കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നവുമായി മോദിജി; കൈത്താങ്ങായി രാഹുല്‍ജിയും സംഘവും

 

political satire

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിജിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അഹോരാത്രം പാടുപെടുന്നത് അമിത് ഷായും കൂട്ടരുമാണെന്ന് മാലോകര്‍ക്കിടയില്‍ പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. ഹരിയാന, മഹാരാഷ്ട്ര, ഇപ്പോള്‍ ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പേ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും അതുകൊണ്ടാണ് ബിജെപി വന്‍ വിജയം നേടിയതെന്നുമൊക്കെയാണ് അനുഭാവികള്‍ സോഷ്യല്‍ മീഡിയ വഴിയും പത്രങ്ങളിലൂടെയുമൊക്കെ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ സമയത്തൊക്കെ ഡല്‍ഹിയിലെ വീട്ടില്‍ സുഖമായി കുളിച്ചുണ്ട് കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു അദ്ദേഹം എന്നത് തലസ്ഥാനത്ത് പരസ്യമായ രഹസ്യമാണ്. അപ്പോള്‍ ബിജെപി എങ്ങനെ ഇത്ര വലിയ വിജയം നേടി എന്ന് ആരും സംശയിക്കാം. അത് ഒരു കൂട്ടായ്മയുടെ വിജയമാണ്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ പാവപ്പെട്ടവരുടെ വീടുകളിലും ഗലികളിലും കയറിയിറങ്ങി തന്ത്രങ്ങള്‍ രൂപപ്പെടുത്തിയ രാഹുല്‍ജിയും കൂട്ടര്‍ക്കുമാണ് ഈ വിജയത്തിന്‍റെ ക്രെഡിറ്റെന്ന് ഇനിയും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

അമിത്ജി യോഗത്തില്‍ പങ്കെടുത്ത സ്ഥലങ്ങളിലൊന്നും പ്രതിക്ഷിച്ച നേട്ടം ബിജെപിക്കുണ്ടായില്ല, എന്നാല്‍ രാഹുല്‍ജി കൂടുതല്‍ ശ്രദ്ധ ചെലുത്തിയ അമേഠി, റായ്ബറേലി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാട്ടും പാടി ജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിജി രാഹുല്‍ജിയെ വിളിച്ച് നന്ദി പറഞ്ഞെന്നും വരുന്ന തിരഞ്ഞെടുപ്പുകളിലും ഇതുപോലുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് പറഞ്ഞെന്നുമൊക്കെ കേള്‍ക്കുന്നു. സതീര്‍ഥ്യനായ അമിത് ഷായെക്കാളും അദ്ദേഹത്തിന് വിശ്വാസം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനെയാണെന്ന് വ്യക്തം. പ്രിയങ്ക തിരഞ്ഞെടുപ്പ് വേദികളില്‍ സജീവമാകാതിരുന്നതിലാണ് മോദിജിക്ക് വിഷമം. അവര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ സ്വച്ച് ഭാരത്‌ മാതൃകയില്‍ ഉത്തര്‍പ്രദേശ് മുഴുവന്‍ തൂത്തു വാരാമായിരുന്നു എന്ന പ്രതിക്ഷയും അദ്ദേഹം മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പങ്കു വച്ചിരുന്നു. യുപിയുടെ ചുമതല ഷീലാജിയുടെ സഹായത്തോടെ സ്വന്തം ചുമലിലേറ്റിയ രാഹുല്‍ജി മണിപ്പൂര്‍ ചെന്നിത്തലജിയെയും ഗോവ വേണുഗോപാല്‍ജിയെയുമാണ് ഏല്‍പ്പിച്ചത്. അവരെല്ലാം താന്താങ്ങളുടെ ചുമതല ഭംഗിയായി നിര്‍വഹിച്ചെങ്കിലും അമരിന്ദര്‍ജി ആ പരിസരത്തൊന്നും അടുപ്പിക്കാതിരുന്നത് കൊണ്ട് പഞ്ചാബിന്‍റെ കാര്യത്തില്‍ മാത്രം രാഹുല്‍ജിക്ക് അടിയറവ് പറയേണ്ടി വന്നു. അതോടെ അവിടെ മാത്രം കോണ്‍ഗ്രസ് അധികാരത്തിലെത്തി. 

ഗോവയില്‍ ഗ്രൂപ്പ് വഴക്കൊക്കെ കഴിഞ്ഞ് ഒരു തിരുമാനത്തിലെത്താന്‍ കോണ്‍ഗ്രസ്സിന് നേരം ഇരുട്ടി വെളുക്കേണ്ടി വന്നു. പക്ഷെ അപ്പോഴേക്കും ഡല്‍ഹിയില്‍ നിന്ന് വിമാനമിറങ്ങി വന്ന പരീക്കര്‍ മുഖ്യമന്ത്രിയായി കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ്സിന്‍റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രകാന്ത് സുപ്രീം കോടതി മുറ്റത്ത് വന്ന് വലിയ വായില്‍ കരഞ്ഞു നിലവിളിച്ചെങ്കിലും ചീഫ് ജസ്റ്റിസ് കാര്യമാക്കിയില്ല. അതൊക്കെ ഗവര്‍ണ്ണറെ കണ്ട് പറയണമായിരുന്നുവത്രേ. ഓരോരോ നിയമങ്ങളേ ! ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ കയ്യും കെട്ടി ഇരുന്നാല്‍ മതിയെന്നും ഗവര്‍ണ്ണര്‍ ഇങ്ങോട്ട് വിളിച്ച് മന്ത്രിസഭ രൂപികരിക്കാന്‍ ആവശ്യപ്പെടുമെന്നുമൊക്കെയാണ് വേണുഗോപാല്‍ജി സംസ്ഥാന നേതാക്കളെ പഠിപ്പിച്ചത്. കോടതി വിധി വന്നയുടനെ ചന്ദ്രകാന്ത് വേണുഗോപാല്‍ജിയുടെ കഴുത്തിന്‌ പിടിക്കാന്‍ നേരെ പനാജിക്ക് വിട്ടെങ്കിലും അപ്പോഴേക്കും പുതിയ കെപിസിസി പ്രസിഡന്‍റ് ആകാനുള്ള അപേക്ഷ ഫോമുമായി അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് വിമാനം കയറിയിരുന്നു.  

Also Read സുധീരന്‍റെ രാജി: ആരാകും കോണ്‍ഗ്രസ്സിലെ അടുത്ത ചാക്യാര്‍ ?

നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ദ്രപ്രസ്ഥം ഇപ്പോള്‍ തല പുകയ്ക്കുന്നത് അടുത്ത രാഷ്ട്രപതിയെ കുറിച്ചാണ്. പ്രണാബ് മുഖര്‍ജിയുടെ കാലാവധി വരുന്ന സെപ്തംബറോടെ കഴിയും. അതിന് മുമ്പ് യോഗ്യനായ ഒരാളെ കണ്ടെത്തണം. നരേന്ദ്ര മോദി നിശ്ചയിക്കുന്ന സ്ഥാനാര്‍ഥി നിഷ്പ്രയാസം ജയിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന സുഷമാജിയെ മോദിജി ഒരു മൂലക്കിരുത്തുമോ അതോ ഒരു മൂലക്കിരിക്കുന്ന അഡ്വാനിജിയെ കൊണ്ടുവന്ന് തലപ്പത്ത് പ്രതിഷ്ടിക്കുമോ എന്നേ ഇനി അറിയാനുള്ളൂ. സുഷമാജിയെ തിരഞ്ഞെടുത്താല്‍ രണ്ടുണ്ട് കാര്യം. ഓരോന്ന് ചെയ്ത് നാട്ടുകാരുടെ കയ്യടി വാങ്ങിക്കൂട്ടുന്ന അവരെ ഒരു വഴിക്കാക്കാം, അതോടൊപ്പം ഭാവിയില്‍ ഉയര്‍ന്നു വരാവുന്ന ഒരു ഭീഷണിയും ഒഴിവാക്കാം. പക്ഷെ രണ്ടായാലും ഗുരുശാപമുണ്ടാകും. പ്രധാനമന്ത്രി പദം കയ്യെത്തും ദൂരത്ത്‌ വച്ച് നഷ്ടപ്പെട്ടതിനു ശേഷം കണ്ണീരും കയ്യുമായി കഴിയുന്ന അദ്ദേഹത്തിന് രാഷ്ട്രപതി പദമാണ് ആകെയുള്ള പ്രതിക്ഷ. സ്ഥാനാര്‍ഥിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ലെങ്കിലും തലവേദനയൊന്നുമുണ്ടാക്കാതെ രാഷ്ട്രപതി ഭവനില്‍ അടങ്ങിയൊതുങ്ങിയിരിക്കുമെന്ന് ഒരാളെ മാത്രമേ മോദിജി അങ്ങോട്ട്‌ പറഞ്ഞയക്കൂ എന്നുറപ്പ്. 

പ്രണാബിനു ശേഷം അന്തപ്പനെ രാഷ്ട്രപതി ഭവനില്‍ പ്രതിഷ്ഠിക്കണം എന്നായിരുന്നു സോണിയാജിയുടെ ആഗ്രഹം. അതൊരു മിണ്ടാപ്രാണിയായതുകൊണ്ട് കമാ എന്ന് എതിര്‍ത്തൊന്നും പറയാതെ കൊടുക്കുന്ന കടലാസിലൊക്കെ ഒപ്പിട്ട് എവിടെയെങ്കിലും ചടഞ്ഞ്‌ കൂടിയിരിക്കുമെന്നുറപ്പായിരുന്നു. പക്ഷെ കാലം മാറി. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഭരണത്തിലും ഭരണത്തിലായിരുന്നവര്‍ ഏതോ ഒരു കോണിലും ഒതുങ്ങിയതോടെ ശുക്രനുദിച്ചത് താമരയെ പുല്‍കുന്നവര്‍ക്കാണ്. ഇന്ത്യന്‍ പ്രസിഡന്‍റ് പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്‍റിനെ പോലും തിരഞ്ഞെടുക്കാനുള്ള കെല്‍പ്പില്ലാത്തത് കൊണ്ട് രാഹുല്‍ജി ഈ വക കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിച്ച് മെനക്കെടുന്നില്ല എന്നതാണ് സത്യം. അതിനെക്കാളൊക്കെ കീറാമുട്ടിയായ കെപിസിസി പ്രസിഡന്‍റ് സ്ഥാനമാണ് അദ്ദേഹത്തിന് മുന്നില്‍ ഒരു കീറാമുട്ടിയായി നില്‍ക്കുന്നത്. ദോഷം പറയരുതല്ലോ, കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിജിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കെപിസിസി നേതാക്കളും ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ എത്രയും പെട്ടെന്ന് ലക്ഷ്യം കൈവരിച്ചതിനു ശേഷം അനന്ത കാലത്തേയ്ക്ക് ബ്രിട്ടനിലേക്കോ കമ്പോഡിയയിലേക്കോ സുഖവാസത്തിനു പോകണമെന്നാണ് രാഹുല്‍ജിയുടെ ആഗ്രഹം. 

The End


Image credit: Hindustan Times

Leave a Comment

Your email address will not be published. Required fields are marked *