Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മനസില്‍ നിന്ന് മായാതെ നാഗവല്ലി

Share this post

 

manichithrathaazhu

Credit : Ricky George @rickygeo.ispyart.com

ശോഭന എന്നു കേട്ടാല്‍ നാഗവല്ലി എന്ന തമിഴത്തിയുടെ രൂപമാണ് നമ്മുടെ മനസില്‍ ആദ്യം എത്തുന്നത്. കാലമിത്ര കഴിഞ്ഞെങ്കിലും അതിനു യാതൊരു മാറ്റവുമില്ല. മണിച്ചിത്രത്താഴിന് മുമ്പും ശേഷവും അവര്‍ എത്രയോ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കാണാമറയത്തിലെ ഷെര്‍ലി,തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പി, ഇന്നലെയിലെ ഗൌരി, യാത്രയിലെ തുളസി, മായാമയൂരത്തിലെ ഭദ്ര എന്നിങ്ങനെയുള്ള ഒട്ടനവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ ഭാവപ്പകര്‍ച്ചകളാണ് പ്രേക്ഷക മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നത്.

ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പടെ അനവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം ബോക്സ് ഓഫീസിലും തരംഗങ്ങള്‍ സൃഷ്ടിച്ചു.അക്കാലത്തെ കളക്ഷന്‍ റിക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, തിലകന്‍, ഇന്നസെന്‍റ്, കെപിഎസി ലളിത എന്നിങ്ങനെയുള്ള വന്‍ താരനിരയാണ് അണി നിരന്നത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് ഫാസിലാണ്. മധു മുട്ടം തിരക്കഥയൊരുക്കിയ ചിത്രം 1993ലെ ക്രിസ്തുമസ് നാളില്‍ തിയറ്ററുകളില്‍ എത്തി.

മണിച്ചിത്രത്താഴിന് മുമ്പും മോഹന്‍ലാല്‍ഫാസില്‍ ടീം ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അവയ്ക്കെല്ലാം പൊതുവായ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരു സിനിമയുടെയും വിജയത്തിന്‍റെ ക്രെഡിറ്റ് ലാലിന് കിട്ടിയില്ല എന്നതായിരുന്നു അത്. ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ സമയത്ത് അദ്ദേഹം പുതുമുഖമായിരുന്നു. മാമാട്ടിക്കുട്ടിയമ്മയുടെ വിജയത്തിന്‍റെ ക്രെഡിറ്റ് ബേബി ശാലിനി സ്വന്തമാക്കിയപ്പോള്‍ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയുടെ വിജയം നാദിയ മൊയ്തുവിന്‍റെ പേരിലായി. മണിച്ചിത്രത്താഴും ആ പതിവ് തെറ്റിച്ചില്ല. അസാമാന്യമായ കയ്യൊതുക്കത്തോടെ വ്യത്യസ്ഥ കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രയാണം നടത്തിയ ശോഭന മറ്റെല്ലാവരെയും നിഷ്പ്രഭരാക്കിക്കൊണ്ട് പ്രസ്തുത സിനിമയുടെ പര്യായമായി മാറി.

കന്നഡ മുതല്‍ ബംഗാളി വരെയുള്ള വിവിധ ഭാഷകളില്‍ പുന: സൃഷ്ടിക്കപ്പെട്ട ചിത്രത്തിലെ നായികമാര്‍ക്ക് പക്ഷേ ശോഭനയുടെ തന്‍മയത്വം ഇല്ലാതെ പോയി. തെന്നിന്ത്യന്‍ ഭാഷകളിലെ നായികമാര്‍ക്കെല്ലാം അതാത് വര്‍ഷങ്ങളിലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയെങ്കിലും ദേശീയ അംഗീകാരം ശോഭനയ്ക്ക് മാത്രമാണ് സ്വന്തമായത്. മികച്ച കഥാ സന്ദര്‍ഭങ്ങളും ശുദ്ധഹാസ്യവും ഒത്തുചേര്‍ന്ന മധു മുട്ടത്തിന്‍റെ തിരക്കഥ തന്നെയാണ് മണിച്ചിത്രത്താഴിന്‍റെ ഏറ്റവും വലിയ വിജയഘടകം. പല പരമ്പരാഗത ഘടകങ്ങളെയും വെല്ലുവിളിച്ച ചിത്രം അന്നുവരെ നിലനിന്നിരുന്ന നായകസങ്കല്‍പങ്ങളെയും പൊളിച്ചെഴുതി.

manichithrathaazhu

മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി ജോസഫ് എന്ന നായകകഥാപാത്രം ഇടവേളയ്ക്ക് തൊട്ടുമുമ്പാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.തുടക്കത്തിലുള്ള രണ്ടോ മൂന്നോ സീന്‍ കഴിഞ്ഞാല്‍ നായകന്‍ വരുന്നതായിരുന്നു അതുവരെയുള്ള പതിവ്.എന്നാല്‍ സൂപ്പര്‍താരത്തിനെക്കാള്‍ കഥയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഫാസിലിന്‍റെ പരീക്ഷണം പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചു.ചിത്രത്തിന്‍റെ തമിഴ് റീമേക്കായ ചന്ദ്രമുഖി കണ്ടാല്‍ ഈ വ്യത്യാസം മനസിലാകും. അതില്‍ രജനികാന്ത് അവതരിപ്പിച്ച നായകവേഷം സിനിമയുടെ തുടക്കം മുതലേയുണ്ട്.പ്രഭുവും ജ്യോതികയും അവതരിപ്പിച്ച നകുലന്‍റെയും ഗംഗയുടെയും വേഷങ്ങള്‍ പോലും രജനിക്ക് ശേഷമാണ് വരുന്നത്. സൂപ്പര്‍താരത്തിന് വേണ്ടി ചേര്‍ത്ത സംഘട്ടന രംഗം കൂടിയായപ്പോള്‍ ചന്ദ്രമുഖി ഒരു പതിവ് തമിഴ് മസാല ചിത്രമായി മാറി.

പേരും രൂപവും മാറ്റി ആപ്തമിത്രയായി കന്നടയില്‍ പുറത്തിറങ്ങിയ സിനിമ അവിടെ വന്‍വിജയമായി. സാന്‍റല്‍വുഡിലെ സൂപ്പര്‍താരം വിഷ്ണുവര്‍ദ്ധന്‍ നായകവേഷത്തിലെത്തിയ ചിത്രത്തില്‍ സൌന്ദര്യയാണ് ഗംഗയായി അഭിനയിച്ചത്. സിനിമ കണ്ടിഷ്ടപ്പെട്ട രജനികാന്ത് അത് തമിഴില്‍ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാബ എന്ന സിനിമയുടെ പരാജയത്തില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന് പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയുടെ വിജയം വലിയ ഒരാശ്വാസമായി. ചെന്നൈയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ച സിനിമ രജനിയുടെ കരിയറിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു.

ഭൂല്‍ ഭുലയ്യ എന്ന പേരിലെടുത്ത ഹിന്ദി റീമേക്കും രാജ്മഹല്‍ എന്ന പേരിലെടുത്ത ബംഗാളി റീമേക്കും പ്രതീക്ഷ തെറ്റിച്ചില്ല. രാജ്യത്തിനകത്തും പുറത്തും വന്‍വിജയമായ പ്രിയദര്‍ശന്‍റെ ഭൂല്‍ ഭുലയ്യ ഏറെ നാള്‍ യുകെ ടോപ് 10 ചാര്‍ട്ടിലും ഇടം പിടിച്ചു. ബംഗാളി സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ പ്രോസെന്‍ജിത്ത് ചാറ്റര്‍ജിയാണ് രാജ്മഹലില്‍ മനശാസ്ത്രജ്ഞന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആപ്തരക്ഷക എന്ന പേരില്‍ പി വാസു കന്നടയില്‍ ഒരുക്കിയ സിനിമയുടെ രണ്ടാം ഭാഗം ചരിത്ര വിജയമാണ് നേടിയത്. തുടര്‍ന്ന്‍ ചന്ദ്രമുഖി-2 എടുക്കാന്‍ അദ്ദേഹം രജനിയെ സമീപിച്ചെങ്കിലും താരത്തിന്‍റെ തിരക്ക് മൂലം പ്രൊജക്റ്റ് നടന്നില്ല. വെങ്കടേഷ് നായകനായ തെലുങ്കിലെ തുടര്‍ച്ച അമ്പേ പരാജയവുമായി. മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഗീതാഞ്ജലിയിലൂടെ പുനരവതരിപ്പിക്കാന്‍ ശ്രമിച്ച പ്രിയദര്‍ശന്‍റെ സ്ഥിതിയും വ്യത്യസ്ഥമായില്ല.സിനിമ ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണു.

സിനിമയില്‍ മാടമ്പള്ളിയിലെ നിലവറയില്‍ തൂക്കിയിട്ട നാഗവല്ലിയുടെ ചിത്രത്തിന് കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയിരുന്നു.പക്ഷേ ശോഭനയുടെ കഥാപാത്രത്തിന് പ്രേക്ഷകമനസില്‍ ഇന്നും പത്തരമാറ്റ് തിളക്കമുണ്ട്. അവര്‍ മാത്രമല്ല ലാലിന്‍റെ അരക്കിറുക്കന്‍ ഡോക്ടര്‍, ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന സുരേഷിന്‍റെ നകുലന്‍, ഇന്നസെന്‍റ് അവതരിപ്പിച്ച പേടിത്തൊണ്ടനായ ഉണ്ണിത്താന്‍, അയാളുടെ ഭാര്യയും സ്വല്‍പ്പം അന്ധവിശ്വാസിയുമായ കെപിഎസി ലളിത അവതരിപ്പിച്ച ഭാസുര, കുതിരവട്ടം പപ്പുവിന്‍റെ കാട്ടുപറമ്പന്‍, നെടുമുടി വേണുവിന്‍റെ തമ്പി, തിലകന്‍റെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എന്നിവരും വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കാനായി മാസത്തില്‍ ഒരിക്കലെങ്കിലും നമ്മുടെ വിരുന്നുമുറിയില്‍ എത്താറുണ്ട്.

എംജി രാധാകൃഷ്ണന്‍റെ ജീവസ്സുറ്റ സംഗീതവും വേണുവിന്‍റെ ഛായാഗ്രഹണവും സിനിമയുടെ ഭംഗി കൂട്ടുന്നു. അടുത്തകാലത്ത് ഐബിഎന്‍ ചാനല്‍ നടത്തിയ ഒരു സര്‍വ്വേയില്‍ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഇന്ത്യന്‍ സിനിമയായി മണിച്ചിത്രത്താഴ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അനുബന്ധം : മണിച്ചിത്രത്താഴിന്‍റെ വന്‍വിജയത്തെ തുടര്‍ന്ന്‍ സിനിമ തമിഴിലെടുക്കാന്‍ ഫാസില്‍ തീരുമാനിച്ചെങ്കിലും അവസാനം ശ്രമം ഉപേക്ഷിച്ചു. മോഹന്‍ലാലിന്‍റെ വേഷം അവതരിപ്പിക്കാന്‍ പറ്റിയ ആളെ കിട്ടാത്തതായിരുന്നു കാരണം.

The End


Share this post