Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സംഘടനയില്‍ ചേരിപ്പോര് രൂക്ഷം; മമ്മൂട്ടി ടൈംസ് നിര്‍ത്തി

Share this post

സംഘടനയില്‍ ചേരിപ്പോര് രൂക്ഷം; മമ്മൂട്ടി ടൈംസ് നിര്‍ത്തി 1

 

ഫാന്‍സ് അസോസിയേഷനിലെ ചേരി പ്പോര് രൂക്ഷമായതിനെ തുടര്‍ന്നു മമ്മൂട്ടി ടൈംസ് നിര്‍ത്താന്‍ മമ്മൂട്ടി തന്നെ നിര്‍ദേശം നല്‍കി. മലയാള സിനിമയില്‍ ഒരു താരത്തിന്‍റെ പേരില്‍ തുടങ്ങിയ ആദ്യ മാഗസിനാണ് മമ്മൂട്ടി ടൈംസ്. ആദ്യം മാസികയായാണ് തുടങ്ങിയതെങ്കിലും സംഗതി ക്ലിക്കായതിനെ തുടര്‍ന്ന് പിന്നീട് ദ്വൈവാരികയായി മാറ്റുകയായിരുന്നു. അധികം താമസിയാതെ  മോഹന്‍ലാല്‍ ഫാന്‍സുകാര്‍ മോഹന്‍ലാല്‍ സ്പെഷ്യല്‍ എന്ന പേരില്‍ അദേഹത്തിന്‍റെ സിനിമ വിശേഷങ്ങള്‍ നിറഞ്ഞ മാഗസിന്‍ ഇറക്കിയത് ആരാധകരുടെ പരസ്പരമുള്ള യുദ്ധത്തിന്‍റെ മൂര്‍ച്ച വര്‍ധിപ്പിച്ചു.

സംഘടനയിലെ തമ്മില്‍ തല്ല് കണ്ട് മടുത്താണ് മാഗസിന്‍ ഇനി ഇറക്കണ്ട എന്നു മമ്മൂട്ടി നിര്‍ദേശിച്ചത്. അടുത്ത ലക്കം പ്രിന്‍റിങ്ങിനായി തയാറാക്കിയിരുന്നുവെങ്കിലും പ്രസിദ്ധീകരിക്കണ്ടെന്ന് മമ്മൂട്ടി നിര്‍ദേശം നല്‍കിയതായി   മമ്മൂട്ടി ടൈംസിന്‍റെ മാനേജിങ് ഡയറക്ടര്‍ റഫീക് പറഞ്ഞു. ഇപ്പോള്‍ ഇമ്മാനുവലുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് മാഗസിന്‍ പെട്ടെന്ന് നിര്‍ത്താനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ നിര്‍മിച്ചത് മമ്മൂട്ടിയുടെ മേക്കപ്പ് മാനായ ജോര്‍ജായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ മാനേജരായ ആന്‍റോ ജോസഫ് നിര്‍മിച്ച ജയറാം ചിത്രമായ ഭാര്യ അത്ര പോര റിലീസായപ്പോള്‍ പല റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നും ഇമ്മാനുവല്‍ മാറ്റിയിരുന്നു. നല്ല കളക്ഷന്‍ ലഭിച്ചു കൊണ്ടിരുന്ന തന്‍റെ ചിത്രം മാറ്റിയത് ജോര്‍ജിനെ ചൊടിപ്പിച്ചു. ഇതേ ചൊല്ലി ജോര്‍ജും ആന്‍റോ ജോസഫും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി എന്നാണ് സൂചന.

കുറച്ചു നാളുകളായി മമ്മൂട്ടി ചിത്രങ്ങളെക്കാള്‍ ആന്‍റോ ജോസഫ് മറ്റ് നടന്മാരെ വെച്ചു നിര്‍മിക്കുന്ന ചില ചിത്രങ്ങള്‍ക്കാണ് മമ്മൂട്ടി ടൈംസില്‍ കൂടി കൂടുതല്‍ പ്രചാരം ലഭിക്കുന്നതെന്ന പരാതി ഫാന്‍സ് അസോസിയേഷനില്‍ ഒരു വിഭാഗത്തിനുണ്ട്. ഇത്തരം ചില പ്രശ്നങ്ങളാണ് ഈ വര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുക്കുകയായിരുന്ന മാഗസിന്‍റെ അടച്ചു പൂട്ടലില്‍ കലാശിച്ചത്. ഇതിന് പുറമെ മോഹന്‍ ലാലിനെ വ്യക്തിപരമായി അവഹേളിക്കുന്ന ചില ലേഖനങ്ങള്‍ അടുത്ത കാലത്ത് മമ്മൂട്ടി ടൈംസില്‍ വന്നതും മമ്മൂട്ടിയെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് ആരെയും വ്യക്തിപരമായി അവഹേളിക്കരുതെന്നും   അങ്ങനെയുള്ളവര്‍ തന്‍റെ സിനിമകള്‍ കാണേണ്ടതില്ലെന്നുമുള്ള  കടുത്ത ഭാഷയിലുള്ള പ്രസ്താവനയുമായി മമ്മൂട്ടി ഇന്നലെ  രംഗത്തെത്തിയത്.

താര സംഘടനകള്‍ തമ്മിലുള്ള യുദ്ധം പ്രിന്‍റിംഗ് മാധ്യമത്തിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും   പലപ്പോഴും അതിരു കടക്കുമ്പോള്‍ സമാനമായ എന്തെങ്കിലും നിര്‍ദേശവുമായി മോഹന്‍ലാല്‍ വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Share this post