Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മാതാപിതാക്കളോട് നമ്മള്‍ ചെയ്യുന്നത്

Share this post

മാതാപിതാക്കളോട് നമ്മള്‍ ചെയ്യുന്നത് 1

Image Courtesy : www.rayirathheritage.com

    ഒരു ഇടത്തരം കുടുംബത്തിലായിരുന്നു വിവേകിന്‍റെ ജനനം. മലയാളം അദ്ധ്യാപകനായ ശ്രീധരന്‍ മാഷിന്‍റെയും സരസ്വതിയമ്മയുടെയും ഏക മകന്‍. ഒരുപാട് കാത്തിരിപ്പിനും നേര്‍ച്ചകള്‍ക്കും ശേഷമാണ് സന്താന ഭാഗ്യം ഉണ്ടായത് എന്നത് കൊണ്ട് അവര്‍ യാതൊരു കുറവും അറിയിക്കാതെയാണ് അവനെ വളര്‍ത്തിയത്. അവന്‍റെ ഏതാഗ്രഹവും യാതൊരു മടിയും കൂടാതെ അവര്‍ സാധിപ്പിച്ചു കൊടുത്തു.

നല്ല വിദ്യാഭ്യാസം, എറണാകുളത്തെ പ്രശസ്തമായ മാനേജ്മെന്‍റ് കോളേജില്‍ ഉന്നത പഠനം. ശ്രീധരന്‍ മാഷും ഭാര്യയും എല്ലാ അര്‍ഥത്തിലും വിവേകിന്‍റെ ഭാവി സുരക്ഷിതമാക്കി. മകനെ പിരിഞ്ഞിരിക്കുന്നത് വിഷമം പിടിച്ച കാര്യമായിരുന്നുവെങ്കിലും ആ നല്ലവരായ അച്ഛനും അമ്മയും അതെല്ലാം സഹിച്ചു. വാരാന്ത്യങ്ങളില്‍ തങ്ങളുടെ അടുത്തെത്തുന്ന മകനെ കാണാന്‍, ശനിയാഴ്ചകള്‍ക്കായി അവര്‍ തപസ്സിരുന്നു. വിവേകിന്‍റെ ചെലവുകള്‍ക്ക് വേണ്ടി തങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ പോലും മാഷും ഭാര്യയും പലപ്പോഴും മാറ്റി വെച്ചു.

കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വിവേകിന് അഞ്ചക്ക ശമ്പളത്തില്‍ പൂനെയില്‍ ജോലിയും കിട്ടി. തങ്ങളുടെ കഷ്ടപ്പാടെല്ലാം തീരുകയാണ് എന്നോര്‍ത്തപ്പോള്‍ മാഷിനും സരസ്വതിയമ്മയ്ക്കും വളരെയധികം സന്തോഷം തോന്നി. പക്ഷേ പിന്നീടങ്ങോട്ട് കാര്യങ്ങളെല്ലാം മാറുകയായിരുന്നു.

ഓരോരോ തിരക്കുകളില്‍ പെട്ട വിവേകിനെ പലപ്പോഴും ഫോണില്‍ പോലും കിട്ടിയില്ല. കത്തുകള്‍ക്ക് മറുപടിയില്ല. അവധിക്ക് വരുമ്പോള്‍ പോലും സുഹൃത്തുക്കളുടെ കൂടെ ചുറ്റിയടിക്കാനായിരുന്നു അവന് താല്‍പര്യം. മകനെ കണ്‍നിറയെ കാണാന്‍ സാധിക്കുന്നില്ല എന്നത് ആ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചു. പണ്ട് അമ്മയുടെ സാരിത്തുമ്പില്‍ നിന്ന് മാറാതെ നടന്നിരുന്ന ചെക്കന് എന്തു പറ്റിയെന്നോര്‍ത്ത് എല്ലാവരും അത്ഭുതപ്പെട്ടു. പുതിയ ഉന്നതമായ ജീവിത സാഹചര്യങ്ങള്‍, അതിനൊത്ത പുതിയ ബന്ധങ്ങള്‍, എന്നാല്‍ തന്‍റെ മാതാപിതാക്കള്‍ അപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്ന ചിന്ത, ഇതൊക്കെയാണ് വിവേകില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയതെന്ന് താമസിയാതെ വീട്ടുകാരെങ്കിലും തിരിച്ചറിഞ്ഞു.

ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ള വിവേകിന്‍റെ വിവാഹം കൂടി കഴിഞ്ഞതോടെ എല്ലാം പൂര്‍ണമായി. പുതിയ ഉയരങ്ങള്‍ തേടി പറക്കുന്നതിനിടയില്‍ അയാള്‍ക്ക് പലപ്പോഴും നാട്ടില്‍ വരാനോ മാതാപിതാക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനോ കഴിഞ്ഞില്ല. ക്രമേണ അയാളും കുടുംബവും നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും അകന്നു പോയി.

അവസാന കാലത്ത് , മകനെ കുറിച്ചുള്ള ഗതകാല സ്മരണകള്‍ അയവിറക്കിക്കൊണ്ട് , നഗരത്തിലെ ഒരു മുന്തിയ വൃദ്ധ സദനത്തില്‍, ജീവിതം അവസാനിപ്പിക്കാനായിരുന്നു ആ അച്ഛന്‍റെയും അമ്മയുടെയും വിധി. ‍

മാതാപിതാക്കളോട് നമ്മള്‍ ചെയ്യുന്നത് 2

Image Courtesy : www.writing.wikinut.com

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് എല്ലായിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ട്.നമ്മളെ കഷ്ടപ്പെട്ടു വളര്‍ത്തിയ മാതാപിതാക്കളെ സംരക്ഷിക്കാനോ ശുശ്രൂഷിക്കാനോ ഇന്നാര്‍ക്കും സമയമില്ല. ജീവിതത്തില്‍ ഒന്നാമനാകാനോ അല്ലെങ്കില്‍ പിടിച്ചു നില്‍ക്കാനോ ഉള്ള പങ്കപ്പാടിനിടയില്‍ നാം അവരെ സൌകര്യപൂര്‍വം മറക്കുന്നു. അവര്‍ ആഹാരം കഴിച്ചോ, മരുന്ന്‍ കഴിച്ചോ എന്നു പോലും നമ്മള്‍ തിരക്കില്ല. എന്നാല്‍ യാതൊരു പരാതിയോ പരിഭവമോ പറയാതെ, തങ്ങളുടെ ഗതകാല സ്മരണകള്‍ അയവിറക്കി കൊണ്ട് അവര്‍ കഴിയുകയും ചെയ്യും, മരണം വരെ…………. ഒരു ശാപ വാക്ക് പോലും പറയാതെ…………..

പക്ഷേ എല്ലാവരും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നാളെ ഒരുപക്ഷേ സ്വന്തം ഭാര്യയോ ഭര്‍ത്താവോ ഉള്‍പ്പടെ പലരുംഏതെങ്കിലുംവിധത്തില്‍ നമ്മളെ വഞ്ചിച്ചേക്കാം. അങ്ങനെയുള്ള വാര്‍ത്തകള്‍ നമ്മള്‍ ദിനം പ്രതി കാണുന്നുമുണ്ട്. പക്ഷേ നല്ലവരായ മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി തങ്ങളുടെ ജീവന്‍ കളയാനേ ശ്രമിക്കൂ, അല്ലാതെ ഒരിയ്ക്കലും ചതിക്കില്ല, മോശമായി നമുക്ക് എന്തെങ്കിലും സംഭവിക്കണമെന്ന് ചിന്തിക്കുക കൂടി ചെയ്യില്ല. എന്നാല്‍ അതൊന്നും മനസിലാകാതെ നമ്മള്‍ എന്തിനോ വേണ്ടിയുള്ള ഓട്ടപ്പാച്ചില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് നാട്ടില്‍ വൃദ്ധസദനങ്ങളുടെ എണ്ണം പെരുകുന്നത്. പക്ഷേ അതില്‍ എവിടെയോ നമുക്ക് വേണ്ടിയും നാളെ ഒരു കട്ടില്‍ ഒരുങ്ങുന്നുണ്ട്. അതെല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്……………….


Share this post