Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മോഡീരാജ്യത്തിലെ കാഴ്ചക്കാര്‍

Share this post

മോഡീരാജ്യത്തിലെ കാഴ്ചക്കാര്‍ 1

ഒരുകാലത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജാതീയമായ അയിത്തം നിലനിന്നിരുന്നു. അക്കാലത്ത് താഴ്ന്ന ജാതിക്കാര്‍ പൊതുവഴി ഉപയോഗിക്കുന്നതും എന്തിന് പൊതു കിണറുകളില്‍ നിന്ന്‍ വെള്ളം എടുക്കുന്നത് പോലും നിഷിദ്ധമായിരുന്നു. അവര്‍ അറിയാതെ ദേഹത്ത് തൊട്ടാല്‍ കുളിക്കണം എന്നതായിരുന്നു മേല്‍ജാതിക്കാര്‍ക്കിടയിലെ കീഴ്വഴക്കം. കാലം മാറിയപ്പോള്‍ വിവിധ സമരമുറകളുടെ ഭാഗമായി ജാതീയമായ വേര്‍തിരിവും അയിത്തവും ഇല്ലാതായി.

രാജ്യത്തിന്‍റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഏറെക്കുറെ സമാനമായ അവസ്ഥയില്‍ കൂടിയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഒരിക്കല്‍ ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ അവജ്ഞയോടെ നോക്കിയിരുന്നവരെല്ലാം ഇപ്പോള്‍ പട്ടു പരവതാനി വിതച്ച് അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇത്ര നാള്‍ വിസ നിഷേധിച്ചിരുന്ന അമേരിക്കയും ബ്രിട്ടനുമെല്ലാം മോഡിയെ തിരഞ്ഞെടുപ്പ് ജയത്തിന്‍റെ പേരില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു കഴിഞ്ഞു. മറ്റ് വിവിധ രാഷ്ട്രതലവന്മാരും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറെടുക്കുകയാണ്.

വിദേശ രാജ്യങ്ങളുടേത് സ്വാഭാവികമായ നടപടിക്രമം മാത്രമായി വ്യാഖ്യാനിക്കാം. ഒരു രാജ്യം ഏതെങ്കിലും പ്രത്യേക വ്യക്തിയെ നേതാവായി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാനില്ല. ആധുനിക ലോകത്ത് അത്തരം തിരഞ്ഞെടുപ്പുകള്‍ അംഗീകരിച്ചേ പറ്റൂ. മോഡിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. പക്ഷേ 2002ലെ കലാപത്തിന്‍റെ പേരില്‍ രാജ്യത്തിനകത്തും പുറത്തും ഏറെ വേര്‍തിരിവുകള്‍ അദ്ദേഹം നേരിട്ടിരുന്നു എന്നത് സത്യമാണ്. മോഡിയുമായി സഹകരിച്ചതിന്‍റെ പേരില്‍ അമിതാഭ് ബച്ചന്‍ ഏറെ പഴി കേട്ടു. കോണ്‍ഗ്രസ്കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ നിന്ന്‍ ആ ഒരൊറ്റ കാരണം കൊണ്ട് അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പേരില്‍ മന്ത്രി ഷിബു ബേബി ജോണില്‍ നിന്ന്‍ വിശദീകരണം തേടിയ സംഭവം കേരളത്തിലുണ്ടായി. അടുത്ത കാലത്ത് കൊച്ചിയില്‍ മോഡി പങ്കെടുത്ത ചടങ്ങില്‍ നിന്ന്‍ വിട്ടുനിന്നാണ് കോണ്‍ഗ്രസുകാരനായ മേയര്‍ അതൃപ്തി അറിയിച്ചത്.

പ്രധാനമന്ത്രി പട്ടം നേടിയ നരേന്ദ്ര ദാമോദര്‍ മോഡിക്ക് മുന്നില്‍ അത്തരം ബഹിഷ്കരണങ്ങളൊന്നും ഇനി വില പോകില്ല. ഒരു വ്യാഴ വട്ടത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്ന അദ്ദേഹം കൂടുതല്‍ ശക്തനാണ്. മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായി അദ്ദേഹം കേന്ദ്രം വാഴാന്‍ ഒരുങ്ങുമ്പോള്‍ മറുവശത്തെ പടക്കുതിരകളെല്ലാം ഏറെ ക്ഷീണിതരാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഡല്‍ഹി രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന പലരും ചിത്രത്തിലില്ലെന്ന് തന്നെ പറയാം.

മോഡീരാജ്യത്തിലെ കാഴ്ചക്കാര്‍ 2

അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ഒരു ചെറിയ കാലയളവ് ഒഴിച്ചാല്‍ എക്കാലവും കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായിരുന്നു. പക്ഷേ ഇക്കുറി ഇതാദ്യമായി അവര്‍ക്ക് നൂറില്‍ താഴെ അതും കേവലം 44 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടുമോ എന്നു പോലും പറയാനാവാത്ത അവസ്ഥ. ലോക്സഭയില്‍ പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടണമെങ്കില്‍ മൊത്തം അംഗബലത്തിന്‍റെ 10% (55 സീറ്റ്) എങ്കിലും വേണം. അത് ഏതെങ്കിലും ഒരു പാര്‍ട്ടിയോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമോ ആകാം. എങ്ങനെയായാലും യുപിഎ സര്‍ക്കാരിലെ അവസാനവാക്കായിരുന്ന സോണിയ ഗാന്ധിയ്ക്ക് ഇത്തവണ ലോക്സഭയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ല. 336 എംപിമാരുടെ പിന്തുണയോടെ ഭരിക്കുന്ന നരേന്ദ്ര മോഡി എടുക്കുന്ന തീരുമാനങ്ങള്‍ കയ്യും കെട്ടി നോക്കിനില്‍ക്കാനെ അവര്‍ക്ക് കഴിയൂ. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് തീര്‍ച്ചയായും ബിജെപി സഖ്യത്തെ വലയ്ക്കും.

ഉത്തര്‍പ്രദേശിലെ ജാതി രാഷ്ട്രീയം വഴി കേന്ദ്രത്തിലെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന മായാവതിയുടെയും മുലായം സിങ്ങിന്‍റെയും അവസ്ഥയാണ് തീര്‍ത്തും പരിതാപകരം. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയാകാം എന്നാണ് ഇരുവരും മനക്കോട്ട കെട്ടിയത്. എന്നാല്‍ മോഡിയുടെ വികസന മുദ്രാവാക്യത്തില്‍ മേഖലയിലെ ജാതിക്കോട്ടകള്‍ തകര്‍ന്നു വീണപ്പോള്‍ സുനാമിയടിച്ച കടല്‍ത്തീരം പോലെയായി രണ്ടു പാര്‍ട്ടികളും. കഴിഞ്ഞ പ്രാവശ്യം 23 സീറ്റുകളുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടി കേവലം അഞ്ചു സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ബിഎസ്പി അക്കൌണ്ട് തുറന്നതേയില്ല. 2009ല്‍ 18 സീറ്റോടെ കേന്ദ്രത്തില്‍ നിര്‍ണ്ണായക വകുപ്പുകള്‍ കയ്യാളിയിരുന്ന, അതുവഴി സര്‍ക്കാരിന് ഏറെ പേരുദോഷം സമ്മാനിച്ച ഡിഎംകെയും സംപൂജ്യരായി.

മോഡീരാജ്യത്തിലെ കാഴ്ചക്കാര്‍ 3

കലൈഞ്ജറുടെ രാഷ്ട്രീയ എതിരാളിയായ ജയലളിത തമിഴ്നാട് തൂത്തു വാരിയെങ്കിലും മോഡിസര്‍ക്കാരില്‍ പങ്കാളിതമൊന്നും ലഭിക്കാന്‍ ഇടയില്ല. ബംഗാളിലെ മമതയുമായി ചേര്‍ന്ന് ഒരു സമ്മര്‍ദ ശക്തിയാകുകയോ അല്ലെങ്കില്‍ പ്രതിപക്ഷ നേതൃ സ്ഥാനത്തിന് അവകാശ വാദമുന്നയിക്കുകയോ ആണ് അവര്‍ക്ക് ഇനി ചെയ്യാനുണ്ടാകുക. മൂന്നാം മുന്നണിയുണ്ടാക്കി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട ഇടതുപക്ഷമാണെങ്കില്‍ കഴിഞ്ഞ തവണത്തെ 24 സീറ്റുകളില്‍ നിന്ന്‍ രണ്ടു സ്വതന്ത്രര്‍ ഉള്‍പ്പടെ 12 സീറ്റുകളില്‍ ചുരുങ്ങി. ഒരു കാലത്ത് ശക്തി കേന്ദ്രമായിരുന്ന ബംഗാളില്‍ മമതയുടെ തേരോട്ടത്തില്‍ മുങ്ങി പോയ അവര്‍ രണ്ടു സീറ്റുകളില്‍ മാത്രമാണു ജയിച്ചത്.

ചുരുക്കത്തില്‍ നരേന്ദ്ര മോഡി എന്ന പഴയ ചായക്കടക്കാരന്‍ പാര്‍ട്ടിക്കകത്തും പുറത്തും എതിരാളികളില്ലാത്ത സര്‍വ്വ ശക്തനാണ്. ചായക്കടക്കാരനെന്നും കൊലയാളിയെന്നും അദ്ദേഹത്തെ വിളിച്ച പലരും ഇപ്പോള്‍ കാഴ്ചക്കാരന്‍റെ വേഷത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു പഴയ മലയാള സിനിമയില്‍ ജഗതി പറയുന്നത് പോലെ കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്ന് സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ മാത്രമേ അവര്‍ക്ക് പറ്റൂ. കാരണം ലോക്സഭയില്‍ ഒന്നുമല്ലെങ്കിലും രാജ്യസഭയില്‍ അവര്‍ക്ക് ചെറുതല്ലാത്ത ശക്തിയുണ്ട്. മോഡീഭരണത്തെ വിഷമവൃത്തത്തിലാക്കാന്‍ തല്‍ക്കാലം അത് മതിയാകും.

The End

[My article published in British Pathram on 18.05.2014]


Share this post