Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മോഹന്‍ലാലും ആറു സ്ത്രീകളും

Share this post

മോഹന്‍ലാലും ആറു സ്ത്രീകളും 1

മോഹന്‍ലാല്‍ എന്ന നടന വൈഭവം വെള്ളിത്തിരയില്‍ തീര്‍ത്ത വിസ്മയങ്ങള്‍ നിരവധിയാണ്. നവ രസങ്ങള്‍ ഇത്ര സ്വാഭാവികമായി കൈകാര്യം ചെയ്യുന്ന ഒരു നടന്‍ ഇന്ത്യയില്‍ വേറെയുണ്ടാവില്ല. നാടോടിക്കാറ്റിലും തൂവാനത്തുമ്പികളിലും വന്ദനത്തിലും തേന്മാവിന്‍ കൊമ്പത്തിലുമെല്ലാം കണ്ട പ്രണയാതുരനായ ആ നായകനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക ? സ്വല്‍പ്പം കുസൃതിയും ചില്ലറ കള്ളത്തരങ്ങളും നിഷ്ക്കളങ്ക ഭാവങ്ങളും നിറഞ്ഞ ലാലിന്‍റെ കാമുക വേഷങ്ങള്‍ ഏതൊരു സിനിമാപ്രേമിയുടെയും ഇഷ്ട വേഷങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകും.

ആദ്യ ചിത്രത്തിലെ നായികയായ പൂര്‍ണ്ണിമ ജയറാം മുതല്‍ സത്യന്‍ അന്തിക്കാടിന്‍റെ പുതിയ സിനിമയിലെ മഞ്ജു വാര്യര്‍ വരെയുള്ളവര്‍ ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ വ്യത്യസ്ഥമായ കെമിസ്ട്രിയാണ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയത്. മലയാള സിനിമയുടെ സുവ്വര്‍ണ്ണ കാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന എണ്‍പതുകളില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ഒട്ടനവധി സിനിമകളാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി കുടുംബ ചിത്രങ്ങളിലും ആക്ഷന്‍ വേഷങ്ങളിലും ശോഭിച്ചപ്പോള്‍ ലാല്‍ എല്ലാ മേഖലകളിലും തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ചു. മോഹന്‍ ലാല്‍സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുകെട്ടിലും മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലും ഇറങ്ങിയ അക്കാലത്തെ സിനിമകള്‍ ഇന്നും നമുക്ക് പ്രിയപ്പെട്ടവയാണ്.

മോഹന്‍ലാലിന്‍റെ ഭാഗ്യ ജോഡി എന്നു വിശേഷിപ്പിക്കപ്പെടുന്ന ശോഭന 1985ല്‍ റിലീസ് ചെയ്ത അവിടത്തെ പോലെ ഇവിടെയും എന്ന സിനിമയിലൂടെയാണ് ആദ്യമായി അദ്ദേഹത്തിന്‍റെ നായികയായത്. പിന്നീട് അഴിയാത്ത ബന്ധങ്ങള്‍, അനുബന്ധം, ടിപി ബാലഗോപാലന്‍, നാടോടിക്കാറ്റ്, തേന്മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ് എന്നിങ്ങനെ വിവിധ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ആ ജോഡികളെ നാം പിന്നേയും കണ്ടു. ലാലിന്‍റെ നായികാ പദവിയില്‍ ഏറ്റവുമധികം തിളങ്ങിയതും ശോഭനയാണെന്ന് പറയാം. എന്നാല്‍ അവര്‍ക്ക് മുമ്പേ മോഹന്‍ലാലിന്‍റെ നായികയായ നടിയാണ് രേവതി. 1983ലെ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് അവര്‍ മലയാളത്തില്‍ അരങ്ങേറിയത്. ഭരത് ഗോപി, ശ്രീവിദ്യ എന്നിവരും അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് ഭരതനാണ്. പിന്നീട് മൂന്നാം മുറ, വരവേല്‍പ്പ്, കിലുക്കം, അഗ്നിദേവന്‍, ദേവാസുരം എന്നിങ്ങനെയുള്ള സിനിമകളിലൂടെ അവര്‍ വീണ്ടും ലാലിസത്തിന്‍റെ ഭാഗമായി. ഇടയ്ക്ക് ചിത്രം എന്ന സിനിമയിലെ നായികാ വേഷം ലഭിച്ചെങ്കിലും കഥയെക്കുറിച്ചുള്ള അവ്യക്തത മൂലം അവര്‍ക്ക് ആ വേഷം നിരസിക്കേണ്ടി വന്നു.

പ്രണയ സിനിമകളെ കുറിച്ച് പറയുമ്പോള്‍ ഏതൊരു മലയാളിയും ആദ്യം പറയുക പദ്മരാജന്‍റെ തൂവാനത്തുമ്പികള്‍ എന്ന സിനിമയെ കുറിച്ചാണ്. ജയകൃഷ്ണനും ക്ലാരയും കാലം തെറ്റിയെത്തുന്ന മഴയും ആസ്വാദകരെ അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്. ജയനെ പോലെയുള്ള എഴുപതുകളിലെ നായകന്മാരുടെ കൂടെ അഭിനയിച്ചതിന് ശേഷം അക്കാലത്തെ പുതു തലമുറ നടന്മാരുടെ നായികാ വേഷത്തിലും തിളങ്ങിയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് സുമലത. തൂവാനത്തുമ്പികള്‍ സൂപ്പര്‍ഹിറ്റായെങ്കിലും പിന്നീട് ഭരതന്‍റെ താഴ്വാരം എന്ന സിനിമയില്‍ മാത്രമാണ് അവര്‍ ലാലിനൊപ്പം മുഖ്യവേഷത്തിലെത്തിയത്. പക്ഷേ ആ രണ്ടു സിനിമകളും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ ഗണത്തില്‍ പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

കാര്‍ത്തിക അക്കാലത്തെ ലാലിന്‍റെ മറ്റൊരു പതിവ് നായികാ മുഖമായിരുന്നു. ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റിലും സന്മനസുള്ളവര്‍ക്ക് സമാധാനത്തിലും ഇരുവരും ഒന്നിച്ച തന്‍മയത്വമുള്ള രംഗങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക ? അടിവേരുകള്‍, ഉണ്ണികളെ ഒരു കഥ പറയാം, താളവട്ടം, ഇവിടെ എല്ലാവര്‍ക്കും സുഖം, ജനുവരി ഒരു ഓര്‍മ തുടങ്ങിയ സിനിമകളിലും ആ ജോഡികള്‍ ഒന്നിച്ചു. ഒരുപക്ഷേ ലാലിന്‍റെ നായികാ വേഷത്തില്‍ നൂറു ശതമാനം വിജയ റെക്കോര്‍ഡ് കാര്‍ത്തികയ്ക്കല്ലാതെ വേറെ ആര്‍ക്കുമുണ്ടാവില്ല.

ആദ്യ കാലങ്ങളില്‍ തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉര്‍വശി എണ്‍പതുകളുടെ പകുതിയിലാണ് മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയത്. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയത്തിലാണ് അവര്‍ ആദ്യമായി ലാലിനൊപ്പം അഭിനയിച്ചത്. പിന്നീട് യുവജനോത്സവം, സുഖമോ ദേവി, ദേശാടനക്കിളി കരയാറില്ല, ലാല്‍ സലാം, ഇരുപതാം നൂറ്റാണ്ട്, ഭരതം തുടങ്ങി മനോഹരങ്ങളായ ഒട്ടനവധി സിനിമകളിലും അവര്‍ ഒന്നിച്ചഭിനയിച്ചു.

എണ്‍പതുകളിലെ നായികമാരില്‍ പലരും കളം വിടുകയും നല്ല പകരക്കാരെ കിട്ടാതെ വരുകയും ചെയ്തതോടെ ഇടക്കാലത്ത് സൂപ്പര്‍താരത്തിന്‍റെ നായികാവേഷത്തില്‍ സംവിധായകര്‍ക്ക് പല പരീക്ഷണങ്ങളും നടത്തേണ്ടി വന്നു. എന്നാല്‍ അവയില്‍ പലതും വിജയിച്ചതുമില്ല. തൊണ്ണൂറുകളുടെ അവസാനം തുടങ്ങിയ ആ ദുരവസ്ഥയ്ക്ക് വലിയൊരളവില്‍ പരിഹാരമായത് മഞ്ജു വാര്യരുടെ കടന്നു വരവോടെയാണ്. ആറാം തമ്പുരാന്‍, കന്മദം എന്നീ സിനിമകളില്‍ മല്‍സരിച്ചഭിനയിച്ച ഇരുവരും ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്‍റെ പുതിയ സിനിമ വരെ എത്തി നില്‍ക്കുന്നു.

മേല്‍പ്പറഞ്ഞ ആറു നായികമാരില്‍ ആരാണ് മോഹന്‍ലാലിന്‍റെ നായികാപദവിയില്‍ തിളങ്ങിയത് എന്നു കണ്ടെത്തുക ദുഷ്കരമാണെങ്കിലും ശോഭനയും ഉര്‍വശിയും സ്വാഭാവികമായും മുന്‍പന്തിയില്‍ നില്‍ക്കുന്നു. അക്കാലത്തെ സര്‍ഗ്ഗധനരായ എഴുത്തുകാരുടെയും സംവിധായകരുടെയും പിന്തുണ അവര്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് പറയാം. എല്ലാ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന ലാലിലെ കാമുകന്‍റെ തന്‍മയത്വം യഥാര്‍ത്ഥ ജീവിതത്തിലെ കാമിനിമാരെ കാലങ്ങളായി കൊതിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. അതുകൊണ്ട് മലയാള സിനിമയിലെ കാതല്‍ മന്നന്‍ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം.

[ My article published in KVartha on 12.11.2014]


Share this post