കാര്യസ്ഥന്‍

കാര്യസ്ഥന്‍ 1

കൃഷ്ണപുരം ഗ്രാമത്തിനെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. അയല്‍ക്കാരാണെങ്കിലും ബദ്ധ ശത്രുക്കളാണ് ഇരു കൂട്ടരും എന്നത് സിനിമ കണ്ട എല്ലാവര്‍ക്കും അറിയാമല്ലോ. കല്യാണങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ സഹകരിക്കില്ലെന്നതോ പോട്ടെ, എവിടെയെങ്കിലും വച്ച് പരസ്പരം കണ്ടാല്‍ കീരിയും പാമ്പും പോലെ കടിച്ചു കീറുകയും ചെയ്യും. ഒരു മതില്‍ക്കെട്ടിനപ്പുറത്തുള്ള എതിരാളികളെ നോക്കി ഉച്ചത്തില്‍ ചീത്ത വിളിക്കുന്നതും കൊഞ്ഞനം കുത്തുന്നതുമൊക്കെ ഈ തറവാടികളുടെ പതിവാണ്. അതിനായി അവര്‍ പ്രത്യേക ദിവസക്കൂലിക്കാരെ വച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു.

ഇത്രയും പറഞ്ഞെങ്കിലും അവരുടെ കുടിപ്പകയുടെ കാരണം പറഞ്ഞില്ലല്ലോ എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. മറ്റ് പലരെയും പോലെ അതിന്‍റെ കാരണം എന്താണെന്ന് എനിക്കും അറിയില്ല. അടിസ്ഥാനപരമായി വലതുപക്ഷ അനുഭാവികളാണ് കിഴക്കേടത്തുകാര്‍. എന്നാല്‍ പുത്തേഴത്തുകാര്‍ നേരെ തിരിച്ചും. കമ്മ്യുണിസ്റ്റുകാര്‍. ഒരു പക്ഷെ ആശയപരമായ ഭിന്നതയായിരിക്കാം അവരുടെ ശത്രുതയുടെ കാരണം. അഞ്ചു വര്‍ഷം കൂടുമ്പോള്‍ സെക്രട്ടേറിയറ്റില്‍ ഭരണം മാറുന്നതനുസരിച്ച് തറവാടുകളുടെ ശുക്രദശയും ശനി ദശയും മാറി മാറി വന്നു.

അങ്ങനെയിരിക്കെയാണ് നമ്മുടെ നായകന്‍ കൃഷ്ണനുണ്ണി കഥയില്‍ അവതരിച്ചത്. ഉറ്റ ചങ്ങാതിയായ വടിവേലുവിനെയും കൊണ്ട് അപൂര്‍വ രാഗങ്ങളിലെ രജനികാന്തിനെ പോലെ നെഞ്ച് വിരിച്ച് ഗേറ്റ് തള്ളി തുറന്ന് അയാള്‍ കിഴക്കേടത്ത് തറവാടിന്റെ മുറ്റത്തെത്തി. പക്ഷെ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്ന് പറയുന്നത് പോലെ, പൂമുഖത്തെ ചാരുകസേരയിലിരുന്ന് മനോരമ പത്രം വായിക്കുകയായിരുന്ന കാരണവരെ കണ്ടപ്പോള്‍ അയാളുടെ ധൈര്യമെല്ലാം ചോര്‍ന്നു പോയി. താണുകേണു ഭവ്യതയോടെ അയാള്‍ വിളിച്ചു.

മുതലാളീ,

പത്രം മാറ്റി ഉമ്മച്ചന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. നരച്ച് അലസമായി കിടക്കുന്ന മുടി. ഖദര്‍ വേഷം. ഉദാസീനമായ മുഖം. ഇതൊക്കെയാണ് അദ്ദേഹത്തിന്‍റെ സ്ഥായീ ഭാവമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

ഉം, എന്താ ? : അദ്ദേഹം ചോദിച്ചു.

ഞങ്ങള്‍ ഒരുപാട് ദൂരെ നിന്ന് വരുന്നതാണ്. എന്തെങ്കിലും ഒരു ജോലി……… : കൃഷ്ണനുണ്ണി കൈ കൂപ്പിക്കൊണ്ട് അപേക്ഷാ സ്വരത്തില്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നുമറിയാത്ത മട്ടിലാണ് വടിവേലുവിന്റെ നില്‍പ്പ്. അപ്പുറത്ത് വരാന്ത തുടക്കുകയായിരുന്ന വേലക്കാരി ജാനുവിന്‍റെ മേലാണ് അയാളുടെ കണ്ണ്. കെട്ടുപ്രായം കഴിഞ്ഞെങ്കിലും സ്ത്രീധനം കൊടുക്കാനില്ലാത്തത് കൊണ്ട് കല്യാണം മുടങ്ങി നില്‍ക്കുന്ന ജാനുവിനും ആദ്യ കാഴ്ചയില്‍ തന്നെ അയാളെ ഇഷ്ടമായെന്ന് ആ ചിരിയും നാണവും കണ്ടാലറിയാം. സ്ഥലകാല ബോധം മറന്ന് നില്‍ക്കുന്ന കൂട്ടുകാരനെ കണ്ടപ്പോള്‍ കൃഷ്ണനുണ്ണിക്ക് ദേഷ്യം വന്നു. അയാള്‍ പൊട്ടന്റെ കാലില്‍ ചവിട്ടി.

ഹമ്മേ,

പൊട്ടന്‍ വേദനയോടെ തിരിഞ്ഞു നോക്കിയപ്പോള്‍ കൃഷ്ണനുണ്ണി കൈ കൂപ്പിക്കൊണ്ട് അയാളോടും അങ്ങനെ തന്നെ ചെയ്യാന്‍ ആംഗ്യ ഭാവത്തില്‍ ആവശ്യപ്പെട്ടു. അതോടെ വടിവേലുവും ഉമ്മച്ചനെ നോക്കി വിനയത്തോടെ കൈകൂപ്പി. നടന്നതെല്ലാം മനസിലായെങ്കിലും അജ്ഞത നടിച്ചു കൊണ്ട് ഉമ്മച്ചന്‍ പറഞ്ഞു,

ഇവിടെ ജോലിയൊന്നുമില്ല, അല്ലെങ്കിലും ഉള്ളവര് തന്നെ എപ്പോ പണി തരും എന്ന് പേടിച്ചിരിക്കുകയാ ഞാന്‍. നിങ്ങള് പോ.

അങ്ങനെ പറയരുത്. എന്തെങ്കിലും………………: കൃഷ്ണനുണ്ണി പറഞ്ഞു തീരും മുമ്പേ വടിവേലു ഇടപെട്ടു.

അതേ, എന്തെങ്കിലും. മാനേജറോ ചീഫ് വിപ്പോ അങ്ങനെ ചെറിയ എന്തെങ്കിലും ആയാലും മതി : അയാള്‍ നിസ്സാര ഭാവത്തില്‍ പറഞ്ഞു.

ചീഫ് വിപ്പോ ? ഇതെന്താ നിയമസഭയാണെന്ന് വിചാരിച്ചോ ഇയാള് ? : സ്വല്‍പ്പം ദേഷ്യത്തോടെ ഉമ്മച്ചന്‍ എഴുന്നേറ്റു.

അയ്യോ, വിപ്പല്ല. വെപ്പ്. പാചകക്കാരന്‍. അതാകുമ്പോ എപ്പോഴും കാണാമല്ലോ………… : നിറഞ്ഞ ചിരിയോടെ തന്നേ തന്നെ നോക്കിക്കൊണ്ട് ജോലി ചെയ്യുന്ന ജാനുവിന്റെ സൌന്ദര്യം ആസ്വദിച്ചു കൊണ്ട് വടിവേലു തിരുത്തി.

കാണാമെന്നോ ? ഇയാള്‍ ആരെ കാണുന്ന കാര്യമാ പറയുന്നത് ? : ഉമ്മച്ചന്‍ ചോദിച്ചു. വടിവേലു ഒന്നു ഞെട്ടി. എങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത അയാള്‍ കൂട്ടുകാരനെ ചേര്‍ത്തു പിടിച്ചുകൊണ്ട് ബാക്കി പറഞ്ഞു,

അയ്യോ, കാണുമെന്നല്ല. ഇവന്‍ നന്നായി പാചകം ചെയ്യുമെന്നാ പറഞ്ഞത്. അല്ലേടാ ? : മറുപടിയായി കൃഷ്ണനുണ്ണി ചിരിച്ചെന്ന് വരുത്തി.

ഇവിടെ ഏതായാലും അതിന്‍റെ ആവശ്യമൊന്നുമില്ല. : കാരണവര്‍ പറഞ്ഞു. പെട്ടെന്ന് എന്തോ ഓര്‍ത്തത് പോലെ അദ്ദേഹം അകത്തേയ്ക്ക് തിരിഞ്ഞു.

മാണിക്കുഞ്ഞേ, മാണിക്കുഞ്ഞേ…………. : കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു തലവെട്ടം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. കട്ടി മീശ, പരുക്കന്‍ മുഖം. തടിച്ച പ്രകൃതം. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് കൃഷ്ണനുണ്ണിയുടെ മനസ് പറഞ്ഞു. പെട്ടെന്ന് അയാളുടെ തലയില്‍ ബള്‍ബ് കത്തി.

ഉവ്വ്, ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച്. ഏതോ ലോക്കല്‍ ചാനലിലാണ് കണ്ടത്. പിന്നീട് അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കാനായി എത്തിയപ്പോള്‍ സിപിഎമ്മിന്‍റെ പ്ലീനം വേദിയില്‍ വച്ചും കണ്ടു.

എന്താ ?: മാണിക്കുഞ്ഞ് ചോദിച്ചു. ഹോ. അപ്പോള്‍ ശബ്ദവും പരുക്കനാണ്. പാറക്കല്ലില്‍ ചിരട്ട ഉരച്ചത് പോലുള്ള ശബ്ദം.

ഇവിടെ ഇപ്പൊ പുതിയ പണിക്കാരെ ആരെയെങ്കിലും ആവശ്യമുണ്ടോ ? ഖജനാവിന്റെ ചുമതല തനിക്കാണല്ലോ. അതുകൊണ്ടാ ചോദിക്കാമെന്ന് വച്ചത്. : ഉമ്മച്ചന്‍ പറഞ്ഞു. കൃഷ്ണനുണ്ണിയും പൊട്ടനും മറുപടിക്കായി പ്രതിക്ഷയോടെ കാതോര്‍ത്തു.

പത്തായത്തില്‍ ഒരു മണി നെല്ല് ബാക്കിയില്ല. കേന്ദ്രം പോലും കൈ മലര്‍ത്തി. P S Cക്കാരോട് ഓഫിസും പൂട്ടി വീട്ടില്‍ പോകാന്‍ പറഞ്ഞേക്കുവാ. അതിനിടയിലാ പുതിയ നിയമനം. ഇവിടെ ആരെയും വേണ്ട. : മാണിക്കുഞ്ഞ് കട്ടായം പോലെ പറഞ്ഞു. ആഗതരുടെ മുഖം മങ്ങി.

അങ്ങനെ പറയരുത് മുതലാളി, ഞങ്ങള്‍ എന്ത് പണിയും ചെയ്യും……. : കൃഷ്ണനുണ്ണി മാണിക്കുഞ്ഞിനെ നോക്കി വണങ്ങിക്കൊണ്ട് പറഞ്ഞു. അയാളുടെ ആ വിളി പക്ഷെ ഉമ്മച്ചന് സുഖിച്ചില്ല.

എടോ, ശരിക്കും മുതലാളി ഞാനാ………… : ഉമ്മച്ചന്‍ സ്വയം കൈ ചൂണ്ടിക്കൊണ്ട് ആക്രോശിച്ചു.

ശരി, ശരിക്കും മുതലാളീ…….. : കൃഷ്ണനുണ്ണി പറഞ്ഞു.

: എന്നെ കൈ വിടരുതെന്ന് പറ മുതലാളീ……… ഞാന്‍………..

പറഞ്ഞു തീരും മുമ്പേ ഉമ്മച്ചന്‍ ഇടപെട്ടു.

എടോ, കൈവിടരുതെന്ന് പറയാന്‍ തന്നേ ഇവിടെ ആരെങ്കിലും കല്യാണം കഴിച്ചോ ? : അദ്ദേഹം ചോദിച്ചു.

അതല്ല മുതലാളീ, എനിക്ക് ഒരു ജോലി അത്രയ്ക്ക് അത്യാവശ്യമാണെന്ന് പറയുകയായിരുന്നു. : കൃഷ്ണനുണ്ണി ദുഃഖം അഭിനയിച്ചുകൊണ്ട് പറഞ്ഞു.

കുഞ്ഞൂഞ്ഞേ, വെറുതേ അവരുടെ വാചകമടി കേട്ട് നില്‍ക്കാതെ ആ ഉണ്ണിത്താനെയോ ഹസ്സനെയോ വിട്ട് അവരെ കടിപ്പിക്ക്. അല്ലല്ല ഇറക്കി വിട്. ശാരി കുഞ്ഞിന്റെ പുതിയ സോളാര്‍ പ്ലാന്റിന്റെ ഉത്ഘാടനത്തിന് പോകാനുള്ളതാ. ഇപ്പോഴേ നേരം വൈകി : അകത്ത് വിശ്രമിക്കുകയായിരുന്ന ഒരു വൃദ്ധന്‍ ജനാലയില്‍ കൂടി പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ഉടനെ ഉമ്മച്ചന്‍ വാച്ചിലേക്ക് നോക്കി.

ശരിയാ, ഇപ്പോഴേ വൈകി : അദ്ദേഹം അകത്തേക്ക് നടന്നു.

മുതലാളീ………… : കൃഷ്ണനുണ്ണിയും പൊട്ടനും ദയനീയമായി വിളിച്ചെങ്കിലും അദ്ദേഹം നിന്നില്ല.

ഹസ്സാ, ഉണ്ണിത്താനേ………. ഇവിടെ ആരുമില്ലേ ഇവരെ ഇറക്കി വിടാന്‍ ? : മാണിക്കുഞ്ഞ് ഉറക്കെ വിളിച്ചപ്പോള്‍ രണ്ടു ആജാന ബാഹുക്കള്‍ ഓടി വന്ന് രണ്ടു പേരെയും പിടിച്ചു.

വിട്, ഞങ്ങളെ വിടാന്‍……………………. : ചെറുപ്പക്കാര്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ജോലിക്കാര്‍ അവരെ പുറത്താക്കി ഗേറ്റടച്ചു.

പിന്നീട് നടന്നതെന്താണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. കൃഷ്ണനുണ്ണിയും വടിവേലുവും റോഡില്‍ നിന്ന് കിഴക്കേടത്തുകാരെ ഉച്ചത്തില്‍ ചീത്ത വിളിച്ചു, അക്കാര്യത്തിലുള്ള അവരുടെ വൈഭവം അറിഞ്ഞപാടെ പുത്തേഴത്തുകാര്‍ വിളിച്ചു കൊണ്ടു പോയി ജോലി കൊടുത്തു. എന്താ ശരിയല്ലേ ? സംശയമുള്ളവര്‍ സിനിമ വീണ്ടും കാണുക. ചുരുക്കത്തില്‍  കൃഷ്ണനുണ്ണി അങ്ങനെ പുത്തേഴത്തെ കാര്യസ്ഥനായെന്നു പറഞ്ഞാല്‍ മതിയല്ലോ. പൊട്ടന്‍ കാര്യസ്ഥന്റെ കാര്യസ്ഥനുമായി.

ഇടവേള.

Read വല്യേട്ടന്‍

രാത്രിയുടെ ഇരുണ്ട യാമം.

മൂത്രമൊഴിക്കാനാണ് കൃഷ്ണനുണ്ണി വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. മുറ്റത്തിറങ്ങിയപ്പോള്‍ എവിടെയോ ആരോ അനങ്ങുന്നത് പോലെ തോന്നി. അടക്കി പിടിച്ച ചില സംസാരങ്ങളും കേള്‍ക്കാം. ശ്രദ്ധിച്ചപ്പോള്‍ അടുത്ത വീട്ടില്‍ നിന്നാണ്. കിഴക്കേടത്ത് നിന്ന്.

ഈ സമയത്ത് ആരാ അവിടെ ? ഇനി വല്ല കള്ളനും കയറിയതാവുമോ ?

അയാള്‍ വരാന്തയില്‍ കയറി നിന്ന് മതിലിനപ്പുറത്തെയ്ക്ക് എത്തി നോക്കി.

ഹേയ്, അവിടെ ഇനി ഏത് കള്ളന്‍ കേറാന്‍ ? നാട്ടിലുള്ള കള്ളന്മാരോക്കെ അവിടെ തന്നെയുണ്ടല്ലോ.

കൃഷ്ണനുണ്ണി ആത്മഗതം പോലെ പറഞ്ഞു. കൂട്ടുകാരനും ജാനുവും തമ്മില്‍ ഏതെങ്കിലും അവിഹിത ബന്ധമുണ്ടോ എന്ന് സംശയിച്ച് കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതെ കിടക്കുകയായിരുന്ന വടിവേലു ഒരു നിഴല്‍ പോലെ അയാളുടെ പിന്നാലെ തനെയുണ്ടായിരുന്നു.

കിഴക്കേടത്തിന്‍റെ മുറ്റത്ത് തിരിച്ചറിയാനാവാത്ത ചില രൂപങ്ങള്‍ കാര്യമായ എന്തോ ജോലിയിലാണ്. പാല റജിസ്ട്രേഷന്‍ ഉള്ള ഒരു ഒമ്നിയില്‍ എന്തൊക്കെയോ കേറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഒരു വെള്ള വസ്ത്രം വരാന്തയിലും നില്‍ക്കുന്നു. ജുഗുപ്സാവഹമായ എന്തോ കാര്യമാണ് അവിടെ നടക്കുന്നതെന്ന് കൃഷ്ണനുണ്ണിക്ക് തോന്നി.

അയ്യോ, കള്ളന്‍ കള്ളന്‍……………. : അയാള്‍ പെട്ടെന്ന് അലറിവിളിച്ചു. അപ്രതിക്ഷിതമായ ശബ്ദം കേട്ടപ്പോള്‍ കിഴക്കേടത്ത് നിന്നവരില്‍ പരിഭ്രാന്തി പ്രകടമായി. അവരുടെ ജോലി നിന്നു. ഞെട്ടലില്‍ നിന്ന് മുക്തനായി വെള്ള വസ്ത്രം അകത്തേയ്ക്ക് കയറാന്‍ തുടങ്ങുമ്പോഴേക്കും പരിസരത്തെല്ലാം ലൈറ്റ് തെളിഞ്ഞു. അപ്പോഴാണ്‌ ആ മുഖം കൃഷ്ണനുണ്ണി കണ്ടത്.

മാണിക്കുഞ്ഞ്. തനിക്ക് ജോലി നിഷേധിച്ച ദുഷ്ടന്‍. അയാളുടെ രോഷം തിളച്ചു.

എടാ നീയായിരുന്നോ ? കള്ളാ………….. : കൃഷ്ണനുണ്ണിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. അപ്പോഴേക്കും ബഹളം കേട്ട് എല്ലാവരും പുറത്തെത്തി.

എന്താ ഇവിടെ നടക്കുന്നത് ? : ഉറക്കത്തില്‍ നിന്നെഴുന്നേറ്റു വന്ന പുത്തേഴത്തെ കാരണവര്‍ അച്ചുമ്മാവന്‍ വിളിച്ചു ചോദിച്ചു. തൊട്ടു പുറകെ വിജയനും ബാലകൃഷ്ണനുമുണ്ട്.

ചുമ്മാ, അയാള്‍ അവിടെ നിന്ന് എന്തോ അടിച്ചു മാറ്റുകയായിരുന്നുവെന്നേ. ഇവന്‍ വെറുതെ ഒച്ച വച്ചു. : പതിവ് ലാഘവത്തോടെ വടിവേലു മാണിക്കുഞ്ഞിനെ ചൂണ്ടി പറഞ്ഞു.

ങേ മോഷണം………. : അച്ചുമ്മാവന്റെ നെറ്റി ചുളിഞ്ഞു. അല്ലെങ്കിലും അഴിമതിയെന്നും പീഡനമെന്നുമൊക്കെ കേട്ടാല്‍ അദ്ദേഹത്തിന് പണ്ടേ ചോര തിളക്കും. എല്ലാവരും അവിശ്വസനീയതയോടെ മാണിക്കുഞ്ഞിനെ തുറിച്ചു നോക്കി.

കള്ളന്‍ കള്ളന്‍………………. : ആവേശം കയറി പുത്തേഴത്തിന്‍റെ മുറ്റത്ത് ചാടിയിറങ്ങി ബാലകൃഷ്ണന്‍ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ മാണിയെ നോക്കി വിളിച്ചു. അതോടെ ചാനല്‍ ക്യാമറകളും സോഷ്യല്‍ മീഡിയയും ഉണര്‍ന്നു. ആഗോള വിഷയങ്ങളില്‍ ശക്തിയുക്തം പ്രതികരിക്കുന്ന ആഷിക് അബു പുതിയൊരു ഹാഷ് ടാഗും തുടങ്ങി.

#എന്‍റെവക500. അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്‍റെ വക 500 രൂപ സംഭാവന. സംഭാവനകള്‍ പ്രവഹിച്ചതോടെ മാണിക്കുഞ്ഞിന് കോളടിച്ചെങ്കിലും വലഞ്ഞത് തപാല്‍ വകുപ്പാണ്. അദ്ദേഹത്തിന് മണി ഓര്‍ഡര്‍ നല്‍കാനായി തറവാട്ടിലേക്ക് നടന്ന് നടന്ന് പോസ്റ്റ്‌മാന്‍റെ ചെരിപ്പ് തേഞ്ഞു.

കാലിയായ ഖജനാവ് നിറയ്ക്കാനായിരിക്കും മാണിക്കുഞ്ഞ് പണം വാങ്ങിയതെന്ന് പറഞ്ഞ് ഉമ്മച്ചന്‍ ന്യായികരിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ സമ്മതിച്ചില്ല.

പാലയില്‍ സ്വന്തമായി ഒരു റിസര്‍വ് ബാങ്ക് തുടങ്ങാനാണ് അദ്ദേഹം പദ്ധതിയിട്ടതെന്ന് ഒരു കൂട്ടര്‍ (അങ്ങനെയാണെങ്കില്‍ ചുക്കിനും ചുണ്ണാമ്പിനും കേന്ദ്രത്തിന് മുന്നില്‍ കൈ നീട്ടുന്നത് അവസാനിപ്പിക്കാമല്ലോ.)

അതല്ല തറവാടിന്‍റെ അക്കൊല്ലത്തെ ബജറ്റ് വിറ്റ്‌ കാശാക്കാനാണ് ശ്രമിച്ചതെന്ന് മറ്റ് ചിലര്‍. തറവാടിന്റെ കണ്ണായ സ്ഥലം ബാറുകാര്‍ക്ക് തീറെഴുതി പണമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ആരോപിച്ചവരും കുറവല്ല. ഏതായാലും കോടതി ഇടപെടുമെന്നായപ്പോള്‍ ചെന്നിത്തല പോലിസ് മാണിക്കുഞ്ഞിനെതിരെ കേസ് എടുത്തു.

ഞാന്‍ പണം കട്ടിട്ടില്ല. ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിച്ചിട്ടുമില്ല………. : എന്ന് പറഞ്ഞ് ലോല ഹൃദയനായ അദ്ദേഹം കരഞ്ഞു നിലവിളിച്ചെങ്കിലും സ്വന്തം കൂട്ടത്തിലുള്ളവരുടെ പോലും മനസലിഞ്ഞില്ല. ഹൃദയം തകര്‍ന്ന അദ്ദേഹം തന്‍റെ പെട്ടിയും സാമാനങ്ങളുമായി കിഴക്കേടത്ത് തറവാടിന്റെ പടികളിറങ്ങി. (വാത്സല്യം സിനിമയില്‍ മേലേടത്ത് രാഘവന്‍ നായരും കുടുംബവും വീട് വിട്ടിറങ്ങുന്ന രംഗം ഓര്‍ക്കുക.)

പരിസരത്ത് തന്നെയുള്ള സ്വന്തം വീട്ടിലേക്കാണ് മാണിക്കുഞ്ഞ് മാറിയത്. തറവാട് ഉപേക്ഷിച്ചതോടെ പുത്തേഴത്തുകാര്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന അകല്‍ച്ച മാറിയെന്ന് മാത്രമല്ല കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. കിഴക്കേടത്ത് പട്ടിണിയും പരിവട്ടവും കുത്തുവാക്കുകളുമായി കഴിഞ്ഞ മാണിക്കുഞ്ഞിനെ ചാക്കിട്ട് പിടിക്കാന്‍ അവര്‍ പല ഉപായങ്ങളും പരീക്ഷിച്ചു. അദ്ദേഹം മഹാനാണെന്നും മാണിക്യമാണെന്നും പറഞ്ഞു പുകഴ്ത്തി, തോമസ്‌ ഐസക്കിന്‍റെ മാരാരിക്കുളം മോഡല്‍ ജൈവ പച്ചക്കറികള്‍ കൊടുത്തു വിട്ടു, മോഹന വാഗ്ദാനങ്ങള്‍ നല്‍കി. പക്ഷെ ഒന്നും ഫലിച്ചില്ല. എന്താണ് അതിന്‍റെ കാരണമെന്നാലോചിച്ച് തറവാടിന്റെ അടുത്ത അവകാശിയായ വിജയന്‍ തല പുകയ്ക്കുമ്പോഴാണ് ആസ്ഥാന ഗുരുവായ പ്രകാശ് ജി ആ രഹസ്യം കണ്ടെത്തിയത്.

മാണിക്കുഞ്ഞിന്റെ മേല്‍ നമുക്ക് മാത്രമല്ല മറ്റ് പലര്‍ക്കും കണ്ണുണ്ട്. ഉമ്മച്ചന് ഇപ്പോഴും അദ്ദേഹത്തോട് താല്പര്യമുണ്ട്. പഴയ സുഹൃത്തിനെ വീണ്ടും കൂടെ കൂട്ടണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതിനായി പുതുപ്പള്ളി പള്ളിയില്‍ ഒരു വലിയ നേര്‍ച്ചയും നേര്‍ന്നിട്ടുണ്ട്. ഉഗ്ര ശക്തിയുള്ള ഏതോ ദേവിയാണ് അവിടത്തെ പ്രതിഷ്ഠ. അഞ്ജു ബോബി ജോര്‍ജ്ജിന്‍റെ കാര്യം നമുക്ക് തന്നെ അറിയാമല്ലോ : ഗുരുജി പറഞ്ഞപ്പോള്‍ പന്ന്യന്‍ അടക്കി പിടിച്ച് ചിരിച്ചു. ആ പ്രകടനം ഇഷ്ടമായില്ലെങ്കിലും വിജയനും ബാലകൃഷ്ണനും അത് കണ്ടില്ലെന്നു നടിച്ച് അടുത്ത അരുളപ്പാടിനായി കാതോര്‍ത്തു.

എന്നാല്‍ ഉമ്മച്ചനെക്കാള്‍ പ്രബലനായ മറ്റൊരാളാണ് ഇവിടെ നമ്മുടെ ശത്രു. കുമ്മനം. ക്ഷയിച്ച് നിലം പൊത്താറായ വടക്കേടത്ത് തറവാടിന്റെ കാരണവര്‍. മാണിക്കുഞ്ഞിന് സവിശേഷമായ അലഭ്യ ലഭ്യശ്രീ എന്ന യോഗമുണ്ടെന്നും അതുകൊണ്ട് അദ്ദേഹം നില്‍ക്കുന്ന തറവാട് നാള്‍ക്ക് നാള്‍ അഭിവൃദ്ധിപ്പെടുമെന്നും അങ്ങ് വടക്കുള്ള ഏതോ ഒരു ജ്യോത്സ്യന്‍ അയാളോട് പറഞ്ഞിരിക്കുന്നു. ഏത് വിധേനയും അദ്ദേഹത്തെ കൂടെ കൂട്ടാനാണ് കുമ്മനത്തിന്‍റെ ശ്രമം. അതിനായി ഗുജറാത്തില്‍ നിന്നും ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും വരെ ആളെ ഇറക്കിയിട്ടുണ്ട്. നമ്മള്‍ മാണിക്കുഞ്ഞിനെ കയ്യിലെടുക്കാന്‍ കുറേ ഒണക്ക പച്ചക്കറിയും വീട്ടു സാമാനങ്ങളുമല്ലേ കൊടുത്തത് ? എന്നാല്‍ അവര്‍ കാണിക്ക വച്ചത് രാജസ്ഥാനില്‍ നിന്നും യുപിയില്‍ നിന്നും കൊണ്ടു വന്ന വില പിടിച്ച രത്നങ്ങളും വൈഡൂര്യങ്ങളുമാ…………  അതിലൊന്നും അയാള്‍ വീഴാതിരുന്നാല്‍ നമ്മുടെ ഭാഗ്യം : ഒരു നെടുവീര്‍പ്പ് പോലെ പ്രകാശ്ജി പറഞ്ഞപ്പോള്‍ ഏവരുടെയും മുഖത്ത് മ്ലാനത പറന്നു.

നമുക്കും അത് പോലെ ചെയ്താലോ ഗുരുവേ ? : ബാലകൃഷ്ണന്‍ ചോദിച്ചു.

വിഡ്ഢിത്തം പറയാതിരിക്കൂ ബാലകൃഷ്ണാ, അതിന് കേരളം വിട്ടാല്‍ എവിടെയാ നമുക്ക് ആളുകളുള്ളത് ? ബംഗാളിലും ത്രിപുരയിലും. അഷ്ടിക്ക് വകയില്ലാതെ അവിടെ നിന്ന് ആളുകള്‍ ഇങ്ങോട്ട് വരുകയാ. അതിനിടയിലാ രത്നങ്ങള്‍ കൊണ്ട് കാണിക്ക വയ്ക്കുന്നത് : ഗുരുജി അയാളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. വിജയന്‍ ശാസനാ ഭാവത്തില്‍ ബാലകൃഷ്ണനെ രൂക്ഷമായി നോക്കി.

അല്ല, ഞാന്‍ ഉദ്ദേശിച്ചത് ചൈനയില്‍ നിന്നോ മറ്റോ………………. : ബാലകൃഷ്ണന്‍ പരിഭ്രമിച്ചു.

ചൈന…………… : പ്രകാശ്ജിയുടെ മനസ് ഒരു വേള മധുരമനോജ്ഞമായ അയല്‍ദേശത്തേക്ക് പറന്നു.

: ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാകുകയാ…………. എന്താ അവര് പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കുന്ന ബഹുമാനം ? ഇപ്പൊ കണ്ടില്ലേ ഷിയുടെ പടം അവര് ഓരോ വീട്ടിലും വയ്ക്കുന്നു, അദ്ദേഹത്തിന്‍റെ തത്ത്വങ്ങള്‍ സ്കൂളില്‍ പഠിപ്പിക്കുന്നു. ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുകയാ………….. ദാ നോക്ക്………. : എഴുന്ന് നില്‍ക്കുന്ന തന്‍റെ കയ്യിലെ രോമങ്ങള്‍ കാണിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

ഞാനും ഇവിടെ അതുപോലൊരു സ്ഥാനത്തിരുന്നതല്ലേ ? അദ്ദേഹത്തേക്കാള്‍ നന്നായി പ്രസംഗിക്കുന്നുമുണ്ട്. എന്നിട്ടെന്തായി ? കേരളം കടന്നാല്‍ ഒരു സലാം കിട്ടണമെങ്കില്‍ അങ്ങ് കൊല്‍ക്കത്തയിലെത്തണം…………………… ങാ…….. : അദ്ദേഹം പറഞ്ഞപ്പോള്‍ തുല്യ ദുഖിതരെ പോലെ സതീര്‍ഥ്യര്‍ തല കുനിച്ചു.

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി.

ഇക്കാലയളവില്‍ നാട്ടില്‍ പല അന്തര്‍ നാടകങ്ങളും അരങ്ങേറി. ഉമ്മച്ചനും ഡല്‍ഹിയുടെ ബലത്തില്‍ കുമ്മനവും ആഞ്ഞ് ശ്രമിച്ചെങ്കിലും മാണിക്കുഞ്ഞ് വീണത് പുത്തേഴത്തുകാരുടെ മുന്നിലാണ്. നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം അദ്ദേഹം പുത്തേഴത്ത് തറവാട്ടിലേക്ക് താമസം മാറാന്‍ നിശ്ചയിച്ചു. കൃഷ്ണനുണ്ണിയും വടിവേലും വിവരം അറിഞ്ഞത് അവസാന നിമിഷമാണ്. വാര്‍ത്ത കേട്ടതോടെ പരിഭ്രാന്തരായ അവര്‍ ഓടിക്കിതച്ച് തറവാടിന്റെ പുതിയ കാരണവരായ വിജയന്‍റെ അടുത്തെത്തി.

സാര്‍, ഞങ്ങള്‍ ഈ കേട്ടത് ? : ഓഫിസ് മുറിയിലേക്ക് അനുവാദം കൂടാതെ കടന്നു ചെന്ന അവര്‍ അദ്ദേഹത്തോട് ചോദിച്ചു.

എന്ത് ? : ഒന്നും മനസിലാകാതെ അദ്ദേഹം അവരെ നോക്കി.

അല്ല, മാണിക്കുഞ്ഞിന്റെ കാര്യം…………..

ഓ, അതാണോ ? അതൊക്കെ നിങ്ങള്‍ വിശ്വനോടോ ബാലകൃഷ്ണനോടോ ചോദിച്ചാല്‍ മതി. അവരാ അതിന്‍റെ ആള്‍ക്കാര്………. : വിജയന്‍ തന്നേ കാത്തിരിക്കുന്ന സന്ദര്‍ശകരിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷെ സാര്‍, ഞങ്ങളുടെ കാര്യം…………… : വടിവേലു എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും വിജയന്‍ അയാളെ രൂക്ഷമായി നോക്കി.

നിങ്ങള്‍ക്കെന്താ പറഞ്ഞാല്‍ മനസിലാകില്ലേ ? ഞങ്ങള്‍ ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യുകയാണ്. അപ്പോഴാണ്‌ ഒരു മാണിക്കുഞ്ഞ്. കടക്ക് പുറത്ത്…………. : വാതില്‍ക്കലേക്ക് കൈ ചൂണ്ടിക്കൊണ്ട് അദ്ദേഹം രോഷത്തോടെ പറഞ്ഞു. ഭയന്നു പോയ കൃഷ്ണനുണ്ണിയും വടിവേലുവും യാന്ത്രികമായി പുറത്തേക്ക് നടന്നു. പുറത്തിറങ്ങിയപ്പോഴാണ് അവര്‍ വരാന്തയില്‍ ഉലാത്തുകയായിരുന്ന വിശ്വനെ കണ്ടത്. അദ്ദേഹത്തെ കണ്ടപ്പോള്‍ അവര്‍ക്ക് ആശ്വാസമായി.

സാര്‍……….

ഇരുവരും അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെന്നു.

ങാ, നിങ്ങള്‍ ഇവിടെയുണ്ടായിരുന്നോ ? എന്ത് പറ്റി ? രണ്ടുപേരുടെയും മുഖം വല്ലാതിരിക്കുന്നു ? വിജയേട്ടന്‍ എന്തെങ്കിലും പറഞ്ഞോ ? : വിജയന്‍റെ മുറിയിലേക്കും അവരെയും നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു. പൊട്ടന്‍ മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും കൃഷ്ണനുണ്ണി അയാളുടെ കയ്യില്‍ പിടിച്ച് തടഞ്ഞു.

ഒന്നും പറയണ്ട സാര്‍. ഇന്ന് കിഴക്കേടത്തെ ജോലിക്കാരന്‍ ദാമു പറഞ്ഞപ്പോഴാ ഞങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞത്. ആ മാണിക്കുഞ്ഞ് ഇങ്ങോട്ട് താമസം മാറ്റാന്‍ പോകുകയാണോ ? : കാര്യസ്ഥന്‍ ചോദിച്ചു.

അതിനെന്താ ? അത് നല്ലതല്ലേ ? നമ്മുടെ അംഗബലം കൂടുമല്ലോ : വിശ്വന്‍ ചിരിച്ചുകൊണ്ട് നടപ്പ് തുടര്‍ന്നു.

പക്ഷെ അത് ഞങ്ങള്‍ക്ക് പണിയാകുമെന്നു മാത്രം………..: വടിവേലു പറഞ്ഞപ്പോള്‍ അദ്ദേഹം നിന്നു.

അല്ല സാര്‍, സാറിന് അന്നത്തെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ ? ആ രാത്രിയില്‍ ഞങ്ങള്‍ ബഹളം വച്ചത് കൊണ്ടാ അദ്ദേഹത്തിന് കിഴക്കേടത്ത് നിന്ന് പോകേണ്ടി വന്നത്. ആ ദേഷ്യം എന്തായാലും ഞങ്ങളോട് കാണും. അതാ പേടി…………. : കൃഷ്ണനുണ്ണി മുന്നില്‍ കയറി നിന്നുകൊണ്ട് പറഞ്ഞപ്പോള്‍ വിശ്വന്‍ വീണ്ടും ചിരിച്ചു.

ഹ ഹ അതൊക്കെ നിങ്ങളുടെ വെറും തോന്നലുകളാണ്. രാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവുള്ളതാണ്. ഞങ്ങള്‍ തന്നെ എന്തൊക്കെ പറഞ്ഞിരിക്കുന്നു ? അയാളെ അവിടെ നിന്ന് പുറത്താക്കണമെന്ന് ആദ്യം പറഞ്ഞതാരാ ? ഈ ഞാന്‍. അയാള്‍ കമ്മിറ്റി ഓഫിസില്‍ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് നിന്നപ്പോള്‍ ചെയര്‍മാന്‍റെ കസേര തല്ലി പൊട്ടിച്ചതോ, നമ്മുടെ ജയപാലനും.  അതും പിന്നെ ശിവന്‍കുട്ടി ഡസ്ക്കില്‍ കയറി നിന്ന് ഡാന്‍സ് കളിച്ചതുമൊക്കെ നിങ്ങളും ഓര്‍ക്കുന്നില്ലേ ? എന്നിട്ട് ഞങ്ങളതൊക്കെ എപ്പോഴേ മറന്നു : അദ്ദേഹം പറഞ്ഞു.

അതിന് സാര്‍ നിങ്ങളെ പോലെയാണോ ഞങ്ങള്‍ ? : കൃഷ്ണനുണ്ണി ചോദിച്ചു.

തൊലിക്കട്ടിയാ അവന്‍ ഉദ്ദേശിച്ചതേ……….. : വടിവേലു ബാക്കി പൂരിപ്പിച്ചപ്പോള്‍ വിശ്വന്‍ ദേഷ്യത്തോടെ കാര്യസ്ഥനെ നോക്കി.

അയ്യോ, അല്ല. നീ ചുമ്മാതിരി…………

സാര്‍ നിങ്ങള്‍ ഇവിടത്തെ വീട്ടുകാരാ. എന്തുമാവാം. പക്ഷെ ഞങ്ങള്‍ പണിക്കാരാ. അദ്ദേഹം പഴയ ദേഷ്യം വച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ക്ഷീണമാകും : കൃഷ്ണനുണ്ണി പറഞ്ഞപ്പോള്‍ അത് ശരിയാണെന്ന് വിശ്വനും തോന്നി. അയാള്‍ ആലോചിച്ചു.

നിങ്ങള്‍ പറഞ്ഞത് ശരിയാ, മാണിക്കുഞ്ഞിന്റെ സ്വഭാവം എപ്പോഴാ മാറുന്നത് എന്ന് പറയാന്‍ പറ്റില്ല. ഒരു മാതിരി ഓന്തിന്റെ ജനുസ്സാ…………. : വിശ്വന്‍ താടിക്ക് കയ്യും കൊടുത്ത് അങ്ങനെ പറഞ്ഞപ്പോള്‍ ജോലിക്കാരുടെ മുഖം തെളിഞ്ഞു.

അതുകൊണ്ട് ഒരു കാര്യം ചെയ്യ്‌, ബുദ്ധിമുട്ടാണെങ്കില്‍ നിങ്ങള്‍ പണി നിര്‍ത്തി പൊയ്ക്കോ. അതാ നല്ലത്…………. : അദ്ദേഹം പറഞ്ഞു.

സാര്‍………….. :

കൃഷ്ണനുണ്ണി ഞെട്ടിപ്പോയി.

അല്ലാതെ പിന്നെന്താ ചെയ്യുക ?

മാണിക്കുഞ്ഞിനെ നേരിടാന്‍ ഇവര്‍ക്കൊരു ചമ്മല്‍. ബുദ്ധിമുട്ടാണെങ്കില്‍ നിര്‍ത്തിക്കോളാന്‍ ഞാന്‍ പറഞ്ഞു : അപ്പോള്‍ പൂമുഖത്തെത്തിയ ബാലകൃഷ്ണനോടായി വിശ്വന്‍ പറഞ്ഞു.

ആയിക്കോട്ടെ, : ബാലകൃഷ്ണന്‍ സമ്മത ഭാവത്തില്‍ തലയാട്ടി.

സാര്‍, ഞങ്ങളെ പറഞ്ഞു വിടുകയാണോ ? നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങളുമൊക്കെ ? ഇക്കാലമത്രയും ഒരു പരാതിയോ പരിഭവമോ കൂടാതെ പറഞ്ഞ പണിയെല്ലാം ഞങ്ങള്‍ കൃത്യമായി ചെയ്തിട്ടില്ലേ ? അന്ന് തന്നെ ഞങ്ങള്‍ വിളിച്ചു പറഞ്ഞത് കൊണ്ടല്ലേ നിങ്ങള്‍ കാര്യങ്ങളൊക്കെ അറിഞ്ഞത് ? അതിന്‍റെ പേരില്‍ അവന്മാരെ താഴെയിറക്കി നിങ്ങള്‍ ബാങ്ക് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ചുരുക്കത്തില്‍ ഞങ്ങള്‍ കാരണം നിങ്ങള്‍ക്ക് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ക്ക് പകരം ആ കള്ളനോട് ഇങ്ങോട്ട് വരണ്ടെന്ന് പറഞ്ഞാല്‍ പോരെ, സാര്‍ ? : കൃഷ്ണനുണ്ണി ദയനീയമായി പറഞ്ഞപ്പോള്‍ ബാലകൃഷ്ണന്റെ മുഖം മാറി.

മിസ്റ്റര്‍ കൃഷ്ണനുണ്ണി, നിങ്ങള്‍ കുറേക്കൂടി മാന്യമായി സംസാരിക്കണം. മാണിക്കുഞ്ഞ് ഇന്ന് ഈ തറവാട്ടിലെ അംഗമാണ്. മുമ്പ് ഞങ്ങള്‍ അയാളെ കള്ളനെന്നും കൈക്കൂലിക്കാരനെന്നുമൊക്കെ വിളിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ ആ തറവാടുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ അയാള്‍ നല്ലവനായി. അതാണ്‌ ഞങ്ങള്‍ രാഷ്ട്രീയക്കാരുടെ പതിവ് രീതി. അതുകൊണ്ട് അയാളെ കുറ്റം പറയുന്നതിന് പകരം നിങ്ങള്‍ പതിവ് പോലെ ആ മതിലിന്റെ അടുത്ത് ചെന്ന് മറ്റവന്മാരെ ചീത്ത വിളിക്ക്. കാണട്ടെ. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മതില്‍ ചാടി രണ്ടു പേര്‍ അങ്ങോട്ട്‌ പോയിട്ടില്ലേ ? അവരെ പ്രത്യേകം പരാമര്‍ശിക്കാന്‍ മറക്കണ്ട. : അദ്ദേഹം ഓര്‍മ്മപ്പെടുത്തല്‍ പോലെ ആജ്ഞാപിച്ചു.

ഇവിടെ നിന്ന് പോയ പ്രേമനെയും മോഹനനെയുമാണോ സാര്‍ ഉദ്ദേശിച്ചത് ? അതായത് ഇന്നലെ വരെ നമ്മുടെ കൂടെയുണ്ടായിരുന്ന അവര്‍ കൊള്ളരുതാത്തവരും ഇന്ന് ഇങ്ങോട്ട് വരുന്ന മാണിക്കുഞ്ഞ് നല്ലവനാണെന്നും പറയണം : കൃഷ്ണനുണ്ണി പറഞ്ഞപ്പോള്‍ മുതലാളിമാര്‍ ഒരുപോലെ തലയാട്ടി.

: എന്താ സംശയം ?

അപ്പോള്‍ നാളെ അപ്പുറത്ത് നിന്ന് വീരനും കുഞ്ഞാപ്പയുമൊക്കെ ഇങ്ങോട്ട് വരുമ്പോഴും ഞങ്ങളീ പറയുന്നതൊക്കെ മാറ്റി പറയേണ്ടി വരില്ലേ ? : കൃഷ്ണനുണ്ണി സ്വല്‍പ്പം പരിഹാസത്തോടെ ചോദിച്ചു.

അതൊക്കെ രാഷ്ട്രീയത്തില്‍ സ്വാഭാവികമല്ലേ ? ഇന്ന് ഇവിടെ കാണുന്നവര്‍ അങ്ങോട്ട്‌ പോകും, അവിടെയുള്ളവര് ഇങ്ങോട്ടും വരും. അത് ലോകത്തെല്ലായിടത്തും നടക്കുന്നതാണ് : വിശ്വന്‍ പറഞ്ഞു.

പക്ഷെ ഞങ്ങള്‍ക്ക് പറ്റില്ല സാര്‍………….. : കൃഷ്ണനുണ്ണി കുറച്ചു ശബ്ദം താഴ്ത്തി പറഞ്ഞു.

എന്തോന്ന് ?

ഇനി അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചീത്ത വിളിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ലാ എന്ന്………….. : കൃഷ്ണനുണ്ണിയുടെ ശബ്ദം ഉയര്‍ന്നു.

എന്നാല്‍………………. കടക്ക് പുറത്ത്  :

ബാലകൃഷ്ണന്‍ ഗേറ്റിന് നേരെ കൈ ചൂണ്ടി അലറി.

എടാ ഷംസീറെ, രാജേഷേ……….. ഓടി വാ, : മുതലാളിയുടെ ഉച്ചത്തിലുള്ള വിളി കേട്ടപ്പോള്‍ ഇരുവരും പിന്നാമ്പുറത്തു നിന്ന് ഓടി മുറ്റത്തെത്തി.

ഈ അഹങ്കാരികളെ പിടിച്ച് പുറത്താക്കടാ………….. : കേട്ടപാടെ അവര്‍ മുന്നോട്ടാഞ്ഞെങ്കിലും കൃഷ്ണനുണ്ണി കൈ കാണിച്ച് അവരെ തടഞ്ഞു.

വേണ്ട. ഞങ്ങള്‍ ഇറങ്ങുവാ. ഞങ്ങള്‍ക്ക് കേറിക്കിടക്കാന്‍ ഒരു വീടും കുറച്ചു സ്ഥലവുമുണ്ട്, അങ്ങ് തെങ്കാശിയില്‍. അവിടെ ഞങ്ങള്‍ കൃഷിയിറക്കും. ഞങ്ങള്‍ക്കതാ ഇഷ്ടം. കാരണം ഒന്നും മാറ്റി പറയണ്ടല്ലോ, : കൃഷ്ണനുണ്ണി മുന്നറിയിപ്പ് പോലെ പറഞ്ഞ് പുറത്തേക്ക് തിരിഞ്ഞപ്പോഴാണ് കിഴക്കേടത്തിന്‍റെ വരാന്തയില്‍ നിന്ന് എത്തിനോക്കുന്ന ചെന്നിത്തലയെ കണ്ടത്.

സാറേ, അവിടെയും കൂടിയാ പറഞ്ഞത്. ഇത് വിഷ്വല്‍ മീഡിയയുടെ കാലമാ. ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് എന്നത് മറക്കണ്ട……… നിഷേധിക്കാന്‍ കുറേ പാടുപെടും, : അയാള്‍ പറഞ്ഞു.

അപ്പോള്‍ ഞങ്ങള്‍ പോകുവാ. സലാം…………….. : അത്രയും പറഞ്ഞ് കൃഷ്ണനുണ്ണി രജനികാന്ത് ശൈലിയില്‍ ഷാള്‍ വായുവില്‍ കറക്കി കഴുത്തില്‍ ചുറ്റി. തുടര്‍ന്ന് സ്ലോ മോഷനില്‍ പുറത്തേക്ക് നടന്നു.

എടാ, കുട്ടാ. നീ നില്‍ക്ക്. നീ എന്താ ഇങ്ങനെ നടക്കുന്നത് ? : അയാളുടെ ഒപ്പമെത്താന്‍ പാടുപെട്ടു കൊണ്ട് പൊട്ടന്‍ ചോദിച്ചു.

എടാ, നീ സിനിമയിലൊക്കെ കണ്ടിട്ടില്ലേ ? ഇതുപോലുള്ള ഡയലോഗ് പറഞ്ഞിട്ട് സുരേഷ് ഗോപി നടക്കുന്നത് ഇങ്ങനെയാണ്. ടണ്‍ ടണ്‍ ടാന്‍ ടടട്ടന്‍ എന്ന മ്യൂസിക്കും കേള്‍പ്പിക്കും……………….. : കൃഷ്ണനുണ്ണി ഗൌരവം വിടാതെ പറഞ്ഞു.

ങാ, : കാര്യം മനസിലായ മട്ടില്‍ വടിവേലു ചിരിച്ചു. പക്ഷെ സംശയം വിട്ടു മാറാതെ അയാള്‍ ചുറ്റും കാതോര്‍ത്തു കൊണ്ട് പറഞ്ഞു.

: എന്നിട്ട് ഞാനൊരു മ്യൂസിക്കും കേള്‍ക്കുന്നില്ലല്ലോ.

എടാ, പൊട്ടാ. അതൊക്കെ ഡയറക്ടര്‍ നോക്കിക്കോളും. നീ ചുമ്മാ എന്‍റെ കൂടെ നടന്നാല്‍ മതി :

കൃഷ്ണനുണ്ണി പറഞ്ഞപ്പോള്‍ വടിവേലുവിന് തെളിഞ്ഞു.

എന്നാല്‍ ഓക്കെ. ഞാന്‍ വിചാരിച്ചു ഈ ശബ്ദമൊക്കെ സുരേഷ് ഗോപി ഉണ്ടാക്കുന്നതാണെന്ന്……………… : കൂട്ടുകാരനെ അനുഗമിക്കുന്നതിനിടയില്‍ സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു. അവര്‍ റോഡിലെത്തിയതും ദൂരെ നിന്ന് പുതിയ താമസക്കാരനെയും കൊണ്ട് സാധന സാമഗ്രികളുമായി ഒരു വാഹനവ്യൂഹം വരുന്നത് കണ്ടു. മാണിക്കുഞ്ഞിന്റെ വരവാണ്. കൃഷ്ണനുണ്ണിയും വടിവേലുവും ഒരു വശത്ത് ഒതുങ്ങിക്കൊടുത്തു.

മാണിക്കുഞ്ഞിന്റെ കാര്‍ മുന്നിലും മറ്റുള്ളവ പിന്നിലുമായി വാഹനങ്ങള്‍ ഗേറ്റ് കടന്ന് പുത്തേഴത്തെ മുറ്റത്ത് കയറി.

The End