Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ശശി മുണ്ടരുത്, ചുപ്പ് രഹോ

Share this post

smgnloy

ഒടുവില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. അദ്ദേഹത്തെ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് സ്ഥാനത്ത് നിന്ന്‍ ഹൈക്കമാണ്ട് നീക്കി. തരൂരിനെതിരെ കെപിസിസി ചുമത്തിയ കുറ്റം  എകെ ആന്‍റണി അദ്ധ്യക്ഷനായ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന്‍ രാവിലെയാണ് അംഗീകരിച്ചത്. നരേന്ദ്ര മോദിയെ സ്വച്ഛ ഭാരത് അഭിയാന്‍റെ പേരിലും അല്ലാതെയും പലപ്പോഴായി പുകഴ്ത്തിയ തരൂരിനെതിരെ ശക്തമായ നടപടി വേണമെന്ന്‍ സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവിനെ തോല്‍പ്പിച്ച് തിരഞ്ഞെടുപ്പ് ജയിച്ച തരൂര്‍ അതേ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് വലിയ ഒരപരാധമായാണ് കെപിസിസി കണ്ടത്. എന്നാല്‍ അത് മാത്രമല്ല ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം എംപിക്കും സംസ്ഥാന നേതൃത്വത്തിനും ഇടയില്‍ രൂപം കൊണ്ട ചില പ്രശ്നങ്ങളും സംസ്ഥാന നേതാക്കളുടെ നീരസത്തിന് കാരണമായി. തരൂര്‍ പാര്‍ട്ടി പരിപാടികളുമായി സഹകരിക്കുന്നില്ലെന്ന് മുമ്പും പലരും ആരോപണമുന്നയിച്ചിരുന്നു.

സോണിയയുടെയും രാഹുലിന്‍റെയും നോമിനിയായാണ് ശശി തരൂര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത്. അന്ന്‍ വിഎസ് ശിവകുമാറിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി തരൂരിനെ എതിര്‍ത്തെങ്കിലും ഫലം കണ്ടില്ല. തലസ്ഥാനത്ത് നിന്ന്‍ ജയിച്ചെങ്കിലും തന്‍റെ തട്ടകമായി അദ്ദേഹം ദേശീയ രാഷ്ട്രീയത്തെയാണ് കണ്ടത്. കന്നിയങ്കത്തില്‍ തന്നെ മന്ത്രിയായ തരൂരിന് പക്ഷേ ഒന്നിന് പുറകെ ഒന്നായി വന്ന വിവാദങ്ങള്‍ പലപ്പോഴും വിനയായി. മുമ്പ് ഇന്ദിരാ ഗാന്ധിയുടെ കടുത്ത വിമര്‍ശകനായിരുന്ന അദ്ദേഹം രാഹുലിന്‍റെ അടുപ്പക്കാരനെന്നാണ് രാഷ്ട്രീയ വേദികളില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ നെഹ്രു കുടുംബത്തിനെതിരെ നടത്തിയതായി പ്രചരിപ്പിക്കപ്പെട്ട വിശുദ്ധ പശുക്കള്‍ പരാമര്‍ശം തരൂരിന് ഏറെ ദോഷം ചെയ്തു.

സുനന്ദ പുഷ്ക്കറും ഐപിഎല്‍ വിവാദവും വിദേശ സഹമന്ത്രി പദം നഷ്ടപ്പെടുത്തിയെങ്കിലും അധികം വൈകാതെ അദ്ദേഹം മന്‍മോഹന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി. വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ വിട്ടൊഴിയാതെ നിന്ന രണ്ടാം വരവില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന സുനന്ദ പുഷ്ക്കറുടെ ദുരൂഹ മരണം എല്ലാവരെയും ഞെട്ടിച്ചുക്കളഞ്ഞു. ആരോപണങ്ങള്‍ ശശി തരൂരിനെതിരെ നീണ്ടെങ്കിലും ഡല്‍ഹി പോലീസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയുടെ ആവശ്യത്തില്‍ കേണ്ട സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അന്വേഷണം അട്ടിമറിക്കാനാണ് തരൂര്‍ മോദിയെ സന്തോഷിപ്പിക്കുന്നതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മും ഇതിനകം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ശശി മുണ്ടരുത്, ചുപ്പ് രഹോ 1

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം അവഗണിച്ച് ശശി തരൂര്‍ പ്രധാനമന്ത്രിയെ അടിക്കടി പുകഴ്ത്തുന്നതിലുള്ള അതൃപ്തിയാണ് കെപിസിസി നേതൃയോഗത്തില്‍ ഉയര്‍ന്നു വന്നത്. അറിവും വിവരവുമുള്ള അദ്ദേഹം മോദിയുടെ വില കുറഞ്ഞ രാഷ്ട്രീയം മനസിലാക്കുന്നില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തി. ഒരാള്‍ നല്ല കാര്യം ചെയ്യുമ്പോള്‍ പ്രശംസിക്കുന്നത് വലിയ ഒരപരാധമാണോ എന്നു തോന്നാം. എങ്കില്‍ ആ അപരാധം അടുത്തകാലത്ത് ഏറ്റവുമധികം ചെയ്ത മറ്റൊരാള്‍ എകെ ആന്‍റണിയാണ്. ബ്രഹ്മോസ് മിസൈലിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വച്ച് നടന്ന ഒരു ചടങ്ങില്‍ സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിനെതിരെ അന്ന്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന എകെ ആന്‍റണി പൊട്ടിത്തെറിച്ചു. വിഎസ് ഭരിക്കുന്ന കാലത്ത് പ്രതിരോധ വകുപ്പിന്‍റെ വ്യവസായ പദ്ധതികള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ വേഗത്തില്‍ കഴിയുമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ തനിക്കതിന് ധൈര്യമില്ലെന്നും അദ്ദേഹം തുറന്നടിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും തൊട്ടടുത്തുണ്ട്.

റഷ്യയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ബ്രഹ്മോസ് മിസൈലിന്‍റെ നിര്‍മ്മാണ സ്ഥാപനം കേരളത്തില്‍ തുടങ്ങാന്‍ ആന്‍റണി പ്രത്യേക താല്‍പര്യമെടുത്തപ്പോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന തൊഴില്‍ സമരങ്ങളാണ് അവര്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. അന്ന്‍ എളമരം കരീമായിരുന്നു സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി. ആന്‍റണി ഉടനെ കരീമിനെയും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെയും വിളിച്ചു. നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ബ്രഹ്മോസ് കമ്പനിയില്‍ തൊഴില്‍ സമരങ്ങള്‍ നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സഖ്യകക്ഷിയായ സിപിഐയുടെ പോലും എതിര്‍പ്പ് അവഗണിച്ചാണ് അന്ന് സിപിഎം അങ്ങനെ ചെയ്തത്. എന്നാല്‍ ഭരണം മാറിയപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. അതോടെ സ്ഥാപനത്തില്‍ സമരവും പൊട്ടിപ്പുറപ്പെട്ടു. സമരം തീര്‍ക്കാന്‍ ആന്‍റണി പലവട്ടം ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്ത പൊതു ചടങ്ങ് നടക്കുമ്പോഴും കമ്പനിയില്‍ കോണ്‍ഗ്രസ്സിന്‍റെ തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തില്‍ സമരം നടക്കുകയാണ്. അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പക്ഷേ പരസ്യ വിമര്‍ശനം നടത്തിയതിന്‍റെ പേരില്‍ ആരും ആന്‍റണിക്കെതിരെ നടപടി ആവശ്യപ്പെട്ടില്ല, അങ്ങനെ ചിന്തിച്ചത് കൂടെയില്ല. പകരം തെറ്റ് തിരുത്താനുള്ള നടപടി എടുത്തു.

ആന്‍റണിയെക്കുറിച്ച് നല്ല വാക്കുകള്‍ എതിര്‍പക്ഷവും പറഞ്ഞിട്ടുണ്ട്. എബി വാജ്പേയും അദ്വാനിയും പ്രകാശ് കാരാട്ടുമൊക്കെ അദ്ദേഹത്തിന്‍റെ ക്ലീന്‍ ഇമേജിന്‍റെ ആരാധകരായിരുന്നു. പിണറായിയും കൊടിയേരിയും ജയരാജനുമൊക്കെ അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. എതിര്‍ പാര്‍ട്ടിയിലെ നേതാവിനെ പ്രശംസിച്ചതിന്‍റെ പേരില്‍ ആരും അവരെ പുറത്താക്കാനോ തരം താഴ്ത്താനോ തുനിഞ്ഞതുമില്ല. കാരണം ഒരാളെക്കുറിച്ച് നല്ലത് പറയുന്നതു മനുഷ്യ സഹജമാണ്. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടിക്കാരാണെങ്കിലും അത് അങ്ങനെ തന്നെ വേണം. അല്ലെങ്കില്‍ രാഷ്ട്രീയം എന്നത് പരസ്പരം വെട്ടിക്കീറാനുള്ള വേദി മാത്രമായി തീരും.

ശശി തരൂര്‍ സ്വച്ഛ ഭാരത് ചലഞ്ച് ഏറ്റെടുത്തതാണ് വലിയ കുറ്റമായി സഹപ്രവര്‍ത്തകര്‍ കാണുന്നതെങ്കില്‍ അവര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റ് കാണുക. പദ്ധതിയുടെ ഭാഗമായി ചെയ്ത മികച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം ആസാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയിയെ അഭിനന്ദിച്ചിരിക്കുന്നു. സംസ്ഥാനത്ത് അടുത്തു തന്നെ നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകും. അന്ന്‍ പ്രധാനമന്ത്രിയുടെ പ്രശംസ കോണ്‍ഗ്രസ് സംസ്ഥാനത്ത് രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തേക്കാം. പക്ഷേ അതേക്കുറിച്ചൊന്നും വ്യാകുലപ്പെടാതെ മോദി തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. അത് അങ്ങനെ തന്നെ വേണം താനും. ബ്രിട്ടീഷുകാരെ എതിര്‍ക്കുമ്പോഴും അവര്‍ ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കാന്‍ ഗാന്ധിജി ഒരിക്കലും മടി കാണിച്ചിരുന്നില്ല. ആ ഉദാരമായ മനസ് നഷ്ടപ്പെട്ടാല്‍ നമ്മള്‍ മാനുഷികമായ നന്മകള്‍ വിട്ട് കേവലം അങ്കക്കോഴികള്‍ മാത്രമായി മാറും. പിന്നീട് അതിനു പരസ്പരം സ്നേഹിക്കാനല്ല മറിച്ച് അങ്കം വെട്ടാനേ നേരം കാണൂ.

[ My article published in British Pathram]


Share this post