Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കുടജാദ്രിയില്‍ അലിഞ്ഞ്, സര്‍വജ്ഞ പീഠം കയറി

Share this post

kodachadri trekkingBy Mridulcp [CC BY-SA 3.0], from Wikimedia Commons

കുടജാദ്രി. മൂകാംബിക ദേവി ആദി ശങ്കരന് ദര്‍ശനം നല്‍കിയ പുണ്യഭൂമി. ആ സ്ഥലവും ചുറ്റുമുള്ള പ്രകൃതി ഭംഗിയും വായിച്ചറിഞ്ഞ കാലം മുതലേ എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. എന്നെങ്കിലും കുടജാദ്രിയില്‍ പോകണം എന്ന് ഞാന്‍ അന്നേ ഉറപ്പിച്ചതാണ്.

ഏതാണ്ട് ഒരു കൊല്ലം മുമ്പ് മല കയറാനായി ഞാന്‍ കൊല്ലൂരില്‍ പോയെങ്കിലും കാലാവസ്ഥ മോശമായത് കൊണ്ട്  നിരാശയോടെ മടങ്ങേണ്ടി വന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കുടജാദ്രിയില്‍ പോകാന്‍ പറ്റിയ സമയം. കഷ്ടകാലത്തിന് ഞാന്‍ അവിടെ എത്തിയത് സെപ്തംബറിലും. അന്ന് യാത്ര മുടങ്ങിയെങ്കിലും ഇക്കഴിഞ്ഞ ഡിസംബറില്‍ എന്‍റെ മനസ്സില്‍ വീണ്ടും പഴയ ആഗ്രഹം മുള പൊട്ടി. പിന്നെ ഒട്ടും താമസിച്ചില്ല. യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒന്നാം തിയതി പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മല കയറണം. അതാണ്‌ എന്‍റെ പ്ലാന്‍. എതിര്‍പ്പുണ്ടാകും എന്നത് കൊണ്ട് മൂകാംബികയില്‍ പോകുന്നു എന്നു മാത്രമേ ഞാന്‍ വീട്ടില്‍ പറഞ്ഞുള്ളൂ.

ഡിസംബര്‍ 31നുള്ള കോയമ്പത്തൂര്‍-മാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് ഞാന്‍ യാത്ര തിരിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെ മാംഗ്ലൂരിലെത്തി. സ്റ്റേഷന് മുന്നില്‍ തന്നെ കൊല്ലൂര്‍ക്കുള്ള ബസ്സുണ്ടായിരുന്നത് കൊണ്ട് ടൌണിലേക്ക് പോകേണ്ടി വന്നില്ല. കൊല്ലൂര്‍ എത്തിയപ്പോഴേക്കും ഏഴു മണി കഴിഞ്ഞിരുന്നു. അമ്പലത്തിനടുത്ത് തന്നെ മുറി കിട്ടിയത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി.വര്‍ഷാവസാനമായത് കൊണ്ട് ദര്‍ശനത്തിന് നല്ല തിരക്കുണ്ട്. തമിഴന്മാരും തെലുങ്കന്മാരുമാണ് കൂടുതല്‍. മലയാളികളുടെ എണ്ണവും കുറവല്ല. 

അടുത്ത ദിവസം പുലര്‍ച്ചെ ദേവിയെ കണ്ട് തൊഴുതതിന് ശേഷം ഞാന്‍ നേരെ ജീപ്പ് സ്റ്റാന്‍റിലേക്ക് വച്ചു പിടിച്ചു. കുടജാദ്രിയിലേക്ക് പോകാന്‍ ജീപ്പ് യാത്രയാണ് ഏറ്റവും നല്ലത്. ഒരാള്‍ക്ക് മുന്നൂറ്റമ്പത് രൂപയാണ് ചാര്‍ജ്. ചെക്ക് പോസ്റ്റിലെ എന്‍ട്രി ഫീസായ 25 രൂപ വേറെ കൊടുക്കണം. പതിനൊന്ന് പേര്‍ തികഞ്ഞാലേ ജീപ്പ് പുറപ്പെടൂ എന്നത് കൊണ്ട് കുറച്ചു നേരം കാത്തു നില്‍ക്കേണ്ടി വന്നു. ഗ്രൂപ്പായി പോകുന്നവര്‍ക്ക് വേണമെങ്കില്‍ മുഴുവന്‍ തുകയും കൊടുത്ത് ജീപ്പ് വാടകക്കെടുക്കാം. ഇരുവശത്തേക്കുമായി ജീപ്പ് യാത്രക്ക്  ഏകദേശം മൂന്നു മണിക്കൂറെടുക്കും. എണ്ണം തികഞ്ഞതോടെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. അതിനിടയില്‍ എനിക്ക് പുതിയ രണ്ടു സുഹൃത്തുക്കളെയും കിട്ടി. കമനീഷും ഭദ്രനും. കമനീഷ് മുംബെയില്‍ എന്‍ജിനിയറാണ്. ഭദ്രന്‍ സിനിമാ പ്രവര്‍ത്തകനും. മറ്റ് സഹയാത്രികരും മലയാളികളായിരുന്നു. എല്ലാവരും കണ്ണൂര്‍ സ്വദേശികള്‍. 

kodachadri trekking

ഏതാണ്ട് അര മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ദുര്‍ഘടമായ മലമ്പാതകളിലേക്ക് കടന്നു. ചുറ്റി വളഞ്ഞും പൊട്ടിപ്പൊളിഞ്ഞതുമായ റോഡിലൂടെയുള്ള യാത്ര കടലിലെ തിരയോളങ്ങളില്‍ ചാഞ്ചാടി പോകുന്ന മത്സ്യ ബന്ധന വള്ളങ്ങളെ ഓര്‍മിപ്പിച്ചു. നടന്നും ബൈക്കിലുമൊക്കെയായി കുടജാദ്രി മല ലക്ഷ്യമാക്കി പോകുന്ന ചില സാഹസിക പ്രിയരെയും ഇതിനിടയില്‍ കണ്ടു. ഒന്നര മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ അടിവാരത്തെത്തി. ഇനി നടന്നു പോകണം. ബേസ് ക്യാമ്പിനടുത്തായി ചില ചെറിയ ക്ഷേത്രങ്ങളുണ്ട്. മൂകാംബിക ദേവിയുടെ മൂലസ്ഥാനം ഇവിടെയാണെന്നാണ് വിശ്വാസം. ഭക്തര്‍ക്ക് എത്തിച്ചേരാനുള്ള സൌകര്യത്തിനായി ദേവി വിഗ്രഹം ഇന്ന് കാണുന്ന കൊല്ലൂരിലേക്ക് മാറ്റി പ്രതിഷ്ടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. അടുത്തു തന്നെ ഒന്നു രണ്ടു ചെറിയ വീടുകളുണ്ട്. യാത്രികര്‍ക്ക് കുറച്ചു നേരം വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും അവിടെ സൌകര്യമുണ്ട്. 

ആവേശത്തോടെയാണ് ഞാന്‍ മല കയറാന്‍ തുടങ്ങിയതെങ്കിലും പിന്നീട് ഇടയ്ക്ക് വേഗം കുറഞ്ഞു. കുത്തനെയുള്ള കയറ്റവും ഇടുങ്ങിയ വഴികളും കയറ്റം ബുദ്ധിമുട്ടുള്ളതാക്കി. അപ്പോഴൊക്കെ എന്നെ സഹായിച്ചത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ്. അത്യാവശ്യം വിശപ്പും ദാഹവുമകറ്റാനുള്ള വഴിയോര കേന്ദ്രങ്ങള്‍ അങ്ങിങ്ങായുണ്ട്. നാരങ്ങ വെള്ളവും സംഭാരവും തണ്ണി മത്തനും പൈനാപ്പിളുമൊക്കെ കഴിച്ച് ക്ഷീണമകറ്റി പോകുന്ന വിവിധ പ്രായത്തിലുള്ള ആളുകള്‍. എല്ലാവരുടെയും മനസ്സില്‍ ശങ്കരപീഠം കയറണമെന്ന ചിന്ത മാത്രമാണെന്ന് എനിക്ക് തോന്നി. കുറേ കഴിഞ്ഞപ്പോള്‍ വഴി രണ്ടായി പിരിഞ്ഞു. വലത്തേക്കുള്ള വഴി ഗണേശ ഗുഹയിലേക്കുള്ളതാണ്. ഇടത്ത് മുകളിലേക്കുള്ളത് സര്‍വജ്ഞ പീഠത്തിലേക്കുള്ളതും.

kodachadri

ഞങ്ങള്‍ ആദ്യം പോയത് ഗണേശ ഗുഹയിലേക്കാണ്. പേര് പോലെ തന്നെ വിഗ്നെശ്വരനാണ് അവിടത്തെ പ്രതിഷ്ഠ. ശങ്കരാചാര്യരുടെ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു തുരങ്കം ഗുഹയുടെ ഇടതു ഭാഗത്തുണ്ട്. സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ തുരങ്കത്തിന് എന്ത് നീളമുണ്ടെന്നോ അത് എവിടെയാണ് അവസാനിക്കുന്നതെന്നോ ഇന്നും ആര്‍ക്കും നിശ്ചയമില്ല. 

പുറത്തിറങ്ങിയ ഞങ്ങള്‍ സര്‍വജ്ഞ പീഠം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ആദി ശങ്കരന്‍റെ തപസ്സില്‍ സന്തുഷ്ടയായ ദേവി ദര്‍ശനം നല്‍കിയ സ്ഥലമാണ്. ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കൊത്തുപണികളുടെ ആ സൌന്ദര്യം കുറച്ചു കഴിഞ്ഞപ്പോള്‍ അകലെ ദൃശ്യമായി. ഗണേശ ഗുഹയിലെ പോലെ ഇവിടെയും പൂജാരിയുണ്ട്. ക്ഷേത്രോല്പത്തിയെക്കുറിച്ചും ശങ്കരപീഠത്തെ കുറിച്ചും അദ്ദേഹം ഞങ്ങളോട് വിവരിച്ചു. 

kodachadri

kodachadri

kodachadri

അകത്ത് ശ്രീ ശങ്കരാചാര്യരുടെ പ്രതിമ. ദേവി പ്രത്യക്ഷപ്പെട്ട സ്ഥലം പുറത്ത് പ്രത്യേകം അടയാളപ്പെടുത്തി വച്ചിരിക്കുന്നു. മലയുടെ മുകളില്‍ നിന്നാല്‍ കൊല്ലൂര്‍ അമ്പലം വ്യക്തമായി കാണാം. എത്ര കണ്ടാലും മതി വരാത്ത പ്രകൃതി ഭംഗി. നോക്കെത്താ ദൂരത്തോളം മല നിരകള്‍. ഉച്ച സമയമാണെങ്കിലും നല്ല തണുപ്പുണ്ട്. അങ്ങനെ മതി മറന്ന് നില്‍ക്കുമ്പോഴാണ് കമനീഷ് ചിത്രമൂലയെ കുറിച്ച് ഓര്‍മിപ്പിച്ചത്. ഇനി അധികം ദൂരമില്ല. 

kodachadri

kodachadri

kodachadri

ചിത്രമൂലയിലേക്ക് പോകുമ്പോള്‍ ഇതുവരെ നടത്തിയ യാത്ര ഒന്നുമല്ലെന്ന് തോന്നിപ്പോയി. അത്യന്തം ദുര്‍ഘടമാണ് മുന്നോട്ടുള്ള പോക്ക്. മരവള്ളികളില്‍ തൂങ്ങിയും കയറില്‍ പിടിച്ചുമൊക്കെയാണ് പോകേണ്ടത്. പക്ഷെ കഷ്ടപ്പെട്ടത് വെറുതെയായില്ല. ഗുഹയില്‍ എത്തിയപ്പോള്‍ മനസ് നിറഞ്ഞു. ശിവ ലിംഗവും നന്ദിയുടെ പ്രതിമയുമാണ് അവിടെയുള്ളത്. ഭക്തര്‍ക്ക് ശിവന് അഭിഷേകം നടത്തുകയോ വിളക്ക് കത്തിക്കുകയോ ആകാം. സൌപര്‍ണ്ണിക നദി ഉത്ഭവിക്കുന്നത് ചിത്രമൂലയില്‍ നിന്നാണ്. എനിക്കവിടെ കുറച്ചു സമയം കൂടി ചെലവഴിക്കണം എന്നുണ്ടായിരുന്നുവെങ്കിലും താഴെ ഡ്രൈവറും മറ്റ് യാത്രികരും വെയ്റ്റ് ചെയ്യുന്നത് ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു.

ചിത്രമൂലയില്‍ നിന്നും പിന്നീട് കുടജാദ്രിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ എത്താന്‍ വൈകിയോ എന്ന ചിന്തയാണ് എന്‍റെ ഉള്ളില്‍ നിറഞ്ഞത്‌. മനോഹരമായ സ്ഥലം. പ്രകൃതിയെയും സാഹസികതയെയും ഇഷ്ടപ്പെടുന്ന ആരും ഒരിക്കലെങ്കിലും യാത്ര പോകേണ്ട സ്ഥലമാണ് കുടജാദ്രി. ഏകാന്തതയും ആത്മീയതയും ചേര്‍ത്ത് പിടിക്കുന്നവരുടെ പ്രിയ പറുദീസ. 

The End


Share this post