കേരളത്തില്‍ ലഡു പൊട്ടിയത് ആരുടെ മനസില്‍ ?

കേരളത്തില്‍ ലഡു പൊട്ടിയത് ആരുടെ മനസില്‍ ? 1

 

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കേരളത്തില്‍ ഏത് മുന്നണിയുടെ മനസിലാണ് ലഡു പൊട്ടിയതെന്ന സംശയം ബാക്കിയാവുകയാണ്. 2009ല്‍ 16-4 ആയിരുന്നു സംസ്ഥാനത്തെ സീറ്റ് നില. 16 സീറ്റില്‍ യുഡിഎഫും 4 സീറ്റില്‍ എല്‍ഡിഎഫുമാണ് കഴിഞ്ഞ പ്രാവശ്യം ജയിച്ചത്. എന്നാല്‍ ഇക്കുറി യുഡിഎഫിന്‍റെ നാലു സീറ്റുകള്‍ ഇടതുപക്ഷം പിടിച്ചെടുത്തു. കണ്ണൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടമായത്. സാങ്കേതികമായി ഇത് എല്‍ഡിഎഫിന്‍റെ നേട്ടമായി അവകാശപ്പെടാമെങ്കിലും മുന്‍നിര നേതാക്കളില്‍ പലരും തോറ്റതും ഉറച്ച സീറ്റുകളില്‍ ഭൂരിപക്ഷം കുറഞ്ഞതും അവര്‍ക്ക് ക്ഷീണമായി.

ഇടതിന് കനത്ത തിരിച്ചടിയുണ്ടായത് കൊല്ലം മണ്ഡലത്തിലാണ്. ആര്‍എസ്പിക്ക് സീറ്റ് നിഷേധിക്കുകയും തുടര്‍ന്നു അവര്‍ മുന്നണി വിടുകയും വഴി ശ്രദ്ധേയമായ മണ്ഡലത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി മുപ്പത്തേഴായിരത്തില്‍ പരം വോട്ടിനാണ് എന്‍കെ പ്രേമചന്ദ്രനോട് തോറ്റത്. മല്‍സരത്തിന്‍റെ ഒരു ഘട്ടത്തിലും പ്രേമചന്ദ്രന് വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫിനായില്ല. ബേബിയുടെ തട്ടകമായ കുണ്ടറയില്‍ ആറായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് കിട്ടിയത്. ഇരവിപുരം ഉള്‍പ്പടെയുള്ള ചില നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ലീഡ് ചെയ്തെങ്കിലും അവയെയെല്ലാം ചവറയിലെ ഭൂരിപക്ഷം കൊണ്ട് യുഡിഎഫ് മറികടന്നു.

വിഎസ് വിഭാഗം ശക്തമായ കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ അവരുടെ വോട്ട് പ്രേമചന്ദ്രന് മറിഞ്ഞു എന്ന്‍ നാളെ ഔദ്യോഗിക പക്ഷം ആരോപിച്ചാല്‍ അതില്‍ തെറ്റ് പറയാനാവില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് വിഎസിനെ പ്രചരണത്തിന് ഇറക്കിയെങ്കിലും അത് വേണ്ടത്ര ഫലം ചെയ്തില്ലെന്ന് വ്യക്തം. പിണറായി പക്ഷത്തിന്‍റെ ശക്തനായ വക്താവായ എം എ ബേബിയുടെ ദയനീയ പരാജയം വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചൂടുള്ള ചര്‍ച്ചയാകും.

കൊല്ലം പോലെ തന്നെ വടകരയിലും സിപിഎം അഭിമാന പോരാട്ടമാണ് നടത്തിയത്. പ്രാദേശിക ഘടകത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് എ എന്‍ ഷംസീറിനെ അവിടെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും പരീക്ഷണം ഫലം കണ്ടില്ല. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് 3306 വോട്ടുകള്‍ക്ക് അദ്ദേഹം തോറ്റു. ടിപി ചന്ദ്രശേഖരന്‍റെ വധത്തിന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണ വേളയില്‍ വിഎസ് നടത്തിയ മലക്കം മറിച്ചിലും പാര്‍ട്ടിയെ തുണച്ചില്ല.

കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് നിസ്സാര വോട്ടുകള്‍ക്ക് ജയിച്ച കോഴിക്കോട് മണ്ഡലത്തില്‍ കേന്ദ്രകമ്മിറ്റി അംഗമായ എ വിജയരാഘവനെ സിപിഎം രംഗത്തിറക്കിയത് വ്യക്തമായ കണക്കുകൂട്ടലോടെയാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിലെ പടലപിണക്കം മുതലെടുക്കാമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചെങ്കിലും നിലവിലെ എംപി കൂടിയായ എംകെ രാഘവന്‍റെ ഭൂരിപക്ഷം കുത്തനെ കൂടിയ കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ പ്രാവശ്യം 838 വോട്ടുകള്‍ക്ക് കഷ്ടിച്ച് കടന്നുകൂടിയ അദ്ദേഹം ഇക്കുറി പതിനാറായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലോക്സഭയിലേക്ക് പോകുന്നത്.

ഉറച്ച ഇടത് കോട്ടയായ കാസര്‍ഗോഡ് ജയിക്കാന്‍ ഇത്തവണ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. 2009 ല്‍ അറുപതിനാലായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച പി കരുണാകരന് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഏഴായിരത്തില്‍ താഴെ ഭൂരിപക്ഷമേയുള്ളൂ. പെയ്മെന്‍റ് സീറ്റ് വിവാദം വഴി ശ്രദ്ധേയമായ തിരുവനന്തപുരത്ത് സിപിഐ സ്വതന്ത്രന്‍ ബെന്നറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തായി. രണ്ടാം സ്ഥാനത്തുള്ള ഒ രാജഗോപാലിനെക്കാളും മുപ്പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് പിന്നിലാണ് അദ്ദേഹം. ആലപ്പുഴയില്‍ ജില്ല സെക്രട്ടറിയായ സിജി ചന്ദ്രബാബുവിനെ സിപിഎം രംഗത്തിറക്കിയെങ്കിലും മല്‍സരത്തിന്‍റെ ഒരു ഘട്ടത്തിലും വേണുഗോപാലിന് വെല്ലുവിളി ഉയര്‍ത്താന്‍ അദ്ദേഹത്തിനായില്ല. യുഡിഎഫ് വിട്ട് പുറത്തുവന്ന ജെഎസ്എസ്, സിഎംപി പാര്‍ട്ടികളുടെ പിന്തുണ എല്‍ഡിഎഫിനെ കാര്യമായി തുണച്ചില്ല. എന്നാല്‍ എല്‍ഡിഎഫ് വിട്ട ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ വൈരുദ്ധ്യം വരും ദിവസങ്ങളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ കല്ലുകടിയുണ്ടാക്കും എന്നുറപ്പ്.

കേരളത്തില്‍ ലഡു പൊട്ടിയത് ആരുടെ മനസില്‍ ? 2

മറുവശത്ത് പന്ത്രണ്ട് സീറ്റ് നേടിയെങ്കിലും യുഡിഎഫിനും ഏറെ ആശ്വസിക്കാന്‍ വകയില്ല. കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും അവരവരുടെ മണ്ഡലങ്ങളില്‍ കഷ്ടിച്ചാണ് കടന്നു കൂടിയത്. കണ്ണൂരിലെ പടക്കുതിരയായ കെ സുധാകരന്‍ ഫോട്ടോ ഫിനിഷില്‍ തോറ്റപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ വക്താവായ പിസി ചാക്കോ ചാലക്കുടിയിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ വന്നതേയില്ല. തൃശൂരെയും ചാലക്കുടിയിലെയും സ്ഥാനാര്‍ഥികളെ വച്ചുമാറിയത് തുടക്കത്തില്‍ കോണ്‍ഗ്രസിനകത്ത് ഏറെ വിവാദമായിരുന്നു.

കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം ഒരിക്കല്‍ പോലും മണ്ഡലത്തില്‍ വരാത്തയാളാണ് ചാക്കോ എന്നു പറഞ്ഞ് തൃശൂര്‍ ഡിസിസിയാണ് ആദ്യ വെടി പൊട്ടിച്ചത്. തുടര്‍ന്ന്‍ അദ്ദേഹം മല്‍സര രംഗത്ത് നിന്ന്‍ പിന്മാറി. എന്നാല്‍ യാക്കോബായ സമുദായാംഗമായ ചാക്കോയുടെ അസാന്നിധ്യം പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്ന് കണ്ട കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് സീറ്റുകള്‍ വച്ചു മാറുകയായിരുന്നു. ഏതായാലും പാര്‍ട്ടിക്കകത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുല വോട്ടര്‍മാര്‍ അംഗീകരിക്കാതിരുന്നത് കൊണ്ട് ഇരു മണ്ഡലങ്ങളിലും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു.

കേരള കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ച ഇടുക്കിയില്‍ ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് യുഡിഎഫ് നേതൃത്വം ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസിലെ പ്രബല വിഭാഗവും ജോസഫ് ഗ്രൂപ്പും ഇവിടെ വോട്ട് മറിച്ചെന്ന ആരോപണം ശക്തമാണ്. കോട്ടയത്ത് പാര്‍ട്ടി ജോസ് കെ മാണിയെ കയ്യയച്ച് സഹായിച്ചെങ്കിലും ഇടുക്കിയില്‍ അവര്‍ പിന്നില്‍ നിന്ന്‍ കുത്തിയെന്ന വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കള്‍ ഇനി സജീവമായി ഉന്നയിക്കും.

പൊന്നാനിയില്‍ സമാനമായ ആരോപണം കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്നത് മുസ്ലിം ലീഗാണ്. കഴിഞ്ഞ തവണ 82,684 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന ഇടി മുഹമ്മദ് ബഷീര്‍ ഇക്കുറി ജയിച്ചത് ഇരുപത്തിയയ്യായിരത്തില്‍ പരം വോട്ടുകള്‍ക്കാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്ന് ലീഗ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

ചുരുക്കത്തില്‍ സീറ്റുകളുടെ എണ്ണത്തിലെ നേരിയ ഏറ്റക്കുറച്ചിലുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇരു മുന്നണികളുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെയാണ്. കേരളത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മിയും നോട്ടയും പിടിച്ച വോട്ടുകള്‍ മിക്ക മണ്ഡലങ്ങളിലും നിര്‍ണ്ണായകമായി. അതുകൊണ്ട് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചോര്‍ത്തു കേരളത്തില്‍ ആരുടെയെങ്കിലും മനസില്‍ ലഡു പൊട്ടുന്നെങ്കില്‍ അത് ആം ആദ്മിയുടെയോ അല്ലെങ്കില്‍ സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ലെങ്കിലും ദേശീയ തലത്തില്‍ അഭിമാനാര്‍ഹമായ വിജയം കൈവരിച്ച ബിജെപിയുടെയോ മനസില്‍ മാത്രമാണ്.

The End

[My article originally published in British pathram on 16.05.2014]

Leave a Comment

Your email address will not be published. Required fields are marked *