Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ചില തുണ്ട് കഥകള്‍

Share this post

ചില തുണ്ട് കഥകള്‍ 1

ശീലാവതി

അവള്‍ സുന്ദരിയും നാണം കുണുങ്ങിയുമായിരുന്നു.

തന്‍റെ ഭാവിവധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെല്ലാം ഒത്തു വന്നതില്‍ രാജീവന് സന്തോഷം തോന്നി.

ഒരു പുരുഷ സുഹൃത്ത് പോലുമില്ലാത്ത, മമ്മൂട്ടിയൊഴിച്ച് മറ്റൊരു ആണിന്‍റെയും മുഖത്ത് പോലും നോക്കാത്തവളാണ് തന്‍റെ പെണ്ണെന്ന്‍ അറിഞ്ഞപ്പോള്‍ അയാളുടെ സന്തോഷം ഇരട്ടിച്ചു. നിശ്ചയം മുതല്‍ വിവാഹം വരെയുള്ള ചുരുക്കം ദിവസങ്ങളും അസഹ്യമായപ്പോള്‍ കാമിനിയുടെ വാമൊഴി കേള്‍ക്കാന്‍ അയാള്‍ പലപ്പോഴും മൊബൈല്‍ ഫോണിനെയും പ്രാചീന കാലങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന കത്തെഴുത്തല്‍ സമ്പ്രദായത്തെയും കൂട്ടു പിടിച്ചു.

അങ്ങനെ അയാള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന വിവാഹ ദിവസമെത്തി.

തന്‍റെ പെണ്ണ്‍ ആരുടെയോ കൂടെ ഒളിച്ചോടി എന്ന വാര്‍ത്തയാണ് അയാളെ അന്ന്‍ കിടക്കപ്പായയില്‍ നിന്നുണര്‍ത്തിയത്. വിവരം അറിഞ്ഞ മാത്രയില്‍ അയാള്‍ ബോധം രഹിതനായി.

പിന്നീടാണറിഞ്ഞത് അവളുടെ കാമുകന്‍റെ പേരായിരുന്നുവത്രേ മമ്മൂട്ടി. കവലയില്‍ ടീഷാപ്പ് നടത്തുന്ന കുഞ്ഞാലിക്കുട്ടിയുടെ ഏക മകന്‍…………….. ചുമ്മാതല്ല മമ്മൂട്ടിയുടെയല്ലാതെ വേറാരുടെയും മുഖത്ത് നോക്കില്ല എന്നവള്‍ പറഞ്ഞത്.

The End


 

മന്ത്രി

അയാള്‍ ഒരു കള്ളനായിരുന്നു. നാട്ടിന്‍പുറത്തെ വീടുകളിലും കൊച്ചു പീടികകളിലുമായിരുന്നു തുടക്കം.

പിന്നീട് വലിയ ബാങ്കുകളിലേക്കും പട്ടണത്തിലെ പണക്കാരുടെ കോളനികളിലേക്കും തന്‍റെ സാമ്രാജ്യം അയാള്‍ വ്യാപിപ്പിച്ചു.

കാലക്രമേണ അയാള്‍ ഗുണ്ടാപിരിവും തുടങ്ങി. സ്വന്തമായി ഗുണ്ടാസംഘം ഉണ്ടാക്കിയതോടെ അയാളെ നാട്ടുകാര്‍ തലൈവ എന്നു വിളിച്ചു.

വോട്ട് ചെയ്യിപ്പിക്കാനുള്ള അയാളുടെ ശേഷി മനസിലാക്കിയ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ സീറ്റും കൊടുത്തു. ജയിച്ച് പാട്ടും പാടി തലസ്ഥാനത്തേക്ക് പോയ അയാള്‍ സത്യപ്രതിജ്ഞ ചെയ്ത് മടങ്ങി വന്നപ്പോള്‍ ജനം ബഹുമാനത്തോടെ വിളിച്ചു,

മന്ത്രി…………….

ഇന്ന്‍ അയാള്‍ ജയിലിലാണ്.

അവിടെ ചപ്പാത്തിയുണ്ടാക്കാന്‍ പഠിക്കുന്നു.

പുറത്തുവന്നാലുടന്‍ അയാള്‍ നാട്ടില്‍ പുതിയ ഹോട്ടല്‍ തുടങ്ങും.

The End 


Also Read  ഇന്‍ഷുറന്‍സ്

തെമ്മാടിക്കുഴി

എന്‍റെ അച്ഛന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.ഞാന്‍ ഒരു കമ്മ്യൂണിസ്റ്റും.

എന്‍റെ മകനെ വിശ്വാസിയായി വളര്‍ത്തിയെങ്കിലും വലുതായപ്പോള്‍ അവന്‍ ഒരു വര്‍ഗ്ഗീയ വാദിയായി. അടുത്തിടെ നടന്ന കലാപത്തിന്‍റെ മറവില്‍ ആരെയൊക്കെയോ കൊന്നെന്നു പറഞ്ഞ് പോലീസ് അവനെ ജയിലിലുമാക്കി. പക്ഷേ അതോടെ എല്ലാവരുടെയും ശത്രുവായത് ഞാനാണ്.

പോലീസും നാട്ടുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു,

വളര്‍ത്തുദോഷം…………….

ഇന്ന്‍ പക്ഷേ എല്ലാവരും എന്നെ കുറിച്ച് നല്ലത് മാത്രമാണ് പറയുന്നത്. അവര്‍ തെറ്റ് തിരുത്തിയതല്ല, തെമ്മാടിക്കുഴിയില്‍ ഉള്ളവരെ കുറിച്ച് മോശമായി ഒന്നും പറയില്ല എന്നത് നാട്ടുനടപ്പാണല്ലോ.

ഇതിനെല്ലാം എനിക്കു വേണ്ടി വന്നത് ഒരു മുഴം കയറാണ്…………………..

ഇവിടെ ആര്‍ക്കും ജാതിയോ മതമോ ഇല്ല, എല്ലാവരും മരിച്ചവര്‍ മാത്രം. ഞാന്‍ ശരിക്കും ഒരു കമ്മ്യൂണിസ്റ്റുകാരനായത് ഇപ്പോഴാണ്.

The End 

തുടര്‍ന്നു വായിക്കുക


Share this post