തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ

തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ 1

പരമാവധി ഇരുപത് വയസ്സ്. അവളെ കണ്ടാല്‍ അതിനപ്പുറം പറയില്ല. പക്ഷേ കാണാന്‍ നല്ല ഒതുക്കവും ഐശ്വര്യവുമുണ്ട്. ഗംഗ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ലാബിന് മുന്നില്‍ വച്ചാണ് ആനന്ദന്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ ഭാര്യയെയും കൊണ്ട് പതിവ് ഹാര്‍ട്ട് ചെക്കപ്പിന് വന്നതാണ്. ഇരുവര്‍ക്കും അറുപതിനടുത്താണ് പ്രായം. ഭാര്യ സുശീലക്ക് ആറു മാസം മുമ്പ് ആഞ്ജിയോ പ്ലാസ്റ്റി ചെയ്തതിന് ശേഷം ഇരുവരുടെയും ജീവിതം ഏറെക്കുറെ പ്രസ്തുത ആശുപത്രിയുമായി ചുറ്റിപ്പറ്റിയാണെങ്കിലും അവളെ അന്നാണ് അവര്‍ ആദ്യമായി കാണുന്നത്.

തിരക്കില്‍ ആരും ശ്രദ്ധിക്കാതിരുന്ന അവര്‍ക്ക് പലപ്പോഴും അവള്‍ ഒരു താങ്ങായി മാറി. ലാബില്‍ രക്തമെടുക്കാന്‍ നില്‍ക്കുമ്പോഴാണ് തിരക്കിനിടയില്‍ ആ മുഖം ആദ്യമായി ആനന്ദന്‍റെ കണ്ണില്‍ പെട്ടത്. ഒറ്റ നോട്ടത്തില്‍ എവിടെയോ കണ്ടു മറന്നത് പോലെ തോന്നി. അവളും ചിരപരിചിതയെ പോലെയാണ് പെരുമാറിയത്. ആ ചിരി മനസില്‍ പതിയുകയും ചെയ്തു. ഏറെ നേരം കാത്തിരുന്നിട്ടും നടക്കാത്ത കാര്യം മിനിറ്റുകള്‍ക്കുള്ളില്‍ അവള്‍ സാധിച്ചെടുക്കുന്നതാണ് പിന്നെ കണ്ടത്. അവള്‍ അകത്ത് ആരെയോ കണ്ട് സംസാരിച്ചതോടെ പരിശോധന വേഗത്തിലായി. ആനന്ദനും ഭാര്യക്കും അത് വലിയ ആശ്വാസമായി.

ഏറെ നേരം നില്‍ക്കാനോ ഇരിക്കാനോ കഴിയില്ല എന്നതാണ് ആ വൃദ്ധ ദമ്പതികളുടെ ഏറ്റവും വലിയ പ്രശ്നം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തിന് ആനന്ദനും ഒരു ഓപ്പറേഷന്‍ കഴിഞ്ഞതാണ്. അത് ഒരു വര്‍ഷം മുമ്പായിരുന്നു. അതുകഴിഞ്ഞു അധികം കഴിയുന്നതിന് മുമ്പാണ് സുശീലയുടെ ഹൃദയത്തിന് ഒരു തകരാര്‍ കണ്ടെത്തിയത്. ഏതയും വേഗം ഓപ്പറേഷന്‍ നടത്തണമെന്ന് കാര്‍ഡിയോളജിസ്റ്റ് ഡോ. പോത്തന്‍ തരകന്‍ പറഞ്ഞപ്പോള്‍ പിന്നെയൊന്നും ആലോചിച്ചില്ല.

പക്ഷേ മക്കളുടെ അകല്‍ച്ചയാണ് ആരോഗ്യ പ്രശ്നങ്ങളേക്കാള്‍ അവരെ വേദനിപ്പിച്ചത്. മൂന്നു മക്കളാണ് ദമ്പതികള്‍ക്ക്. നാഷണല്‍ ജ്യോഗ്രഫിക്കില്‍ ചീഫ് പ്രോഗ്രാമിങ് ഓഫീസറായ മൂത്ത മകന്‍ അജിത്ത് കുടുംബത്തോടൊപ്പം യുകെയിലാണ്. കിന്‍റര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന നാലര വയസ്സുള്ള ഒരു മകനുണ്ട് അവര്‍ക്ക്.

രണ്ടാമത്തെ മകന്‍ അഭിജിത്ത് മഹാരാഷ്ട്ര കേഡര്‍ ഐപിഎസില്‍ കയറിയിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ഒരു മറാത്തി ചാനലിലെ ന്യൂസ് റീഡറായ ഗോവന്‍ ക്രിസ്ത്യന്‍ ജെന്നിഫറാണ് ഭാര്യ. ഒരു ഇന്‍റര്‍ കാസ്റ്റ് പ്രണയ വിവാഹം.

ഇളയ മകന്‍ ആകാശാണ് അമ്മയുടെ തീരാവേദനയുടെ കാരണമെന്ന് ഒരര്‍ഥത്തില്‍ പറയാം. ബാംഗ്ലൂരില്‍ പഠിക്കുകയായിരുന്ന അവന്‍ മയക്കുമരുന്നിന് അടിമയായി വീടും പഠനവും വിട്ട് ഇപ്പോള്‍ അലഞ്ഞു നടക്കുകയാണ്. അച്ഛന്‍ ശാസിക്കുകയും അമ്മ കരഞ്ഞു പറയുകയും ചെയ്തിട്ടും അതിനു യാതൊരു മാറ്റവുമുണ്ടായില്ല. ഇടക്ക് കാശിനു വേണ്ടി വീട്ടില്‍ വരും, പിന്നെ എങ്ങോട്ടേക്കോ ഇറങ്ങി പോകും. ആയ കാലത്ത് ബിസിനസ് ചെയ്ത് അച്ഛന്‍ വേണ്ടുവോളം സമ്പാദിച്ചതു കൊണ്ട് പണത്തിനു മാത്രം ഒരു കുറവും ഉണ്ടായിട്ടില്ല.

അച്ഛന്‍റെയും അമ്മയുടെയും അസുഖ വിവരങ്ങള്‍ അറിഞ്ഞെങ്കിലും മൂവരും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി.

Read  ഇരട്ടക്കുട്ടികളുടെ അച്ഛന്‍

അച്ഛനറിയാമല്ലോ ഇവിടത്തെ കാര്യങ്ങള്‍. ലണ്ടന്‍ ഇപ്പോള്‍ പഴയത് പോലൊന്നുമല്ല. സ്ത്രീകളെ ഒറ്റയ്ക്ക് നിര്‍ത്തി എങ്ങും പോകാന്‍ പറ്റില്ല. അവള്‍ക്കാണെങ്കില്‍ ഡെലിവറി ടൈം കൂടിയാണ്. അതുകൊണ്ട് അച്ഛന്‍ അഭിയെ ഒന്നു വിളിച്ചു പറയൂ. അവര്‍ക്കാണെങ്കില്‍ അടുത്തല്ലേ ? ഇവിടെ ഹോസ്പിറ്റല്‍ ചെലവ് കൂടുതലാണ്. അല്ലായിരുന്നെങ്കില്‍ ഇവിടെ ചെയ്യാമായിരുന്നു. : അജിത്ത് വിവരം അറിഞ്ഞ പാടെ പറഞ്ഞു.

അഭിജിത്ത് പുതു ഐപിഎസുകാരന്‍റെ ജോലിത്തിരക്കും ഭാര്യയുടെ ഹൈക്ലാസ് ജീവിതവും പറഞ്ഞ് ഒഴിഞ്ഞുമാറിയപ്പോള്‍ ആകാശ് ഒന്നും കേട്ടതായി ഭാവിച്ചില്ല. പ്രതിസന്ധികളെ തടുത്തുമാറ്റി ഒരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ ആനന്ദന്‍ ശരിക്ക് പകച്ചുപോയത് മക്കളുടെ നിസ്സംഗതയിലാണ്. ഏതു പ്രശ്നത്തിലും കൂടെ നില്‍ക്കുന്ന എണ്ണം പറഞ്ഞ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ അയാളും ഭാര്യയും രോഗാതുരമായ അവസ്ഥയെ മറികടക്കാന്‍ ശ്രമിച്ചു.

ഹോസ്പിറ്റലില്‍ ആര്‍ക്കെങ്കിലും കൂട്ടു വന്ന സഹായിയായിരിക്കും അവള്‍ എന്നാണ് ആനന്ദനും ഭാര്യയും ആദ്യം വിചാരിച്ചത്. എന്നാല്‍ സ്കാനിങ് സെന്‍ററിലെ ചുമതലക്കാരോട് വയസായ അമ്മയെ ഏറെ നേരം കാത്തു നിര്‍ത്തിയതിന്‍റെ പേരില്‍ അവള്‍ കയര്‍ക്കുന്നത് കണ്ടപ്പോള്‍ ആശുപത്രിയിലെ തന്നെ ഉത്തരവാദപ്പെട്ട ആരെങ്കിലുമായിരിക്കും പെണ്‍കുട്ടി എന്ന്‍ ഇരുവര്‍ക്കും തോന്നി. അവളുടെ സ്നേഹത്തിലും കരുതലിലും അവരുടെ കണ്ണുകള്‍ നിറഞ്ഞു.

പിന്നീട് ഒ.പിയിലും യൂറോളജി ഡിപ്പാര്‍ട്ട്മെന്‍റിലും ഏറ്റവും അവസാനം അക്കൌണ്ട്സിലും ആ പെണ്‍കിടാവ് അപ്രതീക്ഷിതമായി അവരുടെ സഹായത്തിനെത്തി.എല്ലായിടത്തും ആകാശത്തു നിന്ന്‍ പൊട്ടിവീണതുപോലെയായിരുന്നു അവളുടെ വരവ്. മെലിഞ്ഞ രൂപമാണെങ്കിലും ആവശ്യത്തിലേറെ പക്വതയോടെ അവള്‍ കാര്യങ്ങള്‍ വേഗത്തില്‍ നീക്കി. ഡോക്ടര്‍മാരോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. ദമ്പതികളുടെ ആരാണ് അവളെന്ന് നഴ്സുമാര്‍ ചോദിച്ചപ്പോള്‍ മകളാണെന്ന് മറുപടി പറഞ്ഞ പെണ്‍കുട്ടി സുശീലയുടെ അസുഖ വിവരങ്ങള്‍ തന്നേക്കാള്‍ നന്നായി അവതരിപ്പിക്കുക കൂടി ചെയ്തപ്പോള്‍ ആനന്ദന്‍റെ അത്ഭുതം ഇരട്ടിച്ചു.

അവള്‍ നമ്മുടെ സരോജിനിയേട്ടത്തിയുടെ മോളെ പോലെയില്ലേ ? ആ കണ്ണും മൂക്കുമെല്ലാം അതേ പോലെ തന്നെ. അവര്‍ക്കും ഇതേ പോലെ നല്ല മുടിയുണ്ടായിരുന്നു.: ഒ.പി യുടെ മുന്നിലെ നീണ്ട വരാന്തയില്‍ ഊഴം കാത്തിരിക്കുമ്പോള്‍ സുശീല അയാളോട് ചോദിച്ചു.

നാട്ടില്‍ ആനന്ദന്‍റെ ബന്ധത്തില്‍പെട്ട ഒരു സ്കൂള്‍ ടീച്ചറായിരുന്നു സരോജിനിയേട്ടത്തി.വിവാഹം കഴിക്കാത്ത അവര്‍ തനിച്ചായിരുന്നു താമസം. ഒരിക്കല്‍ ഏതോ അനാഥാലയത്തില്‍ നിന്ന്‍ നാലോ അഞ്ചോ വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ അവര്‍ ദത്തെടുത്തു. ആരുടേയും സമ്മതം ചോദിക്കാതെ തന്നിഷ്ടപ്രകാരം ചെയ്ത കാര്യമായത് കൊണ്ട് എല്ലാവരും അതോടെ അവരെ ഒറ്റപ്പെടുത്താന്‍ തുടങ്ങി. എങ്കിലും ആനന്ദനും ഭാര്യക്കും അവരെ വലിയ കാര്യമായിരുന്നു. തനിച്ചു കഴിയുന്ന ഏട്ടത്തിക്ക് ഒരു കൂട്ടായിക്കോട്ടെ എന്നാണ് അവര്‍ കരുതിയത്.

ഒരിക്കല്‍ സരോജിനിയേട്ടത്തിയുടെ ഓടിട്ട പഴയ വീടിന്‍റെ മുന്നിലുള്ള ഊടുവഴിയിലൂടെ നടക്കുമ്പോള്‍ സുശീലയാണ് അങ്ങനെയൊരു സംശയം പറഞ്ഞത്.

ആനന്ദേട്ടാ, ദത്തെടുത്തതാണെങ്കിലും ആ കുട്ടിക്ക് നമ്മുടെ സരോജിനിയേട്ടത്തിയുടെ ഒരു ഛായയില്ലേ ? നെറ്റിയിലുള്ള ആ മറുക് വരെ അതേ പോലെയുണ്ട്. എനിക്കെന്തോ ഒരു സംശയം……………..

എന്താ ആ കുട്ടി ഏട്ടത്തിയുടെ മോള്‍ തന്നെയാണെന്നാണോ ? നീ വെറുതെ പൊട്ടത്തരം പറയാതെ സുശീലേ. വല്ലവരും കേട്ടാല്‍ എന്താ വിചാരിക്കുക ? : അയാള്‍ അവരെ ശാസിച്ചു.

പിന്നെ ഞാന്‍ ഈ പറഞ്ഞതാ കുഴപ്പം ? ദത്തെടുത്താല്‍ ഇങ്ങനെ ഒരു സാമ്യം വരുമോ ? ഏട്ടത്തിയുടെ കോമ്പല്ല് വരെ ആ കുട്ടിക്ക് അതേപടി കിട്ടിയിട്ടുണ്ട്. ഇത് ഞാന്‍ മാത്രം പറയണതല്ല. അങ്ങേതിലെ ഭാര്‍ഗ്ഗവി കൊച്ചമ്മയും ശ്രീധരേട്ടന്‍റെ അമ്മയുമെല്ലാം ഇത് തന്നെ പറഞ്ഞു. എനിക്കെന്തോ ഏട്ടത്തി അത്രക്ക് നീറ്റാണെന്ന്‍ തോന്നുന്നില്ല…………..എന്തെങ്കിലും പ്രണയനൈരാശ്യം കാണുവേ………. അല്ലാതെ ആരെങ്കിലും കല്യാണം കഴിക്കാതെ ഇങ്ങനെ കഴിയുമോ ? അങ്ങനെ എന്തെങ്കിലും സംഭവിച്ചതായിരിക്കും : കരിയിലകള്‍ നിറഞ്ഞ ഏറെക്കുറെ വിജനമായ ആ പാതയിലൂടെ ഭര്‍ത്താവിന്‍റെ തോളോട് ചേര്‍ന്ന് നടക്കുന്നതിനിടയില്‍ സുശീല തുടര്‍ന്നു പറഞ്ഞു.

ഉം. ശരിയായിരിക്കും. നാലാള്‍ അറിയാതെ നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് എളുപ്പം ചെയ്യാന്‍ പറ്റുന്ന കാര്യമാണല്ലോ ഈ പ്രസവം എന്നു പറയുന്നത്. വിവരമില്ലാത്ത കുറെ പെണ്ണുങ്ങളുടെ ലോ ക്ലാസ് പരദൂഷണവും അതെല്ലാം വിശ്വസിക്കാന്‍ നിന്നെ പോലൊരുത്തിയും………. : അയാള്‍ കളിയാക്കി.

Read  ഘാതകന്‍ 

ഏതായാലും അധികം വൈകാതെ ബിസിനസുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് താമസം മാറിയതോടെ നാടുമായുള്ള ആനന്ദന്‍റെ ബന്ധം ഏറെക്കുറെ അറ്റു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തറവാട് വില്‍ക്കുന്ന സമയത്ത് നാട്ടില്‍ പോയെങ്കിലും അപ്പോഴേക്കും സ്ഥലം മാറ്റമായ സരോജിനിയേട്ടത്തി മകളേയും കൊണ്ട് താമസം മാറി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

1 thought on “തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ”

Leave a Comment

Your email address will not be published. Required fields are marked *