Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

പികെ: അന്യഗ്രഹ ജീവി വിളിച്ചു പറഞ്ഞ നഗ്ന സത്യങ്ങള്‍

Share this post

പികെ: അന്യഗ്രഹ ജീവി വിളിച്ചു പറഞ്ഞ നഗ്ന സത്യങ്ങള്‍ 1

പികെയില്‍ ഒരു അന്യഗ്രഹ ജീവിയായാണ് ആമീര്‍ഖാന്‍ അഭിനയിച്ചത്. നാട് ചുറ്റിനടന്നു കണ്ട്, ജഗ്ഗുവിനെയും കാമുകനെയും ഒന്നിപ്പിച്ച് അയാള്‍ മടങ്ങിയെങ്കിലും സിനിമ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. പികെ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് വിവിധ ഹിന്ദു സംഘടനകളാണ് ഇതിനകം രംഗത്ത് വന്നത്. സിനിമ പ്രദര്‍ശിപ്പിച്ച അഹമ്മദാബാദിലെ മള്‍ട്ടിപ്ലക്സ് അടിച്ചു തകര്‍ത്ത അവര്‍ മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളിലും ചിത്രത്തിനെതിരെ രംഗത്ത് വന്നു. രാജ്കുമാര്‍ ഹിറാനിയുടെ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.

സത്യത്തില്‍ പികെയുടെ പ്രമേയം എന്താണ് ? അന്യഗ്രഹ ജീവിയായ നായകകഥാപാത്രം ഒരു ഗവേഷണത്തിനായി ഭൂമിയിലെത്തുന്നു. രാജസ്ഥാനില്‍ ഇറങ്ങുന്ന അയാള്‍ തിരിച്ചു പോകാനാവാതെ ഒരു പ്രത്യേക സാഹചര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ കഴിയാന്‍ നിര്‍ബന്ധിതനാകുന്നു. ഭൂമിയിലെ ജീവിതരീതിയും ആചാരാനുഷ്ഠാനങ്ങളും അപരിചിതമായതുകൊണ്ട് അയാള്‍ ഗൌരവകരമായ പല ചോദ്യങ്ങളും ഉന്നയിക്കുകയാണ്. ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയ സമൂഹത്തിലെ ഒരു വിഭാഗമാണ് അക്രമവുമായി ഇപ്പോള്‍ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പികെ ഒരു മതത്തിനും എതിരല്ല എന്ന്‍ സിനിമ കണ്ടവര്‍ക്കെല്ലാം മനസിലാകും. സമൂഹത്തിലെ അനാചാരങ്ങളും ആള്‍ദൈവങ്ങളുമാണ് ചിത്രത്തില്‍ പ്രതിസ്ഥാനത്ത് വരുന്നത്. ആള്‍ദൈവങ്ങള്‍ക്ക് അവര്‍ പ്രചരിപ്പിക്കുന്നത് പോലെ അത്ഭുത ശക്തിയൊന്നുമില്ലെന്നും ആത്മീയ മുഖംമൂടിയണിഞ്ഞ തട്ടിപ്പുകാര്‍ മാത്രമാണു അവരെന്നും പികെ സ്ഥാപിക്കുന്നു. പ്രതിമയെ കൊണ്ട് പാല്‍ കുടിപ്പിക്കുന്നതിനെക്കാള്‍ അത് ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതാണ് നല്ലതെന്ന നഗ്നമായ സത്യവും ചിത്രം വിളിച്ചു പറയുന്നു. ഇവിടെ ഏതെങ്കിലും മതത്തിന് നേരെയല്ല, മറിച്ച് നാട്ടിലെ അന്ധ വിശ്വാസങ്ങള്‍ക്ക് നേരെയാണ് പികെ വിരല്‍ ചൂണ്ടുന്നതെന്ന് ഏതൊരു ഇന്ത്യാക്കാരനും മനസിലാകും.

എന്നിട്ടും സിനിമയ്ക്കെതിരെ എങ്ങനെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത് ? സിനിമയുടെ പേരില്‍ ആമിര്‍ ഖാനെ അറസ്റ്റ് ചെയ്യണമെന്നാണ് ബാബ രാംദേവ് ആവശ്യപ്പെട്ടത്. പികെയ്ക്ക് വേണ്ടി പണം മുടക്കിയത് പാക്കിസ്ഥാന്‍ ചാര സംഘടനയാണെന്നും ചിലര്‍ ആരോപിച്ചു. വിമര്‍ശനങ്ങള്‍ സിനിമയ്ക്കു നല്ല ഗുണം ചെയ്തു. ഇന്ത്യന്‍ സിനിമയിലെ എല്ലാ കളക്ഷന്‍ റിക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പികെ 600 കോടിയിലധികം രൂപയാണ് ഇതിനകം നേടിയത്. അന്ധവിശ്വാസങ്ങളെ തുറന്നു കാണിച്ച വേറിട്ട സിനിമാ ശ്രമത്തെ നിരൂപകരും പ്രശംസകള്‍ കൊണ്ടു മൂടി. അപ്പോഴും ചില മത മൌലികവാദികളുടെ ആക്രോശങ്ങള്‍ നമ്മുടെ സിനിമാ ആസ്വാദനത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും മുകളില്‍ ഒരു ഡെമോക്ളിസിന്‍റെ വാള്‍ പോലെ തൂങ്ങുന്നുണ്ട് എന്നതാണു വിചിത്രം.

സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ വലിയ അധികാര കേന്ദ്രമായി സിനിമക്കെതിരെ ചില ജാതിമത സംഘടനകള്‍ പടവാളെടുക്കുന്നത് ഇതാദ്യമല്ല. കമല്‍ ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപവും മുമ്പ് സമാനമായ അവസ്ഥ നേരിട്ടിരുന്നു. സിനിമയിലെ രംഗങ്ങള്‍ മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില മുസ്ലിം സംഘടനകളാണ് അന്ന് രംഗത്ത് വന്നത്. പ്രതിഷേധം ഉയര്‍ന്നതോടെ ആഴ്ചകളോളം സിനിമയുടെ റിലീസിങ് മാറ്റിവയ്ക്കേണ്ടി വന്നു. വിവാദ രംഗങ്ങള്‍ മുറിച്ച് മാറ്റിയതിന് ശേഷമാണ് ഒടുവില്‍ സിനിമ പുറത്തിറക്കിയത്. അഫ്ഗാന്‍ തീവ്രവാദികളുടെ കഥ പറഞ്ഞ സിനിമയില്‍ എങ്ങനെയാണ് ഒരുകൂട്ടം മുസ്ലിം നേതാക്കളുടെ വികാരം വ്രണപ്പെട്ടതെന്ന് ഇനിയും ആര്‍ക്കും വ്യക്തമായിട്ടില്ല.

nirmalyam malayalam movie

Image Credit: The Hindu

മോഹന്‍ലാല്‍ നായകനായ ഇരുവര്‍, കമലും ലാലും ഒന്നിച്ച ഉന്നൈ പോല്‍ ഒരുവന്‍, വിജയ് നായകനായ തലൈവ, തുപ്പാക്കി എന്നിവയും മതമൌലികവാദികളുടെ ഭീഷണികള്‍ക്ക് ഇരയായ സിനിമകളാണ്. ആള്‍ദൈവങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്ത പ്രഭുവിന്‍റെ മക്കള്‍ എന്ന മലയാള സിനിമ കൈരളി ഉള്‍പ്പടെയുള്ള ചാനലുകള്‍ പോലും കയ്യൊഴിഞ്ഞ സംഭവവുമുണ്ടായി. ഒരു സിനിമ എടുക്കുന്നതിന് മുമ്പ് പൂര്‍ത്തിയായ തിരക്കഥ കാണിച്ച് ബന്ധപ്പെട്ട ജാതി മത സംഘടനകളുടെ അനുമതി വാങ്ങണം എന്നതാണു നമ്മുടെ ഇപ്പോഴത്തെ അവസ്ഥ.

എംടി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന സിനിമ ഓര്‍ത്തുപോകുന്നു. പിജെ ആന്‍റണിയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമ മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളില്‍ ഒന്നായും വാഴ്ത്തപ്പെടുന്നു. നിര്‍മ്മാല്യത്തിലെ നായകകഥാപാത്രം നടത്തിയ അത്ര സാമൂഹ്യ വിമര്‍ശനങ്ങള്‍ പിന്നീട് ഒരു സിനിമയിലും കണ്ടിട്ടില്ലെന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിയ്ക്കും. എന്നിട്ടും ആ സിനിമയ്ക്കെതിരെ അക്കാലത്ത് പ്രതിഷേധമൊന്നും ഉയര്‍ന്നില്ല. നിര്‍മ്മാല്യം പോലൊരു സിനിമ എടുക്കാന്‍ ഇനി എംടി ധൈര്യപ്പെടുമോ എന്നത് സംശയമാണ്. ചുരുക്കത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നത് പേരിലേയുള്ളു, നമ്മള്‍ സഞ്ചരിക്കുന്നത് പിന്നിലോട്ടാണ്. ആശയ സംഘര്‍ഷങ്ങള്‍ അതിജീവിക്കാനാവാതെ പരസ്പരം ആയുധമെടുത്ത് പോരാടിയിരുന്ന ആദിമ മനുഷ്യരുടെ യുഗത്തിലേക്ക്. പക്ഷേ അപ്പോഴും നമ്മുടെ കയ്യില്‍ ആധുനിക ലോകത്തിന്‍റെ പരിച്ഛേദങ്ങളായ ഐഫോണും ഇന്‍റര്‍നെറ്റും ലാപ്ടോപ്പുമൊക്കെ ഉണ്ടാകുമെന്ന് മാത്രം.

[ My article published in British Pathram on 08.01.2015]

 


Share this post