Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കടല്‍ – കഥ

Share this post

sea

എനിക്കൊരു പ്രണയമുണ്ട്.

അത് കേവലം ഏതെങ്കിലും വ്യക്തിയോടല്ല. മറിച്ച് അനന്തമായ സാഗരത്തോടാണ്. ശുദ്ധമായ നീലിമയോട്. കടല്‍. അതില്‍ അലിയാന്‍, അലിഞ്ഞു ചേരാന്‍ ഞാന്‍ പലപ്പോഴും കൊതിച്ചിട്ടുണ്ട് . ചിലപ്പോഴൊക്കെ അറിയാതെ, എനിക്ക് എന്നെ തന്നെ നഷ്ടപെടുമെന്നു വന്നപ്പോള്‍, കടല്‍, ഒന്നും ചെയ്യാതെ എന്നെ കൈവിട്ടിട്ടുമുണ്ട്. അപ്പോഴൊക്കെ ഞാനും മനസ്സിലാക്കി, കടലിനു എന്നോടും എന്തോ ഒരു പ്രത്യേക സ്നേഹമുണ്ടെന്ന്. ഒരു അമ്മയ്ക്ക് മകനോട്‌ തോന്നുന്ന വാത്സല്യം. അത് കൊണ്ടല്ലേ, ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ എന്നെ പലപ്പോഴും തഴുകി വെറുതെ വിട്ടത്…………

സ്കൂളില്‍ പഠിക്കുന്ന നാളുകളില്‍, ഒരിക്കല്‍, ആരോടും പറയാതെ, കടല്‍ കാണാന്‍ ഇറങ്ങി തിരിച്ച ദിവസം. മുതിര്‍ന്ന ക്ലാസില്‍ പഠിക്കുന്ന രണ്ടു കൂട്ടുകാരോടൊപ്പം, ബസ്‌കയറി, അന്ന് ആലപ്പുഴ കടപ്പുറത്തെത്തി. കടലിന്‍റെ അനിര്‍വചനിയമായ ഭംഗി, ആദ്യമായി, കണ്‍നിറയെ കണ്ട്, ആവേശത്തില്‍ കയറി പറ്റിയത് കരിങ്കല്‍ക്കൂട്ടങ്ങളിലാണ്. നേരത്തെ അടിച്ചു കയറിയ തിരമാലകള്‍ കാരണം, അവിടെ വഴുവഴുക്കല്‍ ഉള്ളത് പെട്ടെന്ന് ശ്രദ്ധിച്ചില്ല. ഇടയ്ക്കെപ്പോഴോ കാല്‍തെറ്റി, താഴെ സാഗരത്തിലേക്ക് വീഴാന്‍ തുടങ്ങിയ എന്നെ, പിടിച്ചു കയറ്റിയത് കൂടെയുണ്ടായിരുന്ന ചങ്ങാതിമാരാണ്.

തിരിച്ചു പോകുമ്പോള്‍, തീരത്ത് കയറ്റി നിര്‍ത്തിയ വള്ളത്തില്‍നിന്ന്, വല എടുത്തു മാറ്റി കൊണ്ടിരുന്ന കറുത്ത് മെലിഞ്ഞ, മുമ്പില്‍ കഷണ്ടി കയറിയ, പ്ലാസ്ടിക് തൊപ്പി വെച്ച ഒരാള്‍ ഞങ്ങളോട് ചോദിച്ചു.

നിങ്ങള്‍ സ്കൂളില്‍ നിന്ന് ആരോടും പറയാതെ , ഈ കടല്‍ കാണാന്‍ ഇറങ്ങിയതാ അല്ലെ ?

ഞങ്ങള്‍ കള്ളത്തരം പിടിക്കപ്പെട്ട വൈക്ലബ്യത്തോടെ തലയാട്ടി.

നിങ്ങള്‍ക്ക് എന്തിന്‍റെ സൂക്കേടാ പിള്ളേരെ ? ആ കരിങ്കല്‍ക്കൂട്ടത്തില്‍ നിന്ന് ഇന്നലെ ക്കൂടി ഒരുത്തന്‍ വീണു ചത്തതെയുള്ളൂ…………ശവം, ദാണ്ടേ, അവിടെയാ പൊങ്ങിയത്………..: അയാള്‍ അകലെ തീരത്തേക്ക് കണ്ണയച്ചു കൊണ്ട് പറഞ്ഞു. ഞങ്ങള്‍ ഭയന്ന് പോയി.

ഇത് ഏതോ ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്. അത് കൊണ്ട് നിങ്ങള് എത്രയും പെട്ടെന്ന് വീട് പിടിക്കാന് ‍നോക്ക് . നേരം ഇരുട്ടി. ഉം. പൊയ്ക്കോ………………….: അയാള്‍ അതും പറഞ്ഞ് ഞങ്ങളെ ഓടിച്ചു. ഞങ്ങളുടെ ആ ഓട്ടം ചെന്ന് നിന്നത് അടുത്തുള്ള ബസ്‌സ്റ്റോപ്പിലാണ്.

 

വര്‍ഷങ്ങളുടെ ഇടവേള.

ഞാന്‍ അപ്പോള്‍ കോളേജില്‍ പഠിക്കുകയാണ്. അന്ന് ഞാനും കൂട്ടുകാരും എത്തിയത് അഴീക്കലിനടുത്തുള്ള ഒറ്റമശേരി എന്ന സ്ഥലത്താണ്. അടുത്ത് കടലുണ്ട്. കൂട്ടുകാരന്‍റെ ജ്യേഷ്ടന്‍റെ കല്യാണത്തിന് പങ്കെടുക്കാനാണ് യാത്ര.

അന്നത്തെ, ഡിഗ്രി ക്ലാസിലെ ഞങ്ങള്‍ ആണ്‍കുട്ടികളുടെ രീതി അനുസരിച്ച്, കൂടെയുള്ള, ഞങ്ങളില്‍ ആരുടെയെങ്കിലും വീട്ടില്‍ എന്തെങ്കിലും ചടങ്ങോ അല്ലെങ്കില്‍ നാട്ടില്‍ ഉത്സവമോ ഉണ്ടെങ്കില്‍ എല്ലാവരും കൂടി ക്ലാസ് കട്ട് ചെയ്ത് അതില്‍ പങ്കെടുക്കും. ക്ലാസില്‍ ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആരും ഇല്ല എങ്കില്‍ അപ്പോള്‍ മനസ്സിലാക്കാം, ആരുടെയോ വീട്ടിലോ,അല്ലെങ്കില്‍ നാട്ടിലോ എന്തോ വിശേഷമുണ്ടെന്ന്………….

കല്യാണം കഴിഞ്ഞ് സദ്യക്ക് വിളമ്പിയത് അസ്സല്‍ ബിരിയാണി……………. എന്‍റെ കൂടെയുണ്ടായിരുന്നവരുടെയെല്ലാം നാവില്‍ വെള്ളമൂറി. പക്ഷെ എനിക്ക് ആ സാധനം പണ്ടേ ഇഷ്ടമല്ല. കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു.

Also Read  ചില്ലുക്കൂട്ടിലെ ദൈവം – കഥ

പുറത്തേക്കിറങ്ങുമ്പോള്‍ റോബിന്‍ എന്നെ അടുത്ത് വിളിച്ചു. അവന്‍റെ സഹോദരന്‍റെ കല്യാണത്തിനാണ് ഞങ്ങള്‍ എല്ലാവരും കൂടി വന്നത്.

മനോജ്, നീ ഒന്നും കഴിച്ചില്ലല്ലോ. ഞാന്‍ ചോറെടുത്ത് വെച്ചിട്ടുണ്ട്. വാ കഴിക്കാം…………….. : അവന്‍ പറഞ്ഞു.

ഇല്ലടാ, ഞാന്‍കഴിച്ചു……… : ഞാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. സത്യത്തില്‍ എനിക്ക് വിശപ്പുണ്ടായിരുന്നില്ല.

നീ ഒന്നും പറയണ്ട. ഞാന്‍ എല്ലാം കണ്ടു. നീ വാ, പോള്‍ അവിടെ എല്ലാം എടുത്തു വെച്ചിട്ടുണ്ട്: അവന്‍ നിര്‍ബന്ധിച്ച് എന്നെ കൂട്ടി കൊണ്ട് പോയി. റോബിന്‍റെ ബന്ധുവും, എന്‍റെ മറ്റൊരു നല്ലൊരു സുഹൃത്തും, ഞങ്ങളുടെയെല്ലാവരുടെയും സഹപാഠിയും കൂടിയാണ് പോള്‍.

അവിടെ ചെന്നപ്പോള്‍, പോള്‍ ഒരു പ്ലേറ്റില്‍ ചോറ് മോരൊഴിച്ച് കൊണ്ട് വന്നു……………… കൂടെ കാബേജ് തോരനുമുണ്ട്. അന്ന് വീട്ടില്‍ പോലും ഞാന്‍ മോര് കൂട്ടി കഴിക്കാറില്ല. അതുകൊണ്ട് ഒരു വിധം കഴിച്ച് ഞാന്‍ എഴുന്നേറ്റു.

പോളിന്‍റെ വീട്ടിലേക്കാണ് പിന്നീട് ഞങ്ങള്‍ എല്ലാവരും പോയത്. അവിടെ വേറെ ആരുമുണ്ടായിരുന്നില്ല.ചെന്നപാടെ, വെളിച്ചം കുറഞ്ഞ, പുറകിലുള്ള ബെഡ് റൂമിന്‍റെ വാതില്‍ തുറന്ന് പോള്‍ ഞങ്ങള്‍ എല്ലാവരെയും അകത്തിരുത്തി. ആ സമയം കൊണ്ട് റോബിന്‍ അലമാര തുറന്ന് ഒരു ഫുള്‍ ബോട്ടില്‍ വിസ്കി എടുത്ത് മുമ്പിലുള്ള ടേബിളില്‍ വെച്ചു. ഒപ്പം മിക്സ്ച്ചറും………….

അര പട്ടിണി. ഒപ്പം വില കൂടിയ വിദേശ മദ്യവും. അതായിരുന്നു എന്‍റെ സ്ഥിതി.

തിരിച്ചു പോകുന്നതിനു മുമ്പായി കടല്‍ കാണണം. അത് എല്ലാവരും നേരത്തെ തിരുമാനിച്ചതാണ്.

എല്ലാം കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും കടല്‍ കാണാനായി തിരിച്ചു. വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ ദൂരമേയുള്ളൂ കടപ്പുറത്തേക്ക്.അവിടെയെത്തിയപ്പോള്‍ കുറച്ചു പേര്‍ ഭംഗി ആസ്വദിച്ച് കരയില്‍ തന്നെ ഇരുന്നു. മറ്റു ചിലര്‍ ഒരു വലിയ ബോളുമെടുത്ത് ബീച്ച് വോളി കളിയ്ക്കാനായി കടലിലിറങ്ങി. ആദ്യം കരക്കിരുന്നുവെങ്കിലും അവസാനം, ആവേശം മൂത്ത്, ഞാനും അവരുടെ കൂടെ കൂടി.

Also Read  ചില തുണ്ട് കഥകള്‍- ഭാഗം എട്ട് 

കളിയുടെ ആവേശം. ഒപ്പം ഉള്ളില്‍ നുരയുന്ന ലഹരി………… ഇതിനിടയില്‍ കടല്‍ ഞങ്ങളെ ചേര്‍ത്തടുപ്പിച്ചത് ഞങ്ങളാരും അറിഞ്ഞതെയില്ല. പോക്കറ്റില്‍ കിടന്ന അഞ്ചു രൂപ നോട്ട് വെള്ളം കയറി പുറത്തേക്ക് വന്നപ്പോഴാണ് ഞാന്‍ ചുറ്റും നോക്കിയത്. കടല്‍….. തോളൊപ്പം വരെ കടല്‍. കര കാണാനേ ഇല്ല. എങ്ങും നീല മാത്രം……….. അനന്തസാഗരത്തിന്‍റെ മടിത്തട്ടിലാണോ ഞാന്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി. ഞങ്ങള്‍ നാലഞ്ചു പേരല്ലാതെ വേറാരും അപ്പോള്‍ എന്‍റെ കാഴ്ചയുടെ ഫ്രെയിമില്‍ ഉണ്ടായിരുന്നില്ല.

ഒടുവില്‍ ഞങ്ങള്‍ക്ക് തന്നെ തോന്നി തിരിച്ചു കയറാം എന്ന്. അതിനിടയില്‍ തീരത്ത് നിന്ന കൂട്ടുകാരില്‍ ചിലര്‍ ഞങ്ങളെ തിരക്കി കടലിലിറങ്ങിയിരുന്നു. ഞങ്ങളെ എല്ലാവരെയും കണ്ടപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്. ഞങ്ങള്‍ അകന്നകന്നു പോകുമ്പോള്‍ ഒരുപാട് വിളിച്ചെങ്കിലും ആരും കേട്ടില്ല എന്ന്‍ അവരില്‍ ചിലര്‍ എന്നോട് പറഞ്ഞു.

ഞാന്‍ ഏറ്റവും പിന്നിലായി, എല്ലാവരും, കടപ്പുറം വിടുമ്പോള്‍, ഒരു വിളി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.

നിങ്ങളൊക്കെ ആത്മഹത്യ ചെയ്യാനായി ഇറങ്ങിയതാണോ ? കറുത്തു മെലിഞ്ഞ ഒരാള്‍. കയ്യില്‍ പങ്കായം. തോളില്‍ വല. കണ്ടാലറിയാം മുക്കുവനാണ് .

ഞാനൊന്നു ഞെട്ടി. ഇയാളെ തന്നെയല്ലേ ഞാന്‍ പണ്ടും കടപ്പുറത്ത് വെച്ച് കണ്ടത്………….. ഇയാളല്ലേ കുട്ടിക്കാലത്ത് കടല്‍ കാണാനിറങ്ങിയ എന്നെയും ചങ്ങാതിമാരേയും ശാസിച്ചത് ? കാലം വരുത്തിയ മാറ്റങ്ങളല്ലാതെ, ദേഹത്തെ ചില ചുളിവുകളും, കഷണ്ടിയില്ലാത്ത ഭാഗത്തെ ഏറെക്കുറെ നരച്ച മുടിയിഴകളുമല്ലാതെ ഇയാള്‍ അധികം മാറിയിട്ടില്ല…………

ഇന്നലെ ഈ തുറയില്‍ നിന്ന് കടലില്‍ പോയ രണ്ടു പേര്‍ ഇത് വരെ തിരിച്ചു വന്നിട്ടില്ല. പുറങ്കടല് ആകപ്പാടെ ക്ഷോഭിച്ചു നില്ക്കുകയാ……………………………. : അയാള്‍ വീണ്ടും ശാസനാസ്വരത്തില്‍ പറഞ്ഞു.

ഞാന്‍ അപ്പോള്‍ തനിച്ചാണ്. കൂട്ടുകാരെല്ലാം അകലെയെത്തി കഴിഞ്ഞു.

കൂട്ടത്തില്‍ എന്നെ കാണാത്തത് കൊണ്ട് തിരികെ വന്ന റോബിന്‍, പെട്ടെന്ന് പുറകില്‍ നിന്ന് എന്നെ തട്ടി വിളിച്ചു:

നീ എന്താ നോക്കുന്നത് ?

മറുപടി പറയാതെ ഞാന്‍ ആ മുക്കുവനെ നോക്കി. റോബിനും.

ഞെട്ടിപ്പോയി…………..

അവിടെ അയാളില്ല……….. നോക്കെത്താ ദൂരത്ത്‌ ആരുമില്ല…………

പകരം കടല്‍………. കടല്‍മാത്രം…………..

The End


Image Credit: Kathleen M Robinson Beyonddream


Share this post