Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

നരേന്ദ്ര മോദി – ഉമ്മന്‍ ചാണ്ടി ഭായി ഭായി

Share this post

നരേന്ദ്ര മോദി - ഉമ്മന്‍ ചാണ്ടി ഭായി ഭായി 1

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിഭിന്ന രാഷ്ട്രീയ ധ്രുവങ്ങളിലാണെന്ന് എല്ലാവര്‍ക്കുമറിയാം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പേരില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനോട് വിശദീകരണം ചോദിക്കുക വരെയുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനവും മാധ്യമ സമ്മര്‍ദവുമാണ് അന്ന്‍ അങ്ങനെ ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന് ബിജെപി നേതാവിനോട് അയിത്തമാണെന്ന പ്രചരണം അതോടെ ശക്തമായി.

കേരളത്തില്‍ മാറി മാറിവന്ന സര്‍ക്കാരുകള്‍ നരേന്ദ്ര മോദി എന്ന പേര് ഉച്ചരിക്കുന്നത് പോലും നിഷിദ്ധമായാണ് കരുതിയിരുന്നത്. വിഎസ് മുഖ്യമന്ത്രിയായ സമയത്ത് ഗുജറാത്തിനെ കുറിച്ച് പിണറായി നല്ല വാക്ക് പറഞ്ഞു എന്നാരോപിച്ച് പരസ്യമായി വിമര്‍ശിച്ചു. ഗുജറാത്തിനെ കുറിച്ചല്ല തമിഴ്നാടിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് പിണറായി വിശദീകരിച്ചതോടെയാണ് വിവാദം അവസാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ ടൂറിസം ബ്രാന്‍റ് അംബാസഡര്‍ ആകാന്‍ അമിതാഭ് ബച്ചന്‍ താല്‍പര്യം അറിയിച്ചെങ്കിലും ബച്ചന്‍ ഗുജറാത്തിന് വേണ്ടി പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട് എന്ന കാരണം പറഞ്ഞ് സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ ഒഴിവാക്കി. ബച്ചനെതിരായ നീക്കത്തിന് യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയ്ക്കും അന്ന്‍ കേരളം സാക്ഷ്യം വഹിച്ചു.

ആഘോഷങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കുമായി മോദിയെ ക്ഷണിച്ചവരെയെല്ലാം കേരളത്തിലെ ഇരുമുന്നണികളും സംശയ ദൃഷ്ടിയോടെയാണ് നോക്കിയത്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ സാമുദായിക നേതാക്കളും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. പക്ഷേ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിന് മറ്റ് വഴിയില്ലാതെയായി. കേരളത്തില്‍ നിന്ന്‍ ബിജെപിക്ക് എംപിമാര്‍ ആരും ഇല്ലാത്തതു കൊണ്ട് കേന്ദ്രം സംസ്ഥാനത്തോടു ചിറ്റമ്മ നയം കാണിക്കുമെന്ന് കരുതിയെങ്കിലും ഉമ്മന്‍ ചാണ്ടി ഉന്നയിച്ച ആവശ്യങ്ങളോട് തുറന്ന സമീപനമാണ് നരേന്ദ്ര മോദി സ്വീകരിച്ചത്.

കേരളത്തിന്‍റെ ഏറെ നാളത്തെ ആവശ്യമായിരുന്നു എയിംസും ഐഐടിയും. കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച മന്‍മോഹന്‍ സര്‍ക്കാര്‍ ആവശ്യത്തോട് മുഖം തിരിച്ചെങ്കിലും അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ തന്നെ കേരളം ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഐഐടിയും എയിംസും സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അലംഭാവമോ ചിട്ടയില്ലാത്ത സമീപനമോ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് തടസമായില്ല. ബജറ്റില്‍ എയിംസ് അനുവദിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ലെങ്കിലും അത് സംസ്ഥാനം വ്യക്തമായ സ്ഥലം നിര്‍ദേശിക്കാതിരുന്നത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പിന്നീട് വിശദീകരിച്ചു. യുഡിഎഫ് സര്‍ക്കാരും ബിജെപി നേതാവ് ഒ രാജഗോപാലും ഒരേപോലെ നിര്‍ദേശിച്ച തലസ്ഥാന നഗരിയില്‍ എയിംസ് സ്ഥാപിക്കാന്‍ ഇപ്പോള്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കരുതുന്ന ഐഐടി പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സ്ഥാപിക്കും. ഉന്നത പഠനത്തിനായി സംസ്ഥാനത്തുനിന്ന് കോയമ്പത്തൂര്‍ പോലുള്ള സമീപ സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം അതോടെ കുറയും. സ്ഥാപനത്തിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികളും കോളേജുകളും വരും നാളുകളില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ഉറപ്പാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്താലേ സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകൂ. ഏറ്റുമുട്ടലിന് പകരം ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പിന്തുടരുന്ന പ്രായോഗിക രാഷ്ട്രീയം ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യും. പാലക്കാട് കോച്ച് ഫാക്ടറി ഉള്‍പ്പടെയുള്ള വിവിധ വികസന വിഷയങ്ങളിലും ഈ സമീപനം തുടരേണ്ടതുണ്ട്.

യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍വേ കോച്ച് ഫാക്ടറി തറക്കല്ലിനപ്പുറം ഇതുവരെ എങ്ങും എത്തിയിട്ടില്ല. പാലക്കാടിനൊപ്പം സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവിടെ ഇതിനകം പണി പൂര്‍ത്തിയായി കോച്ചുകളുടെ നിര്‍മ്മാണവും തുടങ്ങി. എയിംസ് പോലുള്ള വമ്പന്‍ പദ്ധതികള്‍ ഞൊടിയിടയില്‍ തുടങ്ങാന്‍ തീരുമാനിക്കുന്ന സര്‍ക്കാരിന് ഇത് നിഷ്പ്രയാസം തുടങ്ങാവുന്നതേയുള്ളൂ. പാത ഇരട്ടിപ്പിക്കലിനായി സംസ്ഥാനം സ്ഥലം ഏറ്റെടുത്തു നല്‍കാത്തത് കൊണ്ടാണ് പുതിയ ട്രെയിനുകളൊന്നും അനുവദിക്കാതിരുന്നതെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ അടുത്തിടെ പറഞ്ഞിരുന്നു. വേണ്ടത്ര റേക്കുകള്‍ ഇല്ലാത്തതുകൊണ്ട് മറ്റ് ട്രെയിനുകള്‍ക്ക് കടന്നു പോകാനായി എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യം കേരളത്തില്‍ പലയിടത്തുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാക്കില്‍ കുടുങ്ങിയ നഴ്സുമാരുടെ പ്രശ്നത്തിലും ഉമ്മന്‍ ചാണ്ടിക്ക് വിദേശകാര്യ മന്ത്രാലയം വഴി കേന്ദ്രത്തില്‍ നിന്ന്‍ ശക്തമായ പിന്തുണയാണ് കിട്ടിയത്. നഴ്സുമാരെ തിരികെയെത്തിക്കാന്‍ പ്രശ്ന ബാധിത മേഖലയിലേക്ക് പ്രത്യേക വിമാനത്തെ അയച്ച കേന്ദ്രം മോചനത്തിനായി മധ്യസ്ഥര്‍ മുഖേന രഹസ്യ നീക്കങ്ങള്‍ കൂടി നടത്തിയത് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിക്കും ഏറെ ആശ്വാസമായി. തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍ അവര്‍ തിരികെയെത്തിയെങ്കിലും ഇനിയും ഏറെ മലയാളികള്‍ ഇറാക്കിലും ലിബിയയിലുമായി കുടുങ്ങിക്കിടക്കുകയാണ്. ഇറാക്കില്‍ സ്വകാര്യ കമ്പനിയുടെ തടവില്‍ കിടക്കുന്നവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടുമില്ല. ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇറാക്കി കേന്ദ്രങ്ങള്‍ വഴി യോജിച്ച ശ്രമങ്ങള്‍ നടത്തണം.

വിഴിഞ്ഞം തുറമുഖ പദ്ധതിയെ മോദി സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യവും കേന്ദ്രത്തിന്‍റെ മുന്നിലുണ്ട്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ധന മന്ത്രാലയം അംഗീകരിച്ചിരുന്നു. മൊത്തം 6647 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയില്‍ സ്വകാര്യ പങ്കാളി മുടക്കുന്ന തുകയുടെ 40% ആകും കേന്ദ്രം നല്‍കുക.

എല്‍ഡിഎഫ് ഭരണകാലത്ത് യുപിഎ സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കേരളത്തോട് കാണിച്ചിരുന്നതെന്ന് വിഎസ് പലപ്പോഴും പറഞ്ഞിരുന്നു. ഏതായാലും ഇപ്പോള്‍ മോദിയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെയൊരു അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല.മാത്രമല്ല, വ്യത്യസ്ഥമായ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുമ്പോഴും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളില്‍ പലതും അംഗീകരിച്ച നരേന്ദ്ര മോദിയെ കാണുമ്പോള്‍ ഉമ്മന്‍ ചാണ്ടി മനസിലാണെങ്കിലും രാഷ്ട്ര ഭാഷയില്‍ ഭായ്എന്നു വിളിക്കാനും ഇടയുണ്ട് (ങേ !)

The End

 

 [ My article published in British pathram on 12/08/2014]


Share this post