അവള്‍

i7rqtej

അമ്മേ, അമ്മയ്ക്ക് സുഖമാണോ?

അടുത്തിടെ പണി പൂര്‍ത്തിയാക്കിയ, സിമന്‍റ് മാത്രം തേകിയ, ആ കൊച്ചു വീടിന്‍റെ പൂമുഖത്ത് തൂക്കിയ ഇരുപതുകാരിയുടെ ഫോട്ടോ മുറ്റം അടിച്ചു വാരുകയായിരുന്ന അമ്മയോടു ഒരുനാള്‍ ചോദിച്ചു.പക്ഷെ അമ്മ അത് കേട്ടില്ല.മനസ്സ് ചോദിക്കുന്നത് മറ്റാര്‍ക്കും കേള്‍ക്കാന്‍ സാധിക്കില്ലല്ലോ.ജീവനില്ലെന്നു നമ്മള്‍ കരുതുന്ന ചിത്രങ്ങള്‍ക്കു പക്ഷെ ജീവനുള്ള മനസ്സുണ്ട്.

മാസങ്ങള്‍ക്ക് മുമ്പാണ് ആ കുടുംബത്തിന്‍റെ വിളക്കായിരുന്ന ശ്രീജ എന്ന, ഫോട്ടോയില്‍ ചിരിച്ച മുഖത്തോടെ ഇരിക്കുന്ന ആ പെണ്‍കുട്ടി, ദാരുണമായി കൊല്ലപ്പെട്ടത്.ഓടുന്ന ട്രെയിനില്‍ നിന്ന് താഴെ കുറ്റിക്കാട്ടില്‍ വീണ്, അവിടെ മാനഭംഗത്തിനിരയായി, മൂന്നാംപക്കം ഹോസ്പിറ്റലിലെ ശീതീകരിച്ച മുറിയിലെ യന്ത്രസംവിധാനങ്ങളോട് മല്ലിട്ട് എന്നന്നേയ്ക്കുമായി വിട പറഞ്ഞ ജീവന്‍.അതെ. ഇന്നവള്‍ പക്ഷെ സുരക്ഷിതയാണ്. ആ ചില്ലിട്ട ചിത്രമായി…………. ആര്‍ക്കും, കാറ്റിനു പോലും,തൊടാനാവാതെ…………

ആരും കേള്‍ക്കുന്നില്ല എന്നറിയാമെങ്കിലും അവള്‍ കാണുന്നവരോടെല്ലാം ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു,അമ്മയോട്,അനിയനോട്,ഇടയ്ക്കിടെ വിവരങ്ങള്‍ തിരക്കാനെത്തുന്ന കൂട്ടുകാരികളോട്, നാട്ടുകാരോട്………………… പക്ഷെ ആര്‍ക്കും അവളുടെ മനസ്സ് വായിക്കാനുള്ള കഴിവില്ലായിരുന്നു. എങ്കിലും ചോദിക്കാതിരിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല……….

അമ്മയ്ക്ക് വിഷമമുണ്ടോ, ഞാന്‍ ഇല്ലാത്തതിനാല്‍? :ഒരു വൈകുന്നേരം, വരാന്തയുടെ അറ്റത്ത്‌,ആകാശത്തെ നക്ഷത്രങ്ങള്‍ക്കിടയില്‍ മകളെ തിരഞ്ഞു കൊണ്ടിരുന്ന, അമ്മയോട് അവള്‍ ചോദിച്ചു.

താന്‍ പോയതിനു ശേഷം ഒരിക്കലും അവള്‍ അമ്മയെ ചിരിച്ചു കണ്ടിട്ടില്ല.സദാ മൂകഭാവം. ചിലപ്പോഴൊക്കെ ഒറ്റയ്ക്കിരുന്നു കരയുന്നതും കാണാറുണ്ട്‌…..അപ്പോഴൊക്കെ അമ്മയെ ആശ്വസ്സിപ്പിക്കണം എന്നു തോന്നുമെങ്കിലും, ഇപ്പോള്‍ തനിക്കതിനുള്ള കഴിവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പിന്തിരിയും. പിന്നെ ഒറ്റയ്ക്കിരുന്നു കരയും,തനിക്കും കുടുംബത്തിനും സംഭവിച്ച ദുരന്തം ഓര്‍ത്ത്…………

ഉണ്ട്. പറയാതെ തന്നെ എനിക്കറിയാം. എന്ത് ചെയ്യാനാ,അമ്മേ? അങ്ങനെ സംഭവിച്ചു പോയി……..: അവളുടെ വാക്കുകള്‍ വിറച്ചു.കുറച്ചു നേരത്തേക്ക് പിന്നെ,അവള്‍ ഒന്നും പറഞ്ഞില്ല.

അങ്ങനെ സംഭവിച്ചു പോയി……..: സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ തുടര്‍ന്നു: സാരമില്ല,അമ്മേ……. അമ്മയ്ക്കിനി രാജുമോനുണ്ടല്ലോ. അവന്‍ അമ്മയെ പൊന്നു പോലെ നോക്കും. എനിക്കറിയാം,അവനു അമ്മ എന്ന് വെച്ചാല്‍ ജീവനാണ്: ശ്രീജ പറഞ്ഞു. അനിയന്‍ രാജേഷിനെ അവള്‍ കുഞ്ഞുന്നാള്‍ മുതലേ അങ്ങനെയാണ് വിളിക്കാറ്……. രണ്ടു വയസ്സിന്‍റെ ഇളപ്പമേയുള്ളൂ അവന്.

അമ്മ ഇടയ്ക്കിടെ റോഡിലേക്ക് നോക്കുന്നത് അവള്‍ കണ്ടു. നേരം ഇരുട്ടിയിട്ടും,ജോലി കഴിഞ്ഞെത്താത്ത രാജെഷിനെയാണ് അമ്മ നോക്കുന്നതെന്ന് അവള്‍ക്കു മനസ്സിലായി.കുടുംബത്തിന്‍റെ അവസ്ഥ കണ്ട്,കഴിഞ്ഞ മാസമാണ്,രാഷ്ട്രീയ നേതാക്കള്‍ ഇടപ്പെട്ട് രാജേഷിനു ജോലി ശരിയാക്കിയത്………. തനിക്കു രണ്ടു വയസ്സുള്ളപ്പോള്‍,അച്ഛന്‍ മരിച്ചതിനുശേഷം,അമ്മ കഷ്ടപെട്ടാണ് തങ്ങള്‍ രണ്ടുപേരെയും വളര്‍ത്തിയത്. പ്ലസ്‌ടൂവും കമ്പ്യുട്ടറും കഴിഞ്ഞ്,തനിക്ക് നഗരത്തില്‍ കിട്ടിയ ചെറിയ ജോലിയാണ് കാര്യങ്ങള്‍ ഒരു വിധം പച്ച പിടിപ്പിച്ചത്. അതെല്ലാം ഓര്‍ത്തപ്പോള്‍,നിറം മങ്ങി തുടങ്ങിയ ആ ചിത്രത്തിനു പിന്നിലിരിക്കുമ്പോഴും അവളുടെ നെഞ്ച് പിടച്ചു.

ദൂരെ,റോഡില്‍ നിന്ന് വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ രാജേഷ് നടന്നു വരുന്നത് കണ്ടപ്പോളാണ് അമ്മ വരാന്തയില്‍ നിന്ന് മുറ്റത്തേക്കിറങ്ങിയത്. അത് കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ ചെറുതായൊന്നു തിളങ്ങി. പണ്ട് വൈകുന്നേരങ്ങളില്‍ താന്‍ സ്കൂളില്‍നിന്ന് വരുമ്പോള്‍, പതിവായി കൊണ്ടു വരുന്ന നാരങ്ങ മിട്ടായിക്ക് വേണ്ടി, റോഡിലേക്കും നോക്കി ഇരിക്കാറുണ്ടായിരുന്ന പത്തു വയസ്സുകാരന്‍റെ ചിത്രമാണ് അവളുടെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞത്.

Read  രാജ്യസ്നേഹി

അമ്മേ, ചെക്കന് പൊടി മീശയൊക്കെ വന്നല്ലോ………… വലിയ ആണുങ്ങളെ പോലെയായിട്ടുണ്ട്………….: തന്‍റെ മുമ്പില്‍കൂടി അകത്തേയ്ക്ക് കയറി പോകുന്ന അനിയനെ നോക്കിക്കൊണ്ട്, അഭിമാനത്തോടെ അവള്‍ അമ്മയോട് പറഞ്ഞു. എവിടെ നിന്നോ ഒരു തേങ്ങലിന്‍റെ ശബ്ദം കേട്ടത് പോലെ തോന്നിയപ്പോള്‍,വാതില്‍ക്കല്‍ എത്തിയ അമ്മ തിരിഞ്ഞു നോക്കി. അവിടെയെങ്ങും ആരുമുണ്ടായിരുനില്ല…………. ഇനി തോന്നിയതാണോ ?ഒരു നിമിഷം ശങ്കിച്ചു നിന്ന് അമ്മ അകത്തേക്ക് നടന്നു.

അമ്മയ്ക്കറിയാമോ, കുറച്ചു മുമ്പ് ഞാനാ കരഞ്ഞത്.എന്തിനാണെന്നോ? ജോലി കിട്ടി കഴിഞ്ഞാല്‍ ആദ്യം, എനിക്ക് ഒരു പുതിയ സാരി വാങ്ങിച്ച തരണമെന്ന് ഞാന്‍ ഇവനോട് പറഞ്ഞിരുന്നു. പക്ഷെ ഇപ്പൊ…………………… അതോര്‍ത്തപ്പോ………….: അല്പം കഴിഞ്ഞപ്പോള്‍,പൂമുഖത്തെത്തിയ അമ്മയോട് അവള്‍ പറഞ്ഞു,പിന്നെ ഏങ്ങലടിച്ചു കരഞ്ഞു.

ട്രെയിനില്‍ നിന്ന് വീണ ആ വീഴ്ച…….. അത് ഓര്‍ക്കുമ്പോഴൊക്കെ അവളുടെ കണ്ണുകളില്‍ ഭീതി നിറയും. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി, സിഗ്നല്‍ കിട്ടാതെ, സന്ധ്യാ സമയത്ത്,ട്രെയിന്‍ ഏതോ വിജനമായ സ്ഥലത്ത് നിന്നതും, മുന്നോട്ടെടുക്കുന്ന സമയത്ത്,കറുത്തു മെലിഞ്ഞ ഒരാള്‍ കയ്യിലുള്ള ബാഗ് തട്ടി പറിച്ച് പുറത്തേയ്ക്ക് ചാടിയതും,അയാളെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ താഴെ കുറ്റിക്കാട്ടിലേക്ക് വീണതും മാത്രം ഓര്‍മയുണ്ട്. ആ സമയം പുറകില്‍ എന്തൊക്കെയോ ബഹളം കേട്ടു. പക്ഷെ ആരും സഹായത്തിനെത്തിയില്ല. ഓര്‍മ വന്നപ്പോള്‍ ഏതോ ആശുപത്രിയിലാണ്. ഇടയ്ക്കിടെ വരുന്ന ജീവന്‍ പറിഞ്ഞുപോകുന്ന വേദന…………… മരുന്നുകള്‍……… ഇപ്പോഴും ആ വേദന കാരണം അവള്‍ ഇടയ്ക്കിടെ പുളയാറുണ്ട്. അപ്പോഴൊക്കെ വാവിട്ടു കരയും.ആ സമയങ്ങളിലൊക്കെ എന്തിനെന്നറിയാതെ അവളുടെ അമ്മ അസ്വസ്ഥയാകും.

ശ്രീജയുടെ വലിയ ആഗ്രഹമായിരുന്നു,സ്വന്തമായി ഒരു കൊച്ചു വീട് എന്നത്.അതിനു വേണ്ടി അധിക സമയം ജോലി ചെയ്ത് അവള്‍ കഷ്ടപ്പെടുകയും ചെയ്തു. പക്ഷെ പണി പൂര്‍ത്തിയാകും മുമ്പേ അവള്‍ പോയി. പിന്നീട് അവളുടെ ആഗ്രഹം സാധിപ്പിക്കുന്നതിനായി,പലരുടെയും സഹായം കൊണ്ട്, അടുത്തിടെയാണ് പണി തീര്‍ത്തത്. പക്ഷെ,വീട്ടില്‍ നിത്യ സാന്നിധ്യമായി എന്നും അവള്‍ ഉണ്ടാവണം എന്നത് അമ്മയുടെയും രാജേഷിന്‍റെയും ആഗ്രഹമായിരുന്നു. അങ്ങനെയാണ് പൂമുഖത്ത് അവളുടെ പടം തൂക്കിയതും,വീടിന് ശ്രീനിലയം എന്ന് പേരിട്ടതും.

രണ്ടു ദിവസ്സം കഴിഞ്ഞുള്ള ഒരു പുലര്‍കാലത്ത്,ഉറക്കം വിട്ടെഴുന്നേറ്റു വന്ന അമ്മയോട്, ഭീതിയോടെ, പരിഭ്രാന്തയായി,അവള്‍ പറഞ്ഞു: അമ്മേ, അമ്മയറിഞ്ഞോ,ആ പിശാച് ജയില്‍ ചാടി,ഇന്നലെ രാത്രി…………………….

തുടര്‍ന്നു വായിക്കുക

Leave a Comment

Your email address will not be published. Required fields are marked *