ലിവിംഗ് ടുഗദര്‍ സംസ്കാരവും ഭാരതീയ ജീവിതവും

Share this post

പാശ്ചാത്യ നാടുകളില്‍ പണ്ടു മുതലേ നിലനില്‍ക്കുന്നതാണ് ലിവിംഗ് ടുഗദര്‍ സംസ്കാരം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, വിവാഹം കഴിക്കാതെ രണ്ടു കമിതാക്കള്‍ ഒന്നിച്ചു ജീവിക്കുന്നതിനെയാണ് ആ പ്രയോഗംകൊണ്ടുദേശിക്കുന്നത്. എന്നാല്‍ വൈവാഹിക ബന്ധത്തിന്‍റെ മഹത്വവും സാമൂഹിക ജീവിതത്തില്‍ അതിനുള്ള പ്രാധാന്യവും നന്നായറിയാവുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അതിനു വേണ്ടത്ര വേരോട്ടം കിട്ടിയിരുന്നില്ല. കാലമിത്ര വികസിച്ചിട്ടും വിവാഹം എന്നു പറയുന്നത് നമുക്ക് രണ്ടു വ്യക്തികളുടെ മാത്രമല്ല, അവരുടെ കുടുംബങ്ങളുടെ കൂടെ കൂടിചേരലാണ്. അതിന് അതിന്‍റെതായ ചില ആചാരങ്ങളും ചിട്ട വട്ടങ്ങളുമുണ്ട്.

ഇന്നും ജാതകം നോക്കി, നല്ല മുഹൂര്‍ത്തം നോക്കി മാത്രമാണ് മിക്ക ഇന്ത്യന്‍ കുടുംബങ്ങളിലുംവിവാഹം നടത്താറുള്ളത്. പുരോഗമന ചിന്താഗതിക്കാരാണെന്ന് അവകാശപ്പെടുന്ന ചിലര്‍ അത്രയൊന്നുംചെയ്യാറില്ലെങ്കിലും അവിടെയും ഒരു താലി നിര്‍ബന്ധമാണ്. താലിയില്ലാത്ത, നാലാളെ വിളിച്ചു കൂട്ടി ഒരു ചടങ്ങ് നടത്താത്ത വിവാഹം മിക്ക പെണ്‍ കുട്ടികള്‍ക്കും ഒരു അഭിമാന കുറവ് പോലെയാണ്. അത്രമാത്രം ഭാരതീയ സംസ്കാരവും വിവാഹവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നു.

പഴയതില്‍ നിന്നെല്ലാം വിഭിന്നമായി, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലിവിംഗ് ടുഗദര്‍ സംസ്കാരത്തില്‍ ജീവിക്കാനുള്ള പ്രവണത നമ്മുടെ ഇടയിലും കാണുന്നുണ്ട്. അതില്‍ പ്രശസ്തരും അല്ലാത്തവരുമുണ്ട്. പക്ഷേ നമ്മുടെ കണ്‍ മുന്നിലുള്ള ഉദാഹരണം പ്രശസ്തരായ ചിലരുടെ ജീവിതമാണ്. കമല്‍ഹാസന്‍-സരിക, ഇപ്പോള്‍ കമല്‍ഹാസന്‍- ഗൌതമി, സൈഫ് അലി ഖാന്‍ – കരീന കപൂര്‍ എന്നിവര്‍ അങ്ങനെ ജീവിച്ചവരാണ്. രണ്ടു മനസുകള്‍ തമ്മിലുള്ള പൊരുത്തമാണ് നോക്കേണ്ടതെന്ന് സരികയുമായുള്ള ദാമ്പത്യത്തിനിടക്ക് ഒരിക്കല്‍ കമല്‍ പറഞ്ഞിരുന്നു.ആ ബന്ധം പിന്നീട് തകര്‍ന്നെങ്കിലും മക്കള്‍ ശ്രുതിയും അക്ഷരയും കമലിനെ വിട്ടു പോയില്ല. ഇപ്പോള്‍ ഗൌതമിയുമായി അദേഹത്തിനുള്ളതും സമാനമായ ബന്ധമാണ്.

ദാമ്പത്യത്തിന്‍റെ നൂലാമാലകളൊന്നുമില്ല, ഇഷ്ടം ഇല്ലാതാകുമ്പോള്‍ ഏത് നിമിഷവും പിരിയാം, അതിന് കോടതിയുടെയോ നിയമത്തിന്‍റെയോ സഹായം വേണ്ട. ഇതൊക്കെയാണ് ലിവിംഗ് ടൂഗെദര്‍ ജീവിത രീതിയുടെ നേട്ടങ്ങളായി അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ സ്ത്രീക്ക് എന്തുമാത്രം സുരക്ഷിതത്വം കിട്ടുന്നുണ്ട് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

 

വര്‍ഷങ്ങളോളം ഒരുമിച്ചു കഴിഞ്ഞതിന് ശേഷമാണ് സൈഫ് അലി ഖാനും കരീന കപൂറുംവിവാഹിതരായത്. സൈഫിന്‍റെ മൂന്നാം വിവാഹം കൂടിയായിരുന്നു അത്. വളരെപതുക്കെയാണെങ്കിലും ഇപ്പോള്‍ കേരളക്കരയിലും ഈ പ്രവണത കണ്ടു തുടങ്ങിയിട്ടുണ്ട്. മലയാളത്തിന്‍റെ പ്രിയ നടി മീര ജാസ്മിനാണ് മലയാള സിനിമ താരങ്ങള്‍ക്കിടയില്‍ ഇതിന് തുടക്കമിട്ടത്. മാണ്ഡലിന്‍ വിദഗ്ദനായ രാജേഷുമായി പ്രണയത്തിലായ മീര അദേഹത്തോടൊപ്പം ഒരുമിച്ചു കഴിയുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ മൂലം വീര്‍പ്പു മുട്ടിയ നടിക്ക് ഒരു ആശ്വാസമായിരുന്നു ആ ബന്ധം. താമസിയാതെ തങ്ങള്‍ വിവാഹിതരാകുമെന്ന് മീര പലകുറിപറഞ്ഞെങ്കിലും ഇപ്പോള്‍ ആ പ്രണയം തകര്‍ന്നു എന്നാണ് സൂചനകള്‍. അതേ തുടര്‍ന്നു താരം മദ്യത്തിന് അടിമയായി എന്നു വരെ ചിലര്‍ പ്രചരിപ്പിച്ചുവെങ്കിലും അതിന്‍റെ നിജസ്ഥിതി പുറത്തു വന്നിട്ടില്ല.

ചലച്ചിത്ര നടി അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം വീട്ടുകാരാണ് നിശ്ചയിച്ചുറപ്പിച്ചത്. പക്ഷേ ഇത് ആഞ്ജനേയന്‍റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞപ്പോള്‍ നടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുകയും പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അനന്യ ആഞ്ജനേയനോടൊപ്പം താമസം തുടങ്ങി എന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. ഇവരുടെ വിവാഹവും ഉടനുണ്ടാകും എന്നു പലവട്ടം പറഞ്ഞെങ്കിലും ഇതുവരെ നടന്നിട്ടില്ല.

 

ന്യൂ ജനറേഷന്‍ സിനിമകളിലൂടെ ശ്രദ്ധേയയായ റിമ കല്ലിംഗലുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം സംവിധായകന്‍ ആഷിക് അബു ത്തന്നെയാണ് പുറത്തു വിട്ടത്. ഇവര്‍ വിവാഹിതരായെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും അത് സത്യമല്ലെന്ന് ഇരുവരും വ്യക്തമാക്കി. പക്ഷേ ആഷിക്കുംറിമയും താമസിക്കുന്നത് ഒരുമിച്ചാണെന്ന് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആദ്യ ചിത്രമായ ഡാഡി കൂള്‍ പരാജയപ്പെട്ടതിന് ശേഷം ആഷിക് അബുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ വന്‍വിജയമാകുകയും ചെയ്തു. പുതിയ സിനിമകളിലെ മുഖ്യ സാന്നിധ്യമാണ് റിമ. ആഷിക് തന്നെ സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്.

കാലമെത്ര മാറി എന്നു പറഞ്ഞാലും ലിവിംഗ് ടുഗദര്‍ സംസ്കാരം മലയാളി മനസ്സിന് എത്ര കണ്ടു ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന കാര്യം സംശയമാണ്. വിവാഹ കാര്യത്തില്‍ മലയാളി പഴഞ്ചനാണെന്ന് അല്ലെങ്കില്‍ തന്നെ ചിലര്‍ പറയാറുണ്ട്. പക്ഷേ ഇവിടെ രസാവഹമായ ഒരു കാര്യം നമ്മള്‍ പാശ്ചാത്യ സംസ്കാരത്തിന് പുറകെ പോകുമ്പോള്‍ പാശ്ചാത്യര്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ ആകൃഷ്ടരാകുന്നു എന്നുള്ളതാണ്.ഏറെക്കാലമായി ഒരുമിച്ചു കഴിയുകയായിരുന്ന ഹോളിവുഡ് നടി ഏഞ്ചലീന ജൂലിയും കാമുകന്‍ ബ്രാഡ് പിറ്റും അടുത്തിടെ രാജസ്ഥാനില്‍ വെച്ചു വിവാഹിതരായിരുന്നു. ആസ്ത്രേലിയന്‍ ഭരണാധികാരിയും ഭാര്യയും ലിവിംഗ് ടുഗദര്‍ രീതി അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വെച്ച് ഔദ്യോഗികമായി വിവാഹിതരായി.

 

 

വൈവാഹിക ബന്ധത്തിന് എക്കാലവും നമ്മുടെ സാമൂഹിക ജീവിതത്തില്‍ ഉന്നതമായ സ്ഥാനമാണുള്ളത്. സ്ത്രീ-പുരുഷ ബന്ധത്തില്‍ മാനസിക ഐക്യത്തിനാണ് പ്രാധാന്യം എന്ന വാദഗതി ശരിവെച്ചാല്‍ തന്നെയുംഎല്ലാത്തിനും നിയമത്തിന്‍റെ കെട്ടുപാടുകള്‍ ഉള്ളത് നല്ലതാണ്. രണ്ടു രീതിയും തമ്മില്‍ സര്‍ക്കാര്‍ ജോലിയും സ്വകാര്യ സ്ഥാപനത്തിലെ ജോലിയും എന്ന പോലെ വ്യത്യാസമുണ്ട്. വൈവാഹിക ബന്ധത്തിന് എല്ലാ അര്‍ഥത്തിലും ജീവിത സുരക്ഷിതത്വമുണ്ടാകും. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നിയമം കൂടെ നില്‍ക്കും. ലിവിംഗ് ടുഗദര്‍ സംസ്കാരത്തിന് ഇല്ലാത്തതും ആ സുരക്ഷിതത്വമാണ്. പുരോഗമന ചിന്താഗതിക്കാരാണെന്നും ധൈര്യശാലികളാണെന്നും സ്വയം സങ്കല്‍പ്പിച്ച് ഒഴുക്കിനെതിരെ നീന്താന്‍ തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതാണ്.


Share this post