Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മോദിയുടെ സെഞ്ചുറിയും അമിത് ഷാ യുടെ കോച്ചിങ് മികവും

Share this post

മോദിയുടെ സെഞ്ചുറിയും അമിത് ഷാ യുടെ കോച്ചിങ് മികവും 1

മോദി സര്‍ക്കാരിന്‍റെ സെഞ്ചുറി തിളക്കത്തില്‍ താരതമ്യേന മികച്ച പ്രകടനമാണ് ഭരണപക്ഷം പുറത്തെടുത്തത്. കളിയുടെ വിവിധ ഘട്ടങ്ങളില്‍ എതിരാളികളെ തീര്‍ത്തും നിഷ്പ്രഭരാക്കിയ മോദി പട അവരുടെ പിഴവുകള്‍ ശരിക്ക് മുതലെടുക്കുകയും ചെയ്തു. ജന്‍ ധന്‍ യോജന എന്ന മോദിയുടെ ക്ലാസിക് ഷോട്ട് കണ്ടു പകച്ചു പോയ മുഖഭാവം മാത്രം മതി കളിയുടെ നിലവാരം മനസിലാക്കാന്‍.. നേരത്തെ ബാറ്റിങ്ങിനിറങ്ങിയ യുപിഎ സഖ്യം സമാനമായ പദ്ധതി ആധാറിന്‍റെ മറവില്‍ പുറത്തെടുത്തിരുന്നുവെങ്കിലും പ്രതിപക്ഷത്തിന്‍റെയും കോടതിയുടെയും സംയുക്ത ആക്രമണത്തില്‍ ക്ലീന്‍ ബൌള്‍ഡായിരുന്നു.

യുപിഎ ബൌളര്‍മാരെ ക്രീസിന്‍റെ നാലുപാടും പായിച്ചുകൊണ്ടാണ് ഒന്നാമനായിറങ്ങിയ മോദി തുടങ്ങിയത്. കവര്‍ഡ്രൈവുകളും ഫോറുകളും സിക്സുകളും ആ ബാറ്റില്‍ നിന്ന്‍ യഥേഷ്ടം ഒഴുകി. കളിയുടെ ഒരു ഘട്ടത്തിലും ബൌളര്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാനായില്ല. വിലക്കയറ്റം എന്ന തുറുപ്പ് ചീട്ടു പുറത്തെടുത്ത യുപിഎ നായകന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ് സ്വല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. പക്ഷേ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ പോന്ന ബൌളര്‍മാര്‍ പ്രതിപക്ഷ നിരയില്‍ ഇല്ലാതെ പോയി. ഏറെ പ്രതീക്ഷ കല്‍പ്പിക്കപ്പെട്ടിരുന്ന രാഹുല്‍ ഗാന്ധിയെ സിക്സുകളും ബൌണ്ടറികളും കൊണ്ടാണ് അരുണ്‍ ജെയ്റ്റ്ലിയും രാജ്നാഥ് സിങ്ങും നേരിട്ടത്. മഹാരാഷ്ട്ര ലീഗില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ഗോപിനാഥ് മുണ്ടെ തുടക്കത്തിലെ പുറത്തായതാണ് എന്‍ഡിഎക്കു ഏറ്റ ഏക തിരിച്ചടി. പുതുമുഖ താരമായ സ്മൃതി ഇറാനി ദിഗ്വിജയ് സിങ്ങിന്‍റെ ആക്രമണത്തില്‍ തുടക്കത്തില്‍ പതറിയെങ്കിലും സാവധാനം കര കയറി. ഏറെ അകലത്തുകൂടി പോയ പന്തില്‍ ബാറ്റ് വച്ച അവര്‍ ഒരു സന്ദര്‍ഭത്തില്‍ പുറത്തായെന്ന് വരെ തോന്നിച്ചതാണ്.

ലോക്സഭാ ടീമിനെ അനൌദ്യോഗികമായി പരിശീലിപ്പിച്ച അമിത് ഷായെ കഴിഞ്ഞ മാസമാണ് ടീമിന്‍റെ കോച്ചായി പ്രഖ്യാപിച്ചത്. എന്‍ഡിഎ യുടെ ഐക്കണ്‍ പ്ലെയറും ഇപ്പോഴത്തെ നായകനുമായ നരേന്ദ്ര മോദിയാണ് ചരിത്ര പ്രധാനമായ പ്രഖ്യാപനം നടത്തിയത്. ഇനി ദേശീയ ലീഗില്‍ നിന്ന്‍ മാത്രമല്ല സംസ്ഥാന ലീഗുകളില്‍ നിന്നും കോണ്‍ഗ്രസ് ടീമിനെ പടിയടച്ച് പിണ്ഡം വയ്ക്കുമെന്ന് അമിത് ഷാ സ്ഥാനമേറ്റെടുത്തു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് ആളെ പിടിക്കാന്‍ ഇറങ്ങിയത് പോലെ പുതിയ താരങ്ങളെ കണ്ടെത്താന്‍ ഷാ ഇതിനിടയ്ക്ക് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുകയും ചെയ്തു. കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപിയുടെ ആവശ്യമില്ലെന്നും അതിനു ഉമ്മന്‍ ചാണ്ടിയും സുധീരനും തന്നെ ധാരാളമാണെന്നും നേതാക്കളില്‍ ആരെങ്കിലും അദ്ദേഹത്തോട് പറഞ്ഞോ എന്നറിയില്ല.

കവര്‍ഡ്രൈവുകള്‍ , ലോങ് ഷോട്ടുകള്‍

റോബര്‍ട്ട് വാധ്രക്കെതിരായ സ്ട്രൈറ്റ് ഡ്രൈവില്‍ നിന്നാണ് എന്‍ഡിഎയുടെ ഇന്നിംഗ്സ് തുടങ്ങിയത്. പിന്നീട് എയിംസ്, ഐഐടി, ഗംഗാ നദീജല ശുദ്ധീകരണം, ബുള്ളറ്റ് ട്രെയിനുകള്‍ തുടങ്ങിയ തന്‍റെ ആവനാഴിയിലെ ആയുധങ്ങളെല്ലാം മോദി പുറത്തെടുത്തു. മറുവശത്താണെങ്കില്‍ നയിക്കാന്‍ ആളില്ലാതെ അതിനായി നറുക്കിടേണ്ട അവസ്ഥയിലായിരുന്നു പ്രതിപക്ഷ ടീം. ഒടുവില്‍ ആളെ കിട്ടിയെങ്കിലും ടീമിന് അംഗബലം കുറവാണെന്ന കാര്യം പറഞ്ഞു റഫറി ക്യാപ്റ്റന്‍ പദവി നിഷേധിക്കുകയും ചെയ്തു. യുവനിരയുടെ പ്രതീകമാകുമെന്ന് കരുതപ്പെട്ടിരുന്ന ഉപനായകന്‍ കളിയില്‍ നിന്ന്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തത് കോണ്‍ഗ്രസിന് കൂടുതല്‍ ക്ഷീണമായി.

മികച്ച റണ്‍ ശരാശരി, പാളിപ്പോയ പരീക്ഷണങ്ങള്‍

ഫീല്‍ഡിങ് നിയന്ത്രണമുള്ള ആദ്യ 15 ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും ഭരണപക്ഷം മികച്ച നിലയില്‍ എത്തിയിരുന്നു.. പ്രതിപക്ഷത്തിന്‍റെ ബൌളിങ് പരീക്ഷണങ്ങള്‍ പാളുക കൂടി ചെയ്തത് ചുരുങ്ങിയ സമയത്തിനുള്ളില്‍ 50 കടക്കാന്‍ മോദിയെയും ജെയ്റ്റ്ലിയെയും സഹായിച്ചു. രാജ്യത്താകമാനം 100 സ്മാര്‍ട്ട് സിറ്റികള്‍, അഞ്ചു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ സഹായം, എക്സ്പ്രസ് ഹൈവേകള്‍, മികച്ച വിദ്യാഭ്യാസ സംവിധാനം, വിദേശ നയങ്ങളിലെ ഉറച്ച തീരുമാനങ്ങള്‍ എന്നിവ വഴി ആരാധകരെ കയ്യിലെടുത്ത മോദി വ്യക്തമായ ഹോംവര്‍ക്ക് ചെയ്തിട്ടാണ് താന്‍ കളത്തില്‍ ഇറങ്ങിയതെന്ന് തെളിയിച്ചു.

വിലക്കയറ്റം, സ്ത്രീ പീഡനം

അനില്‍ കുംബ്ലേയ്ക്ക് ഗൂഗ്ലി എങ്ങനെയാണോ അതുപോലെയാണ് ഖാര്‍ഗെയ്ക്ക് വിലക്കയറ്റം. അദ്ദേഹം അത് പുറത്തെടുത്തപ്പോള്‍ ജെയ്റ്റ്ലിയും രാജ്നാഥും ഗഡ്കരിയും സുഷമയുമൊക്കെ ഒന്നു പതറി. ഖാര്‍ഗെയുടെ ഓവറുകളിലാണ് എന്‍ഡി എ യുടെ സ്കോര്‍ പിന്നോക്കം പോയത്. സ്ത്രീ പീഡനം എന്ന സ്പിന്‍ തന്ത്രവുമായി കെ സി വേണുഗോപാലും രംഗത്ത് വന്നെങ്കിലും താമസിയാതെ അത് അവര്‍ക്ക് തന്നെ വിനയായി. സ്തീ പീഡനം എന്ന ആയുധം തങ്ങള്‍ക്കെതിരെയല്ല, സഹകളിക്കാരനായ മുലായത്തിനെതിരെയാണ് പ്രയോഗിക്കേണ്ടതെന്ന് സുഷമ തിരിച്ചടിച്ചതോടെ വേണുഗോപാല്‍ പിന്‍വലിഞ്ഞു.

നിരീക്ഷണം

സെഞ്ചുറി കടന്നെങ്കിലും ഭരണപക്ഷം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.. ക്യാപ്റ്റനെ ആശ്രയിച്ചാണ് ടീമിന്‍റെ കളി ഇപ്പോള്‍ ഏറെയും മുന്നോട്ട് പോകുന്നത്. ജെറ്റ്ലിയും ഗൌഡയും ഗഡ്കരിയുമൊക്കെ സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും അധികം ശ്രദ്ധിക്കപ്പെടുന്നില്ല. പുതുമുഖങ്ങളെ കണ്ടെത്തുന്നതിലും അവരെ രംഗത്തിറക്കുന്നതിലും പുതിയ കോച്ച് മുന്‍തൂക്കം കൊടുക്കണം. എന്നാല്‍ മാത്രമേ ഭാവിയിലെ ടീമായി ബിജെപിയെ വാര്‍ത്തെടുക്കാനാകൂ.

The End

[ My article posted in British pathram on 03/09/2014]


Share this post