കേരളം ഏറെ പ്രിയപ്പെട്ടത്, മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ്

Share this post

screenshot

നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ കാണാനായി പെന്‍റ്ഹൌസിലെത്തുമ്പോള്‍ മനസ് അസ്വസ്ഥമായിരുന്നു. വിവിധ സ്വീകരണ പരിപാടികള്‍ കഴിഞ്ഞ് പുലര്‍ച്ചെയാണ് അദ്ദേഹം മടങ്ങിയെത്തിയതെന്ന് മാനേജര്‍ കോണ്‍വെ രാവിലെ ഫോണില്‍ പറഞ്ഞതാണ് എന്നെ സംശയാലുവാക്കിയത് . ഇന്‍റര്‍വ്യു നടക്കുമോ എന്നതിനെക്കുറിച്ച് അവര്‍ ഉറപ്പൊന്നും പറഞ്ഞതുമില്ല. എന്നാല്‍ നേരില്‍ കണ്ട് കേരളരമയില്‍ നിന്നാണ് വരുന്നതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചപ്പോള്‍ എതിര്‍ത്തൊന്നും പറയാതെ അവര്‍ അകത്തേയ്ക്ക് പോയി.

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വാസ്തുവിദ്യയനുസരിച്ചാണ് ട്രംപിന്‍റെ വസതി ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ്ണ നിറത്തിലുള്ള കൊത്തുപണികളും ആഡംബരവും പ്രൌഡിയും നിറഞ്ഞ അകത്തളവും ആരെയും ആകര്‍ഷിക്കും. ട്രംപിന്‍റെ പത്തു വയസുകാരന്‍ മകന്‍ ബാരോണിന്‍റെത് എന്ന് തോന്നിപ്പിച്ച കളിപ്പാട്ടങ്ങള്‍ മുറിയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. കൂട്ടത്തില്‍ ബാലരമയുടെ ഇംഗ്ലിഷ് പ്രസിദ്ധികരണമായ മാജിക് പോട്ട് കൂടി കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു.

ട്രംപ് ഉടനെ കാണാനെത്തുമെന്നു  പറഞ്ഞ് മാനേജര്‍ പുറത്തേയ്ക്ക് പോയി. അദ്ദേഹം അകത്ത് കഞ്ഞി കുടിക്കുകയാണത്രേ. പഴങ്കഞ്ഞിയും മുളക് ചമ്മന്തിയുമാണ് അദ്ദേഹത്തിന്‍റെ ഇഷ്ട ഭക്ഷണമെന്ന് ചില പപ്പരാസികള്‍ വഴി ഇതിനകം ഞാന്‍ അറിഞ്ഞിരുന്നു.

ട്രംപ് ശരിക്ക് മലയാളിയാണെന്നും കട്ടപ്പനയാണ് സ്വദേശമെന്നും ഏഷ്യാനെറ്റിലെ സുരേഷാണ് നൈറ്റ് പാര്‍ട്ടിക്കിടയില്‍ ഒരു അശരീരി പോലെ എന്നോട് പറഞ്ഞത്. പണ്ട് അവിടത്തെ പള്ളിയില്‍ ട്രംബറ്റ് വായിച്ചിരുന്ന ഫ്രെഡറിക്ക് ആശാന്‍റെ ഇളയ മകനാണത്രേ ഈ ഡോണാള്‍ഡ്. ഒരിക്കല്‍ കട്ടപ്പനയിലെത്തിയ അമേരിക്കക്കാരി മേരിയെ ഫ്രെഡറിക്ക് ആശാന്‍ അവിചാരിതമായി കാണുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് അവരെ കെട്ടി അദ്ദേഹം സായിപ്പന്മാരുടെ നാട്ടിലേക്ക് കുടിയേറുകയായിരുന്നു എന്നുമൊക്കെ സുരേഷ് പറഞ്ഞെങ്കിലും വിശ്വാസ്യയോഗ്യമായി തോന്നിയില്ല. തനി തമിഴനാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഏതൊരാളും സമ്മതിക്കുന്ന കബാലിയെ പത്തനംതിട്ടക്കാരനാക്കി വേഷം കെട്ടിച്ച ആളാണ്‌ എന്‍റെയീ സുഹൃത്ത്. അന്ന് തല്ലാനായി ഓടിച്ച രജനി ഫാന്‍സിനെ പേടിച്ച് ഏതൊക്കെ ദേശങ്ങള്‍ ഇതിനകം താണ്ടിയെന്ന് അയാള്‍ക്കും ദൈവം തമ്പുരാനും മാത്രമേ അറിയൂ.

അപ്പോഴേക്കും ഡോണാള്‍ഡ് ട്രംപ് നിറഞ്ഞ ചിരിയോടെ പുറത്തേയ്ക്ക് വരുന്നത് കണ്ടു. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ നിയുക്ത ഭരണാധികാരി ഇതാ കണ്‍ മുന്നില്‍. അറിയാതെ എഴുന്നേറ്റു പോയി.

കാത്തിരിക്കേണ്ടി വന്നതില്‍ ക്ഷമിക്കണം. ചില തിരക്കുകളുണ്ടായിരുന്നു. അതാ വൈകിയത്. ഇനിയിപ്പോള്‍ സി എന്‍ എന്നിന്‍റെ യും വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍റെയും ആള്‍ക്കാര്‍ എത്തും. പക്ഷെ നിങ്ങളെ അങ്ങനെ ഒഴിവാക്കാന്‍ പറ്റില്ലല്ലോ. : വന്നപ്പാടെ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് അഭിമുഖം കൊടുക്കുന്ന ആദ്യത്തെ യുഎസ് ഇതര മാധ്യമമാണ് കേരളരമയെന്ന് മാനേജര്‍ കുറച്ചു മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ലാളിത്യവും തുറന്ന പെരുമാറ്റവും കണ്ടപ്പോള്‍ ആ വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ഇതുവരെ പ്രചരിപ്പിച്ചത് നുണക്കൂമ്പാരങ്ങള്‍ മാത്രമായിരുന്നോ എന്ന് തോന്നിപ്പോയി.

സമയപരിമിതി മൂലം നേരെ അഭിമുഖത്തിലേക്ക് കടന്നു.

 • വൈറ്റ് ഹൌസില്‍ എത്തിയാല്‍ ആദ്യം എന്തായിരിക്കും ചെയ്യുക ?

അവിടെ ആകപ്പാടെ തുടച്ചു വൃത്തിയാക്കണം. ആ ഒബാമയും പിള്ളേരും കൂടി മൊത്തം അലങ്കോലമാക്കിയിരിക്കുകയാ. മെലാനിയയോട് ഇപ്പോഴേ ഞാന്‍ പറഞ്ഞിട്ടുണ്ട്, എല്ലായിടത്തും ഒരു കണ്ണെത്തണമെന്ന്.

 • അതല്ല, പ്രസിഡന്‍റ് ആയാല്‍ ആദ്യം എന്താണ് ചെയ്യുക എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഓഹോ അതാണോ ? എന്നാലും നേരത്തെ പറഞ്ഞത് തന്നെയാണ് ഉത്തരം. ഡെമോക്രാറ്റ് ഭരണത്തില്‍ എല്ലാം താറുമാറായി. സമ്പദ് വ്യവസ്ഥ പിന്നോട്ടാണ്. ഇന്ത്യയും ചൈനയും എന്തിന് ആഫ്രിക്ക വരെ മുന്നോട്ട് വരുന്നു. അമേരിക്ക പഴയ നിലയില്‍ എത്തണമെങ്കില്‍ കടുത്ത നടപടികള്‍ വേണ്ടിവരും. അതുപോലെ തന്നെയാണ് ഇറാക്കിലെയും മദ്ധ്യേഷ്യയിലെയും കാര്യങ്ങള്‍. എല്ലായിടത്തും പഴയത് പോലെ ഞങ്ങള്‍ക്ക് ഇടപെടാനാവില്ല. ആദ്യം ഇവിടത്തെ കാര്യങ്ങള്‍ മെച്ചപ്പെടട്ടെ, എന്നിട്ട് മതി മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ തലയിടുന്നത്.

 • താങ്കളുടെ നയങ്ങള്‍ ഇന്ത്യയെ ഏത് വിധത്തില്‍ ബാധിക്കും ?

ഇന്ത്യ അമേരിക്കയുടെ ഏറ്റവുമടുത്ത സുഹൃത്താണ്. അത് അങ്ങനെ തന്നെ തുടരും. മോദി അടുത്ത വര്ഷം ഇവിടെ വരുമ്പോള്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

 • പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന തീവ്രവാദത്തോടുള്ള താങ്കളുടെ നിലപാട് എങ്ങനെയായിരിക്കും ?

അമേരിക്കയും ഇന്ത്യയും തീവ്രവാദത്തിന്‍റെ മുറിവുകള്‍ ഏറ്റവുമധികം അനുഭവിച്ചവരാണ്. അതുകൊണ്ട് ഏത് വിധത്തിലുള്ള തീവ്രവാദത്തെയും നേരിടാന്‍ ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കും. പക്ഷെ പാക്കിസ്ഥാനെ തീര്‍ത്തും ഒഴിവാക്കാനുമാവില്ല. അല്‍ ഖ്വെയ്ദയെ നേരിടുന്നതിന് ഞങ്ങള്‍ക്ക് അവരുടെ സഹായം ആവശ്യമാണെന്ന് അറിയാമല്ലോ. മാത്രമല്ല ബോംബ്‌ നിര്‍മ്മാണം മുതല്‍ കള്ള നോട്ടടി വരെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് അവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.

 • ചൈനയെ കുറിച്ച് ?

ചൈനയും അവരുടെ ഉല്‍പ്പന്നങ്ങളും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഡസ്റ്റ് ബിന്നിലെന്ന പോലെ ഇവിടെ കൊണ്ട് തള്ളുന്നു. നിങ്ങള്‍ക്കറിയാമോ, ഞാന്‍ പ്രസിഡന്‍റ് ആകുമെന്ന് മുന്‍കൂട്ടി കണ്ട് എന്‍റെ പേരില്‍ ക്ലോസറ്റ് പോലും ഉണ്ടാക്കിയവരാണ് അവര്‍ (മുഖം ചുവക്കുന്നു)

നിങ്ങള്‍ ചെയ്തത് പോലെ അമേരിക്കക്കാരും ചൈനിസ് സാധനങ്ങള്‍ ബഹിഷ്ക്കരിക്കണം. എന്നാലെ ശരിയാകൂ. അതുകൊണ്ട് കൂടിയാണ് ഇന്ത്യക്കാരെയും ഹിന്ദുക്കളെയുമൊക്കെ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞത്. എല്ലാത്തിനും മുന്‍കൈ എടുത്തത് മോദിയുടെ ആള്‍ക്കാരാണല്ലോ.

 • കേരളത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ?

(ചിരിക്കുന്നു) മറക്കാന്‍ പറ്റുമോ ? കേരളം ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരമായ സ്ഥലമാണ്. അതുപോലെ തന്നെ അവിടത്തെ ആള്‍ക്കാരും. കോട്ടയത്ത് വന്നാല്‍ ഞാന്‍ ഈപ്പച്ചായനെ കാണാതെ പോകില്ല. അപ്പോള്‍ അന്നാമ്മ ചേട്ടത്തി ഉണ്ടാക്കി തരുന്ന ചില സ്പെഷ്യല്‍ ഐറ്റംസ് ഉണ്ട്. നത്തോലി പൊള്ളിച്ചത്, വെള്ളയപ്പവും സ്റ്റൂവും, കുടംപുളിയിട്ട മീന്‍ കറി, കപ്പയും മുളകും. ഹോ ! അതിന്‍റെയൊക്കെ രുചി ഇപ്പോഴും എന്‍റെ ഈ നാവില്‍ വരുന്നു.

ചേട്ടത്തി എഴുതിയ പാചക കുറിപ്പുകളുടെ വലിയൊരു കളക്ഷന്‍ തന്നെ മെലാനിയയുടെ കയ്യിലുണ്ട്.

 • കേരളത്തെ കുറിച്ച് വേറെ എന്തൊക്കെ അറിയാം ?

നിങ്ങള്‍ പഴമയെ ഇഷ്ടപ്പെടുന്നവരാണെന്ന് അറിയാം. കൊച്ചിയിലേ പൊട്ടിപൊളിഞ്ഞ റോഡുകളില്‍ കൂടി യാത്ര ചെയ്തപ്പോള്‍, എന്‍റെ സെക്രട്ടറി സ്റ്റീവാണ് പറഞ്ഞത്, ലോക മഹായുദ്ധത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ അക്കാലത്തെ പാലങ്ങളും റോഡുകളും നിങ്ങള്‍ അതേപടി ഉപയോഗിക്കുകയാണെന്ന്. അത്ഭുതം തന്നെ ! മറ്റുള്ളവര്‍ കാലത്തിന് മുന്നേ സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോള്‍ പഴമയെ ചേര്‍ത്ത് നിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളുകളെ വേറെ എവിടെ കാണാന്‍ സാധിക്കും ?

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അറിയാം. അദ്ദേഹം യുഎന്‍ അവാര്‍ഡ് കിട്ടിയ ആളല്ലേ ? ഇവിടെ വന്നപ്പോള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷെ തിരക്കിനിടയില്‍ അടുത്തുപോലും പോകാന്‍ കഴിഞ്ഞില്ല. ലോകത്തെവിടെയും ശുപാര്‍ശക്കത്ത് കൊടുക്കുന്ന ആളാണല്ലോ അദ്ദേഹം. ഇടയ്ക്ക് ഒരെണ്ണം എനിക്കും തന്നിരുന്നു. മാണി എന്നോ മറ്റോ പേരുള്ള സുഹൃത്തിനെ എന്‍റെ ഫിനാന്‍സ് മാനേജര്‍ ആക്കണം എന്നു പറഞ്ഞ്. കുത്തുപാളയെടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഞാനത് വേണ്ടെന്നു വച്ചു.

പിണറായിയെ കുറിച്ച് കൂടുതല്‍ അറിയില്ല. കമ്മ്യുണിസ്റ്റാണെങ്കിലും നല്ലവനാണെന്ന് ഇന്ത്യയിലെ സുഹൃത്തുക്കള്‍ പറഞ്ഞറിയാം. 

 • മലയാള സിനിമ കണ്ടിട്ടുണ്ടോ ?

തിരക്കിനിടയില്‍ ഇപ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല എന്നതാണ് സത്യം. ഹോട്ടലും ബിസിനസുമൊക്കെയായി ഞാന്‍ വീട്ടില്‍ ഉണ്ടാകുന്നത് തന്നെ അപൂര്‍വ്വമാണ്.

മലയാള സിനിമ എനിക്ക് ഒരുപാടിഷ്ടമാണ്. ഇന്ത്യയില്‍ ഏറ്റവും നിലവാരമുള്ള സിനിമകള്‍ ഉണ്ടാകുന്നത് തന്നെ നിങ്ങളുടെ ഭാഷയിലാണെന്ന് പറയാം.

 • മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍ ?

രണ്ടുപേരും നല്ല നടന്മാരാണ്. അവരെ താരതമ്യം ചെയ്യാന്‍ പറ്റില്ല. മമ്മൂട്ടി നല്ല അഭിനേതാവും സുന്ദരനുമാണ്. മോഹന്‍ലാലിന്‍റെ അഭിനയം കൂടുതല്‍ തന്മയത്വമുള്ളതും. എന്‍റെ ഇളയ മകന്‍ ബാരണ്‍ കടുത്ത മോഹന്‍ലാല്‍ ഫാനാണ്. അദ്ദേഹത്തിന്‍റെ പുതിയ സിനിമ, എന്താ പേര്, പുലി മുരുകനെന്നോ മറ്റോ പേരുള്ളത്, കാണണമെന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. ഇലക്ഷന്‍റെ തിരക്കിനിടയില്‍ അതൊക്കെ നടക്കുമോ ? ഏതായാലും അടുത്ത ദിവസം ഞങ്ങള്‍ കുടുംബസമേതം ആ സിനിമ കാണും. ഇവിടെ അടുത്തുള്ള മിനര്‍വ തിയറ്ററില്‍ ഞായറാഴ്ച എല്ലാവര്‍ക്കുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

The End


Share this post
 • 😀 ..

 • Sabins Palakkal

  LOL . Nice writing…:D

  • Thanks Sabin for commenting on my blog

 • bibin abraham

  U are just awesome man… kidu write up

  • Thanks a lot Bibin. Keep visiting my blog

 • Aju Arshad

  i still cant believe he is from kerala lol. do he speak malayalam ?

  • ങേ

  • Sajan Basu

   കർത്താവേ പണി പാളിയോ