Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മലയാള സിനിമയിലെ മക്കള്‍ തിലകങ്ങള്‍

Share this post

Vineeth Sreenivasan and dhyan

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയധികം മക്കള്‍ തിലകങ്ങള്‍ അരങ്ങുവാണ ചരിത്രം ഇതിന് മുമ്പുണ്ടായിട്ടില്ല. ജനഹൃദയങ്ങളില്‍ നിറഞ്ഞു നിന്ന ഒട്ടനവധി താരങ്ങളുടെയും സംവിധായകരുടെയും മക്കളാണ് ഇന്ന്‍ മലയാളത്തില്‍ സജീവമായി നില്‍ക്കുകയോ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയോ ചെയ്യുന്നത്. നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലും അങ്ങ് ഹോളിവുഡില്‍ പോലും ഇതാണ് സ്ഥിതി.

തമിഴില്‍ മുന്‍നിരയിലുള്ള വിജയും സൂര്യയും ധനുഷും ചിമ്പുവും മുതല്‍ പുതിയ തലമുറയിലെ വിക്രം പ്രഭു വരെ പഴയകാല നടന്മാരുടെയോ സംവിധായകരുടെയോ മക്കളാണ്. ഹിന്ദിയില്‍ അഭിഷേകും ഹൃതിക് റോഷനും രന്‍ബീര്‍ കപൂറും കരീനയും ദീപിക പദുകോണുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ദീപികയുടെ പിതാവ് പ്രകാശ് പദുകോണ്‍ സിനിമയിലല്ല, ടെന്നീസിലാണ് പ്രശസ്തനായിരുന്നത് എന്നുമാത്രം.

മലയാളത്തില്‍ നിത്യ ഹരിത നായകന്‍ പ്രേംനസീറിന്‍റെ സഹോദരന്‍ പ്രേംനവാസും മകന്‍ ഷാനവാസും ഷീലയുടെ മകന്‍ വിഷ്ണുവും ബാലന്‍ കെ നായരുടെ മകന്‍ മേഘനാഥനും എം ജി സോമന്‍റെ മകന്‍ സജിയും മോഹന്‍ലാലിന്‍റെ സഹോദരന്‍ പ്യാരിലാലുമൊക്കെ സിനിമാരംഗത്ത് വന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ശ്രീകുമാരന്‍ തമ്പിയുടെ മകന്‍ രാജകുമാരന്‍ തമ്പി സംവിധാന രംഗത്ത് മികച്ച തുടക്കം കുറിച്ചെങ്കിലും അകാലത്തില്‍ പൊലിഞ്ഞു പോയി. ധര്‍മേന്ദ്രയുടെ താരതിളക്കത്തില്‍ വന്ന ബോളിവുഡിലെ സണ്ണി ഡിയോളിനും ബോബി ഡിയോളിനും ഹേമമാലിനിയുടെ മകള്‍ ഇഷയ്ക്കുമൊന്നും അധിക കാലം പിടിച്ചു നില്‍ക്കാനുമായില്ല. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് മലയാളത്തിലെ ഇന്നത്തെ തലമുറ. മുന്‍ഗാമികളുടെ നിഴലില്‍ നിന്ന്‍ പുറത്തുവന്ന അവര്‍ ഇതിനകം സിനിമാ ചരിത്രത്തില്‍ സ്വന്തമായ ഒരു ഇരിപ്പിടവും സമ്പാദിച്ചിട്ടുണ്ട്.

മലയാളത്തില്‍ മുന്‍നിരയിലുള്ള മക്കള്‍ തിലകങ്ങള്‍ ഇവരാണ്.

1) പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍

മലയാളത്തിലെ യുവനടന്‍മാരില്‍ ഒന്നാമന്‍ ആരാണെന്ന്‍ ചോദിച്ചാല്‍ ആര്‍ക്കും രണ്ടുതരമുണ്ടാവില്ല. പൃഥ്വിരാജ് സുകുമാരന്‍. നന്ദനം എന്ന രഞ്ജിത് ചിത്രത്തിലൂടെ രംഗത്ത് വന്ന അദ്ദേഹം ഇന്ന്‍ മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും വരെ സജീവമാണ്. പിതാവിനു പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത സൌഭാഗ്യം ചുരുങ്ങിയ കാലത്തിനുള്ളിലാണ് അദ്ദേഹം എത്തിപ്പിടിച്ചത്. വാസ്തവം എന്ന സിനിമയിലൂടെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന വാര്‍ഡ് കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനുമായി പൃഥ്വിരാജ്.

അനുജന്‍റെയത്ര തിളങ്ങിയില്ലെങ്കിലും വ്യത്യസ്ഥമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇന്ദ്രജിത്ത്. വില്ലന്‍ വേഷത്തില്‍ തുടങ്ങിയ അദ്ദേഹം തുടര്‍ന്നു ഹാസ്യ വേഷത്തിലും സ്വഭാവ നടനായും നായകനായും കയ്യടി വാങ്ങി. ഏഴാമത്തെ വരവ് എന്ന സിനിമയിലെ അഭിനയ മികവ് സാക്ഷാല്‍ എംടിയുടെ പോലും പ്രശംസയ്ക്ക് പാത്രമായി.

2) ഫഹദ് ഫാസില്‍

മോഹന്‍ലാലിന് ശേഷം മലയാളം കണ്ട മികച്ച നടന്‍ എന്നാണ് പലരും ഫഹദ് ഫാസിലിനെ വിശേഷിപ്പിക്കുന്നത്.. തന്‍മയത്വം നിറഞ്ഞ അഭിനയത്തിലൂടെ ആസ്വാദക ഹൃദയങ്ങളെ കീഴടക്കിയ അദ്ദേഹം വ്യത്യസ്ഥമായ സിനിമകളുടെ വക്താവ് കൂടിയാണ്. 2003ല്‍ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് പരാജയമായതോടെ സിനിമ വിട്ട ഫഹദ് ഒരിടവേളയ്ക്ക് ശേഷമാണ് സജീവമായത്. അച്ഛന്‍ ഫാസില്‍ ജീവിതഗന്ധിയായ സിനിമകള്‍ വഴിയാണ് ആരാധകരെ സൃഷ്ടിച്ചതെങ്കില്‍ അഭിനയ പാടവം വഴിയാണ് മകന്‍ തിയറ്ററുകള്‍ നിറയ്ക്കുന്നതെന്ന് പറയാം. ഫഹദിന്‍റെ സഹോദരന്‍ ഫര്‍ഹാനും അടുത്തിടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

3) ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ മക്കള്‍ തിലകങ്ങള്‍ 1

മമ്മൂട്ടിയുടെ മകന്‍ എന്ന പേരില്‍ സിനിമാരംഗത്ത് വന്ന ദുല്‍ഖര്‍ ഇന്ന്‍ മലയാളത്തിലെ മുന്‍ നിര നായകന്മാരില്‍ ഒരാളാണ്. ഉസ്താദ് ഹോട്ടല്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, വിക്രമാദിത്യന്‍ എന്നിങ്ങനെയുള്ള ജനപ്രിയ സിനിമകളുടെ ഭാഗമായ അദ്ദേഹം അഞ്ചാന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ലിംഗുസ്വാമി ഒരുക്കുന്ന തമിഴ് ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഈ സിനിമയില്‍ മമ്മൂട്ടി അദ്ദേഹത്തിന്‍റെ ജ്യേഷ്ഠനായി അഭിനയിക്കും എന്നും വാര്‍ത്തകളുണ്ട്.

4) വിനീത് ശ്രീനിവാസന്‍

മലയാളത്തിലെ ഏറ്റവും ജനപ്രിയ എഴുത്തുകാരന്‍റെ മകന്‍ അല്ലെങ്കില്‍ മികച്ച ഹാസ്യ താരത്തിന്‍റെ മകന്‍ എന്നൊക്കെയാണ് വിനീതിനെ ആദ്യകാലങ്ങളില്‍ എല്ലാവരും ഗണിച്ചിരുന്നത്. എന്നാല്‍ ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ വിനീത് ആ പേര് മാറ്റിയെഴുതി. മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ അദ്ദേഹം തിര എന്ന ഹോളിവുഡ് നിലവാരത്തിലുള്ള ക്ലാസിക് സിനിമയും അടുത്തിടെ ഒരുക്കി. ശ്രീനിവാസന്‍ സിനിമാ ജീവിതത്തില്‍ ആകെ സംവിധാനം ചെയ്തത് മൂന്നു സിനിമകളാണ്. വിനീത് ആ എണ്ണം ഇതിനകം തികച്ചു കഴിഞ്ഞു. ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് വ്യക്തം.

മലയാളത്തില്‍ മക്കള്‍ തിലകങ്ങള്‍ ഇനിയും ഏറെയുണ്ട്. ഉദയ സ്റ്റുഡിയോയുടെ പിന്‍തലമുറക്കാരനായ കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ജൂനിയര്‍, രാജന്‍ പി ദേവിന്‍റെ മകന്‍ ജൂബില്‍, സുരേഷ് കുമാര്‍മേനക ദമ്പതികളുടെ മകളായ കീര്‍ത്തി, ടിജി രവിയുടെ മകന്‍ ശ്രീജിത്ത് രവി, ജയറാമിന്‍റെ മകന്‍ കാളിദാസ്, ഭരതന്‍കെപിഎസി ലളിത ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് എന്നിങ്ങനെ നമ്മള്‍ പെട്ടെന്ന് ഓര്‍ക്കുന്നവരും ഓര്‍ക്കാത്തവരുമായി അനവധിപേരുണ്ട്.. ദുല്‍ഖറിനെ നായകനാക്കി സംവിധായകന്‍ കമലിന്‍റെ മകന്‍ ജെനുസ് മുഹമ്മദ് ഒരുക്കുന്ന സിനിമയാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത. സംവിധായകന്‍ ലോഹിതദാസിന്‍റെ ഹരിശങ്കറും വിജയശങ്കറും സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. വിവിധ താരങ്ങളുടെയും സംവിധായകരുടെയും മക്കള്‍ ഒന്നിക്കുന്ന ഒരു സിനിമയും ഏറെ നാളായി വാര്‍ത്തകളിലുണ്ട്. മലയാളത്തിന്‍റെ വരും നാളുകളില്‍ മക്കള്‍ തിലകങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടാകുമെന്ന് നമുക്ക് ഇപ്പോള്‍ നിസംശയം പറയാം.

The end

[ My article published in British Pathram on 01/09/2014]

 

 


Share this post