Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

2015ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 15 മലയാള ചിത്രങ്ങള്‍

Share this post

2015ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 15 മലയാള ചിത്രങ്ങള്‍ 1

2015ലെ ആദ്യ മൂന്നു മാസങ്ങള്‍ പിന്നിടുമ്പോള്‍ നഷ്ടത്തിന്‍റെ കണക്കാണ് മലയാള സിനിമയ്ക്കു പൊതുവേ പറയാനുള്ളത്. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍, മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്നിവ ഒഴിച്ചുള്ള സിനിമകള്‍ ബോക്സ് ഓഫീസില്‍ നിലം തൊട്ടതേയില്ല. ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധായകനായ ആട് ഒരു ഭീകര ജീവിയാണ്, ട്രാഫിക് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രാജേഷ് പിള്ള ഒരുക്കിയ മിലി, ഫഹദ് ഫാസില്‍ നായകനായ ഹരം എന്നിവ പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തി. വിക്രമിനെ നായകനാക്കി ഷങ്കര്‍ ഒരുക്കിയ ഐ കേരളത്തിലും നേട്ടങ്ങളുണ്ടാക്കി. അജിത്ത് നായകനായ യെന്നൈ അറിന്താല്‍, ശിവ കാര്‍ത്തികേയന്‍ നായകനായ കാക്കിച്ചട്ടൈ എന്നിവയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

വരും മാസങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സിനിമകളുണ്ട്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ ന്യൂ ജനറേഷന്‍ സംവിധായകര്‍ വരെ അണി നിരക്കുന്ന ആ സിനിമകളെയൊന്നു പരിചയപ്പെടാം.

1) എന്നും എപ്പോഴും

മോഹന്‍ലാല്‍സത്യന്‍ അന്തിക്കാട് ടീം എന്നും മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടാണ്. നമുക്ക് ഗൃഹാതുരത്വമുണ്ടാക്കുന്ന എത്രയോ സിനിമകളാണ് അവര്‍ സമ്മാനിച്ചത്.എന്നും എപ്പോഴും എന്ന സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്മലയാളികളുടെ ഇഷ്ട നായിക ആദ്യമായി ഇവരോടൊപ്പം ചേരുന്നു. ലാലിന്‍റെ കുസൃതിയും ചമ്മലും മഞ്ജുവിന്‍റെ പക്വതയുള്ള അഭിനയവും നിറഞ്ഞ സിനിമയുടെ ട്രെയിലറുകള്‍ നേരത്തെ തന്നെ തരംഗമായിരുന്നുആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് വിദ്യാസാഗര്‍ സംഗീതം നിര്‍വഹിക്കുന്നു. കഥ രവീന്ദ്രന്‍, തിരക്കഥ രഞ്ജന്‍ പ്രമോദ്.

2) ഭാസ്കര്‍ ദി റാസ്ക്കല്‍

ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ചിത്രം. നയന്‍ താര ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമയില്‍ ഹരീശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. സംവിധായകന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ ഒരു മുഴുനീള കോമഡിഫാമിലി എന്‍റര്‍ടെയ്നര്‍ ആണ്.

3) ലൈഫ് ഓഫ് ജോസൂട്ടി

2014 ദിലീപിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ലൈഫ് ഓഫ് ജോസൂട്ടിയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതീക്ഷ മുഴുവന്‍. ഹൈറേഞ്ചിലെ ഒരു സാദാ കര്‍ഷകനായ ജോസൂട്ടിയുടെ നാട്ടില്‍ നിന്ന്‍ ന്യൂസിലന്‍റ് വരെയുള്ള യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. ഉത്തരേന്ത്യന്‍ സിനിമാ നിര്‍മ്മാണ കമ്പനിയായ ഇറോസ് ഇന്‍റര്‍നാഷണല്‍ ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രത്തില്‍ ജ്യോതി കൃഷ്ണ, രചന നാരായണന്‍ കുട്ടി, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിക്കുന്നു.

4) ഒരു വടക്കന്‍ സെല്‍ഫി

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ജി പ്രജിത്ത് ഒരുക്കുന്ന ചിത്രം. വിനീത് ശ്രീനിവാസനാണ് രചന. മറ്റൊരു സംവിധായകന് വേണ്ടി ഇതാദ്യമായാണ് അദ്ദേഹം തിരക്കഥ എഴുതുന്നത്. മഞ്ജിമ മോഹന്‍, അജു വര്‍ഗീസ്, ഭഗത്ത് ഇമ്മാനുവല്‍ എന്നിവരും അഭിനയിക്കുന്ന സിനിമ അടുത്തയാഴ്ച പ്രദര്‍ശനത്തിനെത്തും.

5) ലൈല ഓ ലൈല

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന സിനിമ ഏറെ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബിസിനസ് രംഗത്തെ കിട മല്‍സരത്തിന്‍റെയും കുടിപ്പകയുടെയും കഥ പറയുന്ന സിനിമയില്‍ അമല പോള്‍, സത്യരാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. കഹാനി ഉള്‍പ്പടെയുള്ള ബോളിവുഡ് സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ സുരേഷ് നായരാണ് രചന നിര്‍വഹിക്കുന്നത്.

6) മണിയറയിലെ ജിന്ന്‍

സൂപ്പര്‍ഹിറ്റ് സിനിമകള്‍ മാത്രമെടുത്ത അപൂര്‍വ്വം സംവിധായകരേ ഇന്ന്‍ മലയാളത്തിലുള്ളൂ. അവരിലൊരാളാണ് അന്‍വര്‍ റഷീദ്. ഉസ്താദ് ഹോട്ടലിന് ശേഷം അദ്ദേഹം ഒരുക്കുന്ന സിനിമയാണ് മണിയറയിലെ ജിന്ന്‍. ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമ ഒരു മുഴുനീള എന്‍റര്‍ടെയ്നര്‍ ആണ്.

7) ചിറകൊടിഞ്ഞ കിനാവുകള്‍

അഴകിയ രാവണന്‍ എന്ന സിനിമയിലെ അംബുജാക്ഷന്‍ എന്ന കഥാകൃത്തിനെ മലയാളികള്‍ ആരും മറക്കാനിടയില്ല. സിനിമയാക്കാന്‍ അദ്ദേഹം ആഗ്രഹിച്ച ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന കഥ വൈകിയാണെങ്കിലും വെള്ളിത്തിരയിലെത്തുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ തയ്യല്‍ക്കാരനെ അവതരിപ്പിക്കുമ്പോള്‍ സുമതിയെ അവതരിപ്പിക്കുന്നത് റീമ കല്ലിങ്കലാണ്. ശ്രീനിവാസന്‍, മുരളി ഗോപി, ജോയ് മാത്യു എന്നിവര്‍ മറ്റ് വേഷങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ്.

മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി, ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ഡബിള്‍ ബാരല്‍, ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം, ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ഹീറോ ബിജു, രഞ്ജിത് സംവിധാനം ചെയ്യുന്ന ലോഹം, സിദ്ധിക്ക്ലാല്‍ ടീം വീണ്ടും ഒന്നിക്കുന്ന ദിലീപ് ചിത്രം കിങ് സോളമന്‍, മഞ്ജു വാര്യര്‍റീമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്നിവയാണ് 2015ല്‍ പ്രതീക്ഷയുണര്‍ത്തുന്ന മറ്റ് ചിത്രങ്ങള്‍.

[My article published in British Pathram]


Share this post