Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

2014ലെ താര വിവാഹങ്ങള്‍, വേര്‍പിരിയലുകള്‍

Share this post

1735587_image2_1

മലയാള സിനിമയെ സംബന്ധിച്ച് വിവാഹങ്ങളുടെയും വേര്‍പിരിയലുകളുടെയും വര്‍ഷം കൂടിയായിരുന്നു 2014. വെള്ളിത്തിരയിലെ മുന്‍നിര സാന്നിധ്യമായ അര ഡസനിലേറെ നടീനടന്മാരാണ് പോയ വര്‍ഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അതേ സമയം അപ്രതീക്ഷിത വിവാഹ മോചനത്തിലൂടെ ഏവരെയും ഞെട്ടിച്ച ചില സിനിമാപ്രവര്‍ത്തകരെയും 2014ല്‍ നാം കണ്ടു.

ബാലതാരമായി വന്ന്‍ പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായ നസ്രിയ നസീമിനെ നടന്‍ ഫഹദ് ഫാസില്‍ വിവാഹം കഴിക്കുന്ന വാര്‍ത്ത കഴിഞ്ഞ ജനുവരിയിലാണ് പുറത്തു വന്നത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയില്‍ ഒരുമിച്ചഭിനയിക്കുന്ന സമയമായിരുന്നുവെങ്കിലും ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതായിരുന്നു വിവാഹം. ഇരുവരും നേരത്തെ പ്രമാണി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരുമിച്ചഭിനയിച്ചത് ബാംഗ്ലൂര്‍ ഡെയ്സിലാണ്. ചിത്രത്തിലും ദമ്പതികളായാണ് ഫഹദ്നസ്രിയ ജോഡികള്‍ അഭിനയിച്ചത്. പ്രണയ തകര്‍ച്ചയില്‍ നിന്ന്‍ തിരിച്ചുവന്ന നായകനെ നടന്‍ ഉജ്ജ്വലമായി അവതരിപ്പിച്ചു. തകര്‍ച്ച എന്നു പറയാനാവില്ലെങ്കിലും ഫഹദിന്‍റെ വ്യക്തി ജീവിതത്തിലും ഒരു പ്രണയ പരാജയം ഉണ്ട് എന്നത് യാദൃശ്ചികമായി തോന്നാം.

ഫെബ്രുവരിയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം ആഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തോടെ നസ്രിയ അഭിനയം വിട്ടെങ്കിലും അഭിനയത്തിലും നിര്‍മാണത്തിലുമായി സിനിമയില്‍ സജീവമാണ് ഫഹദ്.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു മീര ജാസ്മിന്‍. മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി പ്രമുഖ നായകന്മാരുടെയും സംവിധായകരുടെയും ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ പാഠം ഒന്ന്‍ ഒരു വിലാപം എന്ന സിനിമയിലൂടെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടി. മാണ്ഡലിന്‍ വിദഗ്ദ്ധനായ രാജേഷുമായുള്ള പ്രണയത്തിലൂടെയാണ് പിന്നീട് അവര്‍ വാര്‍ത്തകളില്‍ വന്നത്. നടിയുടെ ലിവിങ് ടുഗദര്‍ ജീവിതവും തുടര്‍ന്നുള്ള പ്രണയ തകര്‍ച്ചയും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ക്രമേണ സിനിമകള്‍ കുറഞ്ഞ അവരെ ചില സ്ത്രീപക്ഷ സിനിമകളില്‍ മാത്രമാണ് തുടര്‍ന്നു കണ്ടത്.

ഫെബ്രുവരി 12നു ദുബായില്‍ ഉദ്യോഗസ്ഥനായ അനില്‍ ജോണ്‍ ടൈറ്റസിനെ അവര്‍ വിവാഹം കഴിച്ചു. ഇത് അനിലിന്‍റെയും പുനര്‍വിവാഹമാണ്. അദ്ദേഹത്തിന്‍റെ വിവാഹമോചന രേഖകള്‍ കൃത്യമായി സമര്‍പ്പിക്കാതിരുന്നത് കൊണ്ട് തിരുവനന്തപുരം നഗരസഭ അടുത്തിടെ മീരയുമായുള്ള വിവാഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു.

നീലത്താമര എന്ന സിനിമയിലൂടെ അരങ്ങേറിയ അമല പോള്‍ ജൂണ്‍ 12നാണ് വിവാഹിതയായത്. ദൈവത്തിരുമകള്‍, കിരീടം, തലൈവ എന്നീ സിനിമകളിലൂടെ പ്രശസ്തനായ എ എല്‍ വിജയ് ആണ് വരന്‍. തലൈവയില്‍ നായികയായിരുന്ന അമല ദൈവത്തിരുമകളിലും അഭിനയിച്ചിരുന്നു. ജൂണ്‍ ഏഴിന് ആലുവയില്‍ വച്ച് ക്രിസ്തീയ ആചാരപ്രകാരം നടന്ന നിശ്ചയത്തിന് ശേഷം പന്ത്രണ്ടിന് ചെന്നൈയില്‍ വച്ച് ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. മലയാളത്തിലും തമിഴിലും തെലുഗുവിലുമായി ഇപ്പൊഴും സിനിമയില്‍ സജീവമാണ് അമല.

കാഴ്ച എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ വന്ന പദ്മപ്രിയ വിവിധ ഭാഷകളിലായി ഇതുവരെ മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാസ്റ്റര്‍ ഓര്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിയായ ജാസ്മിനെയാണ് നടി വിവാഹം കഴിച്ചത്. നവംബര്‍ 12നു മുംബെയിലാണ് വിവാഹ ചടങ്ങ് നടന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഇയ്യോബിന്‍റെ പുസ്തകമാണ് പദ്മപ്രിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ഡിസംബര്‍ അവസാനമാണ് വിവാഹിതനായത്. അടുത്ത സുഹൃത്തായ ഷേമ അലക്സാണ്ടറാണ് വധു. ഇത് ഷേമയുടെ രണ്ടാം വിവാഹമാണ്. ഒരു മകനുണ്ട്. നടന്‍ വിനയ് ഫോര്‍ട്ടും കഴിഞ്ഞ മാസമാണ് വിവാഹിതനായത്. ഗുരുവായൂര്‍ അമ്പലത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. വധു സൌമ്യ രവി.

താര വിവാഹങ്ങള്‍ക്ക് പുറമേ അപ്രതീക്ഷിതമായി വന്ന ചില വേര്‍പിരിയല്‍ വാര്‍ത്തകളും പോയവര്‍ഷം ആരാധകരെ ഞെട്ടിച്ചു. ദിലീപ്മഞ്ജു വാര്യര്‍ ദാമ്പത്യം തകര്‍ച്ചയുടെ വക്കിലാണെന്ന് ഏറെ നാളായി സൂചനകളുണ്ടായിരുന്നുവെങ്കിലും എല്ലാത്തിനും സ്ഥിതീകരണം വന്നത് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്. പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലിനായി ഇരുവരും എറണാകുളം കുടുംബക്കോടതിയില്‍ അപേക്ഷ നല്‍കി. തൃശൂരിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയ മഞ്ജു ഇപ്പോള്‍ സിനിമയിലും നൃത്ത വേദികളിലും സജീവമാണ്. ഇന്ന്‍ സര്‍ക്കാരിന്‍റെ കുടുംബശ്രീ പദ്ധതിയുടെ ബ്രാന്‍റ് അംബാസഡര്‍ കൂടിയാണ് അവര്‍.

ഏറെ നാളത്തെ പ്രണയത്തിനും ദാമ്പത്യത്തിനും ശേഷം പ്രിയദര്‍ശന്‍ലിസി ദമ്പതികളും ഇപ്പോള്‍ വേര്‍പിരിയലിന്‍റെ വക്കിലാണ്. ഡിസംബര്‍ ആദ്യമാണ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ലിസി ചെന്നൈ കുടുംബക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇരുവര്‍ക്കും ഇടയിലുള്ള ശീത സമരം മോഹന്‍ ലാല്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെ ഇടപെടല്‍ മൂലമാണ് നേരത്തെ ഒഴിവായത്. ഭര്‍ത്താവില്‍ നിന്ന്‍ ജീവനാംശമായി 80 കോടി രൂപയും ലിസി ആവശ്യപ്പെടുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തെ സംബന്ധിച്ച് പ്രിയദര്‍ശന്‍റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

[My article published in British Pathram on 02.01.2015]

 


Share this post