ഇരട്ടക്കുട്ടികളുടെ അച്ഛന്‍- കഥ Part 1

kids

 

കോടമഞ്ഞ് അതിരിട്ടു നില്‍ക്കുന്നതും  പച്ചപ്പ് നിറഞ്ഞതുമായ മലമുകളിലെ ആ ഓല മേഞ്ഞ കെട്ടിടത്തിനു ചുറ്റും പകല്‍ സമയത്തും നല്ല തണുപ്പാണെന്ന് വൈശാഖന് തോന്നി. അയാളും രണ്ടു മൂന്നു സുഹൃത്തുക്കളും മാത്രമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്.

പുറത്ത് നിരത്തിയിട്ട മൂന്ന്‍-നാല് ബെഞ്ചും ഡസ്ക്കുമുണ്ട്. അവിടെയിരുന്നാല്‍ അങ്ങ് അകലെ തലയുയർത്തി നില്‍ക്കുന്ന മല നിരകള്‍ വരെ കാണാമെങ്കിലും അന്ന്‍ മഞ്ഞ് പലപ്പോഴും അവരുടെ കാഴ്ച മറച്ചു. കെട്ടിടത്തിനകത്ത് വാറ്റ് നടക്കുന്നു. ആവശ്യക്കാര്‍ക്ക് പിന്‍വശത്തുള്ള ചെറിയ ഹാളിലോ അല്ലെങ്കില്‍ പുറത്ത് മൈതാനത്തോ ഇരിക്കാം.

എന്നാ തണുപ്പാ അല്ലേ ? ഇവിടെ സീസണ്‍ തുടങ്ങിയാല്‍ ഇങ്ങനെയാ…………… പുറത്തിറങ്ങാന്‍ പറ്റില്ല.  ഇന്നാ ഇത് പിടിപ്പിക്ക്. ഒന്നു ഉഷാറാകട്ടെ………. : ഒരു ഭാഗത്ത് തനിച്ചിരിക്കുകയായിരുന്ന വൈശാഖനോട് അകത്ത് നിന്ന്‍ ഒരു കുപ്പിയും രണ്ടു ഗ്ലാസുമായി  പുറത്തേയ്ക്ക് വരുന്നതിനിടയില്‍ ജോണിക്കുട്ടി ചോദിച്ചു.

ചോദിക്കുന്നതിനിടയിലും അയാള്‍ വിറച്ചു കൊണ്ടിരുന്നു. കുപ്പി തുറന്ന്‍ അയാള്‍ തന്നെ രണ്ടു ഗ്ലാസിലും ഒഴിച്ചു. വെറുതെ നോക്കിയിരുന്നതല്ലാതെ വൈശാഖന്‍ ഒന്നും പറഞ്ഞില്ല.

നീ എന്താ ആലോചിക്കുന്നത് ? നല്ല സൊയമ്പന്‍ സാധനമാ…………  ജോസപ്പേട്ടന്‍റെ പുതിയ ഐറ്റെം. ഇതൊന്ന്‍ അകത്തുചെന്നാല്‍ ഏതു ടെന്‍ഷനും പമ്പയല്ല അങ്ങ് ഹിമാലയം വരെ കടക്കും. പിന്നെ അങ്ങ് നാട്ടിലെത്തുന്നത് വരെ നീ ഒന്നുമറിയില്ല. പരമ സുഖം…………..   : ഒരു ഗ്ലാസ് വൈശാഖന്‍റെ മുന്നിലേക്ക് നീക്കി വെച്ച് ജോണിക്കുട്ടി മറ്റേ ഗ്ലാസെടുത്ത് ഒറ്റ വലിക്ക് കുടിച്ചു. അതിനിടയില്‍ അകത്തു നിന്ന് ഒരു ജോലിക്കാരന്‍ ഒരു കുപ്പിയും ഒരു പ്ലേറ്റില്‍ മീന്‍ വറുത്തതും കൊണ്ടു വെച്ചു. ജോണിക്കുട്ടി ഒരു മീന്‍ കഷണം എടുത്ത് വായിലേക്കിടുന്നതിനിടയില്‍ അകത്തു നിന്ന് ഏതോ പഴയ ഹിന്ദി പാട്ട് കേട്ടു.

അതാ കോശിച്ചായനാ : ചിരിച്ചു കൊണ്ട് വൈശാഖനോട് അങ്ങനെ പറഞ്ഞ് ജോണിക്കുട്ടി അകത്തേക്ക് തിരിഞ്ഞു. അപ്പോള്‍ ഷാപ്പിന്‍റെ ഒരു വശത്ത് നിന്ന് കയ്യില്‍ ഗ്ലാസുമായി പാട്ടും പാടി കോശിച്ചായന്‍ പുറത്തേക്ക് വരുന്നത് കണ്ടു.

വൈശാഖനും ജോണിക്കുട്ടിയും കോശിച്ചായനും ഉറ്റ ചങ്ങാതിമാരും സഹപ്രവര്‍ത്തകരുമാണ്. മൂന്നാറിലെ ഒരു പ്ലാന്‍റേഷന്‍ കമ്പനിയിലെ ജീവനക്കാര്‍. ഇടക്കിടെ അവര്‍ ജോസഫേട്ടന്‍റെ ഷാപ്പില്‍ കൂടാറുണ്ടെങ്കിലും ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്.

വിവാഹം കഴിഞ്ഞ് പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വൈശാഖന്‍ ഒരു അച്ഛനായത് അന്നാണ്. ഭാര്യ ഗായത്രി നാട്ടിലെ ഹോസ്പിറ്റലിലാണ്. ഇടയ്ക്കിടെ ഹോസ്പിറ്റലിലേക്ക് പോകാനുള്ള സൌകര്യം കണക്കിലെടുത്ത് വൈശാഖന്‍ തന്നെയാണ് അവളോടു ഇവിടെ നില്‍ക്കാതെ നാട്ടിലേക്ക് പോകാന്‍ പറഞ്ഞത്. അതനുസരിച്ച് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വീട്ടുകാര്‍ വന്ന്‍ അവളെ കൊണ്ടു പോകുകയും ചെയ്തു. പക്ഷേ അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് അയാള്‍ക്ക് തോന്നി. ഗായത്രി പോയതോടെ വൈശാഖന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. വര്‍ഷങ്ങളായി ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്നവള്‍ താല്‍ക്കാലികമായാണെങ്കിലും പെട്ടെന്ന് പോയ ശൂന്യത നികത്താന്‍ ഒരു പരിധി വരെ അയാളെ സഹായിച്ചത് ഈ കൂട്ടുകാരാണ്.

കമ്പനിയില്‍ ഒരാഴ്ചയായി മാനേജര്‍ ഇല്ലാത്തത് കൊണ്ട് സൂപ്പര്‍വൈസറായ വൈശാഖനായിരുന്നു ചാര്‍ജ്. പോരാത്തതിന് തോട്ടത്തില്‍ വിളവെടുക്കുന്ന സമയവും. അതുകൊണ്ട് പ്രസവം അടുത്തിട്ടും അയാള്‍ക്ക് നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. പക്ഷേ താനൊഴിച്ച് ബാക്കിയെല്ലാവരും അവിടെ ഗായത്രിയുടെ അടുത്തുണ്ട് എന്നതായിരുന്നു അയാളുടെ ഏക ആശ്വാസം.

ആലുവയുടെ പരിസരത്ത് തന്നെയാണ് ഇരുവരുടെയും കുടുംബ വീടുകള്‍. ഏതാനും കിലോമീറ്ററുകളുടെ മാത്രം അകലം. വൈശാഖന്‍റെ കുടുംബവീട്ടില്‍ അനിയന്‍റെ കുടുംബവും ഇളയ അനിയത്തിയുമുണ്ട്. അമ്മ അവരുടെ കൂടെയാണ്. ജ്യേഷ്ഠന്‍ ബാഹുലേയനും കുടുംബവും പിന്നെ അച്ഛനും അമ്മയുമാണ് ഗായത്രിയുടെ വീട്ടിലുള്ളത്.

രാവിലെ തന്നെ നാട്ടില്‍ പോകാന്‍ നിശ്ചയിച്ചെങ്കിലും അന്നുച്ച വരെ സിറ്റിയില്‍ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ വന്നത് വൈശാഖന്‍റെ പദ്ധതികളെ തകിടം മറിച്ചു. അപ്പോഴേക്കും ആദ്യം ബാഹുലേയന്‍റെയും പിന്നെ അമ്മയുടെയും ഒടുവില്‍ കുറച്ചുമുമ്പ് ഗായത്രിയുടെയും ഫോണ്‍ വന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ആ സന്തോഷ വാര്‍ത്തയെ കുറിച്ചാണ്. ഗായത്രി പ്രസവിച്ചു. അതും ഇരട്ടക്കുട്ടികള്‍. പെണ്‍കുട്ടികളാണ്. സന്തോഷം കൊണ്ട് വൈശാഖന്‍ ആകാശത്തോളം ഉയര്‍ന്നു പോയി. ഇത്ര നാളത്തെ കാത്തിരിപ്പിന് ഫലമുണ്ടായെന്ന് അയാളുടെ മനസ് പറഞ്ഞു.

വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ ജോണിക്കുട്ടിയും കോശിച്ചായനും ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വൈശാഖന്‍റെ ഏറെ നാളായുള്ള ദു:ഖവും വേദനയും അറിയാവുന്ന അവര്‍ക്ക് ഇപ്പോള്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന സന്തോഷത്തിന്‍റെ വിലയും നന്നായറിയാം.

ഹര്‍ത്താല്‍ മൂലം കമ്പനിയില്‍ ജീവനക്കാരുടെ എണ്ണം കുറയുക കൂടി ചെയ്തതോടെ അസിസ്റ്റന്‍റ് സൂപ്പര്‍വൈസര്‍ ഷണ്‍മുഖവേലിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് സുഹൃത്-സംഘം ജോസഫേട്ടന്‍റെ ഷാപ്പില്‍ ഒത്തുകൂടി. കുറച്ചു നാളായി സന്തോഷം വന്നാലും ദു:ഖം വന്നാലും അവര്‍ അങ്ങനെയാണ്.

ഉച്ചയ്ക്ക് രണ്ടുമണിക്ക് അടിവാരത്തു നിന്നുള്ള ബസ്സില്‍ വൈശാഖന്‍ നാട്ടിലേക്ക് തിരിക്കും. പ്ലാന്‍റേഷന്‍ വക ജീപ്പില്‍ അവിടം വരെ ഡ്രൈവര്‍മാര്‍ ആരെങ്കിലും കൊണ്ടുവിടും എന്നാണ് ഇതുവരെയുള്ള തീരുമാനം.

ഇച്ചായാ, നിങ്ങള്‍ അവിടെ കുറ്റിയടിച്ചിരിക്കാതെ ഇവിടെ വാ, ഇവിടെ വന്നിരിക്ക്…………….: അല്പം ശാസനാ സ്വരത്തില്‍ പറഞ്ഞ് ജോണിക്കുട്ടി വൈശാഖന്‍ ഇരിക്കുന്ന ബെഞ്ച് കാണിച്ചു കൊടുത്തു. അതോടെ പാട്ട് നിന്നു. അയാള്‍ പതുക്കെ അടുത്തേയ്ക്ക് വന്നു.

ഇയാള്‍ക്കിതെന്താ പറ്റിയത് ? എന്തോ കളഞ്ഞിട്ടു പോയ അണ്ണാനെ പോലെയാണല്ലോ ഇരിപ്പ്……..  : വൈശാഖനെയും അയാള്‍ തൊടാതെ വെച്ച ഗ്ലാസിനെയും നോക്കിക്കൊണ്ട് കോശിച്ചായന്‍ ചോദിച്ചു.

അവനു ടെന്‍ഷന്‍. ഭാര്യയെയും കൊച്ചുങ്ങളെയും കുറിച്ചോര്‍ത്ത്………….. : ജോണിക്കുട്ടി അടുത്ത ഗ്ലാസ് നിറച്ചു കൊണ്ട് പറഞ്ഞു.

ങേ കൊച്ചുങ്ങളോ ?  അതെപ്പോ സംഭവിച്ചു ? : അതു കേട്ട് പുറത്തേക്ക് വന്ന ജോസഫേട്ടന്‍ അത്ഭുതത്തോടെ ചോദിച്ചു.അറുപതിന് മേല്‍ പ്രായമുണ്ട് അദ്ദേഹത്തിന്. അടുത്തിടെ ഭാര്യ മരിച്ചതോടെ തനിച്ചായ അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളുണ്ടെങ്കിലും അവരുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ല. തൊടുപുഴയിലും വാഗത്താനത്തും സ്ഥിരതാമസമായ അവര്‍ ഇങ്ങോട്ടോ അല്ലെങ്കില്‍ അദ്ദേഹം തിരിച്ചോ പതിവായി പോക്കുവരവുമില്ല.

കുട്ടികള്‍ ഇല്ലാത്തതായിരുന്നു വൈശാഖന്‍റെയും ഗായത്രിയുടെയും ഏറ്റവും വലിയ ദു:ഖം. അത് അവരെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. സന്താനലബ്ധിക്കായി ഇരുവരും കാണാത്ത ഡോക്ടര്‍മാരോ ആശുപത്രികളോ ഇല്ല. അവസാനം ദൈവത്തിന്‍റെ വഴിയേ തിരിഞ്ഞെങ്കിലും അടുത്തകാലം വരെ നിരാശയായിരുന്നു ഫലം. പെട്ടെന്നാണ് ദമ്പതികളുടെ ജീവിതത്തില്‍ ശുക്രനുദിച്ചത്. അതോര്‍ക്കുമ്പോള്‍ തന്നെ വൈശാഖന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയും.

അതൊക്കെയുണ്ട് ചേട്ടാ………….. അതൊന്നു ആഘോഷിക്കാനല്ലേ ഞങ്ങള്‍ ഇപ്പോ ഇങ്ങോട്ടു വന്നത്. കുറച്ചു മുമ്പാ വിശേഷം അറിഞ്ഞത്.  ബമ്പറല്ലെ പഹയന് അടിച്ചിരിക്കുന്നത്. ഇരട്ടക്കുട്ടികള്‍…………. തള്ളയും കൊച്ചുങ്ങളും നാട്ടില്‍ സുഖമായിരിക്കുന്നു…………..എന്നിട്ടും അവന്‍റെ വെപ്രാളം മാറിയിട്ടില്ല. അതു കണ്ടാല്‍ ലോകത്തിതാദ്യമാണെന്ന് തോന്നും. : ജോണിക്കുട്ടി സന്തോഷത്തോടെ പറഞ്ഞു.

സ്നേഹമുള്ളവര്‍ അങ്ങനെയാ ജോണിക്കുട്ടി………… ഭാര്യയുമായി തല്ലിപ്പിരിഞ്ഞു രണ്ടു സ്ഥലത്തായി നില്‍ക്കുന്ന നിനക്കൊന്നും അത് പറഞ്ഞാല്‍ മനസ്സിലാവില്ല, അല്ലേ വൈശാഖാ ? അല്ല, എന്നിട്ട് ഇയാള്‍ നാട്ടില്‍ പോകുന്നില്ലേ ? : ഒഴിഞ്ഞ കുപ്പി എടുക്കുന്നതിനിടയില്‍ ജോസഫേട്ടന്‍ വൈശാഖനെ നോക്കി ചോദിച്ചു.

കളി-ചിരികളുമായി നടക്കുമെങ്കിലും ജോണിക്കുട്ടിയുടെ വൈവാഹിക ജീവിതം താളപ്പിഴകള്‍ നിറഞ്ഞതായിരുന്നു. അത് വൈശാഖനെ പോലെ അപൂര്‍വം ചില സുഹൃത്തുകളോട് മാത്രമാണ് അയാള്‍ തുറന്നു സമ്മതിച്ചിട്ടുള്ളത്. കൂടുതല്‍ ഉയര്‍ന്ന ചുറ്റുപാടില്‍ നിന്ന് വന്ന ഭാര്യയും അതോടൊപ്പം അയാളുടെ ചില്ലറ ചുറ്റിക്കളികളുമാണ് ജോണിക്കുട്ടിയുടെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് കാരണമായി വൈശാഖന് തോന്നിയത്. അത് അയാള്‍ തുറന്നു പറയുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴേക്കും അവര്‍ തിരുത്താനാകാത്ത വിധം അകന്നു കഴിഞ്ഞിരുന്നു.

അതെങ്ങനെയാ ? രണ്ടു മണി വരെ ഹര്‍ത്താലല്ലേ ? അതു കഴിയാതെങ്ങനെയാ പോകുന്നത്……………… ഇവിടെ ജോസപ്പേട്ടന് മാത്രം അത് പ്രശ്നമില്ലല്ലോ : കോശി പറഞ്ഞതില്‍ തനിക്കെതിരെയുള്ള ഒരു മുള്ളുണ്ടെന്ന് അദ്ദേഹത്തിന് തോന്നി.

ഉം. ഹര്‍ത്താലെന്നും പറഞ്ഞ് ഇങ്ങോട്ടു വരട്ടെ അവര്…………. ഏത് പാര്‍ട്ടിക്കാരാണെങ്കിലും മുദ്രാവാക്യം വിളിക്കാനും വാഹനങ്ങള്‍ തല്ലിപ്പൊളിക്കാനും ഒരു വീര്യം വേണമെങ്കില്‍ ഇവിടെ ജോസപ്പേട്ടന്‍റെ അടുത്തു തന്നെ വരണം……….. :  ഇടപാടുകാര്‍ ആരൊക്കെയോ വരുന്നത് കണ്ട് അദ്ദേഹം ഒഴിഞ്ഞ കുപ്പിയുമായി മുന്‍ വശത്തേക്ക് പോയി. രാഷ്ട്രീയക്കാരാണ്. ഹര്‍ത്താലിനിടയ്ക്ക് വീര്യം അന്വേഷിച്ചു വന്നവരായിരിക്കുമെന്ന് വൈശാഖന് തോന്നി. അത് ശരിയുമായിരുന്നു. അകത്തു ചെന്ന്‍ ജോസഫേട്ടന്‍റെ കയ്യില്‍ നിന്ന് രണ്ടു കുപ്പി വാറ്റ് വാങ്ങിച്ചു കൊണ്ട് അവര്‍ പോയി.

ഇരട്ടക്കുട്ടികളുടെ അച്ഛന്‍- കഥ Part 2 (അവസാന ഭാഗം) വായിക്കാം

Leave a Comment

Your email address will not be published. Required fields are marked *