നമ്മുടെ പ്രിയപ്പെട്ട പത്താം നമ്പറുകാരന്‍

നമ്മുടെ പ്രിയപ്പെട്ട പത്താം നമ്പറുകാരന്‍ 1

സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസതാരം ഇപ്പോള്‍ കളിക്കളത്തിലില്ല. കഴിഞ്ഞ നവംബര്‍ 14നു കളി നിര്‍ത്തിയെങ്കിലും ആരാധകരുടെ മനസില്‍ ഈ കുറിയ മനുഷ്യനുള്ള സ്ഥാനം ഇപ്പോഴും വളരെ വലുതാണ്. ഇന്ത്യക്കുവേണ്ടി വിരാട്ട് കോഹ്ലിയും ധോണിയും ക്രീസില്‍ നിറഞ്ഞു കളിക്കുമ്പോഴും സച്ചിന്‍ എന്ന ഇതിഹാസ താരത്തിന്‍റെ ക്ലാസിക് ശൈലിയും ചടുലതയും ബാറ്റിങ്ങിലെ കയ്യടക്കവും വീണ്ടും കാണാന്‍ കൊതിക്കാത്ത എത്ര പേരുണ്ടാകും നമ്മുടെ ഇടയില്‍ ?

സച്ചിന്‍ പുറത്തായാല്‍ ബാക്കി കളി കാണാതെ ടിവി ഓഫ് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അസറുദ്ദീനും കപിലും ജഡേജയുമൊക്കെ ഇറങ്ങാന്‍ ബാക്കിയാണല്ലോ എന്ന്‍ ക്രിക്കറ്റ് അറിയാത്ത ആരെങ്കിലും പറഞ്ഞാല്‍ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ മറ്റുള്ളവര്‍ രൂക്ഷമായി നോക്കും. കാരണം അക്കാലത്ത് ഇന്ത്യയെന്നാല്‍ സച്ചിന്‍ തന്നെയായിരുന്നു. മറ്റ് കളിക്കാരെയെല്ലാം നിഷ്പ്രഭരാക്കിക്കൊണ്ട് എത്രയെത്ര കളികളാണ് ഈ മനുഷ്യന്‍ ഒറ്റയ്ക്ക് ജയിപ്പിച്ചിരിക്കുന്നത് ?

സച്ചിനെ തളയ്ക്കും എന്ന്‍ വീമ്പടിച്ച ഷെയിന്‍ വോണ്‍ എന്ന വിഖ്യാത സ്പിന്നറെ 1998ലെ ഷാര്‍ജ കപ്പില്‍ ക്ലബ് ബൌളര്‍മാരെ നേരിടുന്ന ലാഘവത്തോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം നേരിട്ടത്. തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിയ സച്ചിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ ഫലമായി ആസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കപ്പ് നേടി. ഫൈനലില്‍ തന്‍റെ തലയ്ക്ക് മുകളില്‍ കൂടി സിക്സര്‍ പറത്തിയ സച്ചിന്‍റെ ഷോട്ട് ഒരിയ്ക്കലും മറക്കാന്‍ സാധിക്കില്ലെന്ന് വോണ്‍ തന്നെ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സച്ചിന്‍ തന്‍റെ മുന്നില്‍ ഒന്നുമല്ലെന്ന് പ്രസ്താവിച്ച പാക്കിസ്ഥാന്‍റെ ഷൊയബ് അക്തറും താമസിയാതെ ആ ബാറ്റിന്‍റെ ചൂടറിഞ്ഞു.

തൊണ്ണൂറുകളിലാണ് സച്ചിന്‍ മാസ്മരിക പ്രകടനത്തിന്‍റെ പരമോന്നതിയില്‍ എത്തിയത്. ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള മല്‍സരം സച്ചിനും ആസ്ത്രേലിയയും തമ്മിലുള്ള പോരാട്ടമായി പോലും വിശേഷിപ്പിക്കപ്പെട്ടു. സച്ചിന്‍ പുറത്താകുന്നതോടെ ചീട്ടുകൊട്ടാരം പോലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു വീഴുന്ന അവസ്ഥയ്ക്ക് മാറ്റം വന്നത് സൌരവ് ഗാംഗുലിയുടെയും രാഹുല്‍ ദ്രാവിഡിന്‍റെയും വരവോടെയാണ്. ഗാംഗുലി ഓഫ്സൈഡിലെ മികവിന്‍റെയും ദ്രാവിഡ് സ്ഥിരതയാര്‍ന്ന പ്രകടനത്തിന്‍റെയും പേരില്‍ ആരാധകരെ സൃഷ്ടിച്ചപ്പോള്‍ എല്ലാ മേഖലകളിലും തിളങ്ങിയ ടെണ്ടുല്‍ക്കര്‍ സകല കലാ വല്ലഭനായി.

നമ്മുടെ പ്രിയപ്പെട്ട പത്താം നമ്പറുകാരന്‍ 2

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്ന ചോദ്യത്തിന് പലര്‍ക്കും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ചിലര്‍ സച്ചിനെ ബ്രാഡ്മാന്‍റെ പിന്‍ഗാമിയായി വിശേഷിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ ബ്രയാന്‍ ലാറയെ വാഴ്ത്തുന്നു. പക്ഷേ ഒന്നു ശ്രദ്ധിച്ചാല്‍ ഇവരെക്കാളൊക്കെ കേമന്‍ സച്ചിനാണെന്ന് മനസിലാക്കാന്‍ സാധിയ്ക്കും. ബാറ്റിങ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ആട്ടവും ഉയര്‍ന്ന ടെസ്റ്റ് ശരാശരിയുള്ളത് ഡൊണാള്‍ഡ് ബ്രാഡ്മാനാണ് (99.94). 60.97 ശരാശരിയുള്ള ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം പൊള്ളോക്കാണ് രണ്ടാം സ്ഥാനത്ത്. 53.79 ശരാശരിയുമായി സച്ചിന്‍ ഏറെ പിന്നിലാണ്. ബ്രയാന്‍ ലാറ 52.88 ശരാശരിയുമായി തൊട്ടുപിന്നില്‍ നില്ക്കുന്നു.

പക്ഷേ ബ്രാഡ്മാന്‍ ആകെ കളിച്ചത് 52 ടെസ്റ്റ് മല്‍സരങ്ങളാണ്. അതും ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍റീസ് എന്നിവര്‍ക്കെതിരെ മാത്രം. ഇംഗ്ലണ്ടിനെതിരെ 37 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം മറ്റുള്ളവര്‍ക്കെതിരെ അഞ്ച് മല്‍സരങ്ങള്‍ വീതം കളിച്ചു. 29 സെഞ്ചുറികളും 13 അര്‍ദ്ധ സെഞ്ചുറികളും നേടിയ ബ്രാഡ്മാന്‍ രണ്ട് വിക്കറ്റുകളും നേടി. ആകെ റണ്‍സ് 6,996. അക്കാലത്ത് ഏകദിന മല്‍സരങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് ടെസ്റ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മാത്രമായി ഒതുങ്ങി ഡോണിന്‍റെ പ്രകടനം.

131 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച ബ്രയാന്‍ ലാറ 34 സെഞ്ചുറികളും 48 അര്‍ദ്ധ സെഞ്ചുറികളുമാണ് നേടിയത്. ആകെ 11,953 റണ്‍സ് നേടിയെങ്കിലും ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും അദ്ദേഹത്തിന്‍റെ പേരിലില്ല. 299 മല്‍സരങ്ങളില്‍ നിന്നു നേടിയ 10,405 റണ്‍സാണ് ഏകദിന ക്രിക്കറ്റിലെ ലാറയുടെ സമ്പാദ്യം. 19 സെഞ്ചുറികളും 63 അര്‍ദ്ധ സെഞ്ചുറികളും നേടിയ അദ്ദേഹം 4 വിക്കറ്റുകളും ഏകദിനങ്ങളില്‍ നിന്ന്‍ നേടി.

ബാറ്റ് കൊണ്ടും ബോളു കൊണ്ടും ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളെ രണ്ടര പതിറ്റാണ്ടോളം വിസ്മയിപ്പിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇരുവരെക്കാളും ബഹുദൂരം മുന്നിലാണ്. 200 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന്‍ അദ്ദേഹം 15,921 റണ്‍സ് നേടി. അതില്‍ 51 സെഞ്ചുറികളും 68 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 46 വിക്കറ്റുകളും സച്ചിന്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന്‍ നേടിയിട്ടുണ്ട്. 463 ഏകദിന മല്‍സരങ്ങള്‍ കളിച്ച ടെണ്ടുല്‍ക്കര്‍ 18,426 റണ്‍സും നേടി. 49 സെഞ്ചുറികളും 96 അര്‍ദ്ധ സെഞ്ചുറികളും 154 വിക്കറ്റുകളുമാണ് ഏകദിനത്തിലെ അദേഹത്തിന്‍റെ സമ്പാദ്യം. എല്ലാത്തരം ക്രിക്കറ്റിലും ലാറയെക്കാള്‍ ഉയര്‍ന്ന ബാറ്റിങ് ശരാശരിയും സച്ചിനുണ്ട്.

പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന മല്‍സരത്തിലെ ഡക്ക് മുതല്‍ കഴിഞ്ഞ നവംബര്‍ 14നു വാങ്കടേ സ്റ്റേഡിയം വരെ സച്ചിന്‍ ചെയ്ത യാത്രയില്‍ പിന്നിട്ട നാഴികക്കല്ലുകളും നേടിയ പുരസ്ക്കാരങ്ങളും ഒട്ടനവധിയാണ്. ഇടം കൈ കൊണ്ട് എഴുതുന്ന അദ്ദേഹം വലം കയ്യിലെ ബാറ്റ് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു. ഇന്ത്യക്കെതിരായ പരിശീലന മല്‍സരത്തില്‍ പാക്കിസ്താന് വേണ്ടി ഫീല്‍ഡ് ചെയ്ത ചരിത്രമുള്ള സച്ചിന്‍ താമസിയാതെ ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായി മാറി. മഹാരാഷ്ട്രക്കാരനാണെങ്കിലും മണ്ണിന്‍റെ മക്കള്‍ വാദം മറന്നുകൊണ്ട് ഞാന്‍ ആദ്യം ഇന്ത്യക്കാരനാണ്. അതിനുശേഷമേ മറാത്തിയാകുന്നുള്ളൂഎന്നു പറഞ്ഞതിന്‍റെ പേരില്‍ ബാല്‍ താക്കറെയുടെ വരെ പഴി കേട്ടു.എങ്കിലും മറ്റ് കളിക്കാരില്‍ നിന്ന്‍ വ്യത്യസ്ഥമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിന്‍റെ നേതാക്കളും സച്ചിനെ ആരാധനയോടെ മാത്രമാണ് കണ്ടത്.

തന്നോടൊപ്പവും അതിനു ശേഷവും ക്രിക്കറ്റില്‍ അരങ്ങേറിയ പലരും ക്രീസ് വിട്ടെങ്കിലും അടുത്ത കാലം വരെ കളിക്കളത്തില്‍ സജീവമായിരുന്ന സച്ചിന്‍ ഭാരതരത്നം നേടുന്ന ആദ്യ കായിക താരവുമായി. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ചില സര്‍വകലാശാലകള്‍ നല്‍കിയ ഡോക്ടറേറ്റ് നിരസിച്ചതിന്‍റെ പേരിലും വാര്‍ത്തകളില്‍ ഇടം നേടി. ക്രിക്കറ്റില്‍ സജീവമായിരിക്കുന്നിടത്തോളം കാലം പുറത്തു നിന്നുള്ള പുരസ്കാരങ്ങള്‍ സ്വീകരിക്കില്ല എന്നാണ് അന്ന്‍ അദ്ദേഹം പറഞ്ഞത്. ഡോക്ടറേറ്റുകള്‍ നേടാന്‍ പലവിധ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന അഭിനവ പ്രാഞ്ചിയേട്ടന്‍മാര്‍ക്ക് മുന്നില്‍ സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചു കാരന്‍ അങ്ങനെ ഒരു ചോദ്യ ചിഹ്നമായി മാറി.

കോഴവിവാദത്തില്‍ പെട്ട് ആടിയുലഞ്ഞ ക്രിക്കറ്റിനെ ജനങ്ങള്‍ വെറുക്കാതിരുന്നത് അവിടെ സച്ചിന്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. ഒരു കളിക്കാരന്‍ എന്നതിനെക്കാളുപരി എല്ലാവര്‍ക്കും സച്ചിന്‍ വിശ്വാസ്യതയുടെ ബ്രാന്‍റ് അംബാസഡര്‍ ആയിരുന്നു. ആ വ്യക്തിയെ പോലെ തന്നെ അദ്ദേഹം പ്രതിനിധികരിക്കുന്ന ഉല്‍പന്നങ്ങളും ഏര്‍പ്പെടുന്ന സംരംഭങ്ങളും കലര്‍പ്പില്ലാത്തതായിരിക്കുമെന്ന് അവര്‍ വിശ്വസിച്ചു.

തൂലികയ്ക്ക് പകരം ബാറ്റ് കൊണ്ട് മഹാകാവ്യം രചിച്ച ടെണ്ടുല്‍ക്കറിന്‍റെ പ്രകടനത്തിന് തിളക്കം പത്തര മാറ്റാണ്. ക്രിക്കറ്റ് ഉള്ളിടത്തോളം കാലം അത് അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും.ഇന്ത്യയുടെ ഒരു വിക്കറ്റ് വീണാല്‍ ഇന്നും നമ്മുടെ കണ്ണുകള്‍ അറിയാതെ ഡ്രസ്സിങ് റൂമിലേക്ക് തിരിയും. ഒരുപക്ഷേ അടുത്തതായി ഇറങ്ങുന്നത് ആ പത്താം നമ്പറുകാരനാണെങ്കിലോ ?

[ My article originally published in KVartha on 24.04.2014]

The End

Leave a Comment

Your email address will not be published. Required fields are marked *