Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഒപ്പം സിനിമയിലെ വലിയ തെറ്റ്

Share this post

ഒപ്പം സിനിമയിലെ വലിയ തെറ്റ് 1

ഒപ്പം സിനിമ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ജയരാമന്‍ എന്ന അന്ധ കഥാപാത്രമായി മോഹന്‍ ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രം റിലീസിംഗ് സെന്‍ററുകളില്‍ ഇപ്പോഴും തകര്‍ത്തോടുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഒപ്പത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് പ്രിയദര്‍ശനാണ്. വ്യക്തി ജീവിതത്തില്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്ന പ്രിയന് ഏകദേശം ഒരു ദശകത്തിന് ശേഷം തന്‍റെ ഒരു സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത് ഏറെ ആശ്വാസമായി. 

തിയറ്ററുകളില്‍ നിന്നു മാത്രം ഇതിനകം അറുപത് കോടിയില്‍ പരം കളക്റ്റ് ചെയ്ത ഒപ്പം അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. മലയാളത്തില്‍ വാസുദേവന്‍ എന്ന പ്രതിനായക വേഷം ചെയ്ത നടനും സംവിധായകനുമായ സമുദ്രക്കനി കമലാഹാസനെ നായകനാക്കി സിനിമ തമിഴില്‍ എടുക്കാന്‍ പോകുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ലാലിന്‍റെ വേഷത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിയാന്‍ വിക്രം അന്ധനായെത്തുന്ന സിനിമ തമിഴില്‍ താമസിയാതെ തുടങ്ങും. ഡോണ്ട് ബ്രീത്ത്‌ എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കാണ് ചിത്രം. അമിതാഭ് ബച്ചന്‍, രജനികാന്ത്, സംവിധായകന്‍ ഹരിഹരന്‍ തുടങ്ങിയവരും ഒപ്പതിലെ ലാലിന്‍റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത്‌ വന്നിരുന്നു. ദൃശ്യത്തിന്‍റെ മിന്നുന്ന വിജയത്തിന് ശേഷം കാര്യമായ ഹിറ്റുകളൊന്നും ഇല്ലാതിരുന്ന മോഹന്‍ലാലിന് മൂന്നു വമ്പന്‍ വിജയങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വന്നത് താരത്തിന്‍റെ വിപണി മൂല്യത്തിലും കുതിച്ചു കയറ്റമുണ്ടാക്കി.

മോഹന്‍ലാല്‍, സമുദ്രക്കനി, ബേബി മീനാക്ഷി, അനുശ്രീ, നെടുമുടി വേണു, മാമുക്കോയ, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പതിവ് സിനിമകളില്‍ നിന്നുള്ള വേറിട്ട ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പ്രിയന്‍റെ രചനാശൈലിയും സംവിധാന മികവും വിജയത്തില്‍ നിര്‍ണ്ണായക ഘടകമാണ്. എന്നിരുന്നാലും തിരക്കഥ എല്ലാം തികഞ്ഞതാണെന്നോ പഴുതുകളില്ലാത്തതാണെന്നോ പറയുക വയ്യ. 

നന്ദിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജയരാമന്‍ സീരിയല്‍ കില്ലറായ വാസുദേവനെ കൊല്ലുന്ന രംഗമുണ്ട് സിനിമയുടെ അവസാനം. കാഴ്ചയില്ലെങ്കിലും ഒരു ചെറിയ ശബ്ദം കൊണ്ടു പോലും ജയരാമന് ആളെ തിരിച്ചറിയാന്‍ കഴിയും. വാസുദേവന്‍റെ മൊബൈല്‍ റിംഗ് ടോണിന്‍റെ ശബ്ദം കേട്ട് അയാള്‍ ശത്രുവിന്‍റെ സ്ഥാനം മനസിലാക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു. അത്രയും ശരി.

പക്ഷെ വാസുദേവനെ വിളിക്കാനായി ജയരാമന് അയാളുടെ നമ്പര്‍ എവിടെ നിന്നാണ് കിട്ടിയത് ? ശത്രു നായകനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ഒരു വാദത്തിനു വേണ്ടി ജയരാമന് അങ്ങനെ നമ്പര്‍ കിട്ടി എന്ന് വാദിക്കാമെങ്കിലും കാഴ്ചയില്ലാത്ത ഒരു വ്യക്തിക്ക് ആ പഴയ നമ്പര്‍ കാള്‍ ഹിസ്റ്ററി നോക്കി കണ്ടു പിടിക്കാനോ (ഇനി അത് സേവ് ചെയ്തതാണെങ്കില്‍ പോലും) അതിലേക്ക് വിളിക്കാനോ സാധിക്കില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ. കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിട്ടും നന്ദിനി പഠിക്കുന്ന കോണ്‍വെന്‍റ് സ്കൂളിലേക്ക് വിവരങ്ങള്‍ അറിയാനായി പബ്ലിക് ബൂത്തില്‍ നിന്ന് മാത്രം വിളിക്കുന്ന ആള് കൂടിയാണ് ജയരാമന്‍. അദ്ദേഹത്തിന് ലാന്‍ഡ് ഫോണാണ് മൊബൈലിനേക്കാള്‍ ഉപയോഗിക്കാന്‍ എളുപ്പം എന്ന് വ്യക്തം. അത് സ്വാഭാവികമാണ് താനും.

ഇങ്ങനെ ചില പോരായ്മകളുണ്ടെങ്കിലും അടുത്ത കാലത്ത് വന്ന മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ് ഒപ്പം. പുലി മുരുകന്‍ നൂറു കോടി ക്ലബ്ബില്‍ കടന്ന ആദ്യ മലയാള സിനിമയാകുമ്പോഴും മോഹന്‍ലാലിന്‍റെ അഭിനയ പാടവം ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നത് ഒപ്പമാണ് എന്നതില്‍ സംശയമില്ല. അടുത്ത കൊല്ലത്തെ അവാര്‍ഡ് നിശകളില്‍ ലാലിന്‍റെ സാന്നിധ്യം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നുണ്ട് ഈ ചിത്രം.

The End   


Share this post