Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മമ്മൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളും

Share this post

Mammootty

    ഇത് ന്യൂജനറേഷന്‍ സിനിമയുടെ കാലമാണ്. എന്തിനും ഏതിനും തെറി പറയുന്ന, ബാലതാരങ്ങള്‍ വരെ അശ്ലീല പദങ്ങള്‍ ഉച്ചരിക്കുന്ന, അവിഹിത ബന്ധങ്ങള്‍ യാതൊരു മറയുമില്ലാതെ തുറന്നു കാട്ടുന്ന ചില സിനിമകളെയാണ് മാറുന്ന കാലത്തിന്‍റെ ചലച്ചിത്രരൂപങ്ങളെന്ന് ഒരുകൂട്ടം മാധ്യമങ്ങളും നിരൂപകരും വിശേഷിപ്പിക്കുന്നത്. മലയാള സിനിമയില്‍ ഇപ്പോള്‍ അത്തരം സിനിമകളുടെ ഒരു കുത്തൊഴുക്കാണ്. അതിനിടയില്‍ മലയാളത്തിന്‍റെ വടവൃക്ഷങ്ങളെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ട സൂപ്പര്‍താരചിത്രങ്ങള്‍ വരെ തകര്‍ന്നടിയുന്നു. കഥയുടെ കാമ്പില്ലായ്മയും നിലവാരതകര്‍ച്ചയുമാണ് അത്തരം വമ്പന്‍ ചിത്രങ്ങളുടെ പരാജയത്തിന് കാരണമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ അവസരം കാത്തിരുന്നത് പോലെ, മമ്മൂട്ടിയെ പോലുള്ളവര്‍ ഇപ്പൊഴും ചെറുപ്പക്കാരായി നടിക്കുന്നതിന്‍റെ യുക്തിയാണ് ചിലര്‍ ചോദ്യം ചെയ്തത്. അറുപത് കഴിഞ്ഞ അദ്ദേഹം ഹിന്ദിയില്‍ അമിതാഭ് ചെയ്യുന്ന രീതിയിലുള്ള അച്ഛന്‍ വേഷങ്ങളിലേക്ക് മാറണമെന്നും യുവനടിമാരുടെകൂടെ ആടി പാടരുതെന്നും വരെ ചിലര്‍ പറഞ്ഞുവെച്ചു.

മമ്മൂട്ടി കേവലം ഒരു സൂപ്പര്‍താരമല്ല. താരപരിവേഷം തുളുമ്പുന്ന അമാനുഷിക കഥാപാത്രമായി ഇടക്കിടെ അവതരിക്കുന്നുണ്ടെങ്കിലും എപ്പോഴും ജീവിതഗന്ധിയായ വേഷങ്ങള്‍ ചെയ്യാനിഷ്ടപ്പെടുന്ന അതിനായി പരിശ്രമിക്കുന്ന ഒരു നല്ല നടന്‍ കൂടിയാണ് അദ്ദേഹം. വിധേയനും പാലേരിമാണിക്യവും കുഞ്ഞനന്തന്‍റെ കടയുമൊക്കെ അതിന്‍റെ സാക്ഷ്യപത്രങ്ങളാണ്. മമ്മൂട്ടി ‘നോ’ പറഞ്ഞിരുന്നെങ്കില്‍ കയ്യൊപ്പ്,പലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകള്‍ ഉണ്ടാകുമായിരുന്നില്ല എന്ന്‍ സംവിധായകന്‍ രഞ്ജിത് തന്നെ പറഞ്ഞിട്ടുണ്ട്. കയ്യൊപ്പ് പോലുള്ള സിനിമകളില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ മമ്മൂട്ടിയല്ലാതെ വേറൊരു സൂപ്പര്‍താരവും തയ്യാറാകില്ല എന്നത് സത്യമാണ്.

നവരസങ്ങളില്‍ രണ്ടോ മൂന്നോ ഒഴിച്ച് ബാക്കിയൊന്നും വഴങ്ങില്ലെന്ന് നിരൂപകര്‍ ഒന്നടങ്കം പറഞ്ഞ ഒരു നടന്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മലയാളത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നു, വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് തെന്നിന്ത്യയെ അറിയാത്ത മറുനാട്ടുകാരില്‍ അത്ഭുതങ്ങള്‍ ഉളവാക്കിയേക്കാം. പക്ഷേ യാഥാര്‍ഥ്യമതാണ്. ഭാസ്കര പട്ടേലറായും അച്ചൂട്ടിയായും ജികെ യായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ മഹാനടന്‍റെ ഭാവപ്പകര്‍ച്ചകള്‍ ഇപ്പോള്‍ കുഞ്ഞനന്തനില്‍ വരെ എത്തി നില്‍ക്കുന്നു. സിനിമയില്‍ ഒരുമിച്ചു ഹരിശ്രീ കുറിച്ച പലരും ഇതിനിടക്ക് അഭ്രപാളിയുടെ വിസ്മയക്കാഴ്ചകളില്‍ ഭ്രമിച്ച് പരാജയം സമ്മതിച്ച് കാലിടറി വീണെങ്കിലും അറുപത് കഴിഞ്ഞ ഈ ‘യുവ’ നടന്‍ ചെറുപ്പക്കാരെ പോലും നിഷ്പ്രഭരാക്കിക്കൊണ്ട് ഇപ്പൊഴും മലയാള സിനിമയുടെ നെടുംതൂണായി നില്‍ക്കുന്നു. അതിനിടയില്‍ മറ്റെല്ലാവരെയും പോലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും തെറ്റു പറ്റിയിട്ടുണ്ട്. ദുബായും ആഗസ്റ്റ് 15ഉം അദ്ദേഹത്തിന്‍റെ കരിയറിലെ വമ്പന്‍ പരാജയങ്ങളായപ്പോള്‍ വജ്രവും മാത്തുക്കുട്ടിയും പ്രേക്ഷകരില്‍ യാതൊരു ചലനവും ഉണ്ടാക്കിയില്ല.

ഇന്ത്യന്‍ സിനിമയുടെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ പുതുമുഖങ്ങളെ ഇത്രമാത്രം പ്രോല്‍സാഹിപ്പിച്ച- അവര്‍ക്കൊപ്പം ഇത്രയധികം തവണ പ്രവര്‍ത്തിച്ച- ഒരു നായകനടന്‍ വേറെയില്ലെന്ന് നിസ്സംശയം പറയാം. പരസ്യ ചിത്രങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചു പരിചയമുള്ള മാര്‍ട്ടിന്‍ പ്രക്കാട്ടും പ്രമോദും പപ്പനുമൊക്കെ സംവിധായകരായത് മെഗാസ്റ്റാറിന്‍റെ മാത്രം ബലത്തിലാണ്.തമിഴും ഹിന്ദിയും ഉള്‍പ്പടെ ഏത് ഭാഷയിലുമുള്ള സൂപ്പര്‍താരങ്ങള്‍ പ്രശസ്ത സംവിധായകരോടും എഴുത്തുകാരോടുമൊപ്പം മാത്രം പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെട്ടപ്പോള്‍ മമ്മൂട്ടി പുതിയ എഴുത്തുകാരിലാണ് പ്രതീക്ഷയര്‍പ്പിച്ചത്. അദ്ദേഹത്തിനും ‘ന്യൂ ജനറേഷന്‍ സിനിമ’യിലാണ് താല്‍പര്യം എന്നു ചുരുക്കം.

മലയാള സിനിമയിലെ ഇപ്പോഴത്തെ ഹിറ്റ് മേക്കര്‍ ലാല്‍ജോസും ആഷിക് അബുവും അന്‍വര്‍ റഷീദുമെല്ലാം മമ്മൂട്ടി ചിത്രങ്ങളില്‍ കൂടിയാണ് സിനിമയില്‍ അരങ്ങേറിയത്. അമല്‍ നീരദ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, പ്രമോദ് പപ്പന്‍, ബാബു ജനാര്‍ദന്‍, പ്രമോദ് പയ്യന്നൂര്‍, അനൂപ് കണ്ണന്‍, മാര്‍ത്താണ്ഡന്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. മമ്മൂട്ടിയുടെ പടത്തില്‍ തുടക്കമിട്ടില്ലെങ്കിലും ഷാഫി, ജോണി ആന്‍റണി തുടങ്ങിയ പുതിയ കാലത്തിന്‍റെ സംവിധായകര്‍ പല തവണ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു. മമ്മൂട്ടിയല്ലാതെ അവരുടെ ചിത്രങ്ങളില്‍ ഇത്രയധികം തവണ പ്രവര്‍ത്തിച്ച നായക നടന്‍ ദിലീപ് മാത്രമാണ്. സംവിധായകര്‍ മാത്രമല്ല സലിംകുമാറിനെയും സുരാജിനെയും പോലുള്ള ഇപ്പോഴത്തെ ഹാസ്യതാരങ്ങളും ഏറ്റവും മികച്ച പ്രകടനം നടത്തിയത് മമ്മൂട്ടിയോടും ദിലീപിനോടുമൊപ്പം പ്രവര്‍ത്തിച്ചപ്പോഴാണ്.

യുവത്വത്തിന്‍റെ ഈ സാമീപ്യം തന്നെയാവാം മലയാളത്തിന്‍റെ നിത്യ വസന്തമായി മമ്മൂട്ടി നിലനില്‍ക്കുന്നതിന്‍റെ ഒരു പ്രധാന കാരണം. കല്‍പനകളെ വാര്‍ദ്ധക്യം ബാധിച്ച ആളുകളോടൊപ്പം സ്ഥിരമായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ ചിന്തകളെയും പ്രവര്‍ത്തികളെയും ഒരു പരിധി വരെ സ്വാധീനിക്കും. അങ്ങനെയൊരു വേലിക്കെട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കാതിരുന്നതാണ് മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും വലിയ സവിശേഷത.

മമ്മൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളും 1

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ മലയാളത്തില്‍ അരങ്ങേറിയ സംവിധായകരും മമ്മൂട്ടിയോടൊപ്പം അവര്‍ ചെയ്ത ചിത്രങ്ങളുടെ എണ്ണവും.

 • ലാല്‍ ജോസ്- ഒരു മറവത്തൂര്‍ കനവ് (4 ചിത്രങ്ങള്‍)
 • അന്‍വര്‍ റഷീദ്- രാജമാണിക്യം (2ചിത്രങ്ങള്‍)
 • ഷാഫി – 4 ചിത്രങ്ങള്‍
 • ജോണി ആന്‍റണി – 3 ചിത്രങ്ങള്‍
 • വൈശാഖ്- പോക്കിരിരാജ
 • ബ്ലെസ്സി- കാഴ്ച (2 ചിത്രങ്ങള്‍)
 • പ്രമോദ് പപ്പന്‍- വജ്രം (2 ചിത്രങ്ങള്‍)
 • ആഷിക് അബു- ഡാഡി കൂള്‍
 • അമല്‍ നീരദ്- ബിഗ് ബി
 • മാര്‍ട്ടിന്‍ പ്രക്കാട്ട്- ബെസ്റ്റ് ആക്ടര്‍
 • മാര്‍ത്താണ്ഡന്‍- ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്
 • സഞ്ജീവ് ശിവന്‍- അപരിചിതന്‍
 • മോഹന്‍- കഥ പറയുമ്പോള്‍
 • ബാബു ജനാര്‍ദ്ദന്‍- ബോംബെ മാര്‍ച്ച് 12
 • പ്രമോദ് പയ്യന്നൂര്‍- ബാല്യകാലസഖി
 • അനൂപ് കണ്ണന്‍- ജവാന്‍ ഓഫ് വെള്ളിമല
 • അജയ് വാസുദേവ്- രാജാധിരാജ
 • ഷിബു ഗംഗാധരന്‍- പ്രെയ്സ് ദി ലോര്‍ഡ്‌
 • നിതിന്‍ രണ്‍ജി പണിക്കര്‍- കസബ
 • ഉദയ് അനന്തന്‍- വൈറ്റ്
 • ഹനീഫ് അദേനി – ദി ഗ്രേറ്റ് ഫാദര്‍

Share this post