈര്യപ്പെട്ടിട്ടുമില്ല. എന്നാല്‍ മോദി ചൂലുമായി റോഡിലിറങ്ങിയത് ലോകം മുഴുവന്‍ വാര്‍ത്തയായി. അതിനിടയില്‍ തങ്ങളുടെ പഴയ ചിഹ്നമായ കുറ്റിച്ചൂലും കൊണ്ട് പ്രധാനമന്ത്രിയുടെ വീടിന്‍റെ പരിസരം വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ച പാവം ആം ആദ്മിക്കാരന്‍ കേജുവിനെ ആരും കണ്ട ഭാവം പോലും കാണിച്ചതുമില്ല.

കഷ്ടം തന്നെ മുതലാളിഎന്ന്‍ പഞ്ചാബി ഹൌസിലെ രമണന്‍ ഗംഗാധരന്‍ മുതലാളിയോട് പറഞ്ഞത് ഓര്‍ത്തു പോകുന്നു.

കാര്യങ്ങള്‍ അവിടം കൊണ്ടു തീരും എന്ന്‍ സമാധാനിച്ചിരിക്കുമ്പോഴാണ് പ്രധാനമന്ത്രി അടുത്ത ഒമ്പത് പേരെ നാട് വൃത്തിയാക്കാന്‍ വെല്ലുവിളിച്ചത്. പത്രത്തില്‍ ഫോട്ടോ വന്നു, വാഷിങ്ങ്ടണ്‍ പോസ്റ്റും സിഡ്നി ഹെറാള്‍ഡും ലേഖനം എഴുതി, ഈ രാജ്യത്തിന് ഒരു പ്രധാനമന്ത്രിയുണ്ടെന്ന് എല്ലാവരും മനസിലാക്കുകയും ചെയ്തു. ഇയാള്‍ക്കത് പോരേ എന്നാരും ചോദിച്ചില്ല. ആ ഒമ്പത് പേരില്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് കൈ പിടിച്ച് കൊണ്ടുവന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും കമല്‍ ഹാസനും സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയുമെല്ലാം പെടും. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കണ്ണിലുടക്കിയത് ആ പേരാണ്. നമ്മുടെ ശശിയണ്ണന്‍റെ. തിരോന്തരത്തെ സിങ്കങ്ങളുടെ വാക്ക് തട്ടിക്കളഞ്ഞു അദ്ദേഹം വെല്ലുവിളി ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദേഷ്യം ഇരട്ടിച്ചു. സൌകര്യപ്രദമായ ദിവസം നോക്കി മണ്ഡലത്തിലെ ഏതെങ്കിലും സ്ഥലം വൃത്തിയാക്കാന്‍ ഇറങ്ങുമത്രേ. ഹും കാലങ്ങളായി ഇടത്തും വലതും മാറി മാറി ഭരിച്ചിട്ടും വൃത്തിയാകാത്ത തലസ്ഥാനത്തോടാണ് കളി.

സുധീരന് പാര വച്ചുമടുത്ത ഹസ്സനും പിന്നീട് ലിജുവുമാണ് എംപിക്കെതിരെ ആദ്യം രംഗത്ത് വന്നത്. തരൂരിനെ വോട്ട് ചെയ്തു ജയിപ്പിച്ചത് കോണ്‍ഗ്രസ്സുകാരാണെന്നും അത് മറക്കരുതെന്നും പറഞ്ഞ ഹസ്സന്‍ പക്ഷേ പണ്ട് താന്‍ ആരെയെങ്കിലും മറന്നതിന്‍റെ ഫലമായിട്ടാണൊ ഒരു മണ്ഡലത്തിലും ഗതി പിടിക്കാതെ പോയതെന്ന് വ്യക്തമാക്കിയില്ല. അനുഭവമാണ് ഗുരു എന്നാണല്ലോ പ്രമാണം. ശശി തരൂര്‍ അനുഭവസ്ഥരില്‍ നിന്ന്‍ കാര്യങ്ങള്‍ പഠിക്കണം. ഇന്ദിരാഭവനില്‍ പണിയൊന്നുമില്ലാത്തത് കൊണ്ട് ഹസ്സന്‍ജിക്ക് വേണ്ടുവോളം സമയമുണ്ട്. സുധീരനും ചെന്നിത്തലയും ഒട്ടും പിന്നിലായില്ല. തരൂര്‍ വന്ന വഴി മറക്കുകയാണെന്നും മോദിയുടെ കെണിയില്‍ അദ്ദേഹം വീണു പോയെന്നും അവര്‍ പരിതപിച്ചു. പ്രസിഡന്‍റിനെ ഇറക്കി വിടാന്‍ ആഞ്ഞു പരിശ്രമിക്കുന്ന ഹസ്സനും ചെന്നിത്തലയും അദ്ദേഹത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് കണ്ട് തരൂരിന്‍റെയും സാക്ഷാല്‍ മോദിയുടെയും മനസ് നിറഞ്ഞിട്ടുണ്ടാകണം. സുധീരന്‍ എന്തു പറഞ്ഞാലും ഒരു പടി കൂടി കടന്ന്‍ ചിന്തിക്കുന്ന ഉമ്മന്‍ ചാണ്ടി ഇതെല്ലാം കണ്ട് കേരളം മുഴുവന്‍ മാലിന്യം നിരോധിക്കുമോ എന്നേ ഇനി അറിയാനുള്ളൂ. ഒരു മോദിജിയുടെ സ്വച്ഛ ഭാരത് വരുത്തിയ വിന !

[ My article published in British Pathram on 08.10.2014]


Image credit : K G Rangarajan- kgrangarajan6.blogspot.com


Share this post