Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

തട്ടിപ്പുകള്‍ അനവധി; സത്യം ചുരുള്‍ വിടര്‍ത്തുമ്പോള്‍

Share this post

malayalam blog posts

എന്തെല്ലാം തട്ടിപ്പുകളാണ് ഇന്ന് നമ്മുടെ സാക്ഷര കേരളത്തില്‍ നടക്കുന്നത് ? ജോലിയുടെയും വിസയുടെയും പേരിലുള്ള തട്ടിപ്പുകളാണ് മലയാളികള്‍ ആദ്യം കണ്ടു തുടങ്ങിയത്. ദാസനെയും വിജയനെയും ദുബായില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് പറ്റിച്ച് മദിരാശിയില്‍ ഇറക്കി വിട്ട ഗഫൂറാണ് ആധുനിക വിസ തട്ടിപ്പുകാരുടെ ഗുരുസ്ഥാനീയനായി കരുതപ്പെടുന്നത്. മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രം എത്രയെത്ര കുടില ബുദ്ധികള്‍ക്ക് വഴികാട്ടിയായി, എത്രയെത്ര പാവങ്ങളെ വഴിയാധാരമാക്കി എന്നതൊക്കെ ചരിത്രകാരന്മാര്‍ക്കിടയില്‍ ഇന്നും തര്‍ക്ക വിഷയമാണ്. പക്ഷെ എന്നിട്ടും നമ്മളാരും അതില്‍ നിന്ന് പാഠം പഠിച്ചില്ല. വീണ്ടും പുതിയ പുതിയ തട്ടിപ്പുകളില്‍ നാം അനുദിനം വീണുകൊണ്ടിരിക്കുന്നു. 

കാലം ഏറെ പുരോഗമിച്ചിരിക്കുന്നു. പഴമക്കാരെക്കാള്‍ നാം ഇന്ന് ഏറെ വിദ്യാ സമ്പന്നരുമാണ്. എങ്കിലും ഇക്കാലത്താണ് കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ആര്‍ക്കും നിസ്സംശയം പറയാന്‍ സാധിക്കും. നാഗമാണിക്യത്തിന്‍റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. പാമ്പിന്‍റെ വായില്‍ മാണിക്യമുണ്ടെന്നും അത് കിട്ടിയാല്‍ ഭാഗ്യം വരുമെന്നുമൊക്കെ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ മനുഷ്യന്‍ ബഹിരാകാശത്ത് വീട് കെട്ടി താമസിക്കാന്‍ ഒരുങ്ങുന്ന ഈ സമയത്തും നമ്മുടെ ഇടയില്‍ ഉണ്ട് എന്നത് ആശ്ചര്യജനകമാണ്. രാജവെമ്പാലയാണ് നാഗമാണിക്യത്തിന്‍റെ വാഹകരെന്നും അതല്ല മൂര്‍ഖനാണെന്നുമൊക്കെ തട്ടിപ്പുകാരും അവരുടെ ഏജന്റുമാരും തരാതരം പോലെ പ്രചരിപ്പിക്കും.

malayalam blog posts

എന്താണ് മൂര്‍ഖന്റെ ഇഷ്ടഭക്ഷണമെന്ന് നിങ്ങള്‍ക്കറിയാമോ ? ചേരയും ചെറു സസ്തനികളും പക്ഷികളുമൊക്കെയാണെന്നാണ് പറയാന്‍ തുടങ്ങുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈയലുകളെയാണത്രേ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് ഏറെ ഇഷ്ടം. അവയെ അകത്താക്കുമ്പോള്‍ മാത്രമാണ് മൂര്‍ഖന്‍ വായിലുള്ള നാഗമാണിക്യം താഴെ വയ്ക്കുക. മാണിക്യം വേണം എന്നുള്ളവര്‍ക്ക് താഴെ പറയുന്ന രീതി അവലംബിക്കാവുന്നതാണ്‌. 

  • കൊടും കാടുകളിലാണ് മൂര്‍ഖന്‍ പാമ്പുകള്‍ കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട് നല്ല നിലാവുള്ള രാത്രിയില്‍ ശബ്ധമുണ്ടാക്കാതെ അങ്ങോട്ട്‌ പോകുക. (അമീബ ഇര പിടിക്കുന്ന രീതി ഓര്‍മ വന്നോ ?)
  • അര്‍ദ്ധ രാത്രിയാകുമ്പോള്‍ മൂര്‍ഖന്‍ ഇര പിടിക്കാനിറങ്ങും. ആ സമയം അതിനെ പതുക്കെ പിന്തുടരണം. 
  • വെളിച്ചം കൂടിയ, കുറച്ചു തുറസ്സായ സ്ഥലത്തെത്തുമ്പോള്‍ നേരത്തെ കയ്യില്‍ കരുതിയിരുന്ന ഈയലുകളെ പാമ്പിന് തിന്നാന്‍ കൊടുക്കുക. അതോടൊപ്പം ഒരു ചെറിയ പെട്ടിയും പാമ്പിന്‍റെ മുന്നില്‍ വയ്ക്കണം. 
  • പാമ്പ്‌ വായിലുള്ള മാണിക്യം പെട്ടിയില്‍ നിക്ഷേപിച്ച് ഈയലുകളെ തിന്നാന്‍ തുടങ്ങും. അന്നേരം പതുക്കെ പെട്ടി അടയ്ക്കണം. 
  • ഈയലുകളെ തിന്നു കഴിഞ്ഞ് പാമ്പ്‌ മാണിക്യം എടുക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടി അടച്ചിരിക്കുന്നത് കണ്ട് കുപിതനാകും. അവസാനം അത് എടുക്കാനാകാതെ പെട്ടിയില്‍ തല തല്ലി ചാകുകയും ചെയ്യും. പാമ്പ്‌ ചാകുന്നതോടെ നിങ്ങള്‍ക്ക് മാണിക്യവുമായി മടങ്ങാം. 

എങ്ങനെയുണ്ട് നാഗ മാണിക്യത്തെകുറിച്ചുള്ള കഥകള്‍ ? ഇങ്ങനെ ശാസ്ത്രത്തിനും സാമാന്യ യുക്തിക്കും നിരക്കാത്ത അനവധി കാര്യങ്ങളാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിക്കുന്നത്. അത് വിശ്വസിക്കുന്ന ഒരുപാട് ആളുകളുമുണ്ട് എന്നതാണ് വിചിത്രം. കുറേ കാലം മുമ്പ് ബോളിവുഡിലെ ഒരു മലയാളി സിനിമാ പ്രവര്‍ത്തകന്‍ നാഗമാണിക്യം തേടിയിറങ്ങി. കോടികള്‍ ആസ്ഥിയുണ്ടെങ്കിലും വീട്ടില്‍ മാണിക്യം വച്ചാല്‍ കൂടുതല്‍ ഭാഗ്യം വരുമെന്ന് ആരൊക്കെയോ അദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. കോയമ്പത്തൂരിലെത്തിയ അദ്ദേഹം മാണിക്യം നേരില്‍ കണ്ട് ‘ബോധിക്കുകയും’ ‘ഉടമസ്ഥര്‍ക്ക്’ അമ്പത് ലക്ഷം രൂപ വിലയായി കൊടുക്കുകയും ചെയ്തു. കൈമാറിയത് വില കുറഞ്ഞ കല്ലാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ സിനിമ പ്രവര്‍ത്തകന്‍ പണം തിരികെ ചോദിച്ച് വന്നു. അതോടെ തട്ടിപ്പുകാര്‍ അദ്ദേഹത്തെ രഹസ്യ കേന്ദ്രത്തില്‍ കൊണ്ടു പോയി, തോക്ക് ചൂണ്ടി ഒരു കാര്യം ചോദിച്ചു, ” നിങ്ങള്‍ക്ക് ജീവന്‍ വേണോ ? അതോ പണം വേണോ ?”. ജീവന്‍ മതിയെന്ന് താണ് കേണു പറഞ്ഞ് സിനിമാക്കാരന്‍ രായ്ക്കു രാമാനം സ്ഥലം വിട്ടു.

പാമ്പിനെ മാത്രമല്ല, മറ്റ് ജീവജാലങ്ങളെയും തട്ടിപ്പുകാര്‍ വെറുതെ വിട്ടില്ല. ഗജമുത്താണ് അതില്‍ പ്രധാനം. ആനയുടെ മസ്തകത്തില്‍ ഗജമുത്തെന്ന് അറിയപ്പെടുന്ന ഒരു ചെറിയ കല്ലുണ്ടെന്നും അത് സ്വന്തമാക്കിയാല്‍ ഭാഗ്യം വരുമെന്നും അവര്‍ വിദ്യാ സമ്പന്നരിലെ അജ്ഞാനികളെ വിശ്വസിപ്പിച്ചു. ഇല്ലാത്ത കല്ലിന്‍റെ പേരില്‍ ആനകളെ വേട്ടയാടുകയും മസ്തകം വെട്ടി പൊളിക്കുകയും എന്നാല്‍ കൊമ്പ് എടുക്കാതെ ഉപേക്ഷിക്കുകയും ചെയ്ത സംഭവങ്ങള്‍ വനപാലകര്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുതല മൂരി, വെള്ളി മൂങ്ങ, കരിമ്പൂച്ച, മയില്‍, കരിങ്കുരങ്ങ് എന്നിവയൊക്കെ നമ്മുടെ അന്ധ വിശ്വാസത്തിന്‍റെ തിക്ത ഫലം അനുഭവിച്ചവരാണ്. ‘ഞങ്ങള്‍ക്ക് അത്ഭുത ശക്തിയൊന്നുമില്ലെന്ന് ‘ അവ വാള്‍ പോസ്റ്ററുകള്‍ വഴിയും ബോര്‍ഡുകള്‍ വഴിയും പലകുറി വിളിച്ചു പറഞ്ഞെങ്കിലും ജനം അതൊന്നും വിശ്വസിച്ച മട്ടില്ല.

സ്വര്‍ണ്ണ ചേന, സ്വര്‍ണ്ണ ചേമ്പ് എന്നിങ്ങനെ ഐസക്ക് ന്യൂട്ടന്‍ പോലും ചിരിച്ചു മണ്ണ് കപ്പുന്ന എന്തൊക്കെ തട്ടിപ്പുകളാണ് നമ്മള്‍ ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നത് ? നാസ ബഹിരാകാശത്ത് മറ്റൊരു ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചൈന പാളമില്ലാതെ ഓടുന്ന ട്രെയിനും ഡ്രൈവറില്ലാത്ത ബസും കണ്ടു പിടിക്കുന്നു. നമ്മളോ ? നാനോ ടെക്നോളജിയുടെ യുഗത്തിലും നാം അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മേലുള്ള പിടി വിട്ടിട്ടില്ല. ഇത് മലയാളികളുടെ മാത്രം കാര്യമല്ല. ലോകമെങ്ങും വിദ്യാഭ്യാസവും സാങ്കേതിക വിദ്യകളും പടര്‍ന്നു പന്തലിക്കുമ്പോഴും അന്ധ വിശ്വാസികളുടെ എണ്ണവും കൂടി വരുകയാണ്. അതെല്ലാം വിശ്വാസമില്ലായ്മയുടെ പ്രശ്നമാണെന്ന് പറഞ്ഞ് നമുക്കവഗണിക്കാം. എന്നാല്‍ മറ്റ് തട്ടിപ്പുകളുടെ കാര്യമോ ?

നമ്മുടെ വിശ്വാസം ചൂഷണം ചെയ്ത് റിയല്‍ എസ്റ്റേറ്റിന്‍റെയും വിസയുടെയും ജോലിയുടെയും മറവില്‍ തട്ടിപ്പുകള്‍ നടത്തുന്ന അനവധി ആളുകളും കേന്ദ്രങ്ങളുമുണ്ട്. അത്തരം ചില തട്ടിപ്പുകളെ കുറിച്ച് തെളിവുകള്‍ സഹിതം മറ്റൊരു ദിവസം

 


Share this post