Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ദി ഡോണ്‍ – Portrait of Indian Democracy

Share this post

malayalam stories politics

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി.

റോഡുകള്‍ വശങ്ങളിലേക്കും കെട്ടിടങ്ങള്‍ മുകളിലേക്കും വളര്‍ന്നു. അതിനെ വികസനം എന്ന് ചിലര്‍ വിളിച്ചെങ്കിലും മാനവരാശിയുടെ പിന്നോട്ടുള്ള പോക്ക് അവര്‍ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറി. ജാതി വ്യവസ്ഥ കൂടുതല്‍ ആഴങ്ങളില്‍ വേര് പിടിച്ചു. വിവിധ ജാതിക്കാര്‍ പോരുകാളകളെ പോലെ പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങി. ദുരഭിമാന കൊലകളും തൊട്ടുകൂടായ്മയും വ്യാപകമായി.

അധികാരത്തിന്‍റെ കരാള ഹസ്തങ്ങള്‍ ഭരണ സിരാകേന്ദ്രങ്ങളും കോടതികളും റോഡുകളും പുഴകളും കടന്ന് സാധാരണക്കാരന്‍റെ തീന്മേശയിലും കിടപ്പുമുറിയിലും വരെ പടര്‍ന്നു കയറി. മൃഗങ്ങള്‍ വിശുദ്ധവല്‍ക്കരിക്കപ്പെടുകയും മനുഷ്യന്‍ ചവിട്ടിത്താഴ്തപ്പെടുകയും ചെയ്തു. എങ്ങും അരക്ഷിതാവസ്ഥ.

സലിം, ഇത് തക്ക സമയമാണ്. ബിസിനസുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ എ പെര്‍ഫക്റ്റ് ടൈം ടു ലോഞ്ച്

: ബാന്ദ്രയോട് ചേര്‍ന്ന് കിടക്കുന്ന പടിഞ്ഞാറന്‍ തീരത്ത് ബ്രിട്ടീഷ്‌ നിര്‍മ്മാണ ശൈലിയുടെ ചാരുതകള്‍ പേറുന്ന വീടിന്‍റെ അകത്തളത്തിലെ ഇരുട്ടില്‍ ചിന്താ നിമഗ്നനായി ഇരിക്കുന്ന അബ്ദുല്‍ സലിമിനെ നോക്കി ശര്‍മ്മാജി പറഞ്ഞു.  അടുത്തിടെയാണ് സലിം ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. അതിന് മുന്നോടിയായി അയാള്‍ ശര്‍മ്മാജി വഴി ധാരാവിയില്‍ ഒരു വീടും വാങ്ങിയിരുന്നു.

അന്നും ഇന്നും ശര്‍മ്മാജിയാണ് സലിമിന് എല്ലാം. പ്രായം എഴുപത് കടന്നെങ്കിലും അദ്ദേഹത്തിന്‍റെ ചിന്തകള്‍ക്ക് ഇന്നും ഒരു തളര്‍ച്ചയുമില്ല. കത്രീന ഓരോ ചായ കൊണ്ടുവന്ന് അവരുടെ മുന്നില്‍ വച്ചു. ഇരുവരും ഗൌരവമായ ചര്‍ച്ചയിലാണെന്നു മനസിലായപ്പോള്‍ അവള്‍ ഒന്നും പറയാതെ അകത്തേയ്ക്ക് പോയി.

ഇപ്പോള്‍ തന്നെ നോക്ക്, മട്ടുംഗയില്‍ മൂന്ന് പാവങ്ങളാണ് മാംസത്തിന്റെ പേരില്‍ അടിയേറ്റ് മരിച്ചത്. കഴിഞ്ഞയാഴ്ച്ച. പോലിസ് പരാതി എടുക്കാന്‍ പോലും തയ്യാറായില്ല. നിങ്ങളോടാരാ തുകല് കടത്താന്‍ പറഞ്ഞേ എന്ന് ചോദിച്ചാ ആ ഇന്‍സ്പെക്ടറ്, എന്താ അയാളുടെ പേര് ? ആ അയാള് മരിച്ചയാളുടെ മകനോട്‌ തട്ടിക്കയറിയത്. അവസാനം പത്രക്കാര് വന്നപ്പോഴാ പോലിസ് പരാതി രജിസ്റ്റര്‍ ചെയ്തത്. നീ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് സത്യത്തില്‍ ഞാനപ്പോള്‍ ആശിച്ചു പോയി. ഓണ്‍ ദി സ്പോട്ട് ആക്ഷനുണ്ടാകുമായിരുന്നു. ഇത് മുംബെയിലെ മാത്രം കാഴ്ചയല്ല. എല്ലായിടത്തും പ്രശ്നമാണ്. ഡല്‍ഹിയിലും കാശ്മീരിലും തമിഴ് നാട്ടിലും യുപിയിലുമെല്ലാം. ദളിതരും മുസ്ലീങ്ങളും വേട്ടയാടപ്പെടുന്നു. : ശര്‍മ്മാജി പതുക്കെ മുന്നിലുണ്ടായിരുന്ന ചായ എടുത്തു കുടിച്ചു. സലിം ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ്.

സഹായികളില്‍ ചിലര്‍ പുറത്തു കാത്തു നില്‍ക്കുന്നത് തുറന്നു കിടക്കുകയായിരുന്ന മുന്‍വശത്തെ വാതിലിലൂടെ ശര്‍മ്മാജി കണ്ടു. അവര്‍ നോക്കിയപ്പോള്‍ ഇപ്പോള്‍ വരാം എന്നദ്ദേഹം ആംഗ്യം കാണിച്ചു.

ഞാന്‍ എന്ത് ചെയ്യണമെന്നാ ശര്‍മ്മാജി പറയുന്നത് ?

: പതിഞ്ഞ ശബ്ധത്തില്‍ സലിം ചോദിച്ചു.

നീ പൊളിറ്റിക്സിലേക്ക് വരണം. ഇന്ന് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ശക്തനായ ഒരു നേതാവില്ല. അതാണ്‌ അവരുടെ ഇന്നത്തെ അവസ്ഥക്ക് കാരണവും. നീ ആ സ്ഥാനം ഏറ്റെടുക്കണം. അവരുടെ പ്രശ്നങ്ങളില്‍ ഇടപെടണം. കയ്യൂക്ക് കൊണ്ട് എല്ലാം നേടിയെടുക്കണം. ആ ബാബുറാവു പട്ടേല്‍ മൂന്നാം പ്രാവശ്യവും അധികാരത്തിലെത്തിയത് അറിഞ്ഞല്ലോ ? അയാള്‍ എങ്ങനെയാ ഈ സ്ഥാനത്തെത്തിയത് ?  നല്ല ഒരു എതിരാളി ഇല്ല. അത് തന്നെ. ആ കുറവ് നികത്താന്‍ നിനക്ക് കഴിയും.

: ശര്‍മ്മാജി ആവേശത്തോടെ പറഞ്ഞു.

അതിന് പഴയത് പോലെ ആളുകള്‍ നമ്മുടെ കൂടെ നില്‍ക്കുമോ ?

: സലിം ചോദിച്ചു.

എന്താ സംശയം ? നീ വരുന്നെന്നറിഞ്ഞപ്പോള്‍ അവര്‍ തന്നെയാ എന്നോടീ കാര്യം ആവശ്യപ്പെട്ടത്. ചരട് പൊട്ടിയ പട്ടം കണക്കേ നടക്കുന്ന ബാബുറാവു വിരുദ്ധ വികാരത്തെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ കഴിവുള്ള ഒരാളെയാണ് എല്ലാവര്‍ക്കും വേണ്ടത്. നീയും ദാവുദുമാണ് ഒരു കാലത്ത് ഈ നഗരത്തെ നിയന്ത്രിച്ചിരുന്നത്. ആ ദാവുദ് ഇന്നില്ല. രാഷ്ട്രീയ ചതുരംഗത്തില്‍ വിജയിക്കാന്‍ വേണ്ട ആയുധങ്ങള്‍ നിന്‍റെ കയ്യിലുണ്ട്. ധാരാവിയില്‍ മൂന്നു ലക്ഷം ജനങ്ങളുണ്ട്. അവരില്‍ നല്ലൊരു ശതമാനം നമ്മുടെ കൂടെ നില്‍ക്കും. പിന്നെ മുംബൈ. അടുത്ത രണ്ടു മൂന്നു വര്‍ഷം കൊണ്ട് ഈ മറാത്ത്വാദ നമ്മുക്ക് കയ്യിലൊതുക്കാം. അതിനുതകുന്ന ആളുകള്‍ ഇങ്ങോട്ട് പോരും. പക്ഷെ നീ മുമ്പില്‍ വേണം. : ശര്‍മ്മാജി പറഞ്ഞു. 

എനിക്കൊന്നാലോചിക്കണം. 

: തണുത്ത് ഐസ് പോലെയായ ചായ കയ്യിലെടുത്തുകൊണ്ട് സലിം പറഞ്ഞു.  അതു കണ്ട് കത്രീന ഒരു പ്ലേറ്റുമായി അടുത്തേക്ക് വന്നു.

വേണ്ട. ഞാന്‍ ചൂടാക്കി തരാം.

: അവള്‍ ഗ്ലാസുമെടുത്ത് അകത്തേയ്ക്ക് പോയി. 

ആയിക്കോട്ടെ, പക്ഷെ ഡിസംബര്‍ പതിമൂന്നിനപ്പുറം പോകരുത്. അറിയാമല്ലോ ? : പുറത്തേയ്ക്ക് പോകാനായി എഴുന്നേല്‍ക്കുന്നതിനിടയില്‍ ശര്‍മ്മാജി ഓര്‍മ്മപ്പെടുത്തല്‍ പറഞ്ഞു. പെട്ടെന്നാണ് സലിം ഇടതുവശത്ത് ചുവരില്‍ തൂങ്ങുകയായിരുന്ന കലണ്ടറിലേക്ക് നോക്കിയത്. ഡിസംബര്‍ 13 ചുവന്ന മഷി കൊണ്ട് വട്ടമിട്ട് വച്ചിരിക്കുന്നു.

1990 ഡിസംബര്‍ 13നാണ് സലിമിന്റെ ഭാര്യ ഫൌസിയയും ആറും എട്ടും വയസുള്ള രണ്ടു കുട്ടികളും താനെയില്‍ നടന്ന കാര്‍ ബോംബ്‌ സ്ഫോടനത്തില്‍ മരിച്ചത്. എതിരാളികള്‍ സലിമിനെ ലക്ഷ്യമാക്കിയാണ് ബോംബ്‌ വച്ചതെങ്കിലും അയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഷോപ്പിംഗ് കഴിഞ്ഞ് വീട്ടുകാരോടൊപ്പം പുറത്തിറങ്ങുമ്പോഴാണ് അവിചാരിതമായി കണ്ട പോലീസിലെ ഇന്‍ഫോര്‍മര്‍ സലിമിന്റെ വഴി മുടക്കിയത്. ശത്രുക്കള്‍ ഒരു എക്സ്പ്ലോഷന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ഏത് നിമിഷവും അത് സംഭവിക്കാമെന്നുമുള്ള വിവരമാണ് അയാള്‍ കൈമാറിയത്. അപകടം മണത്ത് സലിം ഓടിപ്പിണഞ്ഞു പുറത്തെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അംബാസഡര്‍ കാര്‍ ഒരു ചാരക്കൂമ്പാരമായി മാറി. ഭാര്യയുടെയും കുട്ടികളുടെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ സലിമിനെ തളര്‍ത്തിക്കളഞ്ഞു. അല്പം മുമ്പ് മകന് വേണ്ടി വാങ്ങിയ ചലിക്കുന്ന പാവക്കുട്ടി ചോരയില്‍ കുളിച്ച് വാഹനത്തിനടുത്ത് റോഡില്‍ കിടക്കുന്നു.

തന്‍റെ കുടുംബം തകര്‍ത്ത ആളുകളെ പിന്നീട് സലിം ഒന്നൊന്നായി വക വരുത്തി. ഡോമ്പിവ്ലിയും ഗോരെഗാവും പനാജിയുമൊക്കെ അയാളുടെ പ്രതികാര ദാഹത്തിന്റെ ചൂടറിഞ്ഞു. ഗോവയില്‍ വച്ചാണ് സലിമിന് ആ ഞെട്ടിപ്പിക്കുന്ന വിവരം കിട്ടിയത്. അത് കൂടി കേട്ടപ്പോള്‍ അയാളുടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. 

Read  നഗീന്‍ തടാകത്തിലെ താമരപ്പൂക്കള്‍

പാതിരാത്രി വാതില്‍ക്കല്‍ ആരോ മുട്ടുന്നത് കേട്ടപ്പോള്‍ ഉച്ചത്തില്‍ ചീത്ത വിളിച്ചു കൊണ്ടാണ് അശോക്‌ പാണ്ഡെ വാതില്‍ തുറന്നത്. അന്ന് ഇന്‍ഫോര്‍മറായി വന്ന് സലിമിന്റെ ജീവന്‍ രക്ഷിച്ച പോലീസുകാരന്‍. അനുവാദത്തിന് കാക്കാതെ അകത്തേയ്ക്ക് തള്ളിക്കയറി വന്ന സലിമിന്റെ രൌദ്രഭാവം കണ്ടപ്പോള്‍ അയാളൊന്നു പകച്ചു.

എന്താ സലിം ഭായ് ? എന്താ രാജ് ? : സലിമിനെയും കൂടെ വന്ന സഹായിയെയും മാറി മാറി നോക്കിക്കൊണ്ട് പാണ്ഡെ ചോദിച്ചു. മറുപടിയൊന്നും കിട്ടാതെയായപ്പോള്‍ സംഗതി പന്തിയല്ലെന്ന് അയാള്‍ക്ക് തോന്നി. ശബ്ദം കേട്ട് ഭാര്യയും മക്കളും പുറത്തു വന്നപ്പോള്‍ അയാള്‍ അവര്‍ക്ക് നേരെ തിരിഞ്ഞു.

നിന്നെയാരാ ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ചത് ? കേറിപ്പോ അകത്ത് : അയാളുടെ അലര്‍ച്ച കേട്ട് ഭയന്ന അവര്‍ ബെഡ് റൂമിലേക്ക് തിരിഞ്ഞു നടന്നു.

ഭാഭിജി, കുറച്ചു വെള്ളം കിട്ടുമോ ? : സലിം വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ നിന്നു. എന്നിട്ട് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് നടന്നു. 

ദാ, ഇപ്പോള്‍ കൊണ്ടു വരാം.

ആ സ്ത്രീ പറഞ്ഞു.

വേണ്ട, ഞാന്‍ കൊടുക്കാം. അവള്‍ക്ക് നല്ല സുഖമില്ല. : ഭയം നിറഞ്ഞ കണ്ണുകളോടെ പാണ്ഡെ ഭാര്യയെ തടയാന്‍ ശ്രമിച്ചു.

അത് സാരമില്ല, നിങ്ങള്‍ ഇങ്ങ് വാ, ചോദിക്കട്ടെ : രാജ് അയാളെ പിടിച്ച് ബലമായി തന്‍റെ അടുത്തിരുത്തി. എന്നാല്‍ സലിം എന്തിനാണ് വന്നതെന്ന് ആലോചിച്ചപ്പോള്‍ അയാള്‍ക്ക് ഇരിപ്പുറച്ചില്ല.

അന്ന് ആ എക്സ്പ്ലോഷന്‍റെ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു എന്നാ പറഞ്ഞത് ? : കുറച്ചു മാറി നിന്ന് സിഗരറ്റെടുത്ത് വായില്‍ വച്ചുകൊണ്ട് സലിം ചോദിച്ചു.

അത് ഞാന്‍ പറഞ്ഞല്ലോ, ഗാവ്ലിയുടെ സംഘത്തില്‍ പെട്ട ഒരാളെ ചോദ്യം ചെയ്തപ്പോള്‍. ഞാനതെല്ലാം വിശദമായി പറഞ്ഞിരുന്നതാണല്ലോ സലിം ഭായ്…………… : അശോക്‌ പാണ്ഡെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും രാജ് അനുവദിച്ചില്ല. സലിം പോക്കറ്റില്‍ നിന്ന് റിവോള്‍വര്‍ പുറത്തെടുത്ത് സെറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ അയാളുടെ തൊണ്ടയിലെ വെള്ളം വറ്റി. അപ്പോഴാണ്‌ ഒരു പ്ലേറ്റില്‍ ഒരു ഗ്ലാസ് വെള്ളവുമായി അയാളുടെ ഭാര്യ അങ്ങോട്ട്‌ വന്നത്. പോലിസുകാരന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുന്നേ സലിം അവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ട്രിഗ്ഗര്‍ വലിച്ചു കഴിഞ്ഞിരുന്നു. നെറ്റിയില്‍ വെടിയേറ്റ അവര്‍ ഒരു ഞരക്കം പോലും ബാക്കി വയ്ക്കാതെ താഴെ വീണു. കയ്യിലുണ്ടായിരുന്ന ഗ്ലാസ് താഴെ വീണ് ചിതറി.

ചാടിയെഴുന്നേറ്റ പാണ്ഡെ ആദ്യം ഭാര്യയുടെ അടുത്തേക്കും പിന്നീട് സലിമിന്റെ അടുത്തേക്കും തിരിഞ്ഞു.

എന്താ സലിം ഭായ് ഇത് ? നിങ്ങളെന്തിനാ ഇത് ചെയ്തത് ? : അയാള്‍ സലിമിന്റെ ഷര്‍ട്ടില്‍ പിടിച്ചുകൊണ്ട് അത്യന്തം രോഷത്തോടെയും വിഷമത്തോടെയും ചോദിച്ചു. അപ്പോഴേക്കും പിന്നാലെയെത്തിയ രാജ് അയാളെ പിടിച്ചു മാറ്റി.

ഇനി പറ, നീ എങ്ങനെയാ അക്കാര്യം അറിഞ്ഞത് ? : അബ്ദുല്‍ സലിം ചോദ്യം ആവര്‍ത്തിച്ചു. പാണ്ഡെ  മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും വെടിയൊച്ച കേട്ട് അയാളുടെ പത്തും പന്ത്രണ്ടും വയസുള്ള മക്കള്‍ പുറത്തേയ്ക്ക് വന്നു. അവര്‍ ആര്‍ത്തലച്ചു കൊണ്ട് നിശ്ചലയായി കിടക്കുന്ന അമ്മയുടെ ദേഹത്തേയ്ക്ക് വീണു. കയ്യില്‍ തോക്കുമായി നില്‍ക്കുന്ന സലിമിന് ഭാവമാറ്റം ഒന്നുമില്ല എന്നത് ആ പിതാവിനെ കൂടുതല്‍ ഭയചകിതനാക്കി. 

ഞാന്‍ പറയാം, സലിം ഭായ്. അവരെ ഒന്നും ചെയ്യരുത്. എന്‍റെ മക്കളെ ഒന്നും ചെയ്യരുത് : അയാള്‍ ഓടിവന്ന് ക്യാപ്റ്റന്റെ കാല്‍ക്കല്‍ വീണു.

പറ……. : സലിമിന്റെ മറുപടി ഒറ്റവാക്കില്‍ ഒതുങ്ങി.

എന്നെ അവര്‍ വിലക്കെടുത്തതാണ്. ഭാര്യയേയും മക്കളെയും കൊന്ന് നിങ്ങളെ മാനസികമായി തളര്‍ത്താനാണ് അവര്‍ ഉദേശിച്ചത്. കാറില്‍ റിമോട്ട് കണ്ട്രോള്‍ ബോംബ്‌ വച്ചിരുന്നു. നിങ്ങള്‍ അടുത്തെത്തും മുമ്പേ കണ്‍ മുന്നില്‍ വച്ച് തന്നെ അവര്‍ അത് തകര്‍ക്കുകയും ചെയ്തു.

ഇതില്‍ നിന്‍റെ റോളെന്താണ് ? ദയ യാചിച്ചുകൊണ്ട് മുട്ടുകുത്തിയിരിക്കുന്ന പോലീസുകാരനെ നോക്കി അബ്ദുല്‍ സലിം ചോദിച്ചു.

നിങ്ങളുടെ കുടുംബം കാറിനകത്തുണ്ടാകണം. എല്ലാത്തിനും സാക്ഷിയായി നിങ്ങള്‍ പരിസരത്തും. അതിനാ ഞാന്‍ അന്ന് നിങ്ങളെ തടഞ്ഞത്. 

സലിം അയാളെ കുടഞ്ഞെറിഞ്ഞ്‌ പുറത്തേയ്ക്ക് പോകാനായി ഭാവിച്ചു. അതിന് മുമ്പായി ആ ചെകുത്താന്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടികളെയൊന്നു നോക്കി.

ഒന്നും ചെയ്യരുത്. അവര്‍ എനിക്ക് തന്ന പൈസ മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്ക് തരാം : അശോക്‌ പാണ്ഡെയുടെ യാചനക്ക് ക്രൂരമായ ഒരു ചിരിയായിരുന്നു സലിം മറുപടിയായി കൊടുത്തത്.

വേണ്ട, എനിക്ക് വേണ്ടത് ഞാന്‍ തന്നെ എടുത്തോളാം. 

അത്രയും പറഞ്ഞ് അയാള്‍ തോക്കെടുത്ത് കുട്ടികളുടെ നേരെ തിരിച്ച് നിറയൊഴിച്ചു. അവരും അമ്മയെ പോലെ ഒരു പിടച്ചില്‍ പോലുമില്ലാതെ അവസാനിച്ചു. പാണ്ഡെ കുതിച്ചെത്തുമ്പോഴേക്കും സലിം തിരിഞ്ഞ് ഒരിക്കല്‍ കൂടി കാഞ്ചി വലിച്ചു. ആ വെടിയൊച്ചയോടെ ഒരു കുടുംബം ഒന്നടങ്കം ഇല്ലാതെയായി. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ സലിമും സഹായിയും പുറത്തേയ്ക്ക് നടന്നു.

ഒരു ചെറിയ കാറ്റ് പോലും വീശാന്‍ മടിച്ച മുംബെയിലെ ചോര മണക്കുന്ന മറ്റൊരു രാത്രി കൂടി അങ്ങനെ കടന്നു പോയി.


Share this post