Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ദി ഡോണ്‍ – Portrait of Indian Democracy

Share this post

malayalam stories politics

വീണ്ടും ഒരു ഡിസംബര്‍ പതിമൂന്ന്.

നേരത്തെ പ്രഖ്യാപിച്ച സമയത്ത് സലിം ഹൗസിന് മുന്നില്‍ ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. മുംബെയുടെ പല പ്രദേശങ്ങളില്‍ നിന്ന് വന്ന ആളുകള്‍. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും പാഴ്സിയും അവിശ്വാസികളും അവിടെ ഒന്നിച്ചു.

സലിമിന്റെ വരവ് അറിയിച്ചുകൊണ്ട് ഒരു ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പതിച്ചു കഴിഞ്ഞിരുന്നു. അധസ്ഥിതരുടെ പുതിയ രക്ഷകന്‍റെ അവതാര പിറവി കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആ വീടിന് മുന്നില്‍ ഒഴുകിയെത്തി.

ഷാരുഖ് ഖാന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ബാന്ദ്രയിലെയും അന്ധേരിയിലെയും തിയറ്ററുകളില്‍ ഇതുപോലെ ആളുകള്‍ കൂട്ടം കൂടുന്നത് ആമിര്‍ കണ്ടിട്ടുണ്ട്. അന്ന് ഒരു വിശേഷ ദിവസമാണെന്ന് അവന്‍റെ മനസ് പറഞ്ഞു.

സലിം ഹൗസിന് മുന്നിലുള്ള വിശാലമായ സ്ഥലത്ത് ആളുകള്‍ അങ്ങിങ്ങായി നിന്ന് എന്തൊക്കെയോ ചര്‍ച്ച ചെയ്യുകയാണ്. ചിലരുടെ കൈകളില്‍ കൊടികളും പോസ്റ്ററുകളും കണ്ടു.

പൊടുന്നനെ ആ പരിസരത്ത് നിശബ്ധത പരന്നു. സലിമിന്റെ സന്തത സഹചാരിയായ പ്രകാശ് മട്ടുപാവിലെത്തി എല്ലാവരോടും നിശബ്ധരാകാന്‍ ആംഗ്യം കാണിച്ചതോടെയാണ് അത്. അയാളുടെ പുറകിലായി വാതില്‍ തുറന്ന് ആരോ പുറത്തേയ്ക്ക് വരുന്ന ശബ്ദം കേട്ടു. സലിമും ശര്‍മ്മാജിയും.

ശര്‍മ്മാജിയുടെ നിര്‍ദേശം കേട്ട സലിം ഉത്തരേന്ത്യയിലെ പതിവ് നേതാക്കന്മാരുടെ ശൈലിയില്‍ ചുറ്റും കൂടി നിന്ന എല്ലാവരെയും അഭിവാദ്യം ചെയ്തു. അണികളുടെ ആവേശം ഉച്ചസ്ഥായിയിലായി. അവര്‍ സലിമിനും ശര്‍മ്മാജിക്കും താന്താങ്ങളുടെ പ്രാദേശിക നേതാക്കള്‍ക്കും വേണ്ടി തൊണ്ട പൊട്ടുമാറ് മുദ്രാവാക്യം വിളിച്ചു. എല്ലാം കണ്ടപ്പോള്‍ അബ്ദുല്‍ സലിമിന് ആത്മവിശ്വാസം കൂടി, സന്തോഷം ഇരട്ടിച്ചു. പുറകില്‍ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന കത്രീന കുറച്ചു മുന്നില്‍ വന്ന് ആ ജനസഞ്ചയത്തെ അത്ഭുതത്തോടെ നോക്കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രബുദ്ധരായ ജനത കുറച്ചുകാലം മുമ്പ് വരെ അവരുടെ പേടിസ്വപ്നമായിരുന്ന ആളിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നു, അയാള്‍ക്ക് വേണ്ടി മരിക്കാന്‍ തയാറാകുന്നു. ഇവിടെ ആരാണ് ജനം ? ആര് ആര്‍ക്ക് മേലാണ് ആധിപത്യം സ്ഥാപിക്കുന്നത് ? അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ ഉരുണ്ടു കൂടി. പെട്ടെന്ന് എല്ലാവരോടും ശാന്തരാകാന്‍ ശര്‍മ്മാജി ആവശ്യപ്പെട്ടതോടെ കത്രീനയുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു.

സുഹൃത്തുക്കളേ, ഇന്ന് നല്ല ഒരു ദിവസമാണ്. നമ്മുടെ ദിവസമാണ്. നമുക്ക് പുതിയ ഒരു നായകനെ കിട്ടിയിരിക്കുന്നു. സലിം, നിങ്ങളുടെ ക്യാപ്റ്റന്‍. നിങ്ങള്‍ക്ക് ഇദ്ദേഹത്തെ നന്നായറിയാം. മുഖം നഷ്ടപ്പെട്ട, സ്വാതന്ത്ര്യം നഷ്ടപ്പെട്ട അധസ്ഥിതരുടെ കാവലാളാകാന്‍, നാവാകാന്‍ സലിമിന് കഴിയും. ഇനി നിങ്ങള്‍ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഇവിടെ വരാം. സലിം ഹൌസിന്റെ വാതില്‍ ഏത് സമയത്തും നിങ്ങള്‍ക്കായി തുറന്നു കിടക്കും.

: ശര്‍മ്മാജിയുടെ ശബ്ദം അന്തരീക്ഷത്തില്‍ അലയടിച്ചു. അണികള്‍ വിവിധ ജാതിയ സംഘടനകളുടെ കൊടികള്‍ ഉയര്‍ത്തിക്കൊണ്ട് പഴയ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചു. അവരെ ഒരിക്കല്‍ കൂടി ശര്‍മ്മാജിയുടെ വയോധിക ശബ്ദം ഇടയ്ക്ക് കയറി തടസപ്പെടുത്തി.

മറ്റ് കാര്യങ്ങള്‍ നിങ്ങളെ വൈകാതെ അറിയിക്കുന്നതാണ്. മുംബെയെ ഇളക്കി മറിച്ചുകൊണ്ടുള്ള ഒരു വലിയ റാലിയോടെയാകും നമ്മള്‍ പാര്‍ട്ടിയുടെ അവകാശ പ്രഖ്യാപനം നടത്തുക. ആ സുദിനം ഇനി അധികം വൈകില്ലെന്ന് ഈ ശര്‍മ്മാജി നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു.

ആ പ്രഖ്യാപനത്തോടെ രാജ്യത്തെ മുപ്പത്തി മുക്കോടി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗണത്തിലേക്ക് മറ്റൊരു പേര് കൂടി എഴുതി ചേര്‍ക്കപ്പെട്ടു. അഥവാ ഇന്ത്യന്‍ ജനാധിപത്യം ഒരിക്കല്‍ കൂടി നോക്കുകുത്തിയായി.

ഇന്ത്യക്കാരെ നിരക്ഷര കുക്ഷികളെന്നും നൂറ്റാണ്ടുകള്‍ പിന്നില്‍ സഞ്ചരിക്കുന്നവരെന്നും വിവരമില്ലാത്തവരെന്നുമൊക്കെ ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, ബിബിസി എന്നിങ്ങനെയുള്ള ആഗോള മാധ്യമങ്ങള്‍ പരിഹാസത്തോടെ വിളിച്ചു. പ്രബുദ്ധത നിറഞ്ഞ വിമര്‍ശനങ്ങള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ മുകളില്‍ തൂങ്ങവേ അതൊന്നും വക വയ്ക്കാതെ സലിമും കൂട്ടരും നിയമ നിര്‍മ്മാണ സഭകള്‍ ലക്ഷ്യമാക്കി പ്രയാണം തുടങ്ങി. അവര്‍ക്ക് വേണ്ടി ജാതിയുടെം മതത്തിന്‍റെയും നിറത്തിന്റെയും പേരില്‍ ജനം സംഘടിക്കുക കൂടി ചെയ്തപ്പോള്‍ ലോകം വാഴ്ത്തിപ്പാടിയ ജനാധിപത്യത്തിന്‍റെ കടയ്ക്കല്‍ കത്തി വീണു.

Read ഹോട്ടല്‍ പെഗാസസിലെ കൊലപാതകം

എട്ടു മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു സായാഹ്നം.

കരിം ഭായ് എവിടെയോ പോയി മടങ്ങി വരുമ്പോഴാണ് മുനിസിപ്പല്‍ സ്കൂളിനടുത്തുള്ള ആല്‍മര ചുവട്ടില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന ആമിറിനെ കണ്ടത്. അവന്‍ കൊടി കെട്ടുകയാണ്. അത് സലിമിന്റെ പാര്‍ട്ടിയുടെ കൊടിയാണെന്ന് അടുത്ത് ചെന്നപ്പോള്‍ അദ്ദേഹത്തിന് മനസിലായി. കഴിഞ്ഞ കുറച്ചു നാളുകളായി അവന്‍ ആ പാര്‍ട്ടിയോട് ആഭിമുഖ്യം കാണിക്കുന്നത് ഭായ് കാണുന്നുണ്ട്. അവര്‍ അധികാരത്തില്‍ വരുമെന്നും അതുവഴി പാവപ്പെട്ടവര്‍ക്ക് ഉന്നമനം ഉണ്ടാകുമെന്നും അവന്‍ പ്രതിക്ഷിക്കുന്നു. എന്നാല്‍ നേരെ തിരിച്ച് മിക്ക രാഷ്ട്രീയക്കാരോടും പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കരിംഭായ് സ്വീകരിക്കുന്നത്. ആരോടും അധികം അടുപ്പമില്ല. അതുകൊണ്ട് തന്നെ അവര്‍ അയാളെ അത്ര കാര്യമാക്കാറുമില്ല.

മാര്‍ക്കറ്റിന്റെ ഒരു മൂലയ്ക്ക് ആര്‍ക്കും വേണ്ടാത്ത സൈക്കിള്‍ റിപ്പയറിംഗ് കട നടത്തുന്ന ഒരു കിഴവന്‍. അങ്ങനെയാണ് അവര്‍ അയാളെ കാണുന്നത്. 

രാജിവ് ഘോര്‍പ്പടെ, ഇസ്മയില്‍ മെര്‍ച്ചന്റ് തുടങ്ങിയ അപൂര്‍വ്വം ചില പ്രാദേശിക നേതാക്കളോടാണ് ഭായ് കൂറ് പുലര്‍ത്തുന്നത്. സത്യസന്ധരായ അവര്‍ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രദേശത്തെ കൌണ്‍സിലറായ രാജിവ് ഘോര്‍പ്പടെ സ്വതന്ത്രനാണെങ്കിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും നല്ല സ്വാധീനമുണ്ട്.

നീ എന്താ ഈ ചെയ്യുന്നത് ? അടുത്തുവന്ന കരിം ഭായ് ചോദിച്ചു. അപ്രതിക്ഷിതമായി അദ്ദേഹത്തെ കണ്ട ആമിറിന്റെ മുഖം തെളിഞ്ഞു.

ദാദാജി, കണ്ടില്ലേ ഞാന്‍ ഈ കൊടി കെട്ടുകയാണ്

: കയ്യിലുള്ള കൊടി കാണിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

അത് മനസിലായി. നീ എന്തിനാ ഇത് ചെയ്യുന്നതെന്നാ ഞാന്‍ ചോദിച്ചത്.

: അദ്ദേഹം പറഞ്ഞു.

അത് ബിഎംസി ഇലക്ഷന്‍ വരുകയല്ലെ ? വരുന്ന ഞായറാഴ്ച ഹോളി മൈതാനിയില്‍ വച്ച് സലിം ഭായിയുടെ റാലിയുണ്ട്. ഒരുപാട് പേര്‍ വരും. എനിക്കും പോകണം.

: ആമിര്‍ സന്തോഷത്തോടെ പറഞ്ഞു. ഭായിക്ക് വൈക്ലബ്യം തോന്നിയെങ്കിലും എതിര്‍ത്തൊന്നും പറഞ്ഞില്ല.

ദാദാജി, ഈ ഇലക്ഷനില്‍ ആരു ജയിക്കും ?

: ആമിര്‍ ആകാംക്ഷയോടെ ചോദിച്ചു.

അറിയില്ല. അത് ജനങ്ങളല്ലേ, മോനെ തിരുമാനിക്കേണ്ടത് ? : അവനെ ചേര്‍ത്തു പിടിച്ച് നടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

എല്ലാവരും പറയുന്നത് സലിം ഭായിയുടെ പാര്‍ട്ടി ജയിക്കുമെന്നാ. അദ്ദേഹത്തെ ആളുകള്‍ക്ക് എന്ത് ഇഷ്ടമാണെന്നോ ? : ആമിര്‍ കൊടിയില്‍ നിന്നുള്ള പിടി വിടാതെ പറഞ്ഞു.

മോനെ, ഇതൊന്നും ശരിയല്ല. ആളുകളെ ഭിന്നിപ്പിച്ചും പേടിപ്പിച്ചും കൂടെ നിര്‍ത്തുന്നതില്‍ എന്ത് കാര്യമാണുള്ളത് ? അതല്ല രാഷ്ട്രീയം.

: കരിം ഭായ് വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

പക്ഷെ അദ്ദേഹം ഇപ്പോള്‍ നല്ലവനാണല്ലോ

: അവന്‍ നിഷ്ക്കളങ്കമായി പറഞ്ഞപ്പോള്‍ അദ്ദേഹം തിരുത്തി.

ഞാന്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ചല്ല പറഞ്ഞത്. രാഷ്ട്രീയം ഒരിക്കലും വ്യക്തി പൂജയാകരുത്. അത് ആശയങ്ങളില്‍ അധിഷ്ഠിതമാകണം. വ്യക്തികള്‍ക്കും ജാതികള്‍ക്കും വേണ്ടിയുള്ള പാര്‍ട്ടികളും പോരാട്ടങ്ങളും ഗുണം ചെയ്യില്ല. അത് നമ്മെ പിന്നോട്ടടിക്കും.

സലിം ആരാണെന്നും അയാള്‍ എന്തൊക്കെയാണ് ചെയ്തതെന്നും നേരിട്ടറിവുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് അയാളുടെ ഇന്നത്തെ രാഷ്ട്രീയവും ഇപ്പോള്‍ കാണുന്ന ആള്‍ക്കൂട്ടവുമൊന്നും ശാശ്വതമല്ല. : കരിം ഭായ് പറഞ്ഞു.

അപ്പോള്‍ ആരാണ് നല്ല നേതാക്കള്‍ ? ആരെയാ നമ്മള്‍ മാതൃകയാക്കേണ്ടത് ? : ആമിര്‍ സംശയം ചോദിച്ചു.

നീ  ഗാന്ധിയെ കുറിച്ച് കേട്ടിട്ടില്ലേ ? നമ്മുടെ രാഷ്ട്ര പിതാവ്. എത്രയെത്ര ആളുകളെ, ഒരു രാജ്യത്തെ മുഴുവനല്ലേ അദ്ദേഹം ഒന്നിപ്പിച്ചു കൊണ്ടു പോയത് ? അങ്ങനെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ളതാണ് രാഷ്ട്രീയം, അല്ലാതെ ഇന്ന് കാണുന്നത് പോലെ ഭിന്നിപ്പിക്കാനുള്ളതല്ല. അതുപോലുള്ള വലിയ വലിയ ആളുകളെയാണ് നമ്മള്‍ മാതൃകയാക്കേണ്ടത്. അല്ലാതെ ഏതെങ്കിലും സിനിമ നടനോ സമുദായ നേതാവോ രാഷ്ട്രീയത്തില്‍ വന്നാല്‍ വേണ്ടെന്ന് വയ്ക്കാനുള്ള ആര്‍ജ്ജവം നിന്‍റെ തലമുറ കാണിക്കണം.

: ഒരു മുത്തശ്ശന്റെ വാത്സല്യത്തോടെയും കരുതലോടെയും അദ്ദേഹം പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ സത്യമാണെന്ന് അവനും തോന്നി.

അപ്പോള്‍ അവരാരും രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നാണോ ദാദാജി പറയുന്നത് ?

: ആമിര്‍ പെട്ടെന്ന് ചോദിച്ചു. കൊടിയുടെ മേലുള്ള തന്‍റെ പിടിത്തം അയയുന്നതും അത് താഴെക്ക് ഊര്‍ന്നു പോകുന്നതും ഇതിനിടയില്‍ അവന്‍ അറിഞ്ഞില്ല. 

എന്നല്ല, ഒരു നല്ല നേതാവിനെ ചിട്ടപ്പെടുത്തുന്നത് വിദ്യാഭ്യാസവും ജീവിതാനുഭവങ്ങളുമാണ്. അവര്‍ക്കേ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ പറ്റൂ. അങ്ങനെ നോക്കുമ്പോള്‍ നിനക്കും ഒരു നേതാവാകാന്‍ പറ്റും കേട്ടോ ? : കരിം ഭായ് ചിരിച്ചുകൊണ്ട് അവന്‍റെ കവിളില്‍ തട്ടി. 

അതിന് എനിക്ക് പഠിപ്പില്ലല്ലോ ദാദാജി…………

കയ്യിലുണ്ടായിരുന്ന കൊടി വിട്ടുകളഞ്ഞുകൊണ്ട് ആമിര്‍ ചോദിച്ചു. വടിയോട് ചേര്‍ത്ത് കെട്ടിയിരുന്ന ചരട് അയഞ്ഞതോടെ കൊടി പതുക്കെ സ്വതന്ത്രമായി. ഒരു കാറ്റടിച്ചപ്പോള്‍ അത് പറന്നു പോയി.

അതിനെന്താടാ നിനക്ക് അനുഭവങ്ങളില്ലേ ? അതാണ്‌ ഏറ്റവും വലിയ പഠിപ്പ്

: ആമിറിനെ കൂടുതല്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് അകലേക്ക് നടന്നു പോകുന്നതിനിടയില്‍ കരിംഭായ് പറഞ്ഞു.

ആണോ ?

പിന്നല്ലാതെ ? ലോകത്തിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്നും അത് പഠിക്കാന്‍ പറ്റില്ല.

അടുത്തു കണ്ട മതിലില്‍ കുറച്ചു മുമ്പ് ആരോ പതിച്ചു പോയ ഗാന്ധി ജയന്തിയുടെ പോസ്റ്ററുകള്‍ ഇതിനിടയില്‍ അവന്‍ കണ്ടു. ആമിര്‍ ഓടിപ്പോയി അതില്‍ ഒന്ന് ഇളക്കിയെടുത്തു. അതിന്‍റെ പശ ഉണങ്ങിയിട്ടില്ല. അവന്‍ അത് കൊണ്ടുവന്ന് കാണിച്ചപ്പോള്‍ ദാദാജി ചിരിച്ചു.

പിന്നെയും നടന്നപ്പോള്‍ സലിമിന്റെ ചിത്രങ്ങള്‍ പതിച്ച ചുവരുകള്‍ ദൃശ്യമായി. അടുത്തയാഴ്ച ഹോളി മൈതാനിയില്‍ വച്ച് നടക്കുന്ന റാലിയുടെ വിളംബരമാണ്. ഒരു നിമിഷം കയ്യിലെ പോസ്റ്ററിലേക്ക് നോക്കിയ ആമിര്‍ ഒരു വെളിപാട് വന്നത് പോലെ മുന്നോട്ട് നീങ്ങി ആ ചിത്രങ്ങള്‍ക്ക് മുകളില്‍ ഗാന്ധിത്തല പതിച്ചു. തിന്മയ്ക്ക് മുകളില്‍ നന്മ ആധിപത്യം സ്ഥാപിക്കുമ്പോഴാണല്ലോ യഥാര്‍ത്ഥ ജനാധിപത്യം നിലവില്‍ വരുക. 

ദി റിയല്‍ ഇന്ത്യന്‍ പൊളിറ്റിക്സ്. 

The End


Share this post