Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സാക്ഷി- കഥ

Share this post

സാക്ഷി- കഥ 1

താങ്ക്സ് മൈ ലോര്‍ഡ് : കോടതിക്ക് നന്ദി പറഞ്ഞ് ബാലഗോപാല്‍ സാക്ഷിക്കൂടിന് നേരെ നടന്നു.

മരണപ്പെട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം താങ്കള്‍ ഇപ്പോള്‍ മടങ്ങി വരാനുള്ള കാരണം ? : താഴേക്കു ഊര്‍ന്നിറങ്ങാന്‍ തുടങ്ങിയ തന്‍റെ കണ്ണാടി നേരെയാക്കുന്നതിനിടയില്‍ വൃദ്ധന്‍ കോടതിമുറിയിലുള്ള എല്ലാവരെയും ഒന്നു നോക്കി.

എന്‍റെ നാട് കൊടിയ അഴിമതികളുടെയും കുറ്റകൃത്യങ്ങളുടെയും വിളനിലമാകുന്നത് കണ്ട്…………. ഒരു കേസിലെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വന്നത്……….. : അദ്ദേഹത്തിന്‍റെ ശബ്ദം ഇടറി. പക്ഷേ അപ്പോഴും തന്‍റെ ഊന്നുവടി അദ്ദേഹം മുറുകെ പിടിച്ചിരുന്നു. അമ്പരപ്പോ ഭയമോ എന്നു വേര്‍തിരിച്ചു പറയാനാവാത്ത വികാരത്തോടെ പ്രതികള്‍ എതിര്‍വശത്തെ കൂട്ടിലും പുറത്തുമായി അദ്ദേഹത്തെ തന്നെ നോക്കി നിന്നു.

പക്ഷേ ഇതിലും വലിയ അഴിമതികള്‍ ഈ നാട്ടില്‍ ഉണ്ടായിട്ടില്ലെ ? അതിനൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഈ കേസിനുള്ളത് ? : ഫാനിന്‍റെ കടകട ശബ്ദത്തോട് മല്‍സരിച്ചുകൊണ്ട് തന്‍റെ പതിഞ്ഞതും എന്നാല്‍ ദൃഡവുമായ ശബ്ദത്തില്‍ ബാലഗോപാല്‍ ചോദിച്ചപ്പോള്‍ കോടതി മുറിയിലെങ്ങും നിശബ്ദത പരന്നു. എല്ലാവരും ആ മറുപടിക്കായി കാതോര്‍ത്തു.

കേസിലെ വാദികള്‍ക്കും ഇരകളുടെ വേണ്ടപ്പെട്ടവര്‍ക്കും ആ സത്യാന്വേഷണ പരീക്ഷകന്‍റെ സാന്നിധ്യം ആശ്വാസമായപ്പോള്‍ കുറ്റവാളികള്‍ക്ക് അദ്ദേഹം എന്താണ് പറയാന്‍ പോകുന്നതെന്ന ആകാംക്ഷയാണ് ഉണ്ടായത്. മുന്നിലും പിന്നിലും ഗാന്ധിയുടെ സാന്നിധ്യം അനുഭവപ്പെട്ട ഷക്കീല്‍ അഹമ്മദിന് ആധുനിക ഡമോക്ലിസിന്‍റെ വാള്‍ തന്‍റെ തലക്ക് മുകളിലാണ് തൂങ്ങുന്നതെന്ന് തോന്നി.

കാരണം ഈ കേസിലെ ഏക സാക്ഷി ഞാനാണ്. കോടികളുടെ കോഴപ്പണം കൈമാറിയതിന് പച്ച നോട്ടുകളിലെ ഗാന്ധിത്തല മാത്രമാണ് സാക്ഷി. കള്ള പണത്തെയും വിദേശങ്ങളിലെ ബിനാമി അക്കൌണ്ടുകളെയും നേരിടുന്ന കാര്യത്തില്‍ നമ്മുടെ നിയമം ഇപ്പൊഴും പരാജയമാണ്. എന്നാല്‍ ഈ കേസില്‍ പലപ്പോഴായി കൈമാറിയ കോടികള്‍ എവിടെയുണ്ടെന്നും അവയുടെ സീരിയല്‍ നമ്പര്‍ ഏതൊക്കെയാണെന്നും ഞാന്‍ പറയാം. കാണ്‍പൂരിലെയും ഗാങ്ടോക്കിലെയും നേപ്പാളിലെയും ഹവാലക്കാരുടെ പെട്ടികളില്‍ ഇത്ര നാള്‍ ഞാന്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. ഇനി വയ്യ. പച്ച നോട്ടുകള്‍ക്കും ജീവനുണ്ടെന്ന് ഇതുപോലുള്ള ദേശദ്രോഹികള്‍ ഇനിയെങ്കിലും മനസിലാക്കട്ടെ………………….. : കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അദ്ദേഹം മുഖം കുനിച്ചു. വീഴാതിരിക്കാന്‍ കൂടിന്‍റെ അഴികളില്‍ ബലമായി പിടിച്ചു.

ഇത് ഒരു കേസിന്‍റെ സാക്ഷി വിസ്താരമല്ല, മറിച്ച് ഒരു ദേശത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന സത്യ വിചാരണയാണെന്ന് അഡ്വ. ബാലഗോപാലിന് തോന്നി. ഓര്‍മ വച്ച നാള്‍ മുതല്‍ മുറിയില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കിക്കൊണ്ടിരുന്ന ഫാന്‍ ശാന്തമായി ചലിച്ചു തുടങ്ങുന്നത് അയാള്‍ കണ്ടു.

Also Read  ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത്

അവിടെ സന്നിഹിതരായവരില്‍ നീതിന്ന്യായങ്ങളില്‍ വിശ്വാസമുള്ളവരെല്ലാം ആദരവോടെയും ക്രമേണ ആരാധനയോടെയും വൃദ്ധനെ നോക്കി. എതിര്‍ വിസ്താരം നടത്താതെ ചൌഹാന്‍ പിന്മാറിയപ്പോള്‍ വിധിന്യായമെഴുതാന്‍ ഷക്കീല്‍ അഹമ്മദ് തന്‍റെ പേന കയ്യിലെടുത്തു.

സത്യത്തിന്‍റെയും നീതിയുടെയും വെളിച്ചം എല്ലാവര്‍ക്കും പകര്‍ന്നു നല്‍കിക്കൊണ്ട് അടച്ചിട്ട വാതിലുകള്‍ മലര്‍ക്കെ തുറന്നപ്പോള്‍ എല്ലാവരെയും വണങ്ങിക്കൊണ്ട് വൃദ്ധന്‍ പുറത്തേക്ക് നടന്നു. കാലം ചെറിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും അയാളുടെ ചടുല ചലനത്തിനൊപ്പമെത്താന്‍ പലരും നന്നേ വിഷമിച്ചു. ചുറ്റും കൂടിയവരുടെ പ്രശംസാവചനങ്ങള്‍ അയാള്‍ കേട്ട ഭാവം കാണിച്ചില്ല.

പുറത്തെത്തിയപ്പോള്‍ കണ്ട ചാനല്‍ ക്യാമറകളുടെ പ്രളയവും മണല്‍ത്തരികളെക്കാള്‍ ഏറെയുള്ള സൈനികരുടെ എണ്ണവുമാണ് അയാളില്‍ അല്‍പമെങ്കിലും പകപ്പുണ്ടാക്കിയത്. ആ തക്കത്തിന് മാധ്യമ പ്രവര്‍ത്തകരുടെ അസംഖ്യം മൈക്കുകള്‍ അയാളെ വളഞ്ഞു. പ്രാസംഗികരുടെ പതിവ് പൊള്ളത്തരങ്ങളും ആക്രോശങ്ങളും കണ്ടു മടുത്ത ക്യാമറകള്‍ ഒരു അന്യ ഗ്രഹ ജീവിയെയെന്ന പോലെ അയാളെ തുറിച്ചു നോക്കി. ഒരുപാട് പരിശ്രമങ്ങള്‍ക്ക് ശേഷമാണ് സുരക്ഷാ സൈനികര്‍ക്ക് മഹാത്മാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.

സ്ഥലത്തെ പോലീസ് സംഘത്തെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ഡിസിപി ഹരിപ്രസാദ് ശര്‍മ്മ എതിരെ വരുന്നത് കണ്ടപ്പോള്‍ ഗാന്ധിജി ഒരു സര്‍വജ്ഞനെ പോലെ ചിരിച്ചു.

ആപ് നേ ബഹുത് അച്ഛാ കാം കിയാ…………. ഉന്‍ ലോഗോം കോ ജെയില്‍ മേം കം സെ കം ജീവന്‍ ഭര്‍ രഹ്നാ പടേഗാ……………. : അയാള്‍ അദ്ദേഹത്തിന് മുന്നില്‍ തലകുനിച്ചുകൊണ്ട് ഭയ ഭക്തി ബഹുമാനത്തോടെ പറഞ്ഞു. കോടതി നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് പ്രതികളെ വടക്കേ ഗേറ്റിന് സമീപത്തുനിന്ന് പ്രത്യേക വാഹനത്തില്‍ കയറ്റുന്നത് അവിടെ നിന്നാല്‍ അവ്യക്തമായി കാണാം. ഒരു നിമിഷം.

ടേക്ക് മൈ ഹമ്പില്‍ ഗിഫ്റ്റ് ഫോര്‍ ദിസ്………….. : അത്രയും പറഞ്ഞ് ശര്‍മ്മ തന്‍റെ അരയില്‍ നിന്ന്‍ തോക്ക് വലിച്ചൂരി മഹാത്മാവിന് നേരെ രണ്ടു വട്ടം നിറയൊഴിച്ചു. സൈനികര്‍ ഞൊടിയിടയില്‍ അയാളെ വട്ടം പിടിച്ചെങ്കിലും ജനറല്‍ ഡയറിന്‍റെ നാട്ടില്‍ ജനിച്ച ആ അത്യാധുനിക ആയുധം അപ്പോഴേക്കും ആ വയോവൃദ്ധന്‍റെ ശരീരത്തില്‍ ചോരക്കളങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചു തുടങ്ങിയിരുന്നു. പഴകി ദ്രവിച്ച ഹേറാം വിളി മാത്രം ശരീരത്തിന്‍റെ നേര്‍ത്ത പിടച്ചിലുകള്‍ക്കിടയില്‍ പശ്ചാത്തലത്തില്‍ മുഴങ്ങി.

ഹേ ഭൂട്ടാ, മേം ലോക്പാല്‍ ശര്‍മാ കാ ഭായി ഹും. അബ് സംച്ഛാ ? : പട്ടാളക്കാരുടെ പിടിയില്‍ നിന്ന്‍ കുതറി മാറാന്‍ ശ്രമിക്കുമ്പോള്‍ ശര്‍മ്മ ആക്രോശിച്ചു.

എന്തും ഏതും കാണികളില്‍ തല്‍സമയം എത്തിക്കാന്‍ വെമ്പുന്ന നവയുഗ ചാനല്‍ ക്യാമറകള്‍ ആ മരണത്തിന് ചുറ്റും കഴുകന്‍ കണ്ണുകളോടെ വട്ടമിട്ടു പറന്നപ്പോള്‍ മറ്റൊരു ബ്രേക്കിങ് ന്യൂസ് കൂടി ആ ദിവസം ജനിച്ചു. ആ വാര്‍ത്തക്ക് അവര്‍ ഒരു കാപ്ഷനുമിട്ടു :

ഹേറാം………………….

———————————————————————————-

 

 


Share this post