Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മാസ്റ്റര്‍പീസ്‌- സിനിമ റിവ്യു

Share this post

Masterpiece film review

മമ്മൂട്ടി നായകനായ മാസ് എന്റര്‍ടെയ്നര്‍ മാസ്റ്റര്‍പീസ്‌ തിയറ്ററുകളില്‍ എത്തി. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ രചന നിര്‍വഹിച്ച സിനിമ സംവിധാനം ചെയ്തത് അജയ് വാസുദേവാണ്. ഉണ്ണി മുകുന്ദന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, സന്തോഷ്‌ പണ്ഡിറ്റ്‌, വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്വ, മക്ബൂല്‍ സല്‍മാന്‍, ജോണ്‍ കൈപള്ളില്‍, സാജു നവോദയ എന്നിങ്ങനെ വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മിച്ചത് സി എച്ച് മുഹമ്മദ്‌ ആണ്. 

ഏറെ കാലത്തിനു ശേഷമാണ് മമ്മൂട്ടി ഒരു കാമ്പസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മഴയെത്തും മുന്‍പേക്ക് ശേഷം കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുന്ന മെഗാസ്റ്റാറിന്റെ പ്രകടനം ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ആ പേരും മമ്മൂട്ടിയുടെ സ്റ്റൈലിഷ് അവതാരവും സിനിമ ഇറങ്ങും മുമ്പേ ഹിറ്റായിരുന്നു. കാമ്പസ് പശ്ചാത്തലത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് മാസ്റ്റര്‍ പീസ്‌.  

രണ്ടു വിദ്യാര്‍ഥി ഗ്യാംഗുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. ദുരൂഹമായ ഒരു കൊലപാതകം, പിന്നീട് നടക്കുന്ന ഒരു ആത്മഹത്യയും അപകട മരണവും. ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനായി പോലിസ് കാമ്പസില്‍ എത്തുമ്പോള്‍ അവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നു. ആ സമയത്താണ് മമ്മൂട്ടിയുടെ എഡ്ഡി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിക്കുന്നത്. സിനിമ തുടങ്ങി മുക്കാല്‍ മണിക്കൂറിന് ശേഷമുള്ള ആ ഇന്‍ട്രോഡക്ഷന്‍ സീന്‍ ആരാധകര്‍ ആര്‍പ്പ് വിളികളോടെയാണ് സ്വീകരിക്കുന്നത്. 

പ്രശ്നക്കാരായ വിദ്യാര്‍ഥികളേക്കാള്‍ കുഴപ്പക്കാരനാണ് പുതിയെ പ്രൊഫസറെന്ന് പതിയെ പതിയെ എല്ലാവരും തിരിച്ചറിയുന്നു. ഇരു ഗ്യാംഗുകളെയും തന്ത്രപൂര്‍വ്വം ഒന്നിപ്പിക്കുന്ന അയാള്‍ അവരുടെയെല്ലാം രക്ഷകനാകുന്നു. പോലിസ് അന്വേഷണത്തെയും മാധ്യമ ധര്‍മത്തെയും വിമര്‍ശന ബുദ്ധിയോടെ സമീപിക്കുന്ന മാസ്റ്റര്‍പീസിന്‍റെ ആദ്യ പകുതി നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. ക്യാപ്റ്റന്‍ രാജുവിന്‍റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. യഥാര്‍ത്ഥ വേഷത്തിലെത്തുന്ന അദ്ദേഹത്തിന്‍റെ ആദ്യ രംഗം തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിക്കും. പ്യൂണ്‍ ശങ്കരന്‍ കുട്ടിയായെത്തുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ നല്ല ഒതുക്കവും തന്മയത്വവുമുള്ള അഭിനയമാണ് കാഴ്ച വച്ചത്.

പക്ഷെ ചിത്രം രണ്ടാം പകുതിയില്‍ പ്രതിക്ഷിച്ചത്ര നിലവാരം പുലര്‍ത്തിയില്ല എന്ന് പറയേണ്ടി വരും. മമ്മൂട്ടിയാണ് നായകന്‍ എന്നത് കൊണ്ട് കേസന്വേഷണവും അദ്ദേഹം തന്നെയാണ് നടത്തേണ്ടത് എന്ന പരമ്പരാഗത സിനിമയുടെ ചട്ടക്കൂടാണ്‌ മാസ്റ്റര്‍ പീസും പിന്തുടരുന്നത്. അത് പക്ഷെ അവിശ്വസനീയവും യുക്തിയെ പരിക്ഷിക്കുന്നതുമായ ചില കെട്ടുകാഴ്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു. തുടര്‍ന്ന് വാദി പ്രതിയാകുന്നു.

കുറ്റവാളിയെ എന്തും ചെയ്യാന്‍ നായകന് സ്വാതന്ത്ര്യമുണ്ട് എന്നാണ് മാസ്റ്റര്‍പീസും പറയുന്നത്. സൂപ്പര്‍ താര സിനിമകളുടെ പതിവ് ഫോര്‍മുല മാറ്റി പിടിച്ചിരുന്നുവെങ്കില്‍ ഇത് വ്യത്യസ്ഥമായ ഒരു ദൃശ്യാനുഭവമാകുമായിരുന്നു എന്ന് തീര്‍ച്ച. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നും എന്തായിരുന്നു അയാളുടെ ദൌത്യമെന്നും പറഞ്ഞു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

റേറ്റിംഗ്: 3/5


Share this post